Image

കടല്‍ കടന്ന കൊച്ചിക്കാരി കേരള സെന്റര്‍ അവാര്‍ഡ് ചടങ്ങില്‍

ഫോട്ടോ: ബിനു തോമസ് Published on 07 November, 2016
കടല്‍ കടന്ന കൊച്ചിക്കാരി കേരള സെന്റര്‍ അവാര്‍ഡ് ചടങ്ങില്‍
ന്യൂയോര്‍ക്ക്: ഫ്‌ളഷിംഗിലെ വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് അസി. സെക്രട്ടറി ഓഫ് കൊമേഴ്‌സ് അരുണ്‍ കുമാര്‍, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പിനുള്ള അവാര്‍ഡ് റാം മേനോന്‍, വൈദ്യശാസ്ത്രത്തിനുള്ള സംഭവാനയ്ക്ക് ഡോ. ജയ് രാധാകൃഷ്ണന്‍, അപ്ലൈഡ് സയന്‍സിനു പ്രൊഫ. ടി.വി. രാജന്‍ ബാബു, സാഹിത്യ സേവനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും മനോഹര്‍ തോമസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മുഖ്യ പ്രസംഗം നടത്തിയ അരുണ്‍കുമാര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂവിഭാഗങ്ങളിലൊന്നില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. വടക്കേ അമേരിക്കയില്‍ ആദ്യം എത്തിയത് കൊച്ചിക്കാരിയായ വനിത മീര ആണെന്നു കവി ഒക്‌ടോവിയോ പാസ് എഴുതിയിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു അത്. അടിയായിട്ടായിരുന്നിരിക്കണം അവരെ കൊണ്ടുവന്നത്. ഫിലിപ്പീന്‍സ് വഴി അവര്‍ മെക്‌സിക്കോയിലെത്തി. അതോടെ അവര്‍ സ്വതന്ത്രയായി. സാരിയുടുത്ത ക്രൈസ്തവ വിശ്വാസിയായ അവരെ പാസ് വ്യക്തമായി ചിത്രീകരിക്കുന്നു.

കുളച്ചല്‍ യുദ്ധത്തില്‍ (1741) മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്‍പിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയിലെ ഒരു രാജ്യം ഒരു പാശ്ചാത്യശക്തിയെ തോല്‍പിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഡച്ചുകാരെ നയിച്ച ക്യാപ്റ്റന്‍ ഡിലനോയിയെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ സൈന്യത്തിന്റെ നായകനാക്കി (വിലയ കപ്പിത്താന്‍). ഡിലനോയിയുടെ ബന്ധുവാണ് മൂന്നാംവട്ടം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡിലാനോ റൂസ്‌വെല്‍ (എഫ്.ഡി.ആര്‍).

ഇന്ത്യ- അമേരിക്ക ബന്ധം ഓരോ തലത്തിലും ഇപ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതിക രംഗത്തും കണ്ടുപിടിത്തത്തിലും ഇതു ദൃശ്യമാണ്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ഊര്‍ജസ്വലതയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. സാങ്കേതിക കാര്യങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധവുമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ "എ പാസ്സേജ് ടു ഇന്ത്യ' എന്ന കവിതയില്‍ വരച്ചുകാണിക്കുന്നത്.

ഈ പദ്യം പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ രാഷ്ട്രപതി ഭവനില്‍ വിരുന്നില്‍ ചൊല്ലിയതില്‍ ഞാനും സാക്ഷിയാണ്. ഭൂതലം നെറ്റ് വര്‍ക്കിലൂടെ ഒന്നാകുകയും എല്ലാവരും സഹോദരീ സഹോദരന്മാരാകുകയും ചെയ്യുമെന്നാണ് വിറ്റ്മാന്‍ പാടിയത്. സാങ്കേതിക രംഗം വഴിയും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വഴിയും ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വിറ്റ്മാന്‍ പാടി ഒന്നര ശതാബ്ദം കഴിഞ്ഞപ്പോഴാണ് ഈ മാറ്റം.

രാഷ്ട്രീയമായും വാണിജ്യപരമായും ഇരു രാജ്യങ്ങളും മുമ്പില്ലാത്ത വിധം അടുത്തിരിക്കുന്നു. വലിയ വികസന സാധ്യതകളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ വികസനം അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്നു മാത്രമല്ല, ഇന്ത്യ വളരേണ്ടത് അമേരിക്കയുടെ കൂടെ ആവശ്യമായിവന്നിരിക്കുന്നു. തികച്ചും സുതാര്യമായ ബന്ധമാണ് അമേരിക്ക ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. രണ്ടുകൂട്ടരുടേയും സാമ്പത്തിക ഉന്നമനം ലക്ഷ്യവും.

കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്റെ ടീം ഇന്ത്യയുടെ വലിയ സാധ്യതകളാണ് ലക്ഷ്യമിടുന്നത്. വന്‍തോതിലുള്ള വ്യാപാരത്തിനു ഇനിയും സാധ്യതകള്‍ കിടക്കുന്നു. ഇന്ത്യ- യു.എസ് ബന്ധം വളരുമ്പോള്‍ അതു ഏഷ്യയില്‍ മറ്റിടങ്ങളിലും പ്രതിഫലിക്കും. പ്രസിഡന്റ് ഒബാമയും, പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് ഇതിനായി സ്ട്രാറ്റജിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഡയലോഗ് രൂപവത്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉന്നത തലത്തില്‍ രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു.

തന്റെ ടീം ഇന്ത്യയിലെ ഏഴു സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്നു, കൊച്ചിയിലും തിരുവനന്തപുരത്തും വാണിജ്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധികളുണ്ട്.

തന്റെ ഹെഡ്മാസ്റ്ററായിരുന്ന കെ.ഐ. തോമസ് വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതിന്റെ പ്രധാന്യം പറയുമായിരുന്നു. കൂടുതല്‍ കിട്ടിയവരില്‍ നിന്ന് കുടുതല്‍ പ്രതീക്ഷിക്കുന്നുവെന്നു ബൈബിളും പറയുന്നു. അമേരിക്കയില്‍ നമുക്കൊക്കെ കൂടുതല്‍ നേട്ടങ്ങളുണ്ടായി. അതു നാം ഈ രാജ്യത്തിനുവേണ്ടിയും മാതൃരാജ്യത്തിനുവേണ്ടിയും പങ്കുവെയ്ക്കാനും ബാധ്യസ്ഥരാണ്.

പൊതു ജീവിതത്തിലേക്ക് വരികയാണ് ഒരു മാര്‍ഗ്ഗം. ഒബാമ ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുന്നത് വലിയ സംതൃപ്തി നല്‍കുന്നു. അതുപോലെ കുറച്ചുകാലമെങ്കിലും പ്രാദേശികതലത്തിലോ സ്റ്റേറ്റ് തലത്തിലോ ഒക്കെ പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും ശ്രമിക്കണം.

ചുരുക്കത്തില്‍ കേരളത്തില്‍ നിന്നുള്ള തന്റെ യാത്രയെ വലിയ വിലമതിക്കുന്നു. കേരളത്തിനു സംഭവകളര്‍പ്പിക്കാന്‍ തനിക്കായി. കേരള സമ്പദ് വ്യവസ്ഥയെപ്പറ്റിയുള്ള പുസ്തകവും എഡിറ്റ് ചെയ്തു. അതുപോലെ അമേരിക്കയെ സേവിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കാണുന്നു.

ഒബാമ സ്ഥാനമൊഴിയുന്നതോടെ താനും സ്ഥാനമൊഴിയുമെന്നും അടുത്ത ഭരണകൂടമാണ് തന്നെ ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

കേരളാ സെന്റര്‍ സെക്രട്ടറി ജോബി ജോണ്‍ ആയിരുന്നു എം.സി. പ്രസിഡന്റ് തമ്പി തലപ്പള്ളില്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡ് ചെയര്‍ ഡോ. മധുഭാസ്കര്‍ അവാര്‍ഡ് ജേതാക്കള്‍ ആകസ്മികമായല്ല അതു നേടിയതെന്ന് ചൂണ്ടിക്കാട്ടി. പരിശ്രമത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണത്.

കോണ്‍സുലേറ്റിലെ കമ്യൂണിറ്റി സര്‍വീസ് കോണ്‍സല്‍ ദേവദാസന്‍ നായര്‍ ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിച്ചു. ന്യൂജേഴ്‌സിയില്‍ തീപിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ ഫണ്ട് സമാഹരിച്ചത് വലിയ വിജയമായി. ട്രാജഡി ഉണ്ടാകാന്‍ കാത്തുനില്‍ക്കാതെ ഒരു സ്ഥിരം ഫണ്ട് തന്നെ സ്വരൂപിക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു.

അവാര്‍ഡ് കമ്മിറ്റി ചെയര്‍ ഡോ. തോമസ് ഏബ്രഹാം കേരളാ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. ശ്രീധര്‍ മേനോന്റെ സഹായത്തോടെ മോര്‍ട്ട്‌ഗേജ് അടച്ചുതീര്‍ത്തു.

സെന്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, എക്‌സി. ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍, മുന്‍ പ്രസിഡന്റ് ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അരുണ്‍കുമാറിന് ഫലകം നല്‍കി.

അവാര്‍ഡ് ജേതാവായ രാം മേനോന്‍ കെ.പി.എം.ജി പാര്‍ട്ട്ണറാണ്. ആഗോളതലത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്.

ഡോ. ജയ രാധാകൃഷ്ണന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ഓഫ് മെഡിസിനും, ന്യൂയോര്‍ക്ക് പ്രസ്ബറ്റേറിയന്‍ ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗം മേധാവിയുമാണ്.

കോട്ടയം സി.എം.എസ് കോളജില്‍ നിന്ന് ബിരുദമെടുത്ത രാജന്‍ ബാബു ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കിംബര്‍ലി ചെയര്‍ ഇന്‍ കെമിസ്ട്രിയാണ്. മാനുഫാക്ചറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഗവേഷണത്തിലൂടെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. 

കേരളത്തെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹിത്യസേവനത്തിനുള്ള അവാര്‍ഡ് നേടിയ മനോഹര്‍ തോമസ് മലയാളി സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതനാണ്. മുപ്പതില്‍പ്പരം വര്‍ഷങ്ങളായി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു. സര്‍ഗ്ഗവേദിയുടെ സ്ഥാപകനാണ്. കേരള സെന്ററില്‍ അത് എല്ലാ മാസവും യോഗം ചേരുന്നു. അരങ്ങേറ്റം നടത്തിയ നര്‍ത്തകനും, മോഡലും നടനും ആയിരുന്നു. ലാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അമേരിക്കയിലെത്തിയപ്പോള്‍ കച്ചവട രംഗത്തേക്ക് തിരിയുകയാരുന്നുവെന്ന് മനോഹര്‍ പറഞ്ഞു. സര്‍ഗ പ്രക്രിയയായി സാഹിത്യ രംഗത്തേക്ക് തിരിഞ്ഞു. സര്‍ഗ്ഗവേദിക്ക് ഒരു ആസ്ഥാനമില്ലെന്നു പറഞ്ഞപ്പോള്‍ ഇ.എം. സ്റ്റീഫനാണ് കേരളാ സെന്റര്‍ തുറന്നുതന്നത്.

ശാലിനി, അലക്‌സ് എന്നിവര്‍ അടങ്ങിയ ഗ്ലോബല്‍ ആര്‍ട്‌സിന്റെ ഗാനമേള, നൃത്തം തുടങ്ങിയവ ചടങ്ങിനു ആസ്വാദ്യത പകര്‍ന്നു.
കടല്‍ കടന്ന കൊച്ചിക്കാരി കേരള സെന്റര്‍ അവാര്‍ഡ് ചടങ്ങില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക