Image

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി

ജോര്‍ജ് ജോണ്‍ Published on 24 November, 2016
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രായം കൂടിയ അംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടി തങ്ങള്‍ക്ക് ആസ്വാദ്യപ്രദമായ പരിപാടികള്‍ക്കായി സീനിയര്‍ സിറ്റിസണ്‍ ഫോറം എന്ന ഒരു പോഷക സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 20 ന് ബോണാമസ്സിലെ ഹൗസ് നിഡായില്‍ വച്ചാണ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മ നടത്തിയത്. സമാജം പ്രസിഡണ്ട് ബോബി ജോസഫ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മയില്‍ വന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

കൂട്ടായ്മയില്‍ വന്നവര്‍ക്ക് കോശി മാത്യു ആശംസ പറഞ്ഞ് പരിപാടികള്‍ തുടങ്ങി. ഫാ. ദേവദാസ് പോള്‍ ആശംസ പറയുകയും, ഒരു ഗാനം ആലപിക്കുകയും ചെയ്തു.  മനോഹരന്‍ ചങ്ങനാത്ത് ദീപാവലി ആഘോഷത്തെ പ്രതിപാദിച്ച് സംസാരിച്ചു. ജോസ്‌കുമാര്‍ ചോലങ്കേരി കേരളപ്പിറവിയെ അനുസ്മരിച്ച് മറ്റുള്ളവരുമായി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. ബേബിച്ചന്‍ കലയങ്കേരി കവിതാലാപനം നടത്തി. മാത്യു അമ്പാട്ടുതടത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ മരണമടഞ്ഞവരെക്കുറിച്ച് അനുസ്മരണം നടത്തി. ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

വര്‍ഷത്തില്‍ മിനിമം മൂന്ന് പരിപാടികള്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം നടത്തണമെന്ന് തീരുമാനിച്ചു. അടുത്ത വര്‍ഷത്തെ ആദ്യത്തെ പരിപാടി മാര്‍ച്ച് മാസം 19 ന് നടത്താന്‍ തീരുമാനിച്ചു. ജോസ് നെല്ലുവേലി ഫോട്ടോ എടുത്തു. മറ്റ് ഭാരവാഹികളായ ഡോ. മങ്ക പെരുന്നേപ്പറമ്പില്‍, സിറിയേക്ക് മുണ്ടയ്ക്കതറേപ്പേല്‍ എന്നിവര്‍ ഫോറത്തിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ച് സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു. കേരളത്തനിമയില്‍ രുചികരമായ അത്താഴ വിരുന്നോടെ കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ ഒത്തു ചേരല്‍ സമാപിച്ചു. 

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക