Image

കേള്‍ക്കാനൊരിടം - അവതാരിക (ഡി. ബാബു പോള്‍)

Published on 21 November, 2016
കേള്‍ക്കാനൊരിടം - അവതാരിക (ഡി. ബാബു പോള്‍)
"കേള്‍ക്കാനൊരിടം' വായിക്കാനൊരു സുഖം തരുന്ന രചനയാണ്. കണ്ണൂരിനടുത്തുള്ള ഏഴിമലയില്‍ നിന്ന് എന്നെ ഈ തിരുവനന്തപുരത്ത് എത്തിച്ച ഗോത്രയാനത്തിലെ ഒരു ഇടത്താവളം എന്റെ പിതാമഹനും അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള രണ്ട് തലമുറകളും താമസിച്ച പോത്താനിക്കാട് ആയിരുന്നു. ആ നാട്ടില്‍ നിന്നാണ് ഈ രചന വരുന്നത് എന്ന വസ്തുത എന്നെ സന്തുഷ്ടനാക്കുന്നു.

ശ്രീ ജോയി ചെറിയാനെ എനിക്ക് അത്ര പരിചയം പോര. ഇന്നും നമ്പൂതിരിമാരായി തുടരുന്നവര്‍ ജീവിച്ചിരിക്കുന്ന കൂറ്റപ്പള്ളി മനയുടെ ക്രിസ്തീയ ശാഖയിലാണ് -ചീരോത്തു മന അന്യം നിന്നുപോയി- ജോയിയുടെ ജനനം എന്ന് മാത്രം ഗ്രഹിച്ചുകൊണ്ടാണ് ഈ കൃതി ഞാന്‍ വായിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇതു മടക്കിവെയ്ക്കുമ്പോഴാകട്ടെ ഗ്രന്ഥകര്‍ത്താവ് എനിക്ക് പരിചിതനാണ് എന്ന ചിന്തയാണ് മനസ്സില്‍ ബാക്കി.

മടക്കിവെയ്ക്കുമ്പോള്‍ എന്നാണ് പറഞ്ഞത്. സത്യത്തില്‍ മടക്കിവെയ്ക്കുകയല്ല. ഈ രചന ഇലക്‌ട്രോണിക് മാധ്യമത്തിലാണ് കിട്ടിയതും വായിച്ചതും. ഈ കുറിപ്പ് ഗ്രന്ഥകാരന് അയയ്ക്കുന്നതും അങ്ങനെ തന്നെ. പോത്താനിക്കാട്ടിന് ഈ മെയില്‍! 1929-ലെ ഒരു കഥ എന്റെ അപ്പന്‍ പറഞ്ഞറിയാം. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകരിലൊരാളായി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള വാഴ്ത്തിയിട്ടുള്ള ചീരോത്തോട്ടം പി.ഏ. പൗലോസ് കോര്‍റെപ്പിസ്‌കോപ്പയുടെ മകനാണ് ഞാന്‍. അച്ഛന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ആണ് പഠിച്ചത്. അവധിക്ക് വന്നപ്പോള്‍ ഒരിക്കല്‍ പോത്താനിക്കാട്ടെ പൗരപ്രമുഖരായ കാരണവന്മാര്‍ക്ക് മദിരാശി വിശേഷങ്ങള്‍ അറിയണം. അച്ഛന്‍ നല്ല അധ്യാപകനും സദസ് അറിഞ്ഞ് പ്രസംഗിക്കുന്ന പ്രഗത്ഭ വാഗ്മിയും ആണ് എന്നു തെളിഞ്ഞത് പിന്നീടാണ് എങ്കിലും ആ വാസനകള്‍ അന്നേ ഉണ്ടായിരുന്നിരിക്കണം. മദിരാശിയില്‍ അന്നും വൈദ്യുതി ഉണ്ട്. ആ വെളിച്ചത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: അവിടെ വിളക്ക് നമ്മുടെ നാട്ടിലേതുപോലെ അല്ല. മുറിയുടെ നടുവില്‍ മട്ടുപ്പാവില്‍ നിന്നു തൂക്കിയിട്ടിരിക്കുകയാണ് വിളക്ക്. ഭിത്തിയില്‍ ഒരു വലിയ ആണി ഉണ്ട്. അത് കീഴോട്ട് തിരിച്ചാല്‍ വിളക്ക് കത്തും. മേലോട്ട് തിരിച്ചാല്‍ കെടും'. കാരണവന്മാര്‍ക്ക് ബോധ്യം വന്നില്ല. അവരിലൊരാള്‍ പറഞ്ഞുവത്രേ. "കത്തനാര്‍ ഇങ്കിരീസ് പഠിക്കാന്‍ പോയി. കഥേം നൊണേം പറയാന്‍ പഠിച്ചോണ്ട് വന്നു.' ആ പോത്താനിക്കാട്ട് നിന്നാണ് ഗ്രന്ഥകര്‍ത്താവ് തന്റെ കൃതിയുടെ ഡി.ടി.പി മാതൃക സ്കാന്‍ ചെയ്ത് ഈമെയില്‍ വഴി അന്നത്തെ ആ കത്തനാരുടെ പുത്രന് അയച്ചു തരുന്നത്!

"പോത്താനിക്കാടിന്റെ ശില്‍പി' ആയി പൗലോക് കോറെപ്പിസ്‌കോപ്പയെ വിശേഷിപ്പിക്കുന്ന ഒരു പ്രബന്ധം വായിച്ചിട്ടുണ്ട്. (അത്യുന്നതന്റെ നിഴലില്‍, സെന്റ് ജോസഫ്‌സ് പ്രസ്, 1979, രണ്ടാം പതിപ്പ് 2012). ആ നാട്ടില്‍ തപാലാപ്പീസും സര്‍ക്കാര്‍ ആശുപത്രിയും, ഇംഗ്ലീഷ് പള്ളിക്കൂടവും ഒക്കെ ഉണ്ടായത് കോറെപ്പിസ്‌കോപ്പയുടെ ശ്രമഫലമായാണ്. അതിന്റെ തുടര്‍ച്ചയായി 2016-ല്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടാകുന്നതിലും അത്ഭുതമില്ല. ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിച്ച ഒരു പുതിയ ലോകം ആണ് ഗ്രന്ഥകര്‍ത്താവിന്റെ മുന്നില്‍ ഉള്ളത്. ആ ലോകത്തിന്റെ സ്വാധീനതയില്‍ നിന്ന് മോചനമില്ല, ആര്‍ക്കും: ആന്‍ഡമാനിലെ ജാറുവകള്‍ക്കും നിലമ്പൂര്‍ വനങ്ങളിലെ ചോലനായ്ക്കര്‍ക്കും, ആമസോണ്‍ വനാന്തര്‍ ഭാഗങ്ങളില്‍ ഉപഗ്രഹങ്ങളുടെ ക്യാമറകള്‍ക്ക് വിധേയരായ ഗോത്ര ജനതയ്ക്കും പോലും. ഈ സമഗ്രമായ ആഗോളീകരണവും അതിന്റെ അപ്രതിരോധ്യമായ ആക്രമണോന്മുഖതയും വര്‍ത്തമാനകാല കേരളത്തെ അലോരസപ്പെടുത്തുന്നതാണ് ഗ്രന്ഥകാരനെ തൂലിക തേടാന്‍ പ്രചോദിപ്പിച്ചത്.

ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളാണ് ഈ കൃതിയുടെ കാതല്‍. കണ്ണാടിയില്‍ വെളിച്ചം പ്രതിഫലിക്കും പോലെയും അന്തരീക്ഷത്തില്‍ ശബ്ദം പ്രതിധ്വനിക്കുംപോലെയും അനുഭവങ്ങള്‍ തലമുറകളിലൂടെ അഭിപ്രായങ്ങളായും, അഭിപ്രായങ്ങള്‍ ആഖ്യാനത്തിലൂടെ പിന്‍തലമുറകളുടെ അറിവായും മാറുന്നു എന്നതാണ് ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുള്ളത്. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതാണ് എന്ന് ഗ്രന്ഥകാരന്‍ പറയുമ്പോള്‍ എതിരുണ്ടാവാനിടയില്ല. അതുകൊണ്ടാണ് "മനസ്സില്‍ വിതയ്ക്കപ്പെട്ടത്. താനെ വീണ് കിളിര്‍ക്കുന്നതും പടര്‍ന്നു പന്തലിച്ചതും ആയവയില്‍ നിന്ന് കാലാനുസരണം പാകമായത് ശേഖരിച്ചവയില്‍ പാറ്റിക്കൊഴിച്ചതെടുത്തത് വെളിച്ചത്തിന്റെ ലോകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഊര്‍ജദായകമായ പാഥേയമാക്കുവാന്‍ "അക്ഷരങ്ങളാക്കി സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കു'വാന്‍ ഗ്രന്ഥകാരന്‍ തുനിഞ്ഞിട്ടുള്ളത്.

ഇരുപത്തൊന്ന് അധ്യായങ്ങളാണ് ഈ കൃതിയില്‍. യുവത അനന്തസാധ്യതകളെ സാക്ഷീകരിക്കുവന്‍ വായനാശീലം വളര്‍ത്തണം, ആര്‍ജ്ജിത വിജ്ഞാനത്തെ കേവലം അടയാളപ്പലകകളായി നിര്‍ത്താതെ പ്രയുക്ത ഭാവത്തില്‍ ആവിഷ്കരിക്കണം., മുതിര്‍ന്നവര്‍ ഇളയവരെ ഒപ്പംകൂട്ടി നേര്‍വഴി നടത്തണം, ബാല്യത്തില്‍ കൊതിക്കുകയും, വാര്‍ദ്ധക്യത്തില്‍ അയവിറക്കുകയും ചെയ്യേണ്ടിവരുന്ന മധുരവസന്തമാണ് മൊട്ടിട്ടും പുഷ്പിപ്പും നില്‍ക്കുന്ന കൗമാരവും യൗവ്വനവും, മതിലുകള്‍ സ്വാര്‍ത്ഥതയുടെ പ്രതീകമെന്നതിലേറെ സ്വകാര്യതയുടെ കാവല്‍ക്കാരാണ്. വിവാഹത്തിനുശേഷം വിവാദങ്ങളുണ്ടാകാതിരിക്കാന്‍ വിവാഹത്തിനു മുമ്പേ സംവാദത്തിലേര്‍പ്പെടണം, ഗര്‍ഭപാത്രം ജീവന്റെ സുരക്ഷാ കവചമാണ്, ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്കുകയും, മരിച്ചവരോടുള്ള കടമ മറക്കാതിരിക്കുകയും വേണം, തെറ്റായ വരുമാനങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം, ഭരണഘടന പരിഷ്കരിക്കണം, ദൈവത്തിന്റെ പ്രവൃത്തികള്‍ മനുഷ്യര്‍ക്ക് അപ്രാപ്യമാണ്, ചില സ്ത്രീകള്‍ കനംകുറഞ്ഞ നൂലിന്റെ ബലത്തെ പരമാവധി പരീക്ഷിക്കുമ്പോള്‍ മറ്റുചിലര്‍ ശരീരത്തെ എക്‌സ്‌റേ ഫിലിം പോലെ പ്രകാശിപ്പിക്കുന്നു, തീപ്പെട്ടിക്കൊള്ളികളെ സ്വതന്ത്രമാക്കി തീപ്പെട്ടിയോടൊപ്പം പോക്കറ്റിലിട്ടാല്‍ അത് അവിവേകമാകും, വിവേകശൂന്യരായ പുരുഷന്മാരാണ് പൂവാലന്മാരായി നടക്കുന്നത്. പ്രണയം പ്രണയികളെ ബുദ്ധിപരമായി മന്ദീഭവിപ്പിക്കുകയും വികാരപരമായി ഉന്മത്തരാക്കുകയും ചെയ്യുന്നു. സ്ത്രീയുടെ സഹകരണം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുറിവില്‍ കുത്തിയിറക്കുന്ന മുരിക്കിന്‍കൊമ്പ് നല്‍കുന്ന അനുഭവമാണ് നല്‍കുക, ചാണകം ചാരിയാല്‍ ചാണകം മണക്കും, ലൈംഗിക പീഡനവിവരങ്ങള്‍ അച്ചടിക്കരുത്, പീഡന കേസുകള്‍ക്ക് അതിവേഗ കോടതി വേണം, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ശരീരം ദേവാലയമാണ് എന്നിങ്ങനെ പല ആശയങ്ങള്‍ ഈ രചനയില്‍ കാണാം. മതങ്ങളെല്ലാം ഒരേ കുടുംബത്തിലാണ്, സമരം കൂടാതെ കാര്യങ്ങള്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം, മതമേതായാലും ദരിദ്രന്‍ ദരിദ്രന്‍ തന്നെയാണ് എന്നതിനാല്‍ ദളിതരെ പ്രത്യേകം കരുതണം. ഭാഷയേയും പരിസ്ഥിതിയേയും സ്‌നേഹിക്കണം, നായ്ക്കളേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്നതില്‍ കാപട്യം അരുത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ എന്തു ചെയ്യണം എന്നിങ്ങനെയുള്ള വലിയ സംഗതികളാണ് അവസാന ഭാഗത്ത്. ഒടുവിലത്തെ ഒരധ്യായം ഉദ്ധരണികളാണെങ്കില്‍ അവസാനാധ്യായം "മ'കൊണ്ട് ഒരു മലയാള കവിതയാണ്.

ഇങ്ങനെ വായനക്കാരെ രസിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കൃതി പോത്താനിക്കാടിനു പുറത്തും വായിക്കപ്പെടാനിടയുണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. നമുക്കൊക്കെ എന്തെല്ലാം തോന്നുന്നു ഓരോ നേരത്ത്? അതൊക്കെ കുറിച്ച് വയ്ക്കാന്‍ പോലും മിക്കവരും തയാറാകുന്നില്ല. ഇവിടെ കുറിക്കുക മാത്രമല്ല, കുറിക്കുകൊള്ളുന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനോടും എല്ലാവര്‍ക്കും യോജിക്കാനായെന്ന് വരുകയില്ല. എങ്കിലും ഇത് വായിക്കാനുള്ള ക്ഷമ ഉണ്ടാകുമെങ്കില്‍ ആ ക്ഷമ നിങ്ങള്‍ക്ക് രസം പകരും എന്നു ഞാന്‍ സാക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക