Image

ഒരു യാത്രക്കാരനുമായി പറന്ന് ലുഫ്ത്താന്‍സ ചരിത്രം സൃഷ്ടിച്ചു

Published on 02 December, 2016
ഒരു യാത്രക്കാരനുമായി പറന്ന് ലുഫ്ത്താന്‍സ ചരിത്രം സൃഷ്ടിച്ചു

ബര്‍ലിന്‍: കേട്ടാല്‍ അദ്ഭതപ്പെടുമെങ്കിലും ജര്‍മനിയില്‍ നടന്ന സംഭവമാണിത്. ഇക്കഴിഞ്ഞ ദിവസം ലുഫ്ത്താന്‍സായുടെ എയര്‍ബസ് എ 321 യാത്രാ വിമാനം, എല്‍എച്ച് 175 ബര്‍ലിനില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു പറന്നത് ഒരു യാത്രക്കാരനുമായി. 200 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് വെറും 141. 22 യൂറോ മുടക്കി ഹാന്‍യോ പീറ്റേഴ്‌സിന്റെ ഒറ്റയാള്‍ യാത്ര. 

ബോര്‍ഡിംഗ് പൂര്‍ത്തിയാക്കി എന്ന അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ തന്നെ എല്ലാം അവിശ്വസനീയമായി എന്നു തോന്നിയെന്നാണ് പീറ്റേഴ്‌സിന്റെ പിന്നീടുള്ള വെളിപ്പെടുത്തല്‍. ഇത്രയും വലിയ വിമാനത്തില്‍ ഏകനായി പറക്കുക. ഇക്കോണമി ക്ലാസില്‍ യാത്ര ബുക്ക് ചെയ്ത പീറ്റേഴ്‌സിന് കിട്ടിയതാകട്ടെ ബിസിനസ് ക്ലാസും, ഒപ്പം വിന്‍ഡോയുടെ അരികിലും.

ബര്‍ലിന്‍ ടീഗെല്‍ വിമാനത്താവളത്തില്‍ നിന്നും രാവിലെ 7.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 90 മിനിറ്റ് വൈകിയാണ്. നാലു എയര്‍ഹോസ്റ്റസുമാരും പൈലറ്റും പീറ്റേഴ്‌സും കൂടിയുള്ള വമ്പന്‍ പറക്കല്‍ പീറ്റേഴ്‌സ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എയര്‍ ഹോസ്റ്റസുകളാകട്ടെ പീറ്റേഴ്‌സുമായി ചങ്ങാത്തവുംകൂടി. പ്രഭാതഭക്ഷണത്തിന്റെ സകല വിഭവങ്ങളും വിളമ്പിയെന്നു മാത്രമല്ല റെഡ് വൈനും നല്‍കിയാണ് പീറ്റേഴ്‌സനെ സല്‍ക്കരിച്ചത്. മറ്റു ആള്‍ക്കഹോള്‍ ഐറ്റംസ് വേണോമോ എന്നു ചോദിച്ചെങ്കിലും റെഡ് വൈന്‍ മാത്രമായിരുന്നു പീറ്റേഴ്‌സിനു കാമ്യം. ഒടുവില്‍ ഒരു സെല്‍ഫിയും അടിച്ചാണ് യാത്ര അവസാനിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ രാവിലെ 10ന് ലാന്‍ഡു ചെയ്ത വിമാനത്തിന്റെ പൈലറ്റ് ഡാനിയേല്‍ നേരിട്ടെത്തി പരസ്പരം ഹസ്തദാനം നല്‍കിയാണ് പീറ്റേഴ്‌സിനെ വിമാനത്തില്‍ നിന്നും പുറത്തുവിട്ടത്.

യഥാര്‍ഥത്തില്‍, ഒരു ഒരു കുടുംബ ആഘോഷത്തിനായി പുറപ്പെട്ട ഞാന്‍, പക്ഷെ, ഇപ്പോള്‍ ശൂന്യമായ ഒരു വിമാനത്തില്‍ ഒറ്റയ്ക്കുള്ള അവിശ്വസനീയമായ ഒരു യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായി മാറിയെന്നാണ് പീറ്റേഴ്‌സ് മാധ്യമങ്ങളോടു പ്രതികരിച്ചത്. വിമാനയാത്രയുടെ ഓര്‍മയ്ക്കായി കാപ്പി കപ്പില്‍ എയര്‍ഹോസ്റ്റസിന്റെ കൈയൊപ്പും പീറ്റേഴ്‌സ് വാങ്ങി. 

എങ്ങനെയായാലും ഇങ്ങനെയൊരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് പറക്കണമെങ്കില്‍ 25,000 യൂറോ മുടക്കേണ്ടിയിരുന്ന സ്ഥാനത്താണ് വെറും 141.22 യൂറോ മുടക്കിയുള്ള പീറ്റേഴ്‌സിന്റെ ഒറ്റയാന്‍ യാത്ര മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചതോടെ ലുഫ്ത്താന്‍സ വെട്ടിലായിരിക്കുകയാണ്. 

കഴിഞ്ഞയാഴ്ചയിലും ഈയാഴ്ചയുമായി ലുഫ്ത്താന്‍സ പൈലറ്റുമാര്‍ സമരത്തിലായിരുന്നതാണ് ഇങ്ങനെയൊരു സംഭവത്തിന്റെ ആധാരമെന്നു കരുതപ്പെടുന്നു. സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന 5400 പൈലറ്റുമാര്‍ ഇപ്പോഴും സമര ഭീഷണിയുമായി മുന്നോട്ട്. സമരം ഇതുവരെ ഒത്തുതീര്‍പ്പായിട്ടില്ല. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക