Image

ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാര്‍ഗ ചിന്തകളും (ഒരു പഠനം: ജോസഫ് പടന്നമാക്കല്‍)

Published on 23 November, 2016
ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാര്‍ഗ ചിന്തകളും (ഒരു പഠനം: ജോസഫ് പടന്നമാക്കല്‍)
സ്‌കോട്ടിഷ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവുമായ 'ആഡം സ്മിത്തി'നെപ്പറ്റി ധനതത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ (Economics) പഠിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം. ഇക്കണോമിക്‌സിന്റെ പ്രാരംഭ പാഠമായി ആഡം സ്മിത്ത് തത്ത്വങ്ങള്‍ സ്കൂള്‍ തലങ്ങള്‍ മുതല്‍ സര്‍വകലാശാല വരെ പഠിപ്പിക്കുന്നു. ഇന്നും ആയിരക്കണക്കിന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ സ്മിത്തിന്റെ തത്ത്വങ്ങളെ വിലയിരുത്താറുണ്ട്. അദ്ദേഹത്തിന്‍റെ 'വെല്ത്ത് ഓഫ് നാഷന്‍സ്' (Wealth of Nations) എന്ന സാമ്പത്തിക ശാസ്ത്രം മുതലാളിത്ത വ്യവസ്ഥിതിയുടെ (Capitalism) ബൈബിളായി അറിയപ്പെടുന്നു. രാഷ്ട്ര ചിന്താഗതികള്‍ക്കനസ്യൂതമായി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളുടെ ശാസ്ത്രമായി ആഡം സ്മിത്തിന്റെ ഈ കൃതിയെ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികള്‍ വിലമതിക്കുന്നു.

ആഡം സ്മിത്ത് ജനിച്ച ദിവസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാര്‍ഗരറ്റ് ഡഗ്ലസായിരുന്നു അമ്മ. സ്മിത്ത് ജനിക്കുന്നതിനു ആറുമാസം മുമ്പ് പിതാവ് മരിച്ചുപോയിരുന്നു. 1723 ജൂണ്‍ അഞ്ചാം തിയതി സ്‌കോട്ട്‌ലന്‍ഡിലുള്ള കിര്‍ക്ക്യാല്‍ഡി എന്ന സ്ഥലത്തു അദ്ദേഹത്തെ മാമ്മോദിസാ മുക്കിയതായി പള്ളിയുടെ രജിസ്റ്ററിലുണ്ട്. അവിടെ ബര്‍ഗ് സ്കൂളില്‍ നിന്നും ലാറ്റിനും കണക്കും ചരിത്രവും പഠിച്ചു. പതിനാലാം വയസില്‍ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠനമാരംഭിച്ചു. 1740ല്‍ ഉന്നത പഠനത്തിനായി ഓക്‌സ്‌ഫോര്‍ഡില്‍ ചേര്‍ന്നു. 1748 മുതല്‍ ആഡംസ്മിത്ത് തുടര്‍ച്ചയായി എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു. അക്കാലത്തു ആഗോള പ്രസിദ്ധരായ തത്ത്വചിന്തകരും സാമ്പത്തിക വിദഗ്ദ്ധരുമായി സഹവര്‍ത്തിത്വമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഉറ്റമിത്രമായ തത്ത്വചിന്തകന്‍ ഡേവിഡ് ഹ്യൂമിനെയും അക്കാലങ്ങളിലാണ് കണ്ടുമുട്ടിയത്. ഹ്യുമുമായുള്ള സൗഹാര്‍ദബന്ധം മൂലം 1751ല്‍ സ്മിത്ത് ഗ്ലാസ്‌ഗോ യൂണിവേഴ്‌സ്‌സിറ്റിയുടെ ഫാക്കല്‍റ്റി മെമ്പറായി നിയമിതനാകാന്‍ കാരണമായി.

1759ല്‍ സദാചാര തത്ത്വങ്ങളടങ്ങിയ 'ദി തീയറി ഓഫ് മോറല്‍ സെന്റിമെന്റ്‌സ്' (The theory of Moral Sentiments) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണശേഷം യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനായി തീര്‍ന്നിരുന്നു. അതിനുശേഷം അനേക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ആ കാലഘട്ടങ്ങളിലാണ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, ഫ്രഞ്ച് ധനതത്ത്വ ശാസ്ത്രജ്ഞന്‍ ടര്‍ഗോട്ട് എന്നിവരായി സൗഹാര്‍ദ ബന്ധത്തിലായത്. ബെഞ്ചമിന്‍ ഫ്രാങ്കലിന്‍ അമേരിക്കയുടെ ആദ്യകാല രാഷ്ട്രശില്പികളില്‍ ഒരാളും രാഷ്ട്രീയ തത്ത്വ ചിന്തകനും ശാസ്ത്രജ്ഞനും വൈദുതി കണ്ടുപിടിച്ചയാളുമായിരുന്നു.

ഫ്രാന്‍സില്‍ കുറച്ചുകാലം സ്മിത്ത് പഠിപ്പിച്ച ശേഷം 1776ല്‍ ലണ്ടനില്‍ താമസമാക്കി. അവിടെനിന്നാണ് ലോകപ്രസിദ്ധമായ 'വെല്‍ത്ത് ഓഫ് നാഷന്‍സ്' (Wealth of Nations) എന്ന ഗ്രന്ഥം എഴുതിയത്. അദ്ദേഹത്തിന്‍റെ വെല്‍ത്ത് ഓഫ് നാഷനില്‍ക്കൂടിയുള്ള വിപ്ലവകരമായ ആശയങ്ങള്‍ അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക ചിന്താഗതികള്‍ക്ക് പുത്തനായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അത് രാഷ്ട്രങ്ങളുടെ സാമ്പത്തികപരമായ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമായിരുന്നു. ഒരു രാഷ്ട്രത്തിനാവശ്യമായ സാമ്പത്തിക പഠനത്തിന്റെ ആദ്യത്തെ ഗ്രന്ഥമായും സ്മിത്തിന്റെ ധനതത്ത്വ ശാസ്ത്ര ഗ്രന്ഥത്തെ കരുതുന്നു. സ്മിത്തിന്റെ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മാനദണ്ഡം നിശ്ചയിച്ചിരുന്നത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിക്ഷേപത്തിന്റെ അളവു തൂക്കത്തിലായിരുന്നു. ഏതൊരു രാഷ്ട്രത്തിന്റെയും മൂലധനം നിശ്ചയിക്കുന്നത് അത്തരം അളവുകോലു കൊണ്ടല്ലെന്നു സ്മിത്ത് ന്യായികരിച്ചു. അതിനെപ്പറ്റി തുടര്‍ച്ചയായി പ്രബന്ധങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം നിശ്ചയിക്കുന്നത് രാഷ്ട്രത്തിന്റെ മൊത്തം മൂലധനത്തോടൊപ്പം ഉല്‍പ്പാദനവും വാണിജ്യവും വ്യവസായവും ഉള്‍പ്പെടുത്തണമെന്നും അതനുസരിച്ചു നിലവിലുള്ള സാമ്പത്തിക അളവുകോലുകള്‍ക്കു മാറ്റം വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്മിത്തിന്റെ ഈ തത്ത്വമാണ് പിന്നീട് സാമ്പത്തിക ശാസ്ത്രത്തില്‍ 'ജി.ഡി.പി.' അഥവാ 'ഗ്രോസ് നാഷണല്‍ പ്രോഡക്റ്റ്' എന്നെല്ലാം അറിയപ്പെടാന്‍ തുടങ്ങിയത്.

'വെല്‍ത്ത് ഓഫ് നാഷന്‍സ്' പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് യൂറോപ്പില്‍ വ്യവസായിക വാണിജ്യപരമായ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ തമ്മില്‍ പ്രത്യേകമായ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നു. വാണിജ്യ കാര്യങ്ങളില്‍ രാജ്യങ്ങളുടെ താല്പര്യങ്ങളനുസരിച്ചു നിയന്ത്രണങ്ങളുമുണ്ടായിരുന്നു. സാമ്പത്തിക തലങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇറക്കുമതി, കയറ്റുമതി നികുതികള്‍ നടപ്പാക്കിയിരുന്നു. സാധനങ്ങള്‍ക്ക് നിശ്ചിതമായ ഒരു വിലയും കല്പിച്ചിരുന്നു. കുത്തക വ്യാപാരം (Monopoly) വ്യവസായ മാനദണ്ഡങ്ങളായിരുന്നു. തൊഴിലാളികള്‍ക്ക് ജോലി സമയം ക്ലിപ്തപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ കര്‍ത്തൃത്വമുള്ള 'വെല്‍ത്ത് ഓഫ് നാഷന്‍സ്' കുത്തക വ്യാപാര വ്യവസായങ്ങളുടെ മാറ്റങ്ങളുടേതായ ഒരു വെല്ലുവിളിയുമായിരുന്നു.

'ലെയ്‌സെ ഫെയര്‍' ക്യാപിറ്റലിസത്തിന്റെയും (Laissez Faire Capitalism) പിതാവ് ആഡം സ്മിത്താണ്. 'ലെയ്‌സെ ഫെയര്‍ ' എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. 'സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന കാര്യങ്ങളില്‍ 'സര്‍ക്കാര്‍' ഉപഭോക്താക്കളെ അവരുടെ തീരുമാനത്തിന് വിടൂ'വെന്നാണ് അതിന്റെ അര്‍ത്ഥം. ഈ തത്ത്വം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും (economy) സര്‍ക്കാരിനെയും രണ്ടു തട്ടില്‍ നിര്‍ത്തുന്നു. 'അമിതമായുള്ള സര്‍ക്കാരിന്റെ അധികാരങ്ങളുപയോഗിച്ചു സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ആദ്യത്തേതും രണ്ടാമത്തേത് സാമൂഹിക മനോഭാവത്തോടെയും സഹകരണ മനോഭാവത്തോടെയുമുള്ള സര്‍ക്കാരിന്റെ വ്യവസായിക തീരുമാനങ്ങളുമായിരുന്നു. 'ലെയ്‌സെ ഫെയര്‍ ക്യാപിറ്റലിസത്തില്‍' ഈ രണ്ടു തീരുമാനങ്ങളും സ്വീകാര്യമല്ല. സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവും ഈ തത്ത്വമനുസരിച്ചുള്ള ചിന്തയില്‍ അനുവദനീയവുമല്ല. സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ പരിപൂര്‍ണ്ണമായും മുതലാളിത്ത വ്യവസ്ഥയിലുള്ള കോര്‍പ്പറേറ്റ് സംവിധാനങ്ങളെയാണ് 'ലെയ്‌സെ ഫെയര്‍' ചിന്തകള്‍കൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളുടെയും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൗരജനങ്ങളില്‍നിന്നും നികുതി ചുമത്താറുണ്ട്. എന്നാല്‍ ഓരോ രാജ്യത്തും നികുതി പിരിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും. നികുതി പിരിക്കുന്നതും ചില സാമ്പത്തിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകാതെ നികുതി ഈടാക്കുന്നതു ലളിതമായിരിക്കണമെന്നുണ്ട്. 'ആഡം സ്മിത്ത്' വിഭാവന ചെയ്ത തത്ത്വസംഹിതകള്‍ സ്വകാര്യ മേഖലകള്‍ക്ക് പരമാവധി പ്രയോജനപ്പെടുന്നതായിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് സര്‍ക്കാരിന്റെ നിയന്ത്രണത്തെക്കാള്‍ സ്വകാര്യമേഖലയാണ് കാര്യക്ഷമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സര്‍ക്കാരിന്റെ ജോലി ആഭ്യന്തര പരിപാലനവും ക്രമ സമാധാനവും വിദേശികളുടെ ആക്രമത്തില്‍നിന്നും രാജ്യത്തെ പരിപാലിക്കുകയെന്നതുമാണ്. ജനങ്ങളില്‍ നികുതി ഭാരം ചുമത്തുമ്പോള്‍ തുല്യമായ പ്രയോജനം സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ക്കു ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നിയമം. നികുതിയടയ്‌ക്കേണ്ട സമയം, നികുതി തുകകള്‍ മുതലായ സമ്പൂര്‍ണ്ണ വിവരങ്ങള്‍ നികുതി ദായകന് നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. നികുതി ദായകന്റെ സമയ സൗകര്യങ്ങള്‍ അനുസരിച്ചു നികുതി ചുമത്തണമെന്നും സ്മിത്ത് അനുശാസിക്കുന്നുണ്ട്. പിരിക്കുന്ന നികുതി പരമാവധി ഖജനാവില്‍ എത്തുന്നവിധം നികുതി പിരിവുകള്‍ ലളിതവും ചെലവുകള്‍ കുറഞ്ഞുമിരിക്കണമെന്നുള്ളതാണ് സ്മിത്തിന്റെ മറ്റൊരു കാനോനിക നിയമം.

തൊഴിലാളികളുടെ വൈദഗ്ദ്ധ്യമനുസരിച്ചുള്ള തൊഴില്‍ വിഭജനവും (Division of labor) അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങളില്‍ ഒന്നാണ്. അത്തരം തൊഴില്‍ വിഭജനം ഉല്‍പ്പാദനത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കരുതി. മാര്‍ക്കറ്റിലിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തോടൊപ്പം മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ആവിഷ്ക്കരിക്കാനും സ്മിത്തിന്റെ തത്ത്വങ്ങള്‍ പില്‍ക്കാലങ്ങളില്‍ സഹായകമായി തീര്‍ന്നു. അദ്ദേഹത്തിന്‍റെ വിപ്ലവകരമായ ആശയങ്ങള്‍ ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അത് വ്യവസായ വിപ്ലവത്തിന് ഒരു ചൂണ്ടുപലകയുമായിരുന്നു. സ്വതന്ത്രമായ മാര്‍ക്കറ്റിങ് ധനതത്ത്വ ശാസ്ത്രത്തിന്റെ തുടക്കത്തിനും മുതലാളിത്ത വ്യവസ്ഥിതിയ്ക്ക് അടിത്തറയിടാനും കാരണങ്ങളുമായിരുന്നു. സമൂഹത്തിനു ഗുണപ്രദമായ വൈദഗ്ദ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിന്‍റെ തത്ത്വങ്ങള്‍ വഴിയൊരുക്കി. കാലത്തിനനുസരിച്ചു രാഷ്ട്രങ്ങളുടെ സാമ്പത്തിക നിലവാരം ഉയര്‍ന്നപ്പോള്‍ സ്മിത്തിന്റെ പേര് ലോകം മുഴുവന്‍ അറിയപ്പെടുകയും ചെയ്തു.

'ഇന്‍വിസിബിള്‍ ഹാന്‍ഡ്' എന്നു പറഞ്ഞാല്‍, സ്വതന്ത്ര മാര്‍ക്കറ്റുകളെ വിജയത്തിലേക്ക് നയിക്കുന്ന കാണപ്പെടാന്‍ സാധിക്കാത്ത ശക്തികളെന്നാണ്. കച്ചവട വസ്തുക്കളുടെ ഡിമാന്‍ഡും സപ്ലൈയും അജ്ഞാത കരങ്ങളുടെ സഹായത്തോടെ സമതുലിതാവസ്ഥയില്‍ എത്തിക്കുന്നു. 'വെല്‍ത്ത് ഓഫ് നാഷനില്‍' ആഡം സ്മിത്താണ് ഈ തത്ത്വം ആദ്യമായി ആവിഷ്ക്കരിച്ചത്. സാമ്പത്തിക വളര്‍ച്ച സ്വതന്ത്ര മാര്‍ക്കറ്റില്‍ ഫലവത്താകുന്നത് ഉല്‍പ്പാദകരും ഉപഭോക്താക്കളും ഒരുപോലെ സ്വയം ഉയര്‍ച്ചയ്ക്കായി സ്വാര്‍ഥതാല്പര്യങ്ങള്‍ പ്രകടമാക്കുമ്പോഴാണ്. സര്‍ക്കാര്‍, ഉല്‍പ്പാദന മേഖലയിലുള്ളവരെയും ഉപഭോക്താക്കളെയും വ്യവസായിക താല്പര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ സാമ്പത്തിക ശാസ്ത്രം പുരോഗമിക്കും. സര്‍ക്കാരിന്റെ ഇടപെടല്‍ വ്യവസായ താല്‍പര്യങ്ങളില്‍ ഉണ്ടാവരുത്. വാങ്ങലിലും വില്പനകളിലുമുള്ള അധികാരം ഉപഭോക്താക്കള്‍ക്ക് മാത്രം. ജനങ്ങളെ സ്വതന്ത്രമായി ബിസിനസ് നടത്താന്‍ അനുവദിച്ചാല്‍ സ്വാര്‍ത്ഥമതികളായ ബിസിനസുകാര്‍ മാര്‍ക്കറ്റില്‍ വരുകയും പരസ്പരം ബിസിനസില്‍ മത്സരിയ്ക്കുകയും ചെയ്യും. അത് മാര്‍ക്കറ്റിനെ വിജയത്തിലേക്ക് നയിക്കുകയും ഇന്‍വിസിബിള്‍ ഹാന്‍ഡിന്റെ സഹായത്താല്‍ നല്ല ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വരുകയും ചെയ്യും. സ്വതന്ത്രമായ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നില്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വില കുറച്ചു നല്‍കുമെങ്കില്‍ ഉപഭോക്താക്കള്‍ അവരില്‍ നിന്നും സാധനങ്ങള്‍ മേടിക്കും. അതുമൂലം ഉല്‍പ്പാദകരും വ്യവസായികളും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്‌ക്കേണ്ടി വരും. മത്സരിക്കുന്ന മറ്റു ബിസിനസുകാരേക്കാളും നിലവാരമുള്ള സാധനങ്ങള്‍ വില്‍ക്കേണ്ടി വരും. ഏതെങ്കിലും സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടാകുമ്പോള്‍ അത് മാര്‍ക്കറ്റില്‍ അതിവേഗം ചെലവാകും. അങ്ങനെ വാങ്ങുന്നവരും വില്‍പ്പനക്കാരും ഒരുപോലെ സന്തുഷ്ടരാവുകയും ചെയ്യും. വില്പനക്കാരന് ന്യായമായ വിലയും കിട്ടും. വാങ്ങിക്കുന്നവനു ഗുണനിലവാരമുള്ള സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാവുകയും ചെയ്യുന്നു.അത് ഇന്‍വിസിബിള്‍ ഹാന്‍ഡിന്റെ പ്രവര്‍ത്തന മൂല്യങ്ങളായി കരുതുന്നു.

സ്മിത്ത്, സ്വതന്ത്രമായ ക്രയവിക്രയ സാമ്പത്തിക ശാസ്ത്രത്തിനു പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ എതിര്‍ത്തിരുന്നു. 'ലെയ്‌സെ ഫെയര്‍' സാമ്പത്തിക തത്ത്വങ്ങള്‍ക്ക് പിന്തുണ നല്‍കി. വ്യാവസായിക വാണിഭത്തിനുതകുംവിധം വില്പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും എല്ലാവിധ സാമ്പത്തികയിടപാടുകളിലും സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം കല്‍പ്പിച്ചു. അതുമൂലം കുത്തക വ്യവസായങ്ങള്‍ അവസാനിച്ച് വാണിജ്യ മത്സരങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. വാണിജ്യപരമായ ഉപഭോക്ത സാധനങ്ങള്‍ക്കു പരിപൂര്‍ണ്ണമായ വില കുറക്കാന്‍ കഴിയുകയും ചെയ്തു. കച്ചവട വാണിജ്യ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടായതുമൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ വാങ്ങി കൂട്ടാനും സാധിച്ചു. ഉല്‍പ്പാദന മേഖലകളില്‍ ശക്തരായവര്‍ക്കും വന്‍കിട കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ ലാഭത്തില്‍ തുടരാനും കഴിഞ്ഞു. വ്യവസായ മത്സരം മൂലം സാധനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിക്കുകയും നല്ല ഉപഭോക്ത വസ്തുക്കള്‍ മാത്രം മാര്‍ക്കറ്റില്‍ ചെലവാക്കാന്‍ സാധിക്കുകയുമുണ്ടായി. അത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരവുമായിരുന്നു.

സ്മിത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ 'ആല്‍ഫ്രഡ് മാര്‍ഷല്‍' എന്ന വിശ്വവിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞന്‍ വിമര്‍ശിച്ചിരുന്നു. ധനം പോലെ മനുഷ്യരും തുല്യരെന്നും കച്ചവട വസ്തുക്കള്‍ (Commodities) പോലെ ഒരുവന്റെ സേവനവും തുല്യമെന്നും അവിടെ ധനത്തെപ്പറ്റി മാത്രമുള്ള ശാസ്ത്രത്തോടൊപ്പം തൊഴില്‍ ചെയ്യുന്നവരുടെ ക്ഷേമവും കണക്കാക്കണമെന്നു മാര്‍ഷല്‍ വിശദീകരിക്കുന്നു. സ്മിത്തിന്റെ ഇന്‍വിസിബിള്‍ ഹാന്‍ഡെന്ന (invisible hand) തത്ത്വങ്ങള്‍ പ്രായോഗികമാകണമെങ്കില്‍ ഉല്‍പ്പാദനവും ഉപഭോഗവും ഒരുപോലെ സ്വതന്ത്രമായ ക്രയവിക്രയങ്ങളുള്ള ധനതത്വശാസ്ത്രമായിരിക്കണം. കുത്തക വ്യാപാരത്തില്‍ (monopoly) ഇന്‍വിസിബിള്‍ ഹാന്‍ഡ് പരാജയപ്പെടും.

സ്മിത്തിന്റെ കൃതികള്‍ പൗരാണിക സാമ്പത്തിക ശാസ്ത്രം കൂടാതെ സന്മാര്‍ഗത്തിന്റെ അടിത്തറയായും കരുതുന്നു. അദ്ദേഹമെഴുതിയ 'സന്മാര്‍ഗ ശാസ്ത്രത്തില്‍' (The theory of moral sentiments) എങ്ങനെ നാം സന്മാര്‍ഗനിരതരാകാമെന്നു വിവരിച്ചിട്ടുണ്ട്. അതുപോലെ വ്യക്തിപരമായ നിലയിലും സാമൂഹിക തലങ്ങളിലും വൈകാരിക നിലയില്‍ സന്മാര്‍ഗം എങ്ങനെ നടപ്പാക്കണമെന്നും വിശദീകരിച്ചിരിക്കുന്നു. സന്മാര്‍ഗത്തിനു വിപരീതമായ ശക്തിവിശേഷങ്ങളെ ഗവേഷണ കാഴ്ചപ്പാടോടെ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. സന്മാര്‍ഗമെന്ന വൈകാരിക ചിന്തകള്‍ ഒരുവനില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സംജാതമാകുന്നത് മറ്റുള്ളവരോട് കരുണയുണ്ടാകുമ്പോഴാണെന്ന് അദ്ദേഹം തീര്‍പ്പു കല്പിച്ചിരിക്കുന്നു. ആത്മപ്രശംസകള്‍ ഒരുവന്‍ ആഗ്രഹിക്കുന്നതൊപ്പം മറ്റുള്ളവരെ പ്രശംസിക്കാനും തയാറാകണം. പ്രശംസിക്കുമ്പോള്‍ അവര്‍ പ്രശംസകള്‍ക്ക് അര്‍ഹരുമായിരിക്കണം. പരസ്പരം കുറ്റാരോപണങ്ങളും പഴിചാരലും സന്മാര്‍ഗ ശാസ്ത്രത്തിനു വിലങ്ങുതടികളാണ്. അത്തരം മറ്റുള്ളവരെ ചെറുതാക്കുന്ന പ്രവണതകളും ഇല്ലാതാകണം. മനുഷ്യരെല്ലാം പൊതുവെ സ്വാര്‍ത്ഥ തല്പരരാണ്. ഈ താല്പര്യത്തിന്റെ പേരില്‍ സമ്പത്തും സൗഭാഗ്യവും തേടി നാം പുറപ്പെടും. അങ്ങനെ സന്മാര്‍ഗ ശാസ്ത്രത്തെ അദ്ദേഹം സാമ്പത്തിക ശാസ്ത്രമായി ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. സന്മാര്‍ഗനിരതമായ ഒരു ശാസ്ത്രത്തില്‍ അഹംബോധവും അഹങ്കാരവും ഒരു വിലങ്ങുതടിയാണ്. സമൂഹത്തിന്റെ നന്മ നാം ആഗ്രഹിക്കുന്നുവെങ്കില്‍ അവിടെ നമ്മെ സന്മാര്‍ഗനിരതരാക്കണം.

സമൂഹത്തിന്റെ നന്മയുടെ ലക്ഷ്യത്തിനായും നിലനില്‍പ്പിനായും സ്മിത്ത് ദൈവത്തിന്റെ ശക്തിവിശേഷങ്ങളിലും കാരുണ്യത്തിലും വിശ്വസിച്ചിരുന്നു. നമ്മുടെ സന്മാര്‍ഗമെന്നു പറയുന്നത് ദൈവികവും ജന്മസിദ്ധവുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ ചൈതന്യം ഒരു ഘടികാരംപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയിലും പരസ്പര യോജിപ്പോടെ പ്രവര്‍ത്തിക്കാനുള്ള സവിശേഷതകളുണ്ട്. ദൈവം രൂപം നല്‍കപ്പെട്ട നന്മയുടെ വശങ്ങള്‍ ഓരോ വ്യക്തിയിലുമുണ്ട്. അതിനെ മനോഹരമായിട്ടാണ് ദൈവം വാര്‍ത്തെടുത്തിരിക്കുന്നത്. സന്മാര്‍ഗശാസ്ത്രം ഒരുവനില്‍ കുടികൊള്ളണമെങ്കില്‍ ദൈവികമായ ശക്തിവിശേഷം അവനിലുണ്ടായിരിക്കണമെന്നും സ്മിത്ത് വിശ്വസിച്ചിരുന്നു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ചരാചരങ്ങളും അതിലെ സവിശേഷതകളും ദൈവികമെന്നും അവകളെല്ലാം ഒരുവനെ സന്മാര്‍ഗത്തില്‍ നയിക്കുന്നുവെന്നും സ്മിത്തിന്റെ ഭാവനകളിലുണ്ടായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമേരിക്കയിലുള്ള കോളനി വാഴ്ചക്കാലത്ത് സ്മിത്തിന്റെ സാമ്പത്തിക തത്ത്വങ്ങള്‍ അക്കാലത്തെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു. 'വെല്ത്ത് ഓഫ് നാഷന്‍സ്' രാഷ്ട്രീയ നയരൂപീകരണത്തിനു സഹായകവുമായിരുന്നു. 'വെല്‍ത്ത് ഓഫ് നാഷനിനില്‍ നിന്നും കൊളോണിയല്‍ വ്യവസ്ഥിതിയെപ്പറ്റിയും സ്മിത്തിന്റെ നിര്‍ദ്ദേശങ്ങളെപ്പറ്റിയും വ്യക്തമായി മനസിലാക്കാന്‍ സാധിക്കില്ല. പുസ്തകത്തിലെ കോളിനികളെപ്പറ്റിയുള്ള അദ്ധ്യായത്തില്‍ അമേരിക്കയുടെ പതിമൂന്നു കോളനികളുടെ പ്രശ്‌നങ്ങളെ വിലയിരുത്തുന്നുണ്ട്. കോളനികളുടെ പ്രശ്‌നങ്ങളും അവിടെയുള്ള സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ സ്മിത്ത് രണ്ടു തരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. സൗഹാര്‍ദ്ദപരമായ നിലപാടില്‍ കോളനികള്‍ക്ക് പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യം കൊടുക്കുകയെന്നതു ആദ്യത്തെ നിര്‍ദ്ദേശമായിരുന്നു. അങ്ങനെയൊരു തീരുമാനം ബ്രിട്ടന്റെ രാജകീയ സര്‍ക്കാര്‍ സ്വീകരിക്കുമെങ്കില്‍ കോളനികളുമായി സുദൃഢവും സ്വതന്ത്രവുമായ വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നു സ്മിത്ത് വിശ്വസിച്ചിരുന്നു. കൂടാതെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ബ്രിട്ടന്റെ പട്ടാളവും കൊളോണിയല്‍ പട്ടാളവും പരസ്പ്പരം സഹകരിക്കാനും സാധിക്കും. സ്മിത്തിന്റെ രണ്ടാമത്തെ നിര്‍ദേശം, 'പരമാധികാരമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ഫെഡറല്‍ സംവിധാനം കോളനികളുടെമേല്‍ സൃഷ്ടിക്കുകയെന്നതായിരുന്നു.' അത്തരത്തിലുള്ള സംവിധാനം ബ്രിട്ടീഷ് സാമ്രാജ്യവുമായി പരസ്പര ധാരണയ്ക്ക് വഴി തെളിയിക്കുകയും ബ്രിട്ടീഷ് മോഡലില്‍ അമേരിക്കയില്‍ ഒരു പാര്‍ലമെന്ററി സംവിധാനം നടപ്പാക്കാന്‍ സാധിക്കുകയും ചെയ്യുമെന്നു സ്മിത്ത് ചിന്തിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ കോളനികള്‍ക്ക് സ്വതന്ത്രമായ വ്യവസായങ്ങള്‍ ആരംഭിക്കാനും സാധിക്കുമായിരുന്നു.

സ്മിത്തിന്റെ മതപരമായ കാഴ്ചപ്പാടുകളെപ്പറ്റിയും ചിന്തകരുടെയിടയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് സ്‌കോട്ട്‌ലാന്‍ഡ് ചര്‍ച്ചിന്റെ സഭയിലെ ക്രിസ്ത്യാനിയായി ജീവിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായുള്ള പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താനായി സ്മിത്ത് ഇംഗ്ലണ്ടില്‍ പോയിയെന്നും പറയുന്നു. ഏകദൈവത്തില്‍ വിശ്വസിക്കാതെ അദ്ദേഹത്തെ ദ്വയിത ചിന്തകനെന്നും അറിയപ്പെടുന്നു. പ്രപഞ്ച ശക്തിയും പ്രകൃതിയും വിശ്വസിച്ചിരുന്ന അസ്തികനായും ചിലര്‍ അദ്ദേഹത്തെ കാണുന്നു. മറ്റു ചിലര്‍ അദ്ദേഹം വ്യക്തിഗത ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെന്നും കരുതുന്നു.

ചില ചിന്തകര്‍ സ്മിത്തിന്റെ സാമൂഹിക, സാമ്പത്തിക തത്ത്വചിന്തകള്‍ ദൈവശാസ്ത്രങ്ങള്‍ക്ക് സമാനമായും ചിത്രീകരിച്ചിരിക്കുന്നതു കാണാം. പ്രകൃതിയും ദൈവവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ തത്ത്വചിന്തകളെന്നു മറ്റുചില ചിന്താഗതിക്കാര്‍ വാദിക്കുന്നു. അക്കാലത്തെ പ്രസിദ്ധനും നാസ്തികനുമായിരുന്ന ചിന്തകന്‍ 'ഹ്യൂം' അദ്ദേഹത്തിന്‍റെ ഉറ്റ മിത്രവുമായിരുന്നു. 1777ല്‍ ഹ്യൂം മരിച്ചു. മതവും ദൈവവുമില്ലാത്ത, ഒരിക്കലും വിശ്വസിച്ചിരുന്നില്ലാത്ത 'ഹ്യൂം' മരണസമയത്തും ദൈവത്തെ നിഷേധിച്ചിരുന്നു. ഹ്യൂമിന്റെ മരണസമയത്തുപോലുമുള്ള ധൈര്യത്തെ സ്മിത്ത് പുകഴ്ത്തുന്നുണ്ട്. അവസാന ശ്വാസത്തിലും മതത്തില്‍ ഹ്യൂം വിശ്വസം പുലര്‍ത്തിയിരുന്നില്ല.

സ്മിത്തിന്റെ കാലത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍നിന്നുള്ള അറിവുകളല്ലാതെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തിനു ലഭ്യമല്ല. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അദ്ദേഹം രചിച്ച മാനുസ്ക്രിപ്റ്റുകളും അഭിപ്രായങ്ങളും മരണത്തിനു മുമ്പ് നശിപ്പിച്ചു കളഞ്ഞിരുന്നു. 'മനസ്' മറ്റെങ്ങോ ചഞ്ചലിക്കുന്ന ഒരാളായിരുന്നു സ്മിത്തെന്നു അദ്ദേഹത്തിന്‍റെ സമകാലീകര്‍ പറയുമായിരുന്നു. പ്രത്യേക തരം നടത്തവും സംസാര രീതികളും, സൗമ്യ മനോഭാവവും അദ്ദേഹത്തിന്‍റെ സവിശേഷതകളായിരുന്നു. ചെറുപ്പകാലം മുതല്‍ സ്വയം വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. മതിമറന്നു ചിരിച്ചുകൊണ്ട് അദൃശ്യമായ കൂട്ടുകാരോട് അവര്‍ സമീപത്തുണ്ടെന്നു കരുതി ഭ്രാന്തനെപ്പോലെ സംസാരിക്കുമായിരുന്നു. 'സ്മിത്ത്' വിവാഹിതനായിരുന്നില്ല. അമ്മയുമായി മരിക്കുംവരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം മരിക്കുന്നതിനു ആറു വര്‍ഷം മുമ്പ് തന്റെ 'അമ്മ മരിച്ചുപോയിരുന്നു. 1787ല്‍ സ്മിത്ത് ഗ്‌ളാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി നിയമിതനായി. അതിനു മൂന്നു വര്‍ഷത്തിനുശേഷം 1790ല്‍ അറുപത്തിയേഴാം വയസില്‍ അദ്ദേഹം നിര്യാതനായി. 'അനിശ്ചിതത്വത്തിന്റെ നഗരവീഥികളില്‍ക്കൂടി എനിക്കെന്നും അസ്പഷ്ടതയുടെ താഴ്വരയിലേക്ക് ഏകനായി സഞ്ചരിക്കണമായിരുന്നു'വെന്ന സ്മിത്തിന്റെ ഉദ്ധരണി അന്ന് പൂര്‍ത്തികരിക്കുകയായിരുന്നു.

ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാര്‍ഗ ചിന്തകളും (ഒരു പഠനം: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക