Image

മനുഷ്യാവകാശ ദിനം(ഡിസംബര്‍ 10)-(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 10 December, 2016
മനുഷ്യാവകാശ ദിനം(ഡിസംബര്‍ 10)-(മീട്ടു റഹ്മത്ത് കലാം)
'എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ചവരും ഒരേ മഹത്ത്വവും അവകാശങ്ങളും അര്‍ഹിക്കുന്നവരാണ്.'

ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പിലെ ഈ വാക്യം വായിക്കുമ്പോള്‍ ദൈവീകമായ എന്തോ ഒന്ന് അതില്‍ പ്രതിഫലിക്കുന്നുണ്ട്. കാരണം, മനുഷ്യനായി പിറന്നതിന്റെ മാത്രം പേരില്‍ ചില അവകാശങ്ങള്‍ക്ക് നമ്മള്‍ അര്‍ഹരാകുന്നു എന്ന ബോധ്യം ഇതിലൂടെ ഉണ്ടാകുന്നുണ്ട്. മതം, വര്‍ഗ്ഗം, ലിംഗം തുടങ്ങി ഒരു വേര്‍തിരിവുമില്ലാതെ നല്‍കപ്പെടുന്ന അവകാശങ്ങള്‍.

മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് ചരിത്രം കരുതുന്നത് 1215 ല്‍ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് ജോണ്‍ രണ്ടാമന്‍ ചക്രവര്‍ത്തി ഒപ്പുവച്ച 'മാഗ്നാകാര്‍ട്ട' ആണ്. പാരീസില്‍ 1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്ര സഭ നടത്തിയ സര്‍ജനനീയ മനുഷ്യപ്രഖ്യാപനമാണ് 1950 മുതല്‍ അന്നേ ദിവസം(ഡിസംബര്‍ 10) മനുഷ്യാവകാശദിനമായി ആചരിക്കാന്‍ തീരുമാനമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രേഖ 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റേതാണെന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നത് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിലുള്ള അവകാശം, നിയമത്തിനു മുന്നില്‍ തുല്യത, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം തുടങ്ങിയവയാണ്. ജനാധിപത്യം ഇല്ലാത്ത രാഷ്ട്രങ്ങളിലും ഈ അവകാശങ്ങള്‍ നിഷേധിക്കാതിരിക്കാന്‍ മനുഷ്യാവകാശ രേഖയിലൂടെ സാധിച്ചു എന്നത് പ്രശംസനീയമാണ്. അടിസ്ഥാനപരമായ മാനുഷിക പരിഗണന ആര്‍ക്കെങ്കിലും നിഷേധിക്കപ്പെട്ടാല്‍ അത് മനുഷ്യാവകാശധ്വംസനമായി കണക്കാക്കുകയും നിയമനടപടി എടുക്കുകയും ചെയ്യാവുന്നതാണ്. മനുഷ്യനെ അടിമയായി വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന കാലത്തു നിന്ന് ഇന്ന് കാണുന്ന മാറ്റം നിയമഭേദഗതിയുടെ ആനുകൂല്യമായി.

ഇന്ത്യയില്‍ ഇത്തരത്തില്‍ അവകാശങ്ങളുടെ പരിരക്ഷ മുന്‍നിര്‍ത്തി രൂപീകൃതമായ സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. 1993 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കുന്നതില്‍ സുസ്ഥിരമായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഓരോ സംസ്ഥാനത്തും ശാഖകളുള്ള കമ്മീഷന്റെ ദേശീയ ചെയര്‍മാന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാള്‍ നിര്‍വ്വഹിക്കും. ഇതിനുപുറമേ നാല് അംഗങ്ങള്‍ കൂടി ഉണ്ടാകും.

പരാതിയൊന്നും കൂടാതെ നേരിട്ട് അന്വേഷണം നടത്താനും കമ്മീഷന് അധികാരമുണ്ട്. ജയിലുകള്‍, സംരക്ഷണാലയങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, ചികിത്സാലയങ്ങള്‍ മുതലായവ സന്ദര്‍ശിച്ച് ആരുമില്ലെന്ന് തോന്നലുള്ളവര്‍ക്ക് മനുഷ്യത്ത്വപരമായ പരിഗണ നല്‍കുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ശ്രദ്ധ ചെലുത്തുന്നു. കമ്മീഷന് സിവില്‍ കോടതിയുടേതായ എല്ലാ അധികാരങ്ങളുമുണ്ട്. കക്ഷികളെയും സാക്ഷികളെയും നോട്ടീസ് അയച്ച് വിളിച്ചുവരുത്തി മൊഴി എടുക്കാനും രേഖകള്‍ പരിശോധിക്കുകയും തെളിവെടുക്കുകയും എല്ലാം കമ്മീഷന്റെ അധികാരത്തില്‍ ഉള്‍പ്പെടുന്നു.
സമാനമായ അധികാരങ്ങള്‍ സംസ്ഥാന കമ്മീഷനുകള്‍ക്കുമുണ്ട്. ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപനായി ഇരുന്നയാള്‍ ആകണം അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ടത്. കേരളത്തിലെ കമ്മീഷന് അദ്ധ്യക്ഷനെ കൂടാതെ രണ്ട് അംഗങ്ങള്‍ കൂടിയുണ്ട്.

ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന്റെ വിവാദ പ്രസ്താവന അധികൃതരുടെ അധികാരങ്ങളോട് കൂട്ടിവായിക്കണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പല്ല് കൊഴിഞ്ഞ കടുവയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് കമ്മീഷന് മൂര്‍ച്ചയേറിയ പല്ലുകള്‍ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പലപ്പോഴും ഒറ്റപ്പെട്ട മേഖലകളില്‍ പരിമിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരിക്കും അന്വേഷണം നടത്തുക. തെളിവുകള്‍ പരിശോധിച്ച് ഇരകള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് കമ്മീഷന്റെ ഉത്തരവാദിത്തം. അവ നടപ്പാക്കുന്നതിനുള്ള അധികാരം നല്‍കാന്‍ പാര്‍ലമെന്റ് തീരുമാനം എടുത്തിട്ടില്ല. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അവകാശ നിഷേധങ്ങളുടെ വ്യാപ്തി വര്‍ദ്ധിച്ചുവരികയാണ്. ഭീകരവാദം, വിവേചനം, ലൈംഗീകചൂഷണം, ബാലവേല, മലിനീകരണം ഇങ്ങനെ അവകാശ ലംഘനങ്ങളുടെ പട്ടികയ്ക്ക് അവസാനമില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രണ്ടാംതരം പൗരന്മാരായി മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം ഇന്നും തുടരുന്നു. രോഗികളെയും വൃദ്ധജനങ്ങളെയും ഭാരമായി കാണുന്നവര്‍ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ഇസ്രായേല്‍ പട്ടാളത്തിന്റെ ക്രൂരത മനുഷ്യത്ത്വമില്ലായ്മയുടെ ദൃഷ്ടാന്തമാണ്. പലസ്തീന്‍ പൗരത്വമുള്ള അഞ്ച് വയസ്സുകാരന്‍, പട്ടിയെ എറിഞ്ഞ കല്ല് ഇസ്രായേല്‍ പട്ടാളത്തിന്റെ ജീപ്പിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ച് ആ പിഞ്ചുകുഞ്ഞിനോട് ഒരു മാനുഷിക പരിഗണനയും നല്‍കാതെ വലിച്ചിഴച്ചത് ക്രൂരതയുടെ പാരമ്യമാണ്. ആ കുഞ്ഞിന്റെ കരച്ചില്‍ അവരില്‍ ഭാവമാറ്റം ഒന്നും സൃഷ്ടിച്ചില്ല. കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സേന അവരെ ഒടുവില്‍ പലസ്തീന്‍ പോലീസിന് കൈമാറിയത് മനുഷാവകാശ സംഘടനയുടെ ഇടപെടല്‍ മൂലമാണ്.

ലോകവും മനുഷ്യരും മാറുമ്പോള്‍ മനുഷ്യത്വം അണയാതിരിക്കാന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ശക്തി ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.


മനുഷ്യാവകാശ ദിനം(ഡിസംബര്‍ 10)-(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക