Image

നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും മൂന്നു സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി.

Published on 04 November, 2016
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും മൂന്നു സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു വീട്ടുജോലിക്കാരികള്‍, നവയുഗം സാംസ്‌കാരിക വേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

കോട്ടയം സ്വദേശിനി ഷീബ, ചെങ്ങന്നൂര്‍ സ്വദേശിനി ചന്ദ്രമുഖി, ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനി മംഗ എന്നിവരാണ് ഏറെക്കാലത്തെ അഭയകേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് മടങ്ങിയത്.

ഷീബ ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. രാപകല്‍ വിശ്രമമില്ലാത്ത ഇല്ലാത്ത ജോലിയും, മോശം ജീവിതസാഹചര്യങ്ങളുമായിരുന്നെങ്കിലും, ശമ്പളം കൃത്യമായി കിട്ടിയിരുന്നു. എന്നാല്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ് കിഡ്‌നിയുടെ അസുഖം വന്നത് കാരണം അവരുടെ ആരോഗ്യം ക്ഷയിയ്ക്കുകയും ഒരു കൈ തളരുകയും ചെയ്തപ്പോള്‍, പഴയ പോലെ ജോലി ചെയ്യാന്‍ കഴിയാതെയായി. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് പോയി ഉപേക്ഷിയ്ക്കുകയായിരുന്നു.
അഭയകേന്ദ്രം അധികാരികള്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഷീബയ്ക്ക് യാത്രരേഖകള്‍ സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.

ചന്ദ്രമുഖി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. എന്നാല്‍ ആറുമാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടിയില്ല. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിയ്ക്കാന്‍ തുടങ്ങി. സഹികെട്ട് ഒരു ദിവസം ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന ചന്ദ്രമതിയെ, വഴിയില്‍ കണ്ട പോലീസുകാര്‍, ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി. ഈ കേസില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തില്‍ ചന്ദ്രമതിയെ സ്‌പോണ്‍സര്‍ ഹുറൂബിലാക്കിയതായി മനസ്സിലായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് സംഘടിപ്പിച്ചു, തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആല്‍ഫാകമ്പനി ഉടമയും സാമൂഹ്യപ്രവര്‍ത്തകനുമായ വിത്സണ്‍ ഷാജി ചന്ദ്രമുഖിയ്ക്ക് വിമാനടിക്കറ്റ് നല്‍കി.

കടപ്പ സ്വദേശിനിയായ മംഗ മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സൗദിയില്‍ എത്തിയത്. ആദ്യസ്‌പോണ്‍സറിന്റെ വീട്ടില്‍ ജോലി ചെയ്ത അവര്‍ക്ക് വളരെ കഷ്ടപ്പാടുകള്‍ സഹിയ്‌ക്കേണ്ടി വന്നു. ശമ്പളവും കിട്ടാതെയായപ്പോള്‍ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, ചില സുഹൃത്തുക്കളുടെ സഹായം തേടി. സുഹൃത്തുക്കള്‍ മറ്റൊരു സൗദിയുടെ വീട്ടില്‍  മംഗയെ ജോലിയ്ക്ക് കൊണ്ടാക്കി. ആ വീട്ടുകാര്‍ നല്ലവരായിരുന്നു. മൂന്നു വര്‍ഷം ആ വീട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലാതെ മംഗ ജോലി ചെയ്തു. ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് തിരികെ പോകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ആ വീട്ടുകാര്‍ അവരെ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി. തുടര്‍ന്ന് അവരുടെ അഭ്യര്‍ത്ഥന മാനിച്ച്, മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മംഗയ്ക്ക് ഔട്ട്പാസ്സ് സംഘടിപ്പിച്ചു നല്‍കി, തര്‍ഹീല്‍ വഴി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

തങ്ങളെ സഹായിച്ച തര്‍ഹീല്‍ അധികാരികള്‍ക്കും, നവയുഗത്തിനും, ഇന്ത്യന്‍ എംബസിയ്ക്കും നന്ദി പറഞ്ഞ് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങി.


ഫോട്ടോ: ഷീബ, ചന്ദ്രമുഖി, മംഗ എന്നിവര്‍ക്ക് വനിതാഅഭയകേന്ദ്രം മേധാവിയും മഞ്ജു മണിക്കുട്ടനും ചേര്‍ന്ന്  യാത്രാരേഖകള്‍ കൈമാറുന്നു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും മൂന്നു സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക