Image

അമേരിക്കന്‍ തെരഞ്ഞെടുപ്പും മലയാളിയും (പകല്‍ക്കിനാവ്-25: ജോര്‍ജ് തുമ്പയില്‍)

Published on 12 November, 2016
അമേരിക്കന്‍ തെരഞ്ഞെടുപ്പും മലയാളിയും (പകല്‍ക്കിനാവ്-25: ജോര്‍ജ് തുമ്പയില്‍)
"തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും, പണക്കാര്‍ക്ക് പണഭൂമി, കൃഷിക്കാര്‍ക്ക് കൃഷിഭൂമി' എന്നു അടൂര്‍ഭാസി പാടിയ "സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നത് അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. അത്തരം മോഹന്‍വാഗ്ദാനങ്ങളുടെ ഹൈടെക്ക് പതിപ്പുകള്‍ വച്ചു കാച്ചി ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നു ഇതാ ഡോണള്‍ഡ് ട്രംപ് ജയിച്ചു കയറിയിരിക്കുന്നു. അതു കൊണ്ടു മലയാളിക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ കാര്യമുണ്ട്-സുഹൃത്തേ എന്നു പറയേണ്ടി വരും. "സ്ഥാനാര്‍ത്ഥി സാറാമ്മ' ഇറങ്ങിയിട്ട് 2016-ല്‍ കൃത്യം അമ്പത് വയസ്സ് പിന്നിട്ടിരിക്കുന്നു. ആ സിനിമയില്‍ കണ്ട നിലയിലുള്ള പ്രചാരണപരിപാടികളുടെ ഒരു തനിപകര്‍പ്പ് ഇത്തവണ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കണ്ടു. അതിലേറെ വിശേഷമായിട്ട് തോന്നിയത്, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കുണ്ടായ അതവിശിഷ്ടമായ ഉത്സാഹമാണ്.

ഊണിലും ഉറക്കത്തിലും എന്നു വേണ്ട ജോലിയിലും ജോലിയില്ലാത്തപ്പോഴും അവര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് എങ്ങനെ തങ്ങളുടെ സമൂഹത്തിന്റെ ആഘോഷമാക്കി മാറ്റാമെന്നു ചിന്തിച്ചു. തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ഡിബേറ്റുകള്‍ സംഘടിപ്പിച്ചു കൊണ്ട് ടിവിഷോകളും പ്രസംഗങ്ങളും സംവാദങ്ങളുമൊക്കെ കൊട്ടിപാടി കൊണ്ട് മലയാളികള്‍ കേരള തെരഞ്ഞെടുപ്പിനേക്കാള്‍ ഉത്സവാന്തരീക്ഷമൊരുക്കി അമേരിക്കയിലെങ്ങും. അതു കണ്ട് സായിപ്പു പോലും അന്തം വിട്ടു കുന്തം വിഴുങ്ങിയെങ്കില്‍ അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. കാരണം, കാല്‍ചുവട്ടിലെ മണ്ണ് മറക്കുന്ന സ്വഭാവം മലയാളിക്കില്ല സായ്‌പ്പേ... അത് അമേരിക്കയായാലും കേരളമായാലും അങ്ങനെ തന്നെ...

മലയാളികള്‍ പണ്ടേ ഇങ്ങനെയാണല്ലോ.. നാടന്‍പന്തു കളിയായാലും നല്ല നാടന്‍ തല്ലായാലും ശരി തങ്ങളുടെ ഇടപെടല്‍ അവിടെ നടത്തിയിരിക്കും. അപ്പോള്‍ പിന്നെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മാത്രമായിട്ട് എന്തിനു മാറ്റി നിര്‍ത്തുന്നു, പ്രത്യേകിച്ച് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മലയാളികള്‍ ഇത്രയധികം ഉള്ളപ്പോള്‍. ഡോണള്‍ഡ് ട്രംപോ, ഹിലരിയോ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയുണ്ടായിരുന്നില്ല മലയാളികള്‍ക്കിടയില്‍. ആരായാലും ശരി, അവര്‍ ആഘോഷിച്ചിരിക്കും. അമ്മാവന്‍ ചത്താലും അയല്‍വാസി ചത്താലും മലയാളികളുടെ പുതിയ ട്രെന്‍ഡ് അങ്ങനെയാണല്ലോ.. പതിവ് തെറ്റിച്ചില്ല-

അമേരിക്കന്‍ തെരഞ്ഞെടുപ്പും ഒരന്നൊന്നര ആഘോഷമാക്കി മലയാളികള്‍ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുന്നതിനനുസരിച്ച് അമേരിക്കന്‍ മലയാളികള്‍ പലേടത്തും പ്രഭാഷണങ്ങളും സംവാദങ്ങളുമൊരുക്കിയതിന്റെ ത്രില്ല് ഇപ്പോഴും പോയിട്ടില്ല. ഓണാഘോഷത്തിലും അസോസിയേഷനുകളുടെ മീറ്റിങ്ങുകളിലും എന്തിന് പള്ളിയിലെ കൂട്ടായ്മയില്‍ പോലും ഹിലരിയും ട്രംപും കടന്നു വന്നു. അതിനു വേണ്ടി സാക്ഷാല്‍ കേരളത്തില്‍ നിന്നു പോലും അവര്‍ ആളുകളെ ഇതിനു വേണ്ടി ഇറക്കുമതി ചെയ്തുവെന്നത് ഓര്‍ക്കേണ്ടിയിരിക്കുന്നു. ഫോമയുടെ തെരഞ്ഞെടുപ്പിനിടയിലും ഇതു നന്നായി തന്നെ പ്രതിഫലിച്ചു. അങ്ങനെ, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഗൗരവമായ മലയാളി ടച്ച് ഉണ്ടാക്കുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ കൈ മെയ്യ് മറന്ന് ഒന്നിച്ചുവെന്നതാണ് സത്യം.

വോട്ടെന്നതിന്റെ തലേന്നു മുതല്‍ എല്ലാവരും ഒന്നിച്ച് ടിവിയുടെ മുന്നില്‍ കുത്തിയിരുന്നു. ആര് ജയിക്കും, ആര് തോല്‍ക്കും? ആരുടെ വോട്ട് പാഴാവും, ആരുടെ വോട്ട് ശരിയാവും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ഒന്നിച്ചിരുന്ന് അങ്ങനെ കാര്യത്തിനു ഒരു തീരുമാനമുണ്ടാക്കി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഓരോരുത്തരും അവരവരുടെ നിലപാടുകള്‍ സ്വീകരിച്ചു. ഹിലരിയോ, ട്രംപോ എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. മലയാളികളില്‍ വോട്ടുള്ളവരെല്ലാം വോട്ട് ചെയ്യണം. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഫലപ്രഖ്യാപനത്തിനു വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പില്‍ കൂട്ടിയും കുറച്ചും അനുമാനങ്ങളും പ്രവചനങ്ങളുമൊക്കെയായി രാത്രി വൈകുവോളം മലയാളികള്‍ ഒത്തുകൂടി.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും സജീവമായി മലയാളികള്‍ ഒത്തൊരുമിക്കുന്നതെന്നു പറയാതെ വയ്യ. ഒബാമയും, ബുഷും ക്ലിന്റണുമൊക്കെ മത്സരിച്ച കാലത്തൊന്നും ആവേശമില്ലാതിരുന്നു എന്നല്ല, പക്ഷേ- ഇത്തവണ നേരത്തെ പറഞ്ഞതു പോലെ അതൊരു ഒന്നൊന്നര സംഭവമായി പോയി എന്നു വേണം പറയാന്‍.

അതിനിടയ്ക്ക് മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടിയിട്ടുണ്ടായിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭയിലേക്ക് ഇതാദ്യമായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലില്‍നിന്നു ജയിച്ചത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജയായ ആദ്യ വനിതയെന്ന ബഹുമതിയും ഇനി പ്രമീളയ്ക്കു സ്വന്തം. 57% വോട്ടു നേടി പ്രമീള സ്വന്തമാക്കിയ വിജയം അമേരിക്കന്‍ മാധ്യമങ്ങളും ആഘോഷിക്കുമ്പോള്‍ അത് മലയാളിയുടെ അഭിമാനസ്തംഭത്തിലെ പൊന്‍തിളക്കമായി. അമേരിക്കന്‍ രാഷ്ട്രീയവും അതിന്റെ ഉയര്‍ച്ചതാഴ്ചകളുമൊക്കെ അടുത്തു വിശകലനം ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പറയട്ടെ, പ്രമീളയുടെ വിജയത്തില്‍ മലയാളികള്‍ അഭിനന്ദിച്ചേ മതിയാവൂ. ചന്ദ്രനില്‍ പോകുന്നതിനോളം അഭിമാനിക്കാവുന്ന വിജയമായിരുന്നു ഇത്. നിലവില്‍ വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ് ഈ അന്‍പത്തിയൊന്നുകാരി. വര്‍ഷങ്ങളായി യുഎസിലുള്ള പ്രമീളയുടെ അച്ഛന്‍ ജയപാല മേനോനും അമ്മ മായയും പാലക്കാട്ടു നിന്നാണ്. അവരിപ്പോള്‍ ബെംഗളൂരുവിലാണു താമസം. ഇന്ത്യയിലെ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് പ്രമീള "പില്‍ഗ്രിമേജ്- വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിങ് ഇന്ത്യ' എന്ന പേരില്‍ ഒരു പുസ്തകവും പ്രമീള രചിച്ചിട്ടുണ്ട്. 1995 മുതല്‍ ഏതാനും വര്‍ഷക്കാലം കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ എണ്‍പതോളം ഗ്രാമങ്ങളില്‍ സഞ്ചരിച്ചു തയാറാക്കിയതാണ് ഈ പുസ്തകം. യുഎസ് പൗരത്വം സ്വീകരിച്ച പ്രമീള ചെന്നൈയിലാണു ജനിച്ചത്. അഞ്ചാം വയസ്സില്‍ ഇന്ത്യ വിട്ടു. ഇന്തൊനീഷ്യയിലും സിംഗപ്പൂരിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ കോളജ് വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെത്തി. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദം നേടിയ പ്രമീള വോള്‍സ്ട്രീറ്റില്‍ സാമ്പത്തിക വിശകലന വിദഗ്ധയായും ജോലി നോക്കി. പക്ഷേ ജോലിയില്‍ മാത്രം ഒതുങ്ങിക്കൂടാതെ അമേരിക്കയിലെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ എഴുത്തിലൂടെയും മറ്റും ഇടപെട്ടു തുടങ്ങി. ഇന്ന് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖസ്ഥാനമുണ്ട് പ്രമീളയ്ക്ക്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവര്‍ ഇന്ത്യയിലേക്കു വരും. യുഎസ് പൗരനായ സ്റ്റീവ് വില്യംസണ്‍ ആണു ഭര്‍ത്താവ്. ഒരു മകനുണ്ട്, ജനക്. അതേസമയം, ന്യൂജഴ്‌സിയില്‍നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് പൊരുതി തന്നെ തോറ്റു. അതൊന്നും പക്ഷേ, മലയാളികളുടെ ആവേശത്തിന്റെ ഏറ്റം കൂറയ്ക്കുന്നതേയില്ല. എതിരാളിയായ ലാന്‍സിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പീറ്റര്‍ ജേക്കബ് പ്രചാരണരംഗത്ത് മുന്നേറിയിരുന്നത്. ന്യൂവാര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സ്റ്റാര്‍ ലെഡ്ജര്‍ പത്രത്തിന്റെ ബാക്ക് പേജില്‍ ഫുള്‍ കളര്‍ പരസ്യം കൂടാതെ മറ്റു ദിവസങ്ങളിലും പരസ്യങ്ങള്‍ കൊടുത്തുവെന്ന പ്രത്യേകതയും പീറ്ററിനുണ്ടായിരുന്നു. മലയാളി സമൂഹം പീറ്റര്‍ ജേക്കബിനു പിന്നില്‍ ഒറ്റെക്കട്ടായി അണിനിരന്നുവെന്നതും ശ്രദ്ധേയമായി.

അങ്ങനെ- മലയാളി സാന്നിധ്യമുണ്ടായിരിക്കുന്ന ഈ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരി തോറ്റു, ട്രംപ് ജയിച്ചു. അതിലൊന്നും മലയാളികള്‍ക്ക് അത്ഭുതവും ആവേശവുമില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പ്, അത് കൊഴുപ്പിക്കുന്നതിലായിരുന്നു അവരുടെ ആവേശം. എത്രയെത്ര ഡിബേറ്റുകളാണ് അമേരിക്കയുടെ വിവിധ നഗരങ്ങളിലായി നടന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും സിന്ധു സൂര്യകുമാറും അനില്‍ അടൂരും തത്സമയ റിപ്പോര്‍ട്ടിങ്ങിനായി അമേരിക്കയിലേക്ക് വന്നുവെന്നതും അവര്‍ക്കു പിന്തുണയുമായി ഡോ. കൃഷ്ണ കിഷോറും നിറഞ്ഞു നിന്നുവെന്നതും ഈ തെരഞ്ഞെടുപ്പിനെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ പ്രതിഫലനമായി. ചായക്കടയിലിരുന്നു രാഷ്ട്രീയം പറയുന്ന അതേ ആവേശത്തില്‍ നാലാളു കൂടുന്നിടത്തൊക്കെ അവര്‍ വിശകലനവും കണക്കുകൂട്ടലുകളുമായി ഒത്തുകൂടിയപ്പോള്‍ ഒന്നോര്‍ത്തു പോയി. അമേരിക്കയിലെന്നല്ല, ലോകത്ത് എവിടെ ചെന്നാലും മലയാളി മാറാന്‍ പോകുന്നില്ല. അതാണ് സത്യം, അതാണ് യാഥാര്‍ത്ഥ്യം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക