Image

കോതമംഗലത്ത് നിന്ന് ഒരു വിശുദ്ധന്‍

ഡി.ബാബു പോള്‍ Published on 05 November, 2016
കോതമംഗലത്ത് നിന്ന് ഒരു വിശുദ്ധന്‍
മലയാളത്തിലെ ആദ്യത്തെ സര്‍വ്വീസ് സ്റ്റോറി ആയ ഗിരിപര്‍വ്വം (1976: രണ്ടാം പതിപ്പ് 2010 സാം പ്ര.സ. സംഘം എന്‍.ബി.എസ്. ) അറുപത്തിയെട്ടാം പേജില്‍ പനംകുട്ടിപ്പാലത്തെക്കുറിച്ച് ഇങ്ങനെ വായിക്കാം. പനംകുട്ടിക്കാര്‍ ഈശോ എന്ന് വിളിക്കുന്ന, ഈശോയെപ്പോലെ ജീവിക്കുന്ന മുണ്ടയ്ക്കലച്ചന്‍ അതിനുവേണ്ടി സഹിച്ച ക്ലേശങ്ങള്‍ ചില്ലറയല്ല.

ആ പുസ്തകം അച്ചന്‍ വായിച്ചിരിക്കാനിടയില്ല. ഡി.സി.ബുക്‌സ് 1976-ല്‍ പ്രകാശിപ്പിച്ച കൃതിയുടെ രണ്ടാം പതിപ്പ് സാ.പ്ര.സ.സംഘം 2010-ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കണ്ടിരിക്കാനും മതി. ഏതായാലും നാല് പതിറ്റാണ്ടിന് ശേഷം ശ്രീ. ടോം ജോസിന്റെ രചന വായിച്ചപ്പോള്‍ എന്റെ ഗിരിവാസവും ഉരുള്‍പ്പൊട്ടലും കുടിയിറക്കുകളും എല്ലാം മനസ്സില്‍ ഓടിയെത്തി. 

ഞാന്‍ കളക്ടറായിരുന്ന കാലത്ത് അച്ചന്‍ ഹൈറേഞ്ചില്‍ ഉണ്ടായിരുന്നു. അച്ചന്‍ പനംകുട്ടിയില്‍ വികാരിയായിരുന്ന കാലത്താണ് ഞാന്‍ അച്ചനെ ശ്രദ്ധിച്ചത്. സാമൂഹ്യപ്രവര്‍ത്തനത്തിലും നാടിന്റെ വികസനപ്രവര്‍ത്തനങ്ങളിലും ഉത്സാഹിക്കുന്ന റോമന്‍കത്തോലിക്കാവൈദികര്‍ ഹൈറേഞ്ചില്‍ അസാധാരണദൃശ്യം ഒന്നും ആയിരുന്നില്ല. ചങ്ങനാശ്ശേരി, കോട്ടയം., കോതമംഗലം, തിരുവല്ലാ രൂപതകളില്‍ നിന്ന് മല കയറിയ പരലെയും എനിക്ക് പരിചയം ഉണ്ടായിരുന്നു.

ഉടുമ്പഞ്ചോല മിസറേയോര്‍ ആശുപത്രിയുടെ നിര്‍മ്മാണത്തില്‍ പോത്തനാമൂഴി തിരുമേനിയുടെ കല്പന അനുസരിച്ച് മുന്‍കൈ എടുത്ത, ദീര്‍ഘകാലം ഇടുക്കിയിലെ വാഴത്തോപ്പില്‍ വികാരി ആയിരുന്ന കക്കുഴിയച്ചന്‍ ഉള്‍പ്പെടെ ചിലരുടെ പേരുകളും ചിലരുടെ മുഖങ്ങളും മനസ്സില്‍ തെളിയുന്നുണ്ട് ഇപ്പോള്‍. ശതകാലസതീര്‍ത്ഥ്യരെക്കുറിച്ച് ഞാന്‍ തന്നെ എവിടെയോ എഴുതിയിട്ടുള്ളതുപോലെ മുഖം ഓര്‍മ്മയില്‍ കൊണ്ടുവരാത്ത പേരുകളും പേരുകള്‍ ഓര്‍മ്മയില്‍ തെളിയിക്കാത്ത മുഖങ്ങളും വാര്‍ദ്ധക്യത്തിലെത്തിയ ആര്‍ക്കും പരിചയം ഉള്ളതാണ്.

പറഞ്ഞുവന്നതിലേയ്ക്ക് മടങ്ങട്ടെ. മുണ്ടയ്ക്കല്‍ മത്തായി കത്തനാരെ എല്ലാവരും ഈശോ എന്നി വിളിച്ചു. ജീവിതത്തിന്റെ എല്ലാ മുഖങ്ങളെയും ഈശ്വരാരാധനയ്ക്കുള്ള മാധ്യമങ്ങളായി കണ്ട മുണ്ടയ്ക്കലച്ചന്‍ ഇടുക്കി ജില്ലയില്‍ ചെയ്തത് സംഗ്രഹിക്കണമെങ്കില്‍ പണ്ട് മലയാളം മീഡിയത്തില്‍ പഠിച്ച കാലത്ത് വായിച്ച ചരിത്രപുസ്തകങ്ങളില്‍ രാജാക്ക•ാരെക്കുറിച്ച് പറഞ്ഞിരുന്നത് പോലെ പറഞ്ഞാല്‍ മതി. അദ്ദേഹം റോഡുകളും തോടുകളും വെട്ടിച്ചു. പാലങ്ങളും കലുങ്കുകളും പണിയിച്ചു. 

പള്ളിക്കൂടങ്ങളും പുസ്തകങ്ങളും സ്ഥാപിച്ചു. എന്നാല്‍ ഈശോ എന്ന് ഒരു ജനസമൂഹം ജാതിമതഭേദമന്യേ ഏകകണ്ഠമായി വിളിക്കാന്‍ അത്രയും പോരാ. അച്ചന്‍ എല്ലാവരോടും എല്ലായ്‌പ്പോഴും ഈശോയെക്കുറിച്ച് പറയുകയും എല്ലാം ഈശോയില്‍ സമര്‍പ്പിക്കുന്നതായി വിളംബരപ്പെടുത്തുകയും ചെയ്തിരുന്നു എന്നതും അച്ചനെ ഈശോ എന്ന് ജനം വിളിക്കാന്‍ മതിയായ കാരണം ആയിരുന്നില്ല. അച്ചന്റെ ജീവിതത്തില്‍ ജനം ശ്രീയേശുവിനെ കണ്ടു. ആ വാക്കുകളില്‍ കാപട്യം ഉണ്ടായിരുന്നില്ല എന്നും ആ നോക്കില്‍ അഭിനയം ഉണ്ടായിരുന്നില്ല എന്നും ആ നടപ്പ് കണ്ടവരാണ് തിരിച്ചറിഞ്ഞത്. വാക്കിലും നോക്കിലും നടപ്പിലും വിശുദ്ധിയുടെ ശോഭ. അച്ചനില്‍ ജനം കണ്ടു. അവരാണ് മുണ്ടയ്ക്കല്‍ മത്തായി കത്തനാര്‍ക്ക് ഈശോ എന്ന പേര് സ്ഥിരപ്പെടുത്തിയത്.

ഈശോ, അച്ചനും ഞാനും തമ്മിലുള്ള സൗഹൃദം ഒരു സ്ഥലംമാറ്റം കൊണ്ട് മുറിയുന്നതായിരുന്നില്ല. 1975 ഓഗസ്റ്റ് 27 നാണ് ഞാന്‍ ടൈറ്റാനിയത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ആയി ചുമതലയേറ്റത്. അടിയന്തിരാവസ്ഥയില്‍ കളക്ടറായിരിക്കന്‍ പറ്റിയവനായിരുന്നില്ലല്ലോ ഞാന്‍. തന്നെയുമല്ല, അടിയനന്തിരാവസ്ഥയില്‍ ഇടുക്കിപദ്ധതിയുടെ അവസാനനാളും എത്തിക്കഴിഞ്ഞിരുന്നു. ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ. ഒക്‌ടോബര്‍ നാലിന് ട്രയല്‍റണ്‍. ഇടുക്കിക്കാരുടെ അറിവിന് വേണ്ടി ആ കഥ ഇവിടെ പറയേണ്ടതാണ്. ആറെസെസുകാരുടെ അറസ്റ്റിന് എസ്.പി.അയച്ച ഒരു ഫയലില്‍ കൊരി ഇട്ട് മടക്കിയതായിരുന്നു. പെട്ടെന്നുണ്ടായ കാരണം. ശ്രീ. കരുണാകരന്‍ ആഭ്യന്തരമന്ത്രി. ബേബി ജോണ്‍ റവന്യുമന്ത്രി. എല്ലാവര്‍ക്കും എന്നോട്, സ്‌നേഹവും വാത്സല്യവും. എങ്കിലും കൊറി അവിവേകമായി എന്ന് കരുണാകരന്‍ കരുതി.  മറ്റുള്ളവരൊക്കെ നിസ്സഹായരായിരുന്നു. ഞാനും പാലക്കാട് ഉള്‍പ്പെടെ അഞ്ചു കൊല്ലം കൊണ്ട് കളക്ടറുദ്യോഗം തുടരാന്‍ ശേഷിയില്ലാത്ത, മടുപ്പറിഞ്ഞ അവസ്ഥയിലും ആയിരുന്നു. ആ ക്ലേശത്തിന് അച്യിതമേനോന്‍ നല്‍കിയ മറുപടി ആയിരുന്നു. ടൈറ്റാനിയത്തിലെ ശീതീകരിച്ച മുറി. ഐ.എ.എസ് കാരുടെ ഒരു സ്വപ്നസിംഹാസനമായിരുന്നു അത്. കഥ ഇതുവരെ എന്ന കൃതി(ഡി.സി.ബുക്‌സ്, കോട്ടയം, 208; ഏഴാംപതിപ്പ് ഈ മാസം) അതിന്റെ 42 #ാ#ം അദ്ധ്യായത്തില്‍ ഈ കഥ വിശദമായി പറയുന്നത് ആവര്‍ത്തിക്കുന്നില്ല.

(തുടരും.....) 


കോതമംഗലത്ത് നിന്ന് ഒരു വിശുദ്ധന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക