Image

ലുഫ്താന്‍സ പൈലറ്റുമാര്‍ ബുധനാഴ്ച പണിമുടക്കും

Published on 22 November, 2016
ലുഫ്താന്‍സ പൈലറ്റുമാര്‍ ബുധനാഴ്ച പണിമുടക്കും

  ബര്‍ലിന്‍: ലുഫ്താന്‍സ പൈലറ്റുമാര്‍ ബുധനാഴ്ച പണിമുടക്കും. കോക്ക്പിറ്റ് യൂണിയന്റേതാണ് സമര പ്രഖ്യാപനം. അതേസമയം ബജറ്റ് എയര്‍ലൈന്‍സ് വിഭാഗമായ യൂറോവിംഗ്‌സിനെ സമരം ബാധിക്കില്ല.

ശമ്പള വര്‍ധന സംബന്ധിച്ച് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ലുഫ്താന്‍സ, ലുഫ്താന്‍സ കാര്‍ഗോ, ജര്‍മന്‍വിംഗ്‌സ് എന്നിവയിലായി 5400 പൈലറ്റുമാരാണുള്ളത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കില്‍ 20 ശതമാനം ശമ്പള വര്‍ധനയാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. 2012ല്‍ അവസാന കരാര്‍ കാലാവധി അവസാനിച്ച ശേഷം കമ്പനി ശമ്പള വര്‍ധന നല്‍കിയിട്ടില്ല.

സരമം ഒഴിവാക്കാന്‍ ആര്‍ബിട്രേഷന്‍ നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നു. എന്നാല്‍, ആര്‍ബിട്രേഷനു വയ്ക്കാന്‍ മാത്രം ശമ്പള വര്‍ധന പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് യൂണിയന്റെ വാദം.

ഇതിനിടെ, ഹാംബുര്‍ഗ്, ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളങ്ങളില്‍ മാത്രം യൂറോവിംഗ്‌സിന്റെ ക്യാബിന്‍ ക്രൂവും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് ഇവരുടെ പണിമുടക്ക്. എന്തായാലും വരും ദിവസങ്ങളില്‍ ജര്‍മനിയിലെ വ്യോമയാന സര്‍വീസ് ജനങ്ങളെ വലയ്ക്കുമെന്നുറപ്പാണ്.

ശമ്പള ഘടന, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേമജ്‌മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. 2013 ഡിസംബര്‍ മുതല്‍ ഇതിന്റെ പേരില്‍ സമരങ്ങള്‍ തുടര്‍ക്കഥയാണ്. ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാന്‍സിഷണല്‍ വ്യവസ്ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജ്‌മെന്റും തമ്മില്‍ രണ്ടു വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുകയാണ്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക