Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍ -3 ബി.ജോണ്‍ കുന്തറ)

Published on 13 November, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍ -3 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്


അദ്ധ്യായം 3

മാത്യൂസിനെ കാണാതായതിന്റെ ഒന്നാം ദിവസം…

പതിവായി കേള്‍ക്കാറുള്ള ശബ്ദങ്ങളില്ലാതെ ഞാന്‍ ഒറ്റയ്ക്ക് ഉണര്‍ന്നു. മാത്യൂസ് വീട്ടിലുള്ളപ്പോള്‍ അപൂര്‍വ്വമായി മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ. എന്നും ആദ്യം ഉണരുക മാത്യൂസാണ്. ഞാന്‍ ഉണരുമ്പോള്‍ മാത്യൂസ് അടുക്കളയില്‍ അല്ലെങ്കില്‍ സ്വീകരണ മുറിയില്‍ എന്തെങ്കിലുംചെയ്യുകയായിരിക്കും. ഈ ദിവസത്തെ നിശബ്ദത എനിക്ക് അസാധാരണമായി തോന്നി.

“എന്തിനാ ഇത്രയൊക്കെ ശബ്ദം ഉണ്ടാക്കുന്നത്” എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ബെഡ്‌റൂമില്‍ നിന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇപ്പോള്‍ ആ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ വല്ലാത്ത ആഗ്രഹം തോന്നുന്നു. എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടു. ക്ലോക്കില്‍ നോക്കി. സമയം 8.30. നല്ല വാര്‍ത്ത ആയിരിക്കണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് വാതില്‍ തുറന്നു. കയ്യില്‍ ഒന്നു രണ്ടു ചെറിയ പാത്രങ്ങളുമായി ഒരു സ്ത്രീ.

“ഞാന്‍ ലക്ഷ്മി. അനിലിന്റെ ഭാര്യയാണ്.” അവര്‍ സ്വയം പരിചയപ്പെടുത്തി.

അവരെ അകത്തേക്ക് ക്ഷണിച്ചു.

പാത്രങ്ങള്‍ മേശപ്പുറത്ത് വെച്ചു അവര്‍ പറഞ്ഞു, “ഇഡലിയും സാമ്പാറും ഒക്കെയാണ്. ഇഷ്ടമാകും എന്ന് കരുതുന്നു.”

“താങ്ക്യൂ. എനിക്കിത് വളരെ ഇഷ്ടമാണ്. പക്ഷെ ഇതൊന്നും വേണ്ടായിരുന്നു.” ഞാന്‍ പറഞ്ഞു.

“ഓ. ഇതൊരു പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതില്‍ നിന്ന് കുറച്ച് ചേച്ചിക്കും കൊണ്ട് വന്നു എന്നെ ഉള്ളു.”

സംസാരിച്ച് കൊണ്ട് ലക്ഷ്മി ചുറ്റുപാടും നോക്കി.

അവര്‍ക്ക് നാല്‍പതിനടുത്ത് പ്രായം കാണും. സാധാരണ ഇന്ത്യന്‍ സാരി ധരിച്ചിരുന്നു. വളരെ മൃദുവായി സംസാരിക്കുന്ന പ്രകൃതം. സംഭാഷണ രീതിയും പെരുമാറ്റവും കണ്ടാല്‍ അവര്‍ ഒരു വീട്ടമ്മ ആണെന്ന് മനസ്സിലാക്കാം. മാത്യൂസ് എത്തിയോ എന്ന് അറിയാന്‍ വേണ്ടി ആയിരിക്കാം അവര്‍ ചുറ്റും നോക്കുന്നത് എന്ന് മനസ്സിലായി.

“ഒരു വിവരവും ഇല്ല ലക്ഷ്മീ” ഞാന്‍ പറഞ്ഞു. “മാത്യൂസിന് കുഴപ്പമൊന്നും സംഭവിക്കല്ലേ എന്ന് മാത്രമാണ് ഇപ്പോള്‍ പ്രാര്‍ത്ഥന.” അവരുടെ മുഖത്ത് ഖേദം പ്രകടമായിരുന്നു. “അനിലേട്ടനും കുട്ടികള്‍ക്കും ലഞ്ച് തയ്യാറാക്കണം” പോകാനൊരുങ്ങിക്കൊണ്ട് അവര്‍ പറഞ്ഞു. “പിന്നെ അനിലേട്ടന്‍ ഒമ്പതരക്ക് താഴെ ലോബിയില്‍ നില്‍ക്കാം എന്ന് പറഞ്ഞു.”

ഈ വിഷമ സമയത്ത് ലക്ഷ്മിയുടെ സന്ദര്‍ശനവും അവര്‍ കൊണ്ട് വന്ന ഭക്ഷണവും അല്‍പം ആശ്വാസമായി. എങ്കിലും ആ സമയത്ത് അധികം സംസാരിക്കാന്‍ തോന്നിയില്ല. പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ തയ്യാറാവണം. ബാത്ത്‌റൂമില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഫോണ്‍ അടിക്കുന്നുണ്ടായിരുന്നു. പ്ലാസിയാണ്. അവന്‍ താഴെ ലോബിയില്‍ കാത്തു നില്‍ക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ വിളിച്ചതാണ്. അതാണ് അവന്റെ പതിവ്. പ്ലാസിയോട് മുകളിലേക്ക് വരാന്‍ പറഞ്ഞു. പുതിയ സംഭവങ്ങള്‍ അവനോടു പറയണം.

പ്ലാസി അകത്തു വന്നു. ഞാന്‍ അവനോട് ഇരിക്കാന്‍ പറഞ്ഞു. അതിലെന്തോ അസാധാരണത്വം തോന്നിയതായി അവന്റെ മുഖഭാവത്തില്‍ നിന്ന് മനസ്സിലായി. ഞാന്‍ അവനെതിരെ ഇരുന്നു. എന്‍റെ മുഖത്തെ വിഷമം അവന്‍ ശ്രദ്ധിച്ചു.

“എന്ത് പറ്റി ചേച്ചി? ചേട്ടന്‍ എവിടെ?”

ഞങ്ങളെ ചേട്ടന്‍, ചേച്ചി എന്നാണ് അവന്‍ വിളിക്കുക.

മനസ്സിലെ വേവലാതി നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, “ഇന്നലെ നീ പോയ ശേഷം ചേട്ടന്‍ നടക്കാന്‍ പോയതാണ്. ഇത് വരെ തിരിച്ചെത്തിയിട്ടില്ല.”

പ്ലാസി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു.“എന്ത്? ചേട്ടന്‍ ഇത് വരെ വന്നില്ലെന്നോ?”

ഞാന്‍ അണപൊട്ടാന്‍ തുടങ്ങിയ വിഷമം നിയന്ത്രിച്ചു കൊണ്ട് തുടര്‍ന്നു, “അതെ. ചേട്ടനെ കാണാനില്ല. നമ്മള്‍ പോലീസില്‍ അറിയിക്കാന്‍ പോകുകയാണ്. ഇന്നലെ രാത്രി അസോസിയേഷന്‍ സെക്രട്ടറി അനിലുമായി സംസാരിച്ചിരുന്നു. അയാളും കൂടെ വരും. അയാള്‍ താഴെ നില്‍ക്കുന്നുണ്ടാവും. വാ പോകാം”

അവന് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. എങ്കിലും ഒന്നും പറയാതെ അവന്‍ എന്റെ കൂടെ താഴെ ഇറങ്ങി.

അനില്‍ കാത്തു നില്‍പുണ്ടായിരുന്നു. കാറിന്റെ ചാവി കയ്യില്‍ ഉണ്ട്. “ഞാന്‍ ഞങ്ങളുടെ കാറില്‍ വരാം. അപ്പോള്‍ അവിടുന്നു നിങ്ങള്‍ക്ക് നേരെ ഓഫീസില്‍ പോകാമല്ലോ” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അനില്‍ സമ്മതിച്ചു. “അത് നന്നായി. പോലീസ് സ്‌റ്റേഷന്‍ അടുത്താണ്.”

അനില്‍ ആദ്യം ഓടിച്ചുപോയി. ഞങ്ങള്‍ പിന്തുടര്‍ന്നു. അഞ്ച് മിനിറ്റില്‍ പോലീസ് സ്‌റ്റേഷന്‍ എത്തി. ആദ്യമായാണ് ഞാന്‍ കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ കയറുന്നത്.

ഒരു വെള്ള ജീപ്പ് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വശങ്ങളിലും മുകളിലും പോലീസ് എന്നെഴുതിയിട്ടുള്ള ഇത്തരം കാറുകള്‍ ഞാന്‍ മുമ്പ് റോഡില്‍ കണ്ടിട്ടുണ്ട്. അനിലിന്റെ കാറിനരികില്‍ ഞങ്ങളും നിര്‍ത്തി. അനിലിനോടോപ്പം ഞാന്‍ അകത്തു കയറി. പ്ലാസി പുറത്ത് നിന്നു.

“ജീപ്പ് നില്‍ക്കുന്നുണ്ട്” അനില്‍ പറഞ്ഞു. “അതിനര്‍ത്ഥം എസ് ഐ അല്ലെങ്കില്‍ സി ഐ അകത്തുണ്ട് എന്നാണ്.”

വാതില്‍ക്കല്‍ തോക്കുമായി നിന്നിരുന്ന പോലീസുകാരന്‍ പുഞ്ചിരിയോടെ ഞങ്ങളെ അകത്തേക്ക് കടത്തി വിട്ടു. “എസ് ഐ ഉണ്ടോ?” അനില്‍ ചോദിച്ചു.

“ഉണ്ട്.”

ഞങ്ങള്‍ അകത്തെക്ക് കയറി. ഒരു വനിതാ ഓഫീസര്‍ ആണ് ടേബിളിന്റെ പുറകില്‍ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുകയാണ്. മേശപ്പുറത്ത് ഫയലുകളും പുസ്തകങ്ങളും. ഫോണ്‍ ചെയ്ത് കഴിയും വരെ കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. ചുമരില്‍ ഗാന്ധിജിയുടെ ചിത്രം. അടുത്ത് തന്നെ കേരളാ വേഷത്തില്‍ മറ്റൊരാള്‍. കേരളത്തിലെ മന്ത്രി ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.

ഫോട്ടോയ്ക്ക് താഴെ പ്ലാസ്റ്റിക് കസേരകളില്‍ രണ്ടു പേര്‍ ഇരിക്കുന്നു. ഒരാളുടെകയ്യില്‍ ഒരു ഫയല്‍ ഉണ്ട്. അവര്‍ എന്തോ സംസാരിക്കുകയാണ്.

പെട്ടെന്ന് മുന്‍ വാതിലില്‍ എന്തോ അനക്കം കേട്ടു. ഗാര്‍ഡ് നിവര്‍ന്നു നിന്ന് സല്യൂട്ട് ചെയ്തു. ഫോണില്‍ സംസാരിച്ചു കൊണ്ട് തന്നെ വനിതാ ഓഫീസറും എഴുന്നേറ്റു. അവര്‍ പെട്ടെന്ന് തന്നെ റിസീവര്‍ താഴെ വച്ചു. ഒരു ഓഫീസര്‍ ധൃതിയില്‍ കടന്നു വന്നു. അദ്ദേഹം ആരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. വനിതാ ഓഫീസര്‍ അയാളെ സല്യൂട്ട് ചെയ്തു.

അനില്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ഞാനും എഴുന്നേല്‍ക്കാന്‍ തുടങ്ങും മുന്‍പേ ആ ഓഫീസര്‍ അകത്തെവിടെയോ മറഞ്ഞു.

പ്ലാസ്റ്റിക് കസേരയില്‍ ഇരുന്ന രണ്ടു പേര്‍ എഴുന്നേറ്റ് പുതിയ ഓഫീസറുടെ പുറകെ പോയി. ഈ സ്‌റ്റേഷനിലെ വലിയ ഓഫീസര്‍ ആയിരിക്കണം അയാള്‍.

വനിതാ ഓഫീസര്‍ തലയുയര്‍ത്തി ഞങ്ങളെ നോക്കി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അവരും ഹാഫ് ഡോര്‍ ഉള്ള മറ്റൊരു മുറിയിലേക്ക് പോയി. ഹാഫ് ഡോര്‍ തുറന്നു അകത്തു നോക്കി എന്തോ പറഞ്ഞ ശേഷം അവര്‍ തിരിച്ചു വന്നു. ഞങ്ങളെ നോക്കി ചോദിച്ചു, “എന്താണ് പ്രശ്‌നം?”

അനില്‍ പറയാന്‍ തുടങ്ങി “ഞാന്‍ അനില്‍. പെരിയാര്‍ ബ്ലോസം അപ്പാര്‍ട്ട്‌മെന്റില്‍ ആണ് താമസം. ഇത് എല്‍സി മാഡം. ഇവര്‍ക്കും പെരിയാര്‍ ബ്ലോസം അപ്പാര്‍ട്ട്‌മെന്റില്‍ ഒരു യൂണിറ്റ് ഉണ്ട്. ഞാന്‍ ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആണ്.“

മുന്നിലുള്ള കസേരകളിലേക്ക് ചൂണ്ടി അവര്‍ പറഞ്ഞു. ”ഇരിക്കൂ.” ഞങ്ങള്‍ ഇരുന്നു.

“മാഡം,“ എന്നെ ചൂണ്ടിക്കൊണ്ട് അനില്‍ പറഞ്ഞു, “ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ആണ്. രണ്ടു ദിവസം മുന്‍പാണ് അവധിയ്ക്ക് ഇവര്‍ നാട്ടില്‍ എത്തിയത്.”

പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അനില്‍ എന്നെ നോക്കി.

“അതെ.” ഞാന്‍ പറഞ്ഞു. വനിതാ ഓഫീസറുടെ മുഖം പ്രസന്നമായി.

“മാഡം, എന്താണ് സംഭവിച്ചത് എന്ന് പറയൂ”. അനില്‍ എന്നെനോക്കി പറഞ്ഞു.

പോലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രാ സമയത്ത് അവരോട് എന്തൊക്കെയാണ് പറയേണ്ടതെന്ന് ഞാന്‍ മനസ്സില്‍ തയ്യാറാക്കിയിരുന്നു. മാത്യൂസ് നടക്കാന്‍ ഇറങ്ങിയത് മുതല്‍ രാത്രി അനില്‍ സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തത് വരെ ഉള്ള കാര്യങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. സമയം, ഫോണ്‍ കാള്‍, മാത്യൂസിന്റെ ആരോഗ്യ സ്ഥിതി മുതലായവയെ പറ്റി ചില ചോദ്യങ്ങള്‍ ഓഫീസര്‍ ചോദിച്ചു. എല്ലാത്തിനും ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. “സബ് ഇന്‍സ്‌പെക്ടര്‍ ഇവിടെയുണ്ട്”. എന്ന് പറഞ്ഞു കൊണ്ട് ആ ഓഫീസര്‍ എഴുന്നേറ്റു. “അദ്ദേഹത്തോട് സംസാരിക്കൂ”

വീണ്ടും അവര്‍ ഹാഫ്‌ഡോര്‍ തുറന്നു എന്തോ പറഞ്ഞു. എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു പറഞ്ഞു, “എസ് ഐ വിളിക്കും. അല്പം വെയ്റ്റ് ചെയ്യുക”.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഹാഫ്‌ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടു. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ഒരു ഓഫീസര്‍ പ്രസന്നവദനനായി പുറത്ത് വന്നു. ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു. അദ്ദേഹം ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു.

ഇത്തവണ ഞാന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി. എല്ലാം ആദ്യം മുതല്‍ വിവരിച്ചു. ഓഫീസര്‍ ശ്രദ്ധയോടെ കേട്ടു. ഇടയ്ക്ക് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഒപ്പം ഒരു നോട്ട് പാഡില്‍ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.“പ്രായപൂര്‍ത്തി ആയ ആളാണ്. ആക്‌സിഡന്‍റ് അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതായി റിപ്പോര്‍ട്ട് ഒന്നുമില്ല. അതുകൊണ്ട്, 24 മണിക്കൂര്‍ കൂടി കാത്തിരുന്നിട്ടേ അന്വേഷണം തുടങ്ങാന്‍ കഴിയൂ.”

അദ്ദേഹത്തിന്റെ നെയിം ബാഡ്ജില്‍ നിന്ന് പേര് സന്തോഷ് കുമാര്‍ എന്നാണെന്ന് മനസ്സിലായി.

ഓഫീസര്‍ എഴുന്നേറ്റു. മീറ്റിംഗ് അവസാനിച്ചു എന്നര്‍ത്ഥം. പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഹാളില്‍ ഇരിക്കുന്ന വനിതാ ഓഫീസര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. “ഇവരുടെ ഫുള്‍ റിപ്പോര്‍ട്ട് , പേര്‍സണല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ , വാങ്ങി വെക്കുക.”

“ശരി സര്‍” അവര്‍ മറുപടി നല്‍കി.

എസ് ഐ തിരിഞ്ഞ് ഞങ്ങളോടായി പറഞ്ഞു.“നാളെ വരെ വിവരമൊന്നും കിട്ടിയില്ലെങ്കില്‍ അന്വേഷണം ആരംഭിക്കാം. ഭര്‍ത്താവിന്റെ അടുത്ത കാലത്ത് എടുത്ത ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് രണ്ടു കോപ്പി എടുത്തോളൂ.“

ഞങ്ങള്‍ കൈ കൊടുത്തു. വനിതാ ഓഫീസര്‍ക്ക് പൂര്‍ണ്ണ വിവരങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം ഞങ്ങളും ഇറങ്ങി.

പുറത്തിറങ്ങി നടക്കുമ്പോള്‍ ഞാന്‍ അനിലിനോട് ചോദിച്ചു.“ പണം വല്ലതും കൊടുക്കണമായിരുന്നോ?” പോലീസിനു പണം കൊടുത്താല്‍ മാത്രമേ എന്തെങ്കിലും നടക്കൂ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സിനിമയിലൊക്കെ അങ്ങനെയാണ് കാണുന്നത്.

“മാഡം പോലീസ് ഇപ്പോള്‍ പഴയ പോലെ അല്ല.” അനില്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇവര്‍ അങ്ങനെയൊന്നും പണം വാങ്ങില്ല. എന്തായാലും പരസ്യമായി സ്‌റ്റേഷനില്‍ പണം വാങ്ങില്ല. കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്ന് നോക്കാം. എന്നിട്ട് പണത്തിന്റെ കാര്യം ആലോചിക്കാം.”

അനിലിന് നന്ദി പറഞ്ഞ് ഞങ്ങള്‍ സ്‌റ്റേഷനില്‍ നിന്നും മടങ്ങി. വണ്ടിയിലിരിക്കുമ്പോള്‍ മാത്യൂസിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവന്‍. ഇത് ശരിയല്ല. ഞാന്‍ എന്തെങ്കിലും ചെയ്‌തെ പറ്റൂ. പോലീസിനെ മാത്രം വിശ്വസിച്ച് വെറുതെ കാത്തിരിക്കാന്‍ കഴിയില്ല. ഇതെല്ലാം എനിക്ക് ആരോടെങ്കിലും സംസാരിച്ചേ മതിയാവുമായിരുന്നുള്ളൂ. മകന്‍ ആന്‍ഡ്രൂവിനെ വിളിക്കാന്‍ തീരുമാനിച്ചു. അവന്‍ വക്കീല്‍ ആണ്. ശരിയായ വഴി പറഞ്ഞു തരും. മാത്രമല്ല. ഇനിയും മക്കളെ അറിയിക്കാതെ ഇരിക്കുന്നത് ശരിയല്ല. ഫ്‌ലാറ്റില്‍ എത്തിയ ഉടന്‍ ഞാന്‍ ആന്‍ഡ്രൂവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ രാത്രി പത്ത് മണി ആയിരിക്കും. സാരമില്ല, അവന്‍ ഉറങ്ങിയിട്ടുണ്ടാവില്ല.

ആന്‍ഡ്രൂ ഫോണെടുത്തു. ഞങ്ങളാണ് വിളിക്കുന്നത് എന്ന് മനസ്സിലായിക്കാണും.“ പതിവ് പോലെ അവന്‍ പറഞ്ഞു: “ഹായ് പാപ്. എങ്ങനെയുണ്ട്?

“മോനേ ഇത് മമ്മിയാണ്.” എന്‍റെ ശബ്ദത്തില്‍ നിന്ന് തന്നെ എന്തോ കുഴപ്പമുണ്ട് എന്നവന് തോന്നിക്കാണണം.

“എന്ത് പറ്റീ അമ്മച്ചീ. പപ്പാ എവിടെ. എന്താ ശബ്ദം വല്ലാതിരിക്കുന്നത്?”. അവന്‍ ചോദിച്ചു.

“ആന്‍ഡ്രൂ ബഹളമുണ്ടാക്കരുത്. വളരെ ഗൌരവമുള്ള ഒരു കാര്യം പറയാനുണ്ട്.“

“ഓക്കേ. പറയൂ. എന്താണ്കാര്യം?”അവന്‍ അക്ഷമനാകുന്നത് എനിക്ക് അറിയാമായിരുന്നു.

കരയാതിരിക്കാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു. ഒരു ദീര്‍ഘശ്വാസമെടുത്ത് ഞാന്‍ തുടര്‍ന്നു “ഡാഡ് ഇന്നലെ വൈകിട്ട് നടക്കാന്‍ പോയതായിരുന്നു.....ഇതു വരെ തിരിച്ചെത്തിയിട്ടില്ല.”

ഞാനത് പറഞ്ഞതും അവന്റെ ഞെട്ടല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. അല്‍പ സമയം ശബ്ദമൊന്നുമില്ല. “വാട്ട്?”എന്ന ക്ഷോഭത്തോടെയുള്ള ഒരു വാക്ക് മാത്രം.

“അതെ. എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല.”

“പോലീസിനെ വിളിച്ചില്ലേ? ഹോസ്പിറ്റലുകളില്‍ തിരക്കിയോ? ആ ബില്‍ഡിങ്ങിലെ വാച്ച്മാനോടോ, മറ്റു താമസക്കാരോടോ തിരക്കിയോ?” ആദ്യത്തെ ഞെട്ടല്‍ മാറിയതോടെ അവന്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

“ഉവ്വ്. ഇന്ന് കാലത്ത് പോലീസ് സ്‌റ്റേഷനില്‍ പോയി. ഈ ബില്‍ഡിങ്ങിലെ ഒരാള്‍, അസോസിയേഷന്‍ സെക്രട്ടറി, സഹായത്തിനുണ്ട്.”

പോലീസ് എന്ത് പറഞ്ഞു എന്ന്! അവന്‍ തിരക്കി. അവര്‍ പറഞ്ഞ വിവരങ്ങള്‍ ഞാന്‍ അവനോട് പറഞ്ഞു. ആളെ കാണാതായി 48 മണിക്കൂര്‍ കഴിഞ്ഞാലെ അവര്‍ക്ക് അന്വേഷണം തുടങ്ങാന്‍ കഴിയൂ.

സംസാരിക്കുമ്പോള്‍ അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.“ശരി മമ്മീ. ഞാന്‍ അങ്ങോട്ട് വരുകയാണ്. ആദ്യം കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോകണം. എനിക്ക് വിസ എടുക്കണം”. പിന്നെ കുറച്ച് സമയം നിശബ്ദത. അവന്‍ എന്തോ ആലോചിച്ചതാവണം. അവന്‍ പറഞ്ഞു, “ ഏറ്റവും അടുത്തുള്ളത് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആണ്. അവിടെ നിന്ന് എത്രയും വേഗം ഞാന്‍ കേരളത്തിലേക്ക് വരും.“

ഈ അവസ്ഥയില്‍ അവന്റെ സാന്നിദ്ധ്യം എനിക്ക് അത്യാവശ്യമായിരുന്നു. അതിനാല്‍ ഞാന്‍ അവനെ വിലക്കിയില്ല.

“നേവിയില്‍ നിന്ന് അത്ര പെട്ടെന്ന് അവധി കിട്ടുമോ?”

അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം. പേടിക്കണ്ട. ഇപ്പോള്‍ അത്ര പ്രധാന ജോലിയൊന്നും അത്യാവശ്യമായി ചെയ്യേണ്ടതായി ഇല്ല. എന്റെ ക്യാപ്റ്റന്‍ നല്ല ആളാണ്. അപ്പച്ചന്റെ കാര്യം അറിഞ്ഞാല്‍ ഉടന്‍ തന്നെ അദ്ദേഹം പോകാന്‍ അനുവാദം തരും.”

അത് കേട്ടപ്പോള്‍ എനിക്ക് ആശ്വാസം തോന്നി.

ആന്‍ഡ്രൂ നേവിയില്‍ ഉദ്യോഗസ്ഥനാണ്. വിദേശയാത്ര ചെയ്യണമെങ്കില്‍ മേലധികാരികളില്‍ അനുവാദം വാങ്ങേണ്ടതുണ്ട്. ഇന്ത്യയും യുഎസും സൌഹൃദത്തില്‍ ആയതിനാല്‍ പ്രശ്‌നമൊന്നും ഉണ്ടാകാനിടയില്ല.

“അതിന്റെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ ഞാന്‍ അറിയിക്കാം.”

സഹോദരി നീലയെ വിവരം അറിയിക്കണോ എന്നവന്‍ ചോദിച്ചു. ഞാന്‍ ഉടനേ അവളെയും വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു.

പിന്നെ ഞാന്‍ മകള്‍ നീലയെ വിളിച്ചു. അവള്‍ ഹൂസ്റ്റണിലെ ഒരു സ്കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആണ്. ഹൂസ്റ്റണില്‍ നിന്നും അകലെയൊന്നുമല്ല അവളുടെ താമസം. വിവരമറിഞ്ഞപ്പോള്‍ അവള്‍ വല്ലാതെ വിഷമിച്ചു. അവള്‍ക്ക് കേരളത്തിലേയ്ക്ക് വന്ന് എന്റെ കൂടെയിരിക്കണമെന്നായിരുന്നു. “ആന്‍ഡ്രൂ വരുന്നുണ്ട്. കുറച്ച് ദിവസം കാത്തിരിക്ക്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും മാറ്റമൊന്നുമില്ലെങ്കില്‍ നീ വന്നാല്‍ മതി.” ഞാന്‍ പറഞ്ഞു.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക