Image

എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് രൂപതക്ക് ആവശ്യം: മാര്‍ ആലഞ്ചേരി

Published on 07 November, 2016
എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് രൂപതക്ക് ആവശ്യം: മാര്‍ ആലഞ്ചേരി

  ലണ്ടന്‍: ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉള്‍ക്കൊണ്ട് യൂറോപ്പിലെ സഭയോട് ചേര്‍ന്നുനിന്നാവണം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സുവിശേഷ പ്രഷോഘണം നടത്തേണ്ടതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് കാണേണ്ടത്. രൂപത സംവിധാനത്തിന്റെ ക്രമങ്ങളിലേയ്ക്ക് വന്നതിനുശേഷമാണ് ഷിക്കാഗോ ഉള്‍പെടെയുള്ള മറ്റു രൂപതകളിലും ദൈവവിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. പുതിയ രൂപത പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്ന സഭാപരമായ കാഴ്ചപാടുകളും പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും മാര്‍ ആലഞ്ചേരി അവതരിപ്പിച്ചു. അല്‍മായ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട ഇടവക രൂപത തല കര്‍മപദ്ധതികളെകുറിച്ച് വൈദികരുമായി ആശയങ്ങള്‍ പങ്കുവച്ച മാര്‍ ആലഞ്ചേരി, അജപാലന പ്രവര്‍ത്തനങ്ങളിലെ വൈദികരുടെ സംശയങ്ങള്‍ക്കും മറുപടിയും നല്‍കി.

നേരത്തെ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സ്വാഗതം ചെയ്തു. ആലഞ്ചേരി പിതാവിന്റെ ദീര്‍ഘവീഷണവും കഠിനാധ്വാനവുമാണ് പുതിയ രൂപതയുടെ രൂപീകരണത്തിന് ഒരു പ്രധാന കാരണമായിത്തീര്‍ന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. 

ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ വൈദികരായിരുന്നു സമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക