Image

പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിക്കു പകരം മുന്‍പ്രധാനമന്ത്രിയുടെ ഇടപെടല്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 29 November, 2016
  പാര്‍ലിമെന്റില്‍ പ്രധാനമന്ത്രിക്കു പകരം മുന്‍പ്രധാനമന്ത്രിയുടെ ഇടപെടല്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
നാണയ നിര്‍വീര്യകരണത്തെക്കുറിച്ച് പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി നരേന്ദ്രമോഡി വൃതസമാനമായ മൗനം പാലിക്കുകയും അതേതുടര്‍ന്ന് സഭാസ്തംഭനം ഒരു തുടര്‍ നാടകം എന്ന നിലയില്‍ അനുദിനം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ വ്യാഴാഴ്ച (നവംബര്‍ 24) മുന്‍ പ്രധാനമന്ത്രിയും മൗനിബാബ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ മന്‍മോഹന്‍സിംങ്ങ് രാജ്യസഭയില്‍ നടത്തിയ ശക്തമായ ഇടപെടലും ഹൃസ്വമെങ്കിലും തീക്ഷ്ണമായ പ്രസംഗവും ഗവണ്‍മെന്റിനെതിരെയുള്ള ചാട്ടുളിപോലുള്ള വിമര്‍ശനത്താല്‍ ശ്രദ്ധേയം ആയി.

മന്‍മോഹന്‍ സിംങ്ങ് കോണ്‍ഗ്രസിന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രം ആയിരുന്നു. അത് ശരിക്കും ഏല്‍ക്കുകയും ചെയ്തു. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍, സാമ്പത്തീക പരിഷ്‌ക്കരണത്തിന്റെ ശില്പിയായ കേന്ദ്ര ധനമന്ത്രി, മുന്‍പ്രധാനമന്ത്രി എന്നീ നിലയില്‍ സിംങ്ങ് കോണ്‍ഗ്രസിന്റെ തുരുപ്പ് ശീട്ട് ആണെന്നകാര്യത്തില്‍ സംശയമില്ല. പോരെങ്കില്‍ ലോകപ്രശസ്തനായ ധനകാര്യജ്ഞനും. സിംങ്ങിന്റെ സാമ്പത്തീക രാഷ്ട്രീയ സത്യസന്ധതയ്ക്ക് എതിരഭിപ്രായം ശത്രുപക്ഷത്ത് പോലുമില്ല.

മുന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ നാണയ നിര്‍വീര്യകരണത്തെക്കുറിച്ചുള്ള രാജ്യസഭയിലെ ഡിബേറ്റ് ശക്തമായിതന്നെ തുടങ്ങിവച്ചെങ്കിലും കോണ്‍ഗ്രസ് അതിശക്തനായ മറ്റൊരു വക്താവിനെ കൂടെ തെരയുകയായിരുന്നു. പ്രത്യേകിച്ചും മോഡിയുടെ കൂസലെന്യെയുള്ള മൗനം തുടരുകയും ചെയ്യുമ്പോള്‍. കരണ്‍സിംങ്ങിന്റെയും ഏ.കെ.ആന്റണിയുടെയും പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും അവസാനം ഉറച്ചത് മന്‍മോഹനില്‍ തന്നെയാണ്. ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂ പ്ലാന്‍ ചെയ്‌തെങ്കിലും സിംങ്ങിന്റെ (82) ആരോഗ്യനില പരിഗണിച്ച് വേണ്ടെന്ന് വച്ചു. ഒരു പ്രസ്താവന ഇറക്കിയാല്‍ അതിന് ഉദ്ദിഷ്ട പഞ്ച് കിട്ടുമോയെന്ന് സംശയം. അപ്പോഴാണ് വ്യാഴാഴ്ച വരുന്നത്.

കീഴ് വഴക്കം അനുസരിച്ച് എല്ലാ വ്യാഴാഴ്ചകളിലും പ്രധാനമന്ത്രി ചോദ്യോത്തരവേളയില്‍(11എ.എം-12 എ.എം) രാജ്യസഭകളില്‍ ഹാജരായിരിക്കും. ഈ അവസരം ഉപയോഗിച്ചുകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷവും മന്‍മോഹനെ അണിനിരത്തിയത്. മുന്‍പ്രധാനമന്ത്രിയെന്ന പേരില്‍, അദ്ദേഹത്തിന് അവസരം നിഷേധിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.

മന്‍മോഹന്റെ ഏഴ്മിനിട്ട് നേരത്തെ ഇടപെടല്‍ കാര്യങ്ങള്‍ തലകീഴായി മറിച്ചെന്ന് ആരും അവകാശപ്പെടുകയില്ല. അദ്ദേഹം പറയേണ്ടത് പറഞ്ഞു. അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു. അത് വേദവാക്യം ആണെന്നോ കേവല സത്യം ആണെന്നോ ഞാന്‍ കരുതുന്നില്ല. പക്ഷേ, സാമ്പത്തിക വിദഗ്ദ്ധനായ മുന്‍പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി പറയുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് ഉണ്ട്.

ഇവിടെ പരിശോധിക്കപ്പെടേണ്ടത് മന്‍മോഹന്‍ സിങ്ങിന്റെ ഇടപെടലും അതിനോട് സഭക്ക് അകത്തുവച്ചും പുറത്തുവച്ചും അരുണ്‍ ജയ്റ്റിലിയും മോഡിയും നല്‍കിയ പ്രതികരണങ്ങള്‍ ആണ്. പിന്നെ മോഡിയുടെ നസംഗത്വം കലര്‍ന്ന മൗനം മൂലമുള്ള പാര്‍ലിമെന്റിന്റെ സ്തംഭനവും.
മന്‍മോഹനെ ഞാന്‍ പതിറ്റാണ്ടുകളായി ലോകസഭയുടെയും രാജ്യസഭയുടെയും പ്രസ് ഗ്യാലറിയില്‍ ഇരുന്നുകൊണ്ട്, നിരീക്ഷിച്ച്, കേട്ട്, റിപ്പോര്‍ട്ട്ു ചെയ്തിട്ടുള്ളതാണ്. മിതഭാഷിയായ മന്‍മോഹന്‍ ചടുലതയോടെ അല്ലെങ്കില്‍ ഒരുതരം ക്രോധാവേശത്തോടെ സംസാരിക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്ന് പറയാം.

എന്താണ് മന്‍മോഹന്‍ രാജ്യസഭയില്‍ പറഞ്ഞത്? നാണയ നിര്‍വീര്യകരണത്തിന്റെ ഉദ്ദേശത്തോട് അദ്ദേഹം വിയോജിക്കുന്നില്ല. ഇത് സത്യസന്ധവും ബുദ്ധിപൂര്‍വ്വവും രാഷ്ട്രീയമായി ശരിയുമായ ഒരു പ്രസ്താവനയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ര്ാജ്യത്ത് സംഭവിച്ചിരിക്കുന്നത് മോണ്യുമെന്റല്‍ മിസ് മാനേജ്‌മെന്റ് ആണ്. ഇതെക്കുറിച്ച് രാജ്യത്ത് രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. അവിടെയും മന്‍മോഹന്‍ ശരിയാണ്.

 അടുത്തത് സാമ്പത്തീക വിദഗ്ദ്ധന്‍ ആയ ജോണ്‍ മേനാഡ് കീന്‍സിനെ ഉദ്ധരിച്ച് കൊണ്ടുള്ള ഹാസ്യാത്മകമായ ഒരു വിമര്‍ശനം ആണ്. നാണയനിര്‍വിര്യകരണം സമീപഭാവിയില്‍ കഷ്ടപ്പാടുകളും ദുരിതവും ഉണ്ടാക്കുമെങ്കില്‍ അതിവിദൂരഭാവിയില്‍ അത് രാജ്യത്തിന് ഫലം ചെയ്യുമെന്ന് കൊട്ടിഘോഷിക്കുന്നവരായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ ഉന്നം. അദ്ദേഹം പറഞ്ഞു കീന്‍സ് ഒരിക്കല്‍ പ്രസ്താവിച്ചതു പോലെ അതിവിദൂരഭാവിയില്‍ നമ്മളൊക്കെ മരിച്ചുപോയിട്ടുണ്ടായിരിക്കും.
ഇത് ശരിയാണ്. മോഡിപ്രധാനമന്ത്രി ആയപ്പോള്‍ ചെയ്ത ഒരു വാഗദാനം ആയിരുന്നു 'നല്ലദിനങ്ങള്‍' വരുന്നു എന്നത്. പക്ഷേ വന്നില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാനാചാര്യനും ബി.ജെ.പി. അദ്ധ്യക്ഷനും ആയ അമിത് ഷാ അത് തീരുത്തി. 'അച്ചെ ദിന്‍ ആയേഗാ' എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം 25 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ എന്നാണ്. അതുപോലെ തന്നെ നാണയ നിര്‍വീര്യകരണത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുവാന്‍ സാധിക്കുന്ന ആ അതിവിദൂരഭാവി എന്നായിരിക്കും? അന്ന് അത് കാണുവാന്‍ ആരൊക്കെ ജീവിച്ച് ഇരിപ്പുണ്ടായിരിക്കും? ഇനി ഒന്നും സംഭവിച്ചില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആര് ഉണ്ടാകും? അതിനാല്‍ മന്‍മോഹന്റെ ഈ ആശങ്ക അസ്ഥാനത്തല്ല. അദ്ദേഹം തന്നെ ഇതിന് ഉത്തരം നല്‍കുന്നുമുണ്ട്: ഇതിന്റെ എല്ലാവിധ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് ഞാന്‍ പറയുന്നു അവസാനഫലം(നാണയ നിര്‍വീര്യകരണത്തിന്റെ) എന്തായിരിക്കുമെന്ന് നാം ആരും അറിയുന്നില്ല. ആദ്യം സൂചിപ്പിച്ചതുപോലെ റിസര്‍വ്വ്ബാങ്കിന്റെ ഗവര്‍ണ്ണറായും പ്രധാനമന്ത്രിയായും ധനമന്ത്രിയായും മാത്രം അല്ല അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുള്ളത്. അദ്ദേഹം കേന്ദ്രഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തീക ഉപദേഷ്ടാവ് ആയിരുന്നു. ഫൈനാന്‍സ് സെക്രട്ടറി ആയിരുന്നു. പ്ലാനിങ്ങ് കമ്മീഷന്റെ ഉപാദ്ധ്യക്ഷന്‍ ആയിരുന്നു. അങ്ങനെയുള്ള ഒരാള്‍ നാണയനിര്‍വീര്യകരണത്തിന്റെ ഫലസാക്ഷാത്ക്കാരത്തെകുറിച്ച്, അതിവിദൂരഭാവിയില്‍പോലും, രാഷ്ട്രീയ വിവേചനമില്ലാതെ സംശയിക്കുമ്പോള്‍ അതിനെ എളുപ്പത്തില്‍ തള്ളികളയുവാന്‍ ആവുകയില്ല. സാമ്പത്തീക ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍പോലും അറിയാത്ത നാലാം കിട രാഷ്ട്രീയക്കാരുടെയും മോഡിഭക്തന്മാരുടെയും ചില സിനിമാക്കാരുടെയും സ്തുതികീര്‍ത്തനങ്ങള്‍ ആണോ കണക്കിലെടുക്കേണ്ടത്?

മന്‍മോഹന്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ മോഡിയോട് നേരിട്ടുള്ളതായിരുന്നു. മോഡി മുന്‍നിരയിലെ അദ്ദേഹത്തിന്റെ സീറ്റില്‍ ഇരുന്ന് മന്‍മോഹനെ ഇമവെട്ടാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു, ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മന്‍മോഹന്‍ ചോദിച്ചു: പ്രധാനമന്ത്രി 50 ദിവസം ആണ് ചോദിച്ചിരിക്കുന്നത് എല്ലാം ശരിയാക്കുവാന്‍. 50 ദിവസം വളരെ ചെറിയ ഒരു കാലവും ആയിരിക്കാം. പക്ഷേ, പട്ടിണിപാവങ്ങള്‍ക്ക് ഇത് അവരുടെ ജീവിതത്തെവരെ നശിപ്പിച്ചേക്കാം. അതുകൊണ്ടാണ് 60-65 പേര്‍ ഇതിന്റെ ഫലമായി ഈ സമയം കൊണ്ട് മരിച്ചത്. ഇതെല്ലാം രാജ്യത്തിന്റെ കറന്‍സി-ബാങ്കിംങ്ങ് സിസ്റ്റത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും നശിപ്പിക്കും.

മന്‍മോഹന്‍ മോഡിയോട് ചോദിച്ചു ലോകത്ത് ഏത് രാജ്യം ആണ് ജനങ്ങള്‍ക്ക് അവര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുവാന്‍ ഈ വക നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്? ഈ ഒറ്റകാരണം കൊണ്ട് മാത്രം ഈ മഹത്തായ പരിപാടിയെ നിന്ദിക്കേണ്ടിയിരിക്കുന്നു.
മന്‍മോഹന്‍ ഉന്നയിച്ച രണ്ട് വിഷയങ്ങളും പ്രധാനം ആണ്. 50 ദിവസം പട്ടിണിപാവങ്ങള്‍ക്ക്, സാധാരണക്കാര്‍ക്ക് വലിയ കാലയളവ് ആണ് പ്രധാനമന്ത്രി. അങ്ങയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് മരിച്ച ഓരോ ജീവനും അങ്ങ് ഉത്തരം പറയണം. മന്‍മോഹന്‍ ചോദിച്ചതുപോലെ ഏത് രാജ്യത്ത് ആണ് നിക്ഷേപകന്റെ സമ്പാദ്യം ഗവണ്‍മെന്റ് ഇങ്ങനെ പിടിച്ച് വച്ച് അവരെ കള്ളപ്പണക്കാരായി മുദ്രകുത്തുന്നത്?

മന്‍മോഹന്‍ പറഞ്ഞ മറ്റ് ചിലകാര്യങ്ങളും വളരെ പ്രാധാന്യം ഏറിയതാണ്. നാണയ നിര്‍വീര്യകരണം കാര്‍ഷിക-ചെറുകിട വ്യവസായ വളര്‍ച്ചയെ ദോഷമായി ബാധിക്കും. അത് ആസൂത്രിതമല്ലാത്ത മേഖലയിലെ തൊഴിലാളികളെ ബാധിക്കും.(ബാധിച്ചിരിക്കുന്നു, അതാണ് സത്യം)സര്‍വ്വോപരി, മന്‍മോഹന്‍ പറഞ്ഞു നാണയ നിര്‍വ്വീകരണം ദേശീയ വരുമാനത്തിന്റെ വളര്‍ച്ചയെ രണ്ട് ശതമാനമെങ്കിലും കുറക്കും.

ഇതും വളരെ പ്രധാനപ്പെട്ട നിരീക്ഷണവും വിലയിരുത്തലും ആണ്. മോഡി ഇതിനും മറുപടി പറയണം.

മന്‍മോഹന്‍ ചൂണ്ടികാണിച്ച മറ്റൊരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നാണയനിര്‍വീര്യകരണം നടപ്പിലാക്കിയതിനുശേഷം ഗവണ്‍മെന്റ് ഓരോ ദിവസവും ഓരോരോ പുതിയ ചിട്ടയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കില്‍ നിന്നും ചെക്ക് മുഖാന്തിരം പിന്‍വലിക്കാവുന്ന തുക, എ.റ്റി.എം. മുഖാന്തിരം പിന്‍വലിക്കാവുന്ന തുക, വിവാഹത്തിനുള്ള തുക, എന്നിങ്ങനെ. ഇതെല്ലാം ഓരോ ദിവസവും മാറുകയാണ്. ഇത് ജനത്തിന് ബാങ്കിംങ്ങ് വ്യവസ്ഥയിലുള്ള വിശ്വാസം നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതും ശരിയാണ്. ഈ സ്ഥിരതയില്ലായ്മ ഗവണ്‍മെന്റിന്റെ തന്നെ പോളിസി ക്രൈസിസിനെയാണ് വെളിപ്പെടുത്തുന്നത്. ഇതാണോ മോഡിജി അങ്ങ് വാഗ്ദാനം ചെയ്ത മാക്‌സിമം ഗവേണന്‍സും മിനിമം ഗവണ്‍മെന്റും?
മന്‍മോഹന്‍ പറഞ്ഞു 90 ശതമാനം ജനങ്ങളും ആസൂത്രിതമല്ലാത്ത തൊഴില്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതില്‍ 55 ശതമാനം ജനങ്ങളും കാര്‍ഷികമേഖലയിലെ ദിവസകൂലിക്കാരാണ്. ഇവര്‍ ഇന്ന് ഭീകരമായ സാമ്പത്തീകപ്രതിസന്ധിയില്‍ ആണ്. ആര് ഉത്തരം പറയും? 50 ദിവസം വരെ ഇവര്‍ക്ക് പിടിച്ച് നില്‍ക്കുവാന്‍ ആകുമോ? സമീപഭാവിയിലെ, വര്‍ത്തമാനത്തിലെ ദുരവസ്ഥ മറന്ന് അതിവിദൂരഭാവിയിലെ പറുദീസയെ സ്്വപ്‌നം കണ്ട് അവര്‍ക്ക് നിലനില്‍ക്കുവാന്‍ ആകുമോ?  സഹകരണമേഖലയെ നിര്‍ജീവിപ്പിച്ചതും മന്‍മോഹന്‍ സമയോചിതമായി ചൂണ്ടികാട്ടി. വളരെ വലിയ ഒരു സത്യം ആണ് അത്.

അതുകൊണ്ട് മോഡിയുടെ നാണയനിര്‍വീര്യകരണം ആസൂത്രിതമായ കവര്‍ച്ചയും നിയമവിധേയമാക്കിയ കൊള്ളയും ആണെന്ന് മന്‍മോഹന്‍ പറഞ്ഞ് അവസാനിപ്പിച്ചു. നന്നായി പറഞ്ഞു.

ഏതായാലും പാര്‍ലിമെന്റ് സ്തംഭനം തുടരുകയാണ്. മോഡിയുടെ മൗനവും അവഗണനയും ആണ് ഇതിന് പ്രധാനകാരണം. ഇത് ജനാധിപത്യകരം അല്ല. ഇത് സ്വേച്ഛാധിപത്യപരം ആണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഇതിന് ഒരു പരിഹാരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തണം, ഇരുപത്തെട്ടാം തീയതിയിലെ അഖിലേന്ത്യ പണിമുടക്കിന് ശേഷം. അല്ലെങ്കില്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും.

മോഡി സഭയില്‍ ഹാജരായതുകൊണ്ടോ മറുപടി പറഞ്ഞതുകൊണ്ടോ നാണയ നിര്‍വീര്യകരണത്തിന്റെ പ്രശ്‌നമോ സഭാസ്തംഭനമോ തീരുകയില്ല. പക്ഷേ, ജനങ്ങള്‍ പ്രധാനമന്ത്രിയെ കേള്‍ക്കട്ടെ. അദ്ദേഹം ജനങ്ങളുടെ പരമോന്നത നിയമനിര്‍മ്മാണസഭയെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തട്ടെ. മോഡി സഭകളെ അഭിസംബോധന ചെയ്താലും അത് അവസാനം ഒരു പ്രതിപക്ഷ ഇറങ്ങിപ്പോക്കലില്‍ തീരും. അതാണല്ലോ പതിവ് ഡ്രില്‍. എങ്കിലും അതെങ്കിലും നടക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക