Image

ജോലിസ്ഥലത്തെ പീഡനം: എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

Published on 12 December, 2016
ജോലിസ്ഥലത്തെ പീഡനം: എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ ആന്ധ്രാസ്വദേശിനി  നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം:  ജോലിസ്ഥലത്തെ മാനസികവും ശാരീരികവുമായ പീഡനം സഹിയ്ക്കാനാകാതെ, വനിത അഭയകേന്ദ്രത്തില്‍ അഭയം തേടിയ ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
 
ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനിയായ അഞ്ജനാമ്മ  നിമ്മ, എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ഖഫ്ജിയില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് വളരെ ദുരിതമയമായ സാഹചര്യങ്ങളാണ് അഞ്ജനാമ്മയ്ക്കു നേരിടേണ്ടി വന്നത്.  ആവശ്യത്തിന് വിശ്രമമോ,  ആഹാരമോ കിട്ടാതെ പാതിരാവോളം നീളുന്ന ജോലി അഞ്ജനാമ്മയുടെ ജീവിതം ദുരിതമയമായി. പലപ്പോഴും  ജോലി ശരിയായില്ല എന്ന കുറ്റപ്പെടുത്തലുകളും, ശകാരവും കാരണം മാനസികപീഡനവും അവര്‍ക്ക് അവിടെ നേരിടേണ്ടി വന്നു.
 
അഞ്ചു മാസത്തോളം ജോലി ചെയ്‌തെങ്കിലും ഒരു റിയാല്‍ പോലും ശമ്പളമായി സ്‌പോണ്‍സര്‍ കൊടുത്തില്ല. ശമ്പളം ചോദിച്ചു പ്രതിഷേധിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ശാരീരികപീഢനവും ഏല്‍പ്പിയ്ക്കാന്‍ തുടങ്ങി.  ഒടുവില്‍ സഹികെട്ടപ്പോള്‍, ആരുംകാണാതെ ആ വീട്ടില്‍ നിന്നും ഒളിച്ചോടി, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
 
വനിതാ അഭയകേന്ദ്രം അധികൃതര്‍ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്ററുമായ മഞ്ജു മണിക്കുട്ടനോട്, സ്വന്തം അനുഭവം വിവരിച്ച അഞ്ജനാമ്മ, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജു ഈ കേസിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയ്ക്കു കൈമാറി. മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും   അഞ്ജനാമ്മയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും, യാതൊരു വിധത്തിലുള്ള ഒത്തുത്തീര്‍പ്പിനും അയാള്‍ തയ്യാറായില്ല. അഞ്ജനാമ്മയ്ക്ക് കുടിശ്ശിക ശമ്പളമോ, എക്‌സിറ്റോ നല്‍കാന്‍ കഴിയില്ല എന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു.

തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കിട്ടാന്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ  കേസ് കൊടുക്കാന്‍ നവയുഗം പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും, കേസ് നടപടികളുടെ സമയദൈര്‍ഘ്യം കാരണം അഞ്ജനാമ്മ അതിന് തയ്യാറായില്ല.  മൂന്നു മാസത്തോളം അഭയകേന്ദ്രത്തിലെ താമസം നീണ്ടപ്പോഴേയ്ക്കും എങ്ങനെയും വീട്ടില്‍ എത്തിയാല്‍ മതിയെന്ന മാനസികഅവസ്ഥയിലായിരുന്നു അവര്‍.

 സൗദി അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയ മഞ്ജു മണിക്കുട്ടന്‍, വനിതാ തര്‍ഹീല്‍ വഴി അഞ്ജനാമ്മയ്ക്കു എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും, ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഔട്ട്പാസ്സ് എടുത്തു നല്‍കുകയും ചെയ്തു.

മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി, അഞ്ജനാമ്മയ്ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റും, വസ്ത്രങ്ങളും, നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സമ്മാനങ്ങളും  നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സഹായിച്ച നവയുഗത്തിനും, ഇന്ത്യന്‍ എംബസിയ്ക്കും, വനിതാഅഭയകേന്ദ്രം അധികൃതര്‍ക്കും നന്ദി പറഞ്ഞ്, അഞ്ജനാമ്മ നാട്ടിലേയ്ക്ക് മടങ്ങി.
 
ഫോട്ടോ:
അഞ്ജനാമ്മയ്ക്കു നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് സെക്രെട്ടറി ബിജു നല്ലില യാത്രാരേഖകള്‍  കൈമാറുന്നു. യൂണിറ്റ് ഭാരവാഹികളായ അഷറഫ് തലശ്ശേരി, ബിനേഷ്,  നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ സമീപം.

ജോലിസ്ഥലത്തെ പീഡനം: എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ ആന്ധ്രാസ്വദേശിനി  നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക