Image

നോ ഷേവ് നവംബര്‍ ! (പകല്‍ കിനാവ്‌ - ജോര്‍ജ് തുമ്പയില്‍)

Published on 20 November, 2016
നോ ഷേവ് നവംബര്‍ ! (പകല്‍ കിനാവ്‌ - ജോര്‍ജ് തുമ്പയില്‍)
നോ ഷേവ് നവംബര്‍ അഥവാ നവംബര്‍ മാസത്തില്‍ ഷേവ് ചെയ്യാതെയും തലമുടി വെട്ടാതെയും ഇരിക്കുകയും ചെയ്യുക എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ വിചാരിച്ചത് ഹാലോവന്‍ ഡേ ഒക്കെ പോലെ എന്തോ ഞാനറിയാതിരുന്ന ഏതോ ആചാരമായിരിക്കുമെന്നാണ്. ആ ചമ്മല്‍ കൊണ്ടു തന്നെ ഇതിനെക്കുറിച്ച് ആരോടും ചോദിക്കാനും പോയില്ല. പോയവര്‍ഷം നവംബറില്‍ ഡേ ലൈറ്റ് സേവിങ് ഡേ-യിലും ഇതിനെക്കുറിച്ച് കേട്ടിരുന്നു. ഇപ്പോഴിതാ നോ ഷേവ് നവംബര്‍ വീണ്ടുമെത്തിയിരിക്കുന്നു. ഇപ്പോഴിത് വാട്‌സ് ആപ്പിലും മറ്റുമൊക്കെ പറന്നു നടക്കുന്നുണ്ട്. അപ്പോള്‍ വിചാരിച്ചത് നവമാധ്യമങ്ങളില്‍ പൊട്ടിവിരിഞ്ഞ ഏതോ ട്രോള്‍ ആയിരിക്കുമെന്നാണ്. ഷേവ് ചെയ്യാത്ത നവംബറിനു പിന്നിലെ കഥയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട വല്ലതുമാവുമെന്നു മലയാളി സുഹൃത്ത് പറയുകയും ചെയ്തു. ശരിയാണല്ലോ, ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു കഴിഞ്ഞാല്‍ പിന്നെ ഷേവ് ചെയ്യാറില്ല. അതു പക്ഷേ കേരളത്തിലെ മാത്രം പ്രാദേശികമായ പരിപാടിയാണല്ലോ എന്നു ചിന്തിക്കുകയും ചെയ്തു. ഇത് ഇപ്പോള്‍ അമേരിക്കയിലാണ് സംഗതി വൈറലായി കൊണ്ടിരിക്കുന്നത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് അന്വേഷിച്ചപ്പോഴാണ് ഒരു വലിയ ഉദ്ദേശം ഇതിനു പിന്നിലുണ്ടെന്ന് മനസ്സിലായത്. അങ്ങനെ ഞാനും നോ ഷേവ് നവംബറിന് ഒരു ലൈക്ക് കൊടുക്കാന്‍ തീരുമാനിച്ചു. ഇതൊരു സംഘടനയാണ്. അമേരിക്കയിലെ ചിക്കാഗോ ഹില്‍സില്‍ കുരുത്ത ഒരു കുഞ്ഞു ഓര്‍ഗനൈസേഷന്‍. ക്യാന്‍സര്‍ ബോധവത്ക്കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടി മറ്റുള്ളവരില്‍ നിന്നും പണം സ്വീകരിക്കുകയും അത് ക്യാന്‍സര്‍ ബാധയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു വിതരണം ചെയ്യുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത സംഘടന. ഇതുവരെ ഫണ്ടിങ്ങിലൂടെ മൂന്നു കോടി രൂപയ്ക്ക് മുകളില്‍ ശേഖരിക്കുകയും ആ മേഖലയില്‍ വിതരണം ചെയ്യുകയും ചെയ്തു.

വാസ്തവത്തില്‍, "നോ ഷേവ് നവംബര്‍' എന്നത് ഒരു വെബ് ബെയിസ്ഡ് നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണം, ക്യാന്‍സറിനെ കുറിച്ചുള്ള പഠനം, ക്യാന്‍സര്‍ രോഗികള്‍ക്കായി പണം സമാഹരിക്കല്‍ എന്നിവയാണ് സംഘടനയുടെ പ്രധാനമായ പ്രവര്‍ത്തനങ്ങള്‍. നമുക്ക് സുലഭമായി ഉണ്ടാവുന്നത് പോലെ, ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ഉണ്ടാവില്ല. അവര്‍ കഴിക്കുന്ന ഗുളികകളുടെയും, കീമോതെറാപ്പിയുടെയും ഫലമായി മിക്ക ക്യാന്‍സര്‍ രോഗികളുടെയും മുടി കൊഴിയാറുണ്ട്. നാം തലമുടിയും താടിയും വെട്ടി മിനുക്കുവാന്‍ ഉപയോഗിക്കുന്ന പണം "നോ ഷേവ് നവംബര്‍' എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാനാണ് നോ ഷേവ് നവംബര്‍ ആചരിക്കുന്നത്.

അതിനാല്‍ "നോ ഷേവ് നവംബര്‍' ആചരിക്കുന്നവര്‍ ഇത് ഒരു തമാശയായോ ഫ്രീക്കനായി ചെത്തി നടക്കാനുള്ള അവസരമായോ കാണാതെ ഉദ്ദ്യേശ ലക്ഷ്യ പ്രാപ്തിക്കായി ശ്രമിക്കുകയാണ് വേണ്ടത്. നിരവധി ആഗോള ചാരിറ്റി സംഘടനകള്‍ ഇതിനോടൊപ്പം പങ്കു ചേര്‍ന്നിട്ടുണ്ട്. നവംബര്‍ മാസത്തില്‍ ഷേവ് ചെയ്യുന്നതിനും മുടി മുറിക്കുന്നതിനുമുള്ള നിങ്ങളുടെ ചെലവ് സംഘടനയ്ക്ക് സംഭാവന ചെയ്താല്‍ നിങ്ങളും ലോകത്തിലെ വലിയൊരു സംഘടനയുടെ കണ്ണിയാവുക തന്നെ ചെയ്യും. അതു കൊണ്ട് സംഘടനയുടെ ഉദ്ദേശം സാധിക്കുകയും ചെയ്യും. എന്താണ് നിങ്ങള്‍ ഷേവ് ചെയ്യാതെ മുടിയും നീട്ടി വളര്‍ത്തി നടക്കുന്നതെന്നു പത്തു പേരെങ്കിലും കുറഞ്ഞത് നിങ്ങളോട് ചോദിക്കുമല്ലോ, അപ്പോള്‍ നോ ഷേവ് നവംബറിനെക്കുറിച്ച് നിങ്ങള്‍ക്ക് അവരോടു പറയാനാവും. അതില്‍ നിന്ന് ഒരാള്‍ ഈ രീതിയിലേക്ക് മാറിയാല്‍ വൈകാതെ തന്നെ അത് അടുത്തയാളിലേക്കും കൈമാറാന്‍ കഴിയുമെന്നു സംഘടന കരുതുന്നു. അങ്ങനെ വൈറല്‍ രീതിയില്‍ സംഘടനയെ വളര്‍ത്തുകയാണ് ലക്ഷ്യം. ഇതിനു വേണ്ടി പോസ്റ്റര്‍ ക്യാമ്പയ്ന്‍ ഉള്‍പ്പെടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍ എന്നിവയിലൂടെ നോ ഷേവ് നവംബര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് ക്യാന്‍സര്‍, ഫൈറ്റ് കൊളോറെക്ടല്‍ ക്യാന്‍സര്‍, സെന്റ് ജ്യൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റില്‍ തുടങ്ങിയ സംഘടനകളും ആശുപത്രികളും പദ്ധതിയുമായി ഇപ്പോള്‍ തന്നെ സഹകരിക്കുന്നു. ഇവരൊക്കെയും ഈ സംഘടന വഴി ക്യാന്‍സര്‍ ധനാശ്വാസം നേടിയിട്ടുമുണ്ട്. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ടീ ഷര്‍ട്ടുകള്‍, ബ്രേസ്‌ലെറ്റ് എന്നിവ സംഘടന പുറത്തിറക്കിയിട്ടുണ്ട്. (ഈ കുറിപ്പ് എഴുതുമ്പോള്‍ ബ്രേസ്‌ലെറ്റ് മുഴുവന്‍ വിറ്റു തീര്‍ന്നതായി വാര്‍ത്ത വന്നിരിക്കുന്നു.) എസ് വെല്‍ ബോട്ടില്‍, ഡിട്രോയിറ്റ് ഗ്രൂമിങ് കമ്പനി, ബീര്‍ക്യാന്‍ ബോര്‍ഡ്‌സ്, ബവറി ക്ലോത്തിങ് എന്നീ മുന്തിയ ബ്രാന്‍ഡുകളും പദ്ധതിയോടു സഹകരിക്കുന്നുണ്ട്. നോ ഷേവ് നവംബര്‍ (എന്‍എസ്എന്‍) ഏറെക്കാലമായി അമേരിക്കയിലെ പ്രാദേശിക ഇടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. 2009-ല്‍ ചിക്കാഗോ ലാന്‍ഡ് മലനിരകളിലെ ഒരു കുടുംബത്തില്‍ ഒത്തു ചേര്‍ന്നവരാണ് ഇത് ക്യാന്‍സര്‍ ചികിത്സ ബോധവത്ക്കരണത്തിനു വേണ്ടി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചതും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതും. ഈ കുടുംബത്തിലെ മുതിര്‍ന്നയാളായിരുന്ന മാത്യുഹില്‍ 2007 നവംബറില്‍ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിച്ചതാണ് അദ്ദേഹത്തിന്റെ മക്കളില്‍ ഇത്തരമൊരു ആശയം വളര്‍ത്തിയത്. പിതാവ് മരിച്ച നവംബറില്‍ അത് നടത്താന്‍ അവര്‍ക്ക് പ്രചോദനമായി. അദ്ദേഹത്തിന്റെ എട്ടു മക്കളായ തോമസ്, അബി, ആന്‍ഡ്രൂ, ക്രിസ്റ്റീന്‍, തെരേസ, കെയ്റ്റ്‌ലിലും ആരോണും, മോണിക്കയും നിക്കോളാസും, റെബേക്ക ഹില്ലും ചേര്‍ന്നാണ് ഈ ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ ലോകം മുഴുവന്‍ പ്രചാരത്തിലാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 542,816 ഡോളര്‍ പദ്ധതിയിലൂടെ സമാഹരിച്ചു കഴിഞ്ഞു. ഇതിനു വേണ്ടി ശ്രമദാനം നടത്തിയതാവട്ടെ 18514 അംഗങ്ങളും. 1572 ടീമും 239 സംഘടനകളും ഇതിനു വേണ്ടി ശ്രമിക്കുന്നു. ഈ പദ്ധതിയില്‍ ചേരാന്‍ വേണ്ടി നോ ഷേവ് ഡോട്ട് ഓആര്‍ജി (https://no-shave.org) എന്ന വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ സംഘടനയുമായി ബന്ധപ്പെടാനുള്ള വിലാസം ഇതാണ്: No-Shave November, 2340 Powell Street #293, Emeryville, CA 94608 സംഭാവനകള്‍ നല്‍കുന്നതിനു വേണ്ടി ബന്ധപ്പെടേണ്ട വിലാസം ഇതാണ് : No-Shave November, c/o Cornerstone National Bank & Trust Co., PO Box 1249, Palatine, IL 60078-1249. ഈ വ്യത്യസ്ത ആശയം വൈകാതെ തന്നെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നു വ്യക്തമാണ്. കാരണം, ഷേവ് ചെയ്യാതിരിക്കുന്നതിനു പിന്നിലെ സാമൂഹികമായ ഒരു പ്രസക്തിയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഇതുപോലൊരു സംഘടനയ്ക്ക് കഴിയുകയും അവരതില്‍ കുറഞ്ഞ കാലം കൊണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, താങ്ക്‌സ് ഗീവിങ് ഡേ പോലെയും, ഫാദേഴ്‌സ് ഡേ പോലെയുമൊക്കെ അടുത്ത ഒരു അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെങ്ങും നോ ഷേവ് നവംബര്‍ കൊടി പാറിപ്പിക്കുമെന്നുറപ്പ്. അപ്പോഴും കേരളത്തില്‍ നിന്നു കുടിയേറിയവര്‍ നോ ഷേവ് നവംബര്‍ എന്ന കേള്‍ക്കുമ്പോള്‍ അറിയാതെ ശബരിമല ശാസ്താവിനെ ഓര്‍ത്താല്‍ അതും ഒരു കണക്കിനു നല്ലതു തന്നെ...
നോ ഷേവ് നവംബര്‍ ! (പകല്‍ കിനാവ്‌ - ജോര്‍ജ് തുമ്പയില്‍)
നോ ഷേവ് നവംബര്‍ ! (പകല്‍ കിനാവ്‌ - ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക