Image

ഗുരുതരമായ പാപമാണ് ലോട്ടറി (ഡി. ബാബുപോള്‍)

Published on 11 December, 2016
ഗുരുതരമായ പാപമാണ് ലോട്ടറി (ഡി. ബാബുപോള്‍)
 ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും കാരണമാണെന്ന ബൈബിള്‍ പ്രബോധനത്തില്‍ വിശ്വസിയ്ക്കുന്ന െ്രെകസ്തവസമൂഹം ലോട്ടറി വില്‍ക്കാനും വാങ്ങാനും പാടില്ല. മദ്യത്തേക്കാള്‍ വലിയ വിപത്താണു ലോട്ടറി. ഇതു തികച്ചും ചൂതുകളിയാണ്. മെത്രാന്മാര്‍ കുഞ്ഞാടുകളെ ഈ തിന്മയില്‍ നിന്നു മോചിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങണം,“ ഡോ. ബാബുപോള്‍ പറഞ്ഞു.

കായംകുളം കൊച്ചുണ്ണി സാധുക്കളെ സഹായിച്ചിരുന്നു. മറ്റുള്ളവരുടെ മുതല്‍ കവര്‍ച്ച ചെയ്താണ് അയാള്‍ സഹായിച്ചിരുന്നത്. അതുകൊണ്ട് കൊച്ചുണ്ണിയുടെ പ്രവൃത്തിയെ ന്യായീകരിയ്ക്കാനാകുമോ? ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് എതിരാണു ലോട്ടറിവ്യാപാരം. വിയര്‍പ്പോടെ അപ്പം ഭക്ഷിയ്‌ക്കേണ്ടവര്‍ വല്ലവന്റേയും ധനം അപഹരിയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലോട്ടറി അധാര്‍മ്മികമാണ്. ലോട്ടറി വഴി നന്നായവര്‍ ആരുമില്ല. താല്‍ക്കാലികമായി ഗുണം കിട്ടിയവരേയും കാശുപോയവന്റെ കണ്ണീര്‍ വേട്ടയാടുകയാണ്. ഈ പണം ശാപഗ്രസ്തമാണ്. മദ്യശാലകള്‍ നിമിത്തം അനേകര്‍ക്കു തൊഴില്‍ നേടിക്കൊടുക്കുന്നു എന്ന കാരണത്താല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിയ്ക്കാനാകുമോ? മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദുരന്തത്തേക്കാള്‍ വലുതാണ് ലോട്ടറികള്‍ വരുത്തുന്നത്.

ലോട്ടറിവിഷയത്തില്‍ മെത്രാന്മാരുടെ മൗനം ക്രൂരമാണ്. മദ്യനിരോധനം വേണമെന്നു പറഞ്ഞു മുന്നിട്ടിറങ്ങുന്ന മെത്രാന്മാര്‍ എന്തുകൊണ്ടു കുഞ്ഞാടുകളെ ഈ ചൂതാട്ടത്തില്‍ നിന്നു പിന്തിരിപ്പിയ്ക്കുന്നില്ല?

ഏറ്റവും വലിയ തട്ടിപ്പാണു കാരുണ്യലോട്ടറി. പൊതുജനത്തില്‍ നിന്നു പിരിച്ചെടുക്കുന്നതിന്റെ ചെറിയൊരംശം മാത്രമേ ജീവകാരുണ്യപ്രവര്‍ത്തനത്തിനു ലഭിക്കുന്നുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വെട്ടാന്‍ ധനമന്ത്രി മാണി കാരുണ്യഫണ്ട് ഉണ്ടാക്കിയല്ലോ. ഭാഗ്യക്കുറി എടുക്കുന്നതു പുണ്യപ്രവൃത്തിയാണെന്നു മന്ത്രി തന്നെ പരസ്യത്തില്‍ മോഡലായി വന്നു നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ലോട്ടറി വഴി കിട്ടുന്ന നൂറു രൂപയില്‍ കാന്‍സര്‍ രോഗികള്‍ക്ക് എത്ര കിട്ടി എന്ന് ആരും അന്വേഷിച്ചില്ല. ഇനി പാഴ്‌ച്ചെലവുകളെല്ലാം ഒഴിവാക്കി പരമാവധി തുക നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനുപയോഗിച്ചു എന്നു തന്നെ കരുതുക. എങ്കില്‍പ്പോലും ആ ലോട്ടറി നീതീകരിച്ചുകൂടാ. പരമാവധി ഒരു ശതമാനം ജനങ്ങളല്ലാതെ കാന്‍സര്‍ രോഗിയെ ഓര്‍ത്തു ടിക്കറ്റെടുക്കാനോ, സമ്മാനം കിട്ടിയാല്‍ അത് ആ ചികിത്സാനിധിയിലേയ്ക്കു സംഭാവന ചെയ്യാനോ തുനിഞ്ഞിട്ടുണ്ടാവില്ല. ബാക്കിയെല്ലാവരും സമ്മാനപ്പെരുമഴയില്‍ പ്രലോഭിതരായി ടിക്കറ്റെടുത്ത പാവങ്ങള്‍ തന്നെയായിരിയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് ഉമ്മന്‍ചാണ്ടിയുടെ കാലത്തു നിലവിലുള്ളപ്പോഴാണ് കെ എം മാണി കാരുണ്യലോട്ടറി തുടങ്ങിയത്. ആ ഫണ്ട് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണു മാണി അതു തുടങ്ങിയത്. പൊതുജനത്തിന് ഇത്തരം കളികള്‍ പെട്ടെന്നു പിടികിട്ടുകയില്ല.

ലോട്ടറിയുടെ അടിമകളാകുന്നവരധികവും പാവപ്പെട്ടവരാണ്. തുലാവര്‍ഷക്കാലത്തെ ഇടിമിന്നലില്‍ കണ്ടിട്ടില്ലേ? ഇടിവെട്ടി ചാകാനുള്ള സാദ്ധ്യത പത്തുലക്ഷത്തിലൊന്ന് എന്നാണു കണക്ക്. കേരളത്തിലാണെങ്കില്‍ ഇരുപതുലക്ഷത്തിലൊന്ന്. അത്രപോലും സാദ്ധ്യതയില്ല ഓണം ലോട്ടറിയില്‍ ബമ്പര്‍ അടിയ്ക്കാന്‍. കഞ്ചാവിനും മദ്യത്തിനും അടിമപ്പെടുന്നതു പോലെയാണു ലോട്ടറിയില്‍ അകപ്പെടുന്നത്. ഞാന്‍ പത്തുരൂപാ മുടക്കി ഒരു ടിക്കറ്റു വാങ്ങുന്നു. എനിയ്ക്കു പത്തുലക്ഷം രൂപ സമ്മാനം കിട്ടുന്നു. ഈ സമ്മാനത്തുക എവിടെ നിന്നു വരുന്നു എന്നാലോചിച്ചാല്‍ ഈ പരിപാടിയില്‍ എന്തോ ഒരു തുരപ്പന്‍ പണിയുണ്ട് എന്നൂഹിയ്ക്കരുതോ? അതു നാം ചെയ്യുന്നില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നമ്മെ പറ്റിച്ചുണ്ടാക്കുന്ന പണം കാന്‍സര്‍ രോഗിയെ ചികിത്സിയ്ക്കാനാണുപയോഗിക്കുന്നത് എന്നു പറഞ്ഞ് ഈ കൊടുംചതിയ്ക്കു പുണ്യപ്രവൃത്തിയുടെ ഭാവം നല്‍കുന്നു. ദൈവം തന്നിട്ടുള്ള ചിന്താശക്തി ക്രിയാത്മകമായി ഉപയോഗിക്കാത്തതുകൊണ്ടാണ് ഇത്തരം കുടുക്കുകളില്‍ നമ്മള്‍ വീഴുന്നത്.

മദ്യവര്‍ജനസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മെത്രാന്മാര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം കുഞ്ഞാടുകളെ മദ്യത്തില്‍ നിന്നു മോചിപ്പിയ്ക്കുകയാണ്. ബിഷപ്പ് സൂസപാക്യം അതിനു മാതൃക കാട്ടി. മദ്യപാനത്തിനടിമകളായിരുന്ന എത്രയോ കുടുംബങ്ങളെ അദ്ദേഹം അതില്‍ നിന്നു മോചിപ്പിച്ചു.

ലോട്ടറി വര്‍ജനത്തെപ്പറ്റി എന്തുകൊണ്ടു മെത്രാന്മാര്‍ സഭാജനങ്ങളോടു പറയുന്നില്ല. അദ്ധ്വാനിച്ചുണ്ടാക്കാത്ത പണം തിന്മയുടേതാണ്. അതുകൊണ്ടു തന്നെ ലോട്ടറി പാപവും അധാര്‍മ്മികവുമാണ്“ ഡോ. ഡി. ബാബുപോള്‍ പറഞ്ഞു.

റോമാസാമ്രാജ്യത്തോളം പഴക്കം


ലോട്ടറിയ്ക്കു റോമാസാമ്രാജ്യത്തോളമെങ്കിലും പഴക്കമുണ്ട്. നീറോയും അഗസ്റ്റസ്സുമൊക്കെ രാജകീയഭാഗ്യക്കുറികള്‍ നടത്തിയിരുന്നു. അടിമകളും ഭൂസ്വത്തും മറ്റുമായിരുന്നു സമ്മാനമായി അന്നു നിശ്ചയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സിലാണ് ആധുനികകാലത്ത് ആദ്യമായൊരു ലോട്ടറിയുണ്ടായത് എന്നാണു വയ്പ്. ഈ സമ്പ്രദായം യൂറോപ്പിലാകെ പ്രചരിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയിലും ഭാഗ്യക്കുറിയ്ക്കു വലിയ സ്വീകാര്യതയുണ്ടായിരുന്നുവത്രേ. ക്രമേണ എതിര്‍ശബ്ദം ശക്തമായി. അമേരിക്കയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ കുറേക്കാലം ലോട്ടറി നിരോധിയ്ക്കപ്പെട്ടിരുന്നു. ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ലോട്ടറിയ്ക്കു കൂടുതല്‍ പ്രചാരം കിട്ടി. സ്‌പെയിനില്‍ കാര്‍ലോസ് രാജാവു സര്‍ക്കാര്‍ ലോട്ടറി തുടങ്ങി. നിരോധിച്ചിട്ടു കാര്യമില്ലെന്നു നിരോധിച്ചവര്‍ക്കും തോന്നി. ഫ്രാന്‍സില്‍ സര്‍ക്കാര്‍ ഒരു നാഷണല്‍ ലോട്ടറി തുടങ്ങി. അമേരിക്കയിലെ ഹാര്‍വേര്‍ഡ്, യേല്‍, കൊളംബിയ സര്‍വകലാശാലകള്‍ ലോട്ടറി നടത്തിയാണു മൂലധനത്തില്‍ വലിയൊരു പങ്കു കണ്ടെത്തിയത്. യുദ്ധാനന്തരജപ്പാനില്‍ തക്കാര്‍ കുജി എന്ന പേരില്‍ ലോട്ടറിയുണ്ടായി.
Join WhatsApp News
Anjilimoottil Skariah 2016-12-12 05:52:35
It is true Mr. Babu Paul. Money came in the hands through illegitimate means will be key to open the gateway to hell. I remember a Kerala Elite who borrowed  huge amount during his Dubai visit from a good hearted Kananaya Kuttanadu guy and never bothered to return the money even after 40 years.
I hope the Elite and the public will read your article and this comment.
George, Varughese 2016-12-12 14:40:40
Hope the Elite Celebrity will return the borrowed money to APS.
George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക