Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-4 ബി.ജോണ്‍ കുന്തറ)

Published on 20 November, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-4 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 4

ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. മാത്യൂസിന്റെ ഇച്ചാച്ചനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കാമെന്ന് തീരുമാനിച്ചു. വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങള്‍ അവര്‍ക്കുണ്ട്. ഒരു വേലക്കാരിയുടെ സഹായത്താലാണ് കഴിയുന്നതെന്നും എനിക്കറിയാം. ഈ വാര്‍ത്ത അറിയിക്കാന്‍ എനിക്ക് കൂടുതല്‍ ശക്തി വേണമായിരുന്നു. ആദ്യം ഞാനൊരു മകനെ വിളിച്ച് അച്ഛന്റെ തിരോധാനത്തെക്കുറിച്ച് പറഞ്ഞു. ഇനി ഒരു അച്ഛനെ വിളിച്ച് മകന്റെ തിരോധാനം അറിയിക്കണം. എന്തൊരു പരീക്ഷണമാണിത്! ഞാന്‍ കുറച്ച് നേരം പ്രാര്‍ഥിച്ചിട്ട് അവരുടെ നമ്പര്‍ ഡയല്‍ ചെയ്തു.

ഇച്ചാച്ചനായിരുന്നു ഫോണെടുത്തത്. ആലുവയിലെ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ ഒരു തുടക്കമിട്ടു, “ഇച്ചാച്ചാ, ഇന്നലെ ഇവിടെ ഒരു സംഭവമുണ്ടായി.” ഇച്ചാച്ചന് ഞാന്‍ പറഞ്ഞത് മനസ്സിലായിക്കാണില്ല. എന്തെങ്കിലും നിസ്സാരകാര്യമായിരിക്കുമെന്ന് കരുതിക്കാണും. ഞാന്‍ തുടര്‍ന്നു, “ഇച്ചാച്ചാ, പേടിക്കരുത്. എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല.” ഇത് കേട്ടതും അദ്ദേഹത്തിന്റെ ശബ്ദം ഇടറി. പശ്ചാത്തലത്തില്‍ അമ്മച്ചിയുടെ ശബ്ദം കേള്‍ക്കാമായിരുന്നു, “ആരാ ഫോണില്‍?”

“എല്‍സിയാ.” ഇച്ചാച്ചന്‍ അമ്മച്ചിയോട് പറഞ്ഞു.

“മാത്യൂസ് ഇന്നലെ വൈകുന്നേരം നടക്കാന്‍ പോയതാണ്. ഇപ്പോള്‍ ആളെ കാണാനില്ല.” ഞാന്‍ പറഞ്ഞു.

ഫോണിന്റെ മറുതലയ്ക്കല്‍ മൌനം. ഇച്ചാച്ചന്‍ അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷേ സംസാരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു, “ഇപ്പോള്‍ കൂടുതല്‍ വിഷമിക്കല്ലേ.” എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ വിശദീകരിച്ചു. അദ്ദേഹം വിഷമത്തിലായി, വ്യക്തമല്ലാത്ത ശബ്ദത്തില്‍ നിന്നും എനിക്കത് മനസ്സിലായി. അമ്മച്ചിയേയും കൂട്ടി ആലുവയ്ക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നാലോചിച്ചു. അവര്‍ ആലുവയ്ക്ക് വരണമോ വേണ്ടയോയെന്ന് എനിക്ക് പറയാന്‍ കഴിഞ്ഞില്ല. മാത്യൂസ് എന്റെ ഭര്‍ത്താവ് മാത്രമല്ല അവരുടെ മകനുമാണ്. പിന്നെ അവര്‍ വരുന്നതാണ് നല്ലതെന്ന് തോന്നി, ഈ ഏകാന്തതയിലും വിഷമത്തിലും ആരെങ്കിലും കൂടെയുള്ളത് നല്ലതാണ്.

“ശരി, ഞാന്‍ പ്ലാസിയെ അയക്കാം. അവനിവിടെയുണ്ട്.” ഞാന്‍ പറഞ്ഞു.

ഈ വിഷമഘട്ടം കൈകാര്യം ചെയ്യാന്‍ ഞാന്‍ കുറച്ച് ഊര്‍ജ്ജസ്വലയാകേണ്ടിയിരിക്കുന്നു. “ഒമൃറ ശോല െമൃല ീളലേി യഹലശൈിഴ െശി റശഴൌശലെ” എന്ന് ഒരു പുസ്തകത്തില്‍ വായിച്ചത് ഓര്‍മ്മ വന്നു.

എനിക്ക് എന്റെ മനസ്സിനെ എന്തിലെങ്കിലും കുരുക്കിയിടണമായിരുന്നു, എന്തിലെങ്കിലും മുഴുകേണ്ടത് ആവശ്യമായിരുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ദൈവം മാത്യൂസിനെ സംരക്ഷിക്കുമെന്ന് എനിക്കറിയാം. അത്യാവശ്യമൊന്നും ഇല്ലമെങ്കിലും ഞാന്‍ സ്വയം പണിത്തിരക്കില്‍ ആവാന്‍ തീരുമാനിച്ചു. മുറികളെല്ലാം ഒന്നുകൂടി വൃത്തിയാക്കാന്‍ തുടങ്ങി. പിന്നെ എല്ലാ ബാത്ത് റൂമുകളും വൃത്തിയാക്കി. എന്തായാലും, ഇച്ചാച്ചനും അമ്മച്ചിയ്ക്കും വേണ്ടിയുള്ള മുറിയൊരുക്കേണ്ടതുമുണ്ട്.

അവര്‍ക്കുള്ള കിടക്കയില്‍ പുതിയ വിരിപ്പ് വിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. ഈ അപ്പാര്‍ട്ട്‌മെന്റില്‍ എനിക്കവരുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുമോ? അവര്‍ക്ക് ആഹാരം സമയത്തിന് തന്നെ വേണം. മറ്റ് ആവശ്യങ്ങളുമുണ്ട്. ഇപ്പോള്‍ ഈ ദുര്‍ഘടങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ അതൊന്നും എനിക്ക് പ്രശ്‌നമാവില്ലായിരുന്നു. എന്തായാലും, ഇനി അതൊന്നും ആലോചിച്ചിട്ടു കാര്യമില്ല. എല്ലാം വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാന്‍ തീരുമാനിച്ചു.

അലി വേറൊരു സ്ത്രീയോടൊപ്പം അപാര്‍ട്ട്‌മെന്റിലേയ്ക്ക് വന്നു. “മാഡം, ഇത് ഷീല. ഇവിടെ വൃത്തിയാക്കലും മറ്റ് ജോലികളും ചെയ്യുന്നത് ഇവളാണ്. എന്തെങ്കിലും സഹായം വേണമെങ്കില്‍ പറഞ്ഞാല്‍ മതി. കടയില്‍പ്പോയി എന്തെങ്കിലും വാങ്ങണമെങ്കില്‍ ഇവള്‍ സഹായിക്കും.”

സഹായത്തിന് അലിയോട് നന്ദി പറഞ്ഞു. ഷീലയോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്ന് അറിയിച്ചു. അലി ഇപ്പോള്‍ ഈ സഹായവുമായി വന്നത് നന്നായെന്ന് തോന്നി.

മാത്യൂസിന്റെ ഇച്ചാച്ചനേയും അമ്മച്ചിയേയും കൊണ്ട് സന്ധ്യയാകുമ്പോഴേയ്ക്കും പ്ലാസി എത്തി. അവരുടെ കൂടെത്താമസിക്കുന്ന വേലക്കാരി അന്നയേയും ഒപ്പം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഭാഗ്യത്തിന്, അവര്‍ കുറേ ഭക്ഷണവും കൊണ്ടുവന്നിരുന്നു. ഞാനതെല്ലാം ഫ്രിഡ്ജില്‍ വച്ചു. അതൊരു ആശ്വാസമായി. ഏതാനും ദിവസത്തേയ്ക്ക് ഭക്ഷണത്തിനെക്കുറിച്ച് ആലോചിച്ച് പേടിക്കണ്ട.

അന്ന ഞങ്ങള്‍ക്ക് വലിയൊരു സഹായമായിരിക്കുമെന്ന് എനിക്ക് തോന്നി. അമ്മച്ചിയ്ക്ക് കുളിക്കാന്‍ ചിലപ്പോള്‍ സഹായം വേണ്ടിവരും. ഒരു കാല് പ്രശ്‌നമുള്ളതിനാല്‍ ഊന്നുവടിയില്ലാതെ അവര്‍ക്ക് നടക്കാന്‍ കഴിയില്ല. ഞങ്ങളുടെ ബാത്ത് റൂമിലെ സെറാമിക് ടൈല്‍സില്‍ അമ്മച്ചിയ്ക്ക് സഹായം അത്യാവശ്യമായിരിക്കും.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക