Image

അമ്പടാ ഡി.എസ്.ടി ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

Published on 05 November, 2016
അമ്പടാ ഡി.എസ്.ടി ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
അങ്ങനെ വീണ്ടും ഡേ ലൈറ്റ് സേവിങ് ടൈം എത്തുകയാണ്. മുന്നോട്ടാക്കിയത് പിന്നോട്ടാക്കി കൊണ്ട് ലോകത്തിലെ ഇംഗ്ലീഷ് രാജ്യങ്ങള്‍ ഇതിനു കുട പിടിച്ചു തുടങ്ങുകയാണ്. ആദ്യമൊക്കെ അമേരിക്കയില്‍ വന്ന കാലത്ത് തണുപ്പും വീശിയടിക്കുന്ന പോളാര്‍ വിന്‍ഡുമായിരുന്നു വലിയ പ്രശ്‌നം. അന്ന് ഒരിക്കലും ഇണങ്ങാതെ നിന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു, ഒറ്റയാനെ പോലെ ഈ ഡേ ലൈറ്റ് സേവിങ് ടൈം തന്നെ. ഡേ ലൈറ്റ് സേവിങ് ടൈം അന്നത്തേതില്‍ പിന്നെ പിന്നെ സാധാരണ പോലെ ജീവിതത്തിന്റെ ഭാഗമായി. മാര്‍ച്ച് മാസത്തിലും നവംബര്‍ മാസത്തിലും അതിങ്ങനെ വന്നും പോയുമൊക്കെ ഇരിക്കും. ആദ്യത്തെ രണ്ടോ മൂന്നേ ദിവസങ്ങളില്‍ മാത്രം ഇതൊരു വില്ലനായി മാറും. പിന്നെ ജീവിതത്തിന്റെ ഭാഗമായി അങ്ങനെ കൈപിടിച്ചു നടത്തും. ഇപ്പോഴിതാ തണുപ്പുകാലത്തിന്റെ ഔദ്യോഗികാരംഭമാവുകയാണ്. നവംബര്‍ മാസത്തിലെ ആദ്യത്തെ ഞായര്‍. ആ ഞായര്‍ രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുന്ന ആ രണ്ടു മണി സമയത്ത്, മഞ്ഞ് പൊഴിഞ്ഞു തുടങ്ങുന്ന നേരത്ത് രണ്ട് മണിക്ക് രണ്ടു തവണ കറങ്ങേണ്ടി വരും. കംഫര്‍ട്ടിനടിയിലെ ഉറക്കത്തിന് ഒരു മണിക്കൂര്‍ കൂടി എക്‌സ്ട്രാ ടൈം കിട്ടുകയാണ്. അതിന്റെ സുഖമൊന്നു വേറെ.

ഈ ഡേ ലൈറ്റ് സേവിങ് ടൈമിനോടൊക്കെ മലയാളിക്ക് പൊതുവേ പ്രേമക്കൂടുതലാണ്. കൂടുതല്‍ കിടന്നുറങ്ങാനാവുന്നതിന്റെ ത്രില്ല്- അതൊന്നു വേറെ തന്നെയാണ്. അതും തണുപ്പിന്റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങുന്ന ശീതകാലരാവില്‍. ഡേ ലൈറ്റ് സേവിങ് ടൈം കാര്യമായി തന്നെ അവസാനിക്കുന്ന ഞായര്‍ രാവ് എത്തുകയായി. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടാക്കി, അങ്ങനെ വീണ്ടും ഡേ ലൈറ്റ് സേവിങ് ടൈം അമേരിക്കന്‍ പകലിനെ കീഴടക്കിത്തുടങ്ങുകയായി. പകല്‍ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയ രീതി പിന്നീട് അമേരിക്കന്‍ ഐക്യനാടുകളും അനുവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ അമേരിക്കക്കാര്‍ എല്ലാവരും ഈ ഡേ ലൈറ്റ് സേവിങ് ടൈമിനെ പുണരുന്നവരല്ലെന്നതാണ് സത്യം. ഇപ്പോഴും അരിസോണയിലും ഹവായിയിലും ഉള്ളവര്‍ ഈ സമയപരിപാടിയെക്കുറിച്ച് ബോധവാന്മാരേയല്ല. കാരണം, ഈ രണ്ടു സംസ്ഥാനങ്ങളിലും ഈ സമയം നോക്കി കച്ചവടം നടത്തുന്ന പരിപാടിയില്ല. അതു പോലെ തന്നെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പലരും ഈ സമയം തിരിക്കുന്ന പരിപാടിക്കില്ല. ബ്രസീലില്‍ മാത്രം ഉണ്ട്. അവര്‍ ചിലപ്പോഴൊക്കെയും അമേരിക്കക്കാരാണ് തങ്ങളുടെ പൂര്‍വ്വികന്മാരെന്നു സ്വയം ഊറ്റം കൊള്ളുന്നതു കൊണ്ടായിരിക്കാം ഇത്.

സമ്മര്‍കാലത്ത് ഒരു മണിക്കൂര്‍ മുന്നോട്ടാക്കിയ സൂചിയാണ് ഈ നവംബര്‍ അഞ്ചിന് പിന്നോട്ടാക്കി പഴയ നിലയിലാക്കുന്നത്. രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാക്കുകയായിരുന്ന ടാര്‍ജറ്റ് അങ്ങനെ ഫലം കണ്ടു തുടങ്ങി. ഇത്തവണ ഉദ്ദേശച്ചതിനേക്കാള്‍ കൂടുതല്‍ എനര്‍ജി ലാഭിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് അമേരിക്കയുടെ കണ്ടുപിടുത്തമൊന്നുമായിരുന്നില്ല..

ജോര്‍ജ് ഹഡ്‌സണ്‍ എന്ന ന്യൂസിലന്‍ഡുകാരനായ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങനെ ഒരു ആശയം 1885-ല്‍ മുന്നോട്ടു വച്ചത്. പിന്നീട് ജര്‍മന്‍ സാമ്രാജ്യം ഇതു മുഖവിലയ്‌ക്കെടുത്തു. അവരെത്തുടര്‍ന്ന്, ഓസ്ട്രിയ, ഹങ്കറി എന്നിവര്‍ 1916 ഏപ്രില്‍ 30 ന് ഇത് നടാപ്പാക്കി. അന്നു മുതല്‍ പകല്‍ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങള്‍ ഇതിന് വ്യത്യസ്ത സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. പിന്നീട് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളും ഡേ ലൈറ്റ് സേവിങ് ടൈമിനെ അനുകൂലിച്ചതോടെ എല്ലാവരും ക്ലോക്ക് പിന്നിലേക്ക് തിരിക്കാന്‍ തുടങ്ങി. 1970ല്‍ ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടായതോടെയാണ് ഇതു ശക്തമായത്. ഇന്നും ബര്‍ലിനെ ക്ലോക്കാണ് ഇക്കാര്യത്തില്‍ ആദ്യം അഡ്ജസ്റ്റ് ചെയ്യുന്നത്. പിന്നീട് ഔദ്യോഗിക ടൈം മാനേജ്‌മെന്റ് പ്രഖ്യാപനം വരും.

എന്നാല്‍, ഭൂമദ്ധ്യരേഖയോടടുത്ത മിക്ക സ്ഥലങ്ങളിലും ഡേ ലൈറ്റ് സേവിങ് ടൈം ഒരിക്കലും ഉപയോഗിച്ചിട്ടേയില്ല. അവരിങ്ങനെയൊരു ഏര്‍പ്പാടിനെക്കൂറച്ച് കേട്ടിട്ടു കൂടിയില്ല. അവര്‍ക്ക് രാവും പകലുമൊക്കെ ഏതാണ്ട് തുല്യമാണ്. പിന്നെ എന്തിന് സമയത്തിന്റെ മെക്കിട്ടു കയറണം. തണുപ്പു രാജ്യങ്ങളുടെ ഈ കോമാളിത്തപരിപാടിയെ നോക്കി അവര്‍ ഇപ്പോഴും കൊഞ്ഞനം കുത്താറുണ്ട്. അതു കൊണ്ട് ഇന്റര്‍നാഷണല്‍ ട്രാവലേഴ്‌സിനെയാണ് ഈ സമനിഷ്ഠമല്ലാത്ത സമയം ഏറെ വലയ്ക്കുന്നത്. ക്ലോക്കിനെ ഒരു മണിക്കൂര്‍ മുന്നോട്ടാക്കി വെയ്ക്കുന്ന നേരത്ത് ഉച്ചതിരിഞ്ഞ് പകല്‍ സമയം കൂടുതലാകുന്നതു കൊണ്ട് അത്രയും നേരം കൂടി കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരിക്കാനാവുമെന്ന ട്രിക്ക് പലര്‍ക്കും രുചിക്കുന്നില്ലെന്നതു വേറെ കാര്യം.

ഓസ്‌ട്രേലിയയിലാണ് ആദ്യം ഈ സമയമാറ്റമുണ്ടാവുന്നത്. എന്നാല്‍ നേരത്തെ പറഞ്ഞതു പോലെ ഇക്കാര്യത്തില്‍ ഒഫീഷ്യാലിറ്റി ബെര്‍ലിനിലെ ക്ലോക്ക് തിരിയുന്നതോടെയാണ് ഉണ്ടാവുന്നതെന്നു മാത്രം. സൂര്യന്‍ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിന്നു ഡേലൈറ്റ് സേവിങ് ടൈം നിഷ്കര്‍ഷിച്ചിരിക്കുന്നത്. തണുപ്പു പ്രദേശങ്ങളില്‍ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂര്‍ മുമ്പോട്ടാക്കുകയും ചെയ്യും. 2016-ല്‍ മാര്‍ച്ച് 13-ന് ആരംഭിച്ച മുന്നോട്ടു നടത്തമാണ് ഇപ്പോള്‍ പിന്നോട്ടാവുന്നത്. ഇത്തവണ ഇതു കൊണ്ട് ആഗോളതലത്തില്‍ ഒരു ശതമാനം ഊര്‍ജ്ജലാഭം ഉണ്ടായിയെന്നാണ് കണക്ക്. ഇത് സര്‍വ്വകാല റെക്കോഡുമാണ്. ഊര്‍ജ്ജപ്രതിസന്ധിയെ മറികടക്കാന്‍ ഇത്തവണ കൂടുതല്‍ ശ്രമകരമായ ദൗത്യങ്ങള്‍ നടത്തിയിരുന്നതിന്റെ ഭാഗമായാണ് ഊര്‍ജലാഭം നേടാനായത്. സമയത്തെ മുന്നോട്ടാക്കിയിരുന്നതു കൊണ്ട് ഷോപ്പിങ് മാളുകളിലും, സ്‌പോര്‍ട്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവിടങ്ങളിലും മാത്രമല്ല, സാന്ധ്യസമയത്തെ തെരുവു വിളക്കുകളുടെ കാര്യത്തില്‍ പോലും കാര്യമായ വൈദ്യുതഗുണം ലഭിച്ചിരുന്നു. പകല്‍ സമയത്തിനു ശേഷവും പകല്‍ വെളിച്ചം ഉള്ളതിനാല്‍ അധിക വൈദ്യുതി ഉപയോഗിക്കാതെ തന്നെ ജോലി ചെയ്യാന്‍ കഴിയുന്നുവെന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്നു പറയുന്നതു പോലെ, പ്രകൃതിയെ ഈ വിധത്തില്‍ ചൂഷണം ചെയ്യുന്നത് ശരിയല്ലെന്ന വാദിക്കുന്നവരുടെ പട്ടിക ന്യൂയോര്‍ക്കില്‍ നീണ്ടുവരുന്നുണ്ട്.

അവരുടെ അഭിപ്രായപ്രകാരം-പകല്‍ ലാഭ സമയങ്ങളിലെ സമയ മാറ്റങ്ങള്‍ യാത്രകളെ കാര്യമായി ബാധിക്കുമത്രേ. ഇതിനു പുറമേ ബില്ലു ചെയ്യുന്നതില്‍, രേഖ സൂക്ഷിപ്പുകളില്‍, വൈദ്യുത ഉപകരണങ്ങളില്‍ ഒക്കെയും പ്രശ്‌നമുണ്ടാക്കുമത്രേ. ഇതിനൊക്കെയും പുറമേ ഉറക്കപ്രേമികളെയാണ് ഇതു കൂടുതല്‍ പ്രശ്‌നക്കാരാക്കിയത്. ഉറക്കത്തെ ബാധിച്ചതു പോലെ തന്നെ കമ്പ്യൂട്ടറില്‍ സമയം സ്വയം ക്രമീകരിക്കുന്നതിലെ നയരൂപീകരണങ്ങളിലും വ്യക്തത കുറവുണ്ടാക്കി. എന്നിരുന്നാലും, അമേരിക്കന്‍ മലയാളികള്‍ക്കൊന്നും ഇതൊരു പ്രശ്‌നമേയല്ല. സമയം ഇനി ഒരു മണിക്കൂര്‍ ഡിലീറ്റ് ചെയ്താലും അഡ്ജസ്റ്റ് ചെയ്യുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍ !!
അമ്പടാ ഡി.എസ്.ടി ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക