Image

ലൈഫ് സര്‍ട്ടിഫിക്കറ്റ് (കഥ: സ്വപ്നരാജ്)

Published on 16 November, 2016
ലൈഫ് സര്‍ട്ടിഫിക്കറ്റ് (കഥ: സ്വപ്നരാജ്)

'ഞാന്‍ ബാങ്കില്‍ വരെ പോയി നോക്കീട്ട് വരാം.', പഴയ ഇരുമ്പ് പെട്ടിയില്‍ നിന്നും മുഷിഞ്ഞ കവര്‍ എടുക്കുമ്പോള്‍ മാത്തച്ചന്‍, അന്നമ്മ ടീച്ചറോട് പറഞ്ഞു.

ആ കുഞ്ഞു മുറിയുടെ തറയില്‍ വിരിച്ചിട്ട കിടക്കയില്‍, തളര്‍ന്ന് കിടക്കുന്ന അന്നമ്മ ടീച്ചറുടെ കണ്ണുകള്‍ മാത്രം ഒന്ന് ചലിച്ചു.

'ബാങ്ക്, സെക്ടര്‍ 10 -ല്‍ അല്ലേ മോളെ.', പുറത്തേക്ക് ഇറങ്ങുമ്പോള്‍ അകത്ത് സോഫയില്‍ ടി വി കണ്ടു കൊണ്ടിരുന്ന കൊച്ചു മോളോട് മാത്തച്ചന്‍ ചോദിച്ചു.

'അതെ, അപ്പച്ചന് വഴി അറിയുമോ? ', അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ അയാള്‍ വെയിലത്തേക്ക് ഇറങ്ങി. റോഡിന് അപ്പുറത്തെ മൈതാനം കുറുകെ കടന്നാല്‍ ബാങ്കിന്റെ അടുത്തെത്താം എന്ന് അയാളോട് ഇന്നലെ സോഫി പറഞ്ഞിരുന്നു.

റോഡ് കടക്കാന്‍ നാട്ടിലെപ്പോലെ കഷ്ടപ്പാടൊന്നും ഉണ്ടായില്ല. കറുപ്പും മഞ്ഞയും ചായമടിച്ച ഒരു ടാക്‌സി, അയാള്‍ റോഡ് കടക്കുന്നത് കണ്ടപ്പോള്‍ വേഗം കുറച്ച് നിര്‍ത്തി.

അഴുക്കു വെള്ളം ഒഴുകുന്ന ചാലിന്റെ മുകളിലൂടെയുള്ള ചെറിയ പാലത്തിലൂടെ മാത്തച്ചന്‍ പാര്‍ക്കിന്റെ ഇടവഴിയിലേക്ക് ഇറങ്ങി. വിശാലമായ മൈതാനത്തിന് മുകളിലൂടെ വലിയ വൈദ്യുതിക്കമ്പികള്‍ കടന്നു പോകുന്നു. വെയിലിന് നാട്ടിലെ വിയര്‍പ്പു മണം ഇല്ല.

കഴിഞ്ഞ കൊല്ലം ഇതേ സമയം നാട്ടിലായിരുന്നു. അന്നമ്മ ടീച്ചര്‍ അന്നും കിടപ്പിലായിരുന്നു. ടീച്ചര്‍ പെന്‍ഷന്‍ വാങ്ങുന്ന അടുത്തുള്ള ബാങ്കില്‍ ആദ്യമായി മാത്തച്ചന്‍ പോയത് അപ്പോഴാണ്. എല്ലാ കൊല്ലവും പെന്‍ഷന്‍കാര്‍ കൊടുക്കുന്ന, ജീവിച്ചിരുപ്പുണ്ട് എന്ന സാക്ഷ്യപത്രം - ലൈഫ് സര്‍ട്ടിഫിക്കറ്റ് , എങ്ങിനെ കൊടുക്കും എന്ന് അന്വേഷിക്കാന്‍.

'ഇവിടേക്ക് വരാന്‍ പറ്റുന്ന കണ്ടീഷന്‍ അല്ല എന്ന് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം.', തിരക്കിട്ട ജോലിക്കിടയില്‍ മധ്യവയസ്‌കനായ ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. കണ്ണടക്കുള്ളില്‍ അസ്വസ്ഥത.

മൂന്നു നാലു ദിവസം കയറി ഇറങ്ങിയതിന് ശേഷമാണ് ബാങ്കിലെ ഒരു സ്റ്റാഫിനെ കൂടെ വിട്ടത്. ബുദ്ധിമുട്ടിയതൊന്നും മാത്തച്ചന്‍ അന്നമ്മയോടു പറഞ്ഞില്ല.

അന്നമ്മ ടീച്ചര്‍ വിറയ്ക്കുന്ന കൈ കൊണ്ട് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നത് കണ്ടപ്പോള്‍ അയാള്‍ തല തിരിച്ചു. ആ കാഴ്ച അയാളെ അത്രയും വേദനിപ്പിച്ചു.

സ്‌കൂളിലെ എല്ലാ കാര്യങ്ങള്‍ക്കും അന്നമ്മ ടീച്ചര്‍ ആയിരുന്നു മുന്നില്‍. കൈയക്ഷരം ഏറ്റവും നന്നായതു കൊണ്ടാവണം, സ്‌ക്കൂളിന്റെ ശമ്പള ബില്ലുകള്‍, രജിസ്റ്ററുകള്‍ , ലൈബ്രറി ബുക്കുകളുടെ കാറ്റലോഗുകള്‍, തുടങ്ങി എല്ലാം അന്നമ്മ ടീച്ചറുടെ മുന്നില്‍ നിരന്നിരുന്നു.

കുട്ടികളുടെ പ്രിയപ്പെട്ട അന്നമ്മ ടീച്ചറുടെ ക്ലാസ്സില്‍ മാത്രം കുട്ടികള്‍ അനുസരണയോടെ ഇരിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടിരുന്നു.

ആ ടീച്ചറാണ് റിട്ടയര്‍ ചെയ്ത് രണ്ടാമത്തെ കൊല്ലം തളര്‍ന്ന് വീണത്. അന്ന് തൊട്ട് മാത്തച്ചന്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത്. സോഫി മോളാണെങ്കില്‍ മുംബൈയില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. അങ്ങോട്ട് ചെല്ലാന്‍ അവള്‍ കുറേ പറഞ്ഞു നോക്കി. മാത്തച്ചന് പക്ഷേ ആരെയും ബുദ്ധിമുട്ടിക്കാന്‍ താല്പര്യം ഇല്ലായിരുന്നു.

എന്നിട്ടും കഴിഞ്ഞ മാസം അവര്‍ക്ക് മുംബൈയിലേക്ക് വരേണ്ടി വന്നു.

ടീച്ചറെ താങ്ങിപ്പിടിച്ച് നടത്തുന്നതിന്റെ ഇടയിലാണ് രണ്ടു പേരും കൂടി മുറിയില്‍ തെന്നി വീണത്. മാത്തച്ചന്റെ വലത്തേ കൈയുടെ എല്ലിന് ചെറിയ പൊട്ടലുണ്ടായിരുന്നു. ഒരാഴ്ച ആ കൈയും വെച്ച് മാത്തച്ചന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ശ്രമിച്ചു. ഒട്ടും പറ്റാതെ ആയപ്പോഴാണ് കഴിഞ്ഞ മാസം രണ്ടു പേരും കൂടി മോളുടെ അടുത്തേക്ക് പോന്നത്.

ഒരു ബെഡ് റൂമും ഹാളും മാത്രമുള്ള ആ കുഞ്ഞു ഫ്‌ളാറ്റിലെ ഒരു കോണില്‍ കിടക്ക വിരിച്ച് അന്നമ്മ ടീച്ചര്‍ കിടന്നു. സഹായിക്കാന്‍ ഒരു സ്ത്രീയെ സോഫി ഏര്‍പ്പാടാക്കിയിരുന്നു.

മൈതാനത്തിന്റെ അപ്പുറം റോഡ് രണ്ടായി തിരിയുന്നിടത്ത് കണ്ട ഒരാളോട് ബാങ്കിലേക്കുള്ള വഴി അറിയാവുന്ന ഭാഷയില്‍ ചോദിയ്ക്കാന്‍ മാത്തച്ചന്‍ ശ്രമിച്ചു.

'ദാ , ആ വളവിന്റെ അപ്പുറത്താണ് ബാങ്ക്', മാത്തച്ചന്റെ വെള്ള മുണ്ടും, കയ്യിലെ കുടയും കണ്ടിട്ടാവും, നല്ല മലയാളത്തില്‍ തന്നെ മറുപടി വന്നു.

മറുനാട്ടിലെ സ്വന്തം ബാങ്കിന്റെ മുന്നില്‍ മാത്തച്ചന്‍ ഒരു നിമിഷം നിന്നു.

കാക്കി വേഷം ധരിച്ച സെക്യൂരിറ്റിക്കാരന്റെ അരികിലൂടെ ബാങ്കിനുള്ളില്‍ കടന്നു. നേരെ മാനേജരെ ചെന്നു കാണാനാണ് സോഫി പറഞ്ഞത്. ഹാളിന്റെ അറ്റത്തായി മാനേജരുടെ കാബിന്‍ കാണാം. മാത്തച്ചന്‍ നേരെ അങ്ങോട്ട് ചെന്നു. ചില്ലു വാതിലിലൂടെ നോക്കി. ഒരു ചെറുപ്പക്കാരനായിരുന്നു മാനേജരുടെ സീറ്റില്‍. മാത്തച്ചന്‍ വാതിലില്‍ ചെറുതായി മുട്ടി.

മാനേജര്‍ തലയുയര്‍ത്തി നോക്കി, അകത്തേക്ക് വന്നോളൂ എന്ന് ആംഗ്യം കാണിച്ചു. മാത്തച്ചന്‍ വാതില്‍ തുറന്ന് അകത്തേക്ക് ചെന്നു.

'സര്‍, ഇരിക്കൂ ', മുന്നിലെ ഫയലുകള്‍ നീക്കി അരികിലേക്ക് വെച്ചു കൊണ്ട് മാനേജര്‍ മലയാളത്തില്‍ പറഞ്ഞു. ആശ്വാസത്തോടെ കസേരയിലേക്ക് ഇരുന്നപ്പോള്‍ കാലുകള്‍ക്ക് കുറച്ച് സുഖം തോന്നി.

മാനേജര്‍ കൈ നീട്ടി അരികിലെ സ്വിച്ച് അമര്‍ത്തി. ഹാളില്‍ മുഴങ്ങിയ ബെല്ലിന്റെ ശബ്ദം കേട്ട് അകത്തേക്ക് വന്ന പയ്യനോട് വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.

'പറയൂ, സര്‍. ഇവിടെ ആദ്യമായിട്ടാണല്ലോ, അല്ലേ.'

അപ്പോഴേക്കും ഒരു ഗ്ലാസ്സില്‍ വെള്ളം മുറിയില്‍ എത്തിയിരുന്നു. പരവേശത്തോടെ മാത്തച്ചന്‍ വെള്ളം കുടിച്ചിറക്കി.

മാത്തച്ചന്‍ പതുക്കെ കഥ മുഴുവന്‍ പറയാന്‍ തുടങ്ങി. ഇടയ്ക്കിടെ മൂളിക്കൊണ്ട് മാനേജര്‍ എല്ലാം കേട്ട് കൊണ്ടിരുന്നു.

'ഏതു സെക്ടറിലാ മോളുടെ ഫ്‌ലാറ്റ് ?', മാത്തച്ചന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മാനേജര്‍ ചോദിച്ചു.

'ഇത്രയും ദൂരം ഈ വെയിലത്ത് നടന്നു വന്നോ? ', മാത്തച്ചന്‍ ഫ്‌ലാറ്റിന്റെ അഡ്രസ്സ് പറഞ്ഞപ്പോള്‍ മാനേജര്‍ക്ക് അമ്പരപ്പ്.

'ഇവിടെ നിന്ന് ആരെയെങ്കിലും വിട്ട് സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാമോ?', മാത്തച്ചന്‍ മടിച്ച് മടിച്ച് ചോദിച്ചു.

'ഞാന്‍ ഓട്ടോ വിളിച്ച്, കൊണ്ട് പോയി തിരിച്ച് കൊണ്ടു വിടാം', മാനേജര്‍ അതൊന്നും ശ്രദ്ധിക്കാത്ത പോലെ കമ്പ്യൂട്ടറില്‍ എന്തോ ചെയ്യുന്നു.

'ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു മൂന്ന് കോപ്പി ഞാന്‍ പ്രിന്റ് ഇട്ടിട്ടുണ്ട്. അകത്തേക്ക് കൊടുത്തു വിട്ടേക്ക്', മാനേജര്‍ ഫോണ്‍ എടുത്ത് ആരോടോ പറഞ്ഞു. കുറച്ചു കഴിഞ്ഞതും കുറച്ച് പേപ്പറുകള്‍ കൊണ്ട് നേരത്തെ വന്ന പയ്യന്‍ അകത്തേക്ക് വന്നു.

'നമുക്ക് പോയിട്ട് വരാം.', മാനേജര്‍ ആ പേപ്പറുകള്‍ കയ്യിലെടുത്ത് കൊണ്ട് എണീറ്റ് മാത്തച്ചനോട് പറഞ്ഞു.

'സാറ് വരണം എന്നില്ല, ആരെയെങ്കിലും വിട്ടാല്‍ മതി.', മാത്തച്ചന്‍ പറഞ്ഞൊപ്പിച്ചു.

മറുപടിയൊന്നും പറയാതെ മാനേജര്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് പിടിച്ചു. മാത്തച്ചന്‍ എണീറ്റ് പുറത്തേക്ക് കടന്നു.

'ഞാന്‍ ഇപ്പൊ വരാം. സെക്ടര്‍ 6 വരെ ഒന്ന് പോണം. ഒരു ലൈഫ് സര്‍ട്ടിഫിക്കറ്റ് ഒപ്പിടീച്ചിട്ട് വരാം.', അപ്പുറത്തെ സീറ്റില്‍ ഇരുന്ന് ഒപ്പിട്ടു കൊണ്ടിരുന്ന ഓഫീസറോട് പറഞ്ഞു കൊണ്ട് മാനേജര്‍ പുറത്തേക്ക് നടന്നു. മാത്തച്ചന്‍ പുറകേയും.

'ഞാന്‍ ഓട്ടോ വിളിച്ചിട്ടു വരാം', മാത്തച്ചന്‍ കുറച്ച് അപ്പുറത്ത് ഓട്ടോകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.

'വേണ്ട, ഞാന്‍ കാറെടുക്കാം.', റോഡിന്റെ അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അരികിലേക്ക് മാനേജര്‍ നടന്നു. ഡോര്‍ തുറന്ന് ഡ്രൈവറുടെ സീറ്റിലേക്ക് കയറി, അപ്പുറത്തെ ഡോര്‍ മാത്തച്ചന് വേണ്ടി തുറന്ന് കൊടുത്തു.

മാത്തച്ചന്‍ ആകെ അമ്പരപ്പില്‍ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റം കണ്ടതിന്റെ സുഖമുള്ള അമ്പരപ്പ്.

ആ സുഖം തോന്നിയത് കൊണ്ടാവാം, കാറില്‍ ഇരിക്കുമ്പോള്‍ മാത്തച്ചന്‍ പഴയ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. ടീച്ചറുടെ സ്‌കൂള്‍ വിശേഷങ്ങളും, ആശുപത്രിയില്‍ അന്നമ്മയെ നോക്കിക്കൊണ്ട് ഉറങ്ങാതെയിരുന്ന രാത്രികളും, ബാന്‍ഡേജിട്ട കൈ വെച്ച് വീട്ടുപണികള്‍ ചെയ്തതും എല്ലാം.

ഫ്‌ളാറ്റിന്റെ ബെല്ലമര്‍ത്തിയപ്പോള്‍ കൊച്ചുമോളാണ് വാതില്‍ തുറന്നത്. കൂടെ പരിചയമില്ലാത്ത ആളെ കണ്ടിട്ടാവും അവള്‍ അകത്തേക്ക് ഓടി.

'സാര്‍ ഇരിക്ക്', മാത്തച്ചന്‍ സോഫയിലേക്ക് ചൂണ്ടി.

'ഇരിക്കുന്നില്ല. തിരക്കുണ്ട്. ടീച്ചര്‍ ? ', മാത്തച്ചന്‍ അകത്തെ മുറിയിലേക്ക് നടന്നു. മാനേജര്‍ കൂടെയും. നിലത്ത് വിരിച്ച കിടക്കയില്‍ ടീച്ചര്‍ മയങ്ങിക്കിടക്കുന്നു. ആള്‍പെരുമാറ്റം അറിഞ്ഞിട്ടാവും, ടീച്ചര്‍ കണ്ണുകള്‍ തുറന്നു.

'ഈ മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ ഒപ്പിടിച്ചേക്ക്', കയ്യിലെ പേപ്പറുകള്‍ മാത്തച്ചന്റെ കയ്യിലേക്ക് കൊടുത്ത് മാനേജര്‍ മുന്നിലെ മുറിയിലേക്ക് തിരിച്ച് പോയി.

മാത്തച്ചന്‍ ഒപ്പിട്ട പേപ്പറുകള്‍ കൊണ്ട് തിരിച്ചു വന്നു.

'എന്നാ ഞാന്‍ ഇറങ്ങട്ടെ. ബാങ്കില്‍ ഈയിടെ തിരക്കാണ്.', പേപ്പറുകള്‍ വാങ്ങി മാനേജര്‍ ഇറങ്ങി. മാത്തച്ചന്‍ കൂടെ ചെന്നു.

'സര്‍ ഇനി വരണം എന്നില്ല. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം.', പടികള്‍ ഇറങ്ങുമ്പോള്‍ മാനേജര്‍ പറഞ്ഞു. എന്നിട്ടും മാത്തച്ചന്‍ കൂടെ ഇറങ്ങി.

താഴെ കാറില്‍ കയറാന്‍ നേരം മാത്തച്ചന്‍ ഒരു നൂറു രൂപയുടെ നോട്ടെടുത്ത് മാനേജരുടെ കയ്യിലേക്ക് നീട്ടി.

സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരിയോടെ മാനേജര്‍ മാത്തച്ചന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു.

'ഇതൊന്നും വേണ്ട. എന്റെ അമ്മയും സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ആയതാ. സാറിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട. കാണാം.', പറഞ്ഞു കൊണ്ട് മാനേജര്‍ കാറില്‍ കയറി.

ആ കാര്‍ ദൂരേക്ക് അകന്നു പോകുമ്പോള്‍, ഒരു മകന്റെ സ്പര്‍ശം തന്റെ കൈകളില്‍ ബാക്കി നിന്നത് മാത്തച്ചന്‍ തിരിച്ചറിഞ്ഞു. 
ലൈഫ് സര്‍ട്ടിഫിക്കറ്റ് (കഥ: സ്വപ്നരാജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക