Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 14: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 24 November, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 14: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
അവിവാഹിതയും നിരാശ്രയുമായ മിനിക്കുട്ടി. ഒരു അമ്മയായി മാറിക്കഴിയുമ്പോള്‍ അവളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായേക്കാം അവള്‍ തന്റെ കുഞ്ഞിനെ എങ്ങിനെ സംരക്ഷിക്കും. രാജശ്രീയും ഉദയനും കൂടി പലപ്പോഴും ഈ വിഷയം സംസാരിക്കാറുണ്ട്. മിനിയുടെ ഉള്ളിലും ഇപ്പോള്‍ ഈ ചിന്തകള്‍ മാത്രം. മിനിക്കുട്ടിയുടെ കുഞ്ഞിനെ തങ്ങള്‍ക്കു കിട്ടിയിരുന്നെങ്കില്‍ എന്ന് ആ ദമ്പതികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ആ ആഗ്രഹം മിനിക്കുട്ടിയോടു തുറന്നു പറയാന്‍ ആ ദമ്പതികള്‍ക്കു സാധിക്കുന്നില്ല. എങ്കിലും ആ ചിന്ത അവരുടെ മനോമുകുരത്തില്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. അവസാനം അതു മിനിക്കുട്ടിയുടെ ഡോക്ടരുമായി സംസാരിച്ചു. മിനിക്കുട്ടിയുടെ സാഹചര്യങ്ങള്‍ നന്നായി അറിയുന്ന ഡോക്ടര്‍ക്കും ആ അഭിപ്രായത്തോടു യോജിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നീണ്ട ഗാഢമായ ആലോചനയ്ക്കുശേഷം ഉദയ-രാജശ്രീ ദമ്പതികളുടെ ആഗ്രഹം ഡോക്ടര്‍ മിനിയുമായി സംസാരിച്ചു. ഒരമ്മയും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം താന്‍ പ്രസവിച്ച കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറാന്‍ ഒരമ്മയും തയ്യാറാവുകയില്ല. പക്ഷെ അവിവാഹിതയായ ഒരു സ്ത്രീക്ക് ഒരമ്മയാകാനോ, കുഞ്ഞിനെ താലോലിക്കാനോ ഉള്ള അവകാശം സമൂഹം അംഗീകരിക്കയില്ല. മാത്രമല്ല, പണമില്ല, ജോലിയില്ല, താന്‍ ഒറ്റപ്പെട്ടവളാണ്. തന്റെ ഓമനക്കുഞ്ഞിന്റെ ഭാവി ഈ നല്ല മാതാപിതാക്കളില്‍ സുരക്ഷിതമായിരിക്കും. പലവിധ ചിന്തകള്‍ മിനിക്കുട്ടിയെ തുടര്‍ച്ചയായി അലട്ടിക്കൊണ്ടിരുന്നു. അവസാനം അവള്‍ ഉറച്ച ഒരു തീരുമാനത്തിലെത്തി. ഡോക്ടരുടെ സാന്നിധ്യത്തില്‍ അവള്‍ ആ തീരുമാനം രാജശ്രീയുമായി പങ്കുവച്ചു. മിനിക്കുട്ടി പ്രസവിക്കുന്ന കുഞ്ഞിന്റെ അമ്മ രാജശ്രീ ആയിരിക്കും. അവള്‍ തന്റെ ഉള്ളില്‍ അലയടിച്ചുയരുന്ന വേദനകളെ ദൈവമുമ്പാകെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

പക്ഷെ ദൈവഹിതം മറ്റൊന്നായിരുന്നു. മിനിക്കുട്ടിയുടെ ആദ്യജാതന്‍ ജീവനറ്റവനായിട്ടാണ് പിറന്നത്. മിനിക്കുട്ടിയുടെ ഹൃദയം പിടഞ്ഞു. പക്ഷെ അവള്‍ കരഞ്ഞില്ല. ആരോടൊക്കെയോ ഒരു അമര്‍ഷം പോലെ. അവള്‍ ആരോടും സംസാരിച്ചില്ല. പരാതികള്‍ പറഞ്ഞില്ല. മൂന്നുദിവസം മാത്രം ആശുപത്രിയില്‍. രാജശ്രീയോടൊത്തു ആശുപത്രി മുറിവിട്ട അവളുടെ ഭാവി ഇനി എന്താണ്.

മിലിട്ടറി ആശുപത്രിയില്‍ക്കഴിഞ്ഞ ആ മൂന്നുദിവസത്തിനുള്ളില്‍ മറ്റൊരു പ്രധാന സംഭവം ഉണ്ടായി. പ്രസവവാര്‍ഡില്‍ ഏതോ കാര്യത്തിനായി എത്തിയ ഒരു മെഡിക്കല്‍ അസിസ്റ്റന്റു മിനിക്കുട്ടിയെ കാണാനിടയായി. ഒരു മലയാളി യുവതി എന്നതിനെക്കാളുപരി, എവിടെയോ കണ്ടുമറന്ന ആ മുഖം അയാളില്‍ സംശയം ജനിപ്പിച്ചു. അയാള്‍ അവളുമായി സംസാരിച്ചു. നാട്ടില്‍ തന്റെ അയല്ക്കാരിയായ സൂസമ്മയാണ് മിനിക്കുട്ടി ആയി ഈ മിലിട്ടറി ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദ്യോഗം തേടി നാടുവിട്ട് പട്ടാളത്തില്‍ ചേര്‍ന്ന അജിത് ആണ് ഒരു മെഡിക്കല്‍ അസിസ്റ്റന്റായി, ഈ മിലിട്ടറി ആശുപത്രിയിലെ ഉദ്യോഗസ്ഥനായി തന്റെ മുമ്പില്‍ നില്ക്കുന്നതെന്ന് അവള്‍ക്കും വിശ്വസിക്കാനായില്ല.

തന്റെ അയല്ക്കാരനായ അജിത്തിനെ കണ്ട വിവരം മിനിക്കുട്ടി രാജശ്രീയോടു സംസാരിച്ചു. രാജശ്രീയില്‍ നിന്നും വിവരങ്ങള്‍ ഒക്കെ അറിഞ്ഞ ഉദയവര്‍മ്മ, അടുത്ത ദിവസം അജിത്തിനെ തന്റെ ആഫീസിലേക്കു വിളിപ്പിച്ചു. സൂസമ്മയെ ഇവിടെ കണ്ട വിവരം തല്ക്കാലം നാട്ടിലേക്ക് അറിയിക്കരുതെന്നും അദ്ദേഹം അജിത്തിനോടു പറഞ്ഞു.

മിനിക്കുട്ടിയുടെ അയല്ക്കാരനായ പട്ടാളക്കാരന്‍ ഒരു അവിവാഹിതനും സല്‍സ്വഭാവിയുമായ യുവാവാണെന്നറിഞ്ഞ ഉദയവര്‍മ്മയുടെ ഉള്ളില്‍ പല പുതിയ ചിന്തകളും ഉയര്‍ന്നുവന്നു. അദ്ദേഹം അവയെ രാജശ്രീയുമായി പങ്കുവയ്ക്കുകയും ചെയ്തു.

കാഷ്മീരിലെ കുളിരുള്ള പ്രഭാതങ്ങളും പ്രദോഷങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരുന്നു, യാതൊരു പ്രത്യേകതകളുമില്ലാതെ. പ്രസവശേഷം വീട്ടിലെത്തിയ മിനിക്കുട്ടിയെ രാജശ്രീ വേണ്ടവണ്ണം ശ്രദ്ധിച്ചു, ഭക്ഷണകാര്യങ്ങളിലും ഭക്ഷണത്തിലുമെല്ലാം.

ഒരുദിവസം രാജശ്രീയും മിനിയുമായി വീട്ടിന്റെ പിന്‍വശത്തുള്ള തോട്ടത്തില്‍ ഉലാത്തുമ്പോള്‍ അജിത് അവരുടെ സംസാരവിഷയമായി, അജിത്തിനെപ്പറ്റി മിനിക്കുട്ടിയുടെ അഭിപ്രായം, അയാളെ കൂടുതല്‍ അടുത്തു പരിചയപ്പെടുവാനുള്ള മിനിക്കുട്ടിയുടെ താല്പര്യം ഇവയെക്കുറിച്ചെല്ലാം. തന്റെ അപ്പന്റെ ഒരു നല്ല സ്‌നേഹിതന്റെ മകന്‍ എന്നതിനുപരി, തനിക്ക് അജിത്തിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്നുമാത്രം മിനിക്കുട്ടി പറഞ്ഞു. അന്യനാട്ടില്‍ വച്ച്, അപ്രതീക്ഷിതമായി പരിചയമുള്ള ഒരു മലയാളിയെ കണ്ടതിലുള്ള സന്തോഷം മാത്രമാണ് തനിക്കുള്ളതെന്ന് മിനി അറിയിച്ചു. ആ സംസാരം അവിടെ നിലച്ചു.

വീട്ടിലെ ചെറിയ ചെറിയ ജോലികളില്‍ മിനിക്കുട്ടി രാജശ്രീയെ സഹായിച്ചുതുടങ്ങി. ഷോപ്പിംഗിനും മറ്റും അവര്‍ ഒരുമിച്ചു പുറത്തുപോയിവരുന്നു. സൗമ്യും സല്‍സ്വഭാവിയുമായ മിനി അവിടുത്തെ ഒരു കുടുംബാംഗം ആയി മാറിക്കഴിഞ്ഞിരുന്നു.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക