Image

പൗരാവകാശ പ്രവര്‍ത്തക ദീപ അയ്യര്‍ക്ക് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്‌

Published on 13 December, 2016
പൗരാവകാശ പ്രവര്‍ത്തക ദീപ അയ്യര്‍ക്ക് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്‌
സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പൗരാവകാശപ്രവര്‍ത്തന മേഖലയിലും കുടിയേറ്റ സമൂഹമണ്ഡലത്തിലും ശക്തമായ പോരാട്ട സാന്നിദ്ധ്യം ഉറപ്പിച്ച ദീപ അയ്യര്‍ 2016ലെ അമേരിക്കന്‍ ബുക്ക് അവാര്‍ഡ് ഏറ്റുവാങ്ങി. 'വീ റ്റു സിങ് അമേരിക്ക : സൗത്ത് ഏഷ്യന്‍, അറബ് മുസ്ലീം, ആന്‍ഡ് സിഖ് ഇമിഗ്രന്റ്‌സ്, ഷെയ്പ് അവര്‍ മള്‍ട്ടി റേഷ്യല്‍ ഫ്യൂച്ചര്‍' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ബിഫോര്‍ കൊളംബസ് ഫൗണ്ടേഷനാണ് എല്ലാ കൊല്ലവും ഈ അവാര്‍ഡ് നല്‍കി വരുന്നത്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗെദര്‍ എന്ന സംഘടനയുടെ സ്ഥാപകയും മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ദീപ അയ്യര്‍ക്കൊപ്പം അമേരിക്കയിലെ മറ്റ്  13 എഴുത്തുകാരും അവാര്‍ഡിനര്‍ഹരായി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ജാസ് സെന്ററില്‍ വച്ചാണ് 37-ാമത് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് വിതരണം ചെയ്തത്. 

സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷം അമേരിക്കയിലെ അറബികളും മുസ്ലീംകളും സിഖ് വിഭാഗക്കാരും പൊതുവേ സൗത്ത് ഏഷ്യക്കാരും നേരിടുന്ന പ്രശ്‌നങ്ങളെ ദീപ അയ്യര്‍ തന്റെ ആദ്യ പുസ്തകത്തില്‍ വരച്ചുകാട്ടിയിരുന്നു. അതുപോലെ തന്നെ പാരീസിലേതുള്‍പ്പെടെയുള്ള ഐ.എസ് ഭീകരവാദികളുടെ കൂട്ടക്കൊലകളും അമേരിക്കന്‍ ഹൃദയത്തെ എത്രമേല്‍ പിടിച്ചുലച്ചു എന്നും സവിസ്തരം വിവരിക്കുന്നുണ്ട്. അമേരിക്കയിലെ വ്യത്യസ്തരായ സാഹിത്യപ്രവര്‍ത്തകരുടെ ഇടയില്‍ സാഹിത്യത്തിനു വേണ്ടിയുള്ള സമഗ്ര സംഭാവന ചെയ്ത സര്‍ഗ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു വേണ്ടിയാണ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് എര്‍പ്പെടുത്തിയിരിക്കുന്നത്. സങ്കുചിതത്വങ്ങളില്ലാതെ സര്‍ഗസൃഷ്ടിയുടെ വൈഭവം മാത്രം മാനദണ്ഡമാക്കി നല്‍കി വരുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്. 

വിവിധ സംസ്‌കാരങ്ങളില്‍ നിന്ന്, വിവിധ സാഹിത്യ പാരമ്പര്യങ്ങളുള്ള നാടുകളില്‍ നിന്ന് അമേരിക്കയിലെത്തി ഇവിടുത്തെ സംസ്‌കാരവും പൈതൃകവുമായി സമരസപ്പെട്ട് സാഹിത്യസൃഷ്ടികള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ബിഫോര്‍ കൊളംബസ് ഫൗണ്ടേഷന്‍ ഈ പുരസ്‌കാര ദാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. 

സെപ്റ്റംബര്‍ 11നു ശേഷം മുസ്ലീം, സിഖ്, അറബ്, അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള സൗത്ത് ഏഷ്യക്കാര്‍ വെറുക്കപ്പെടുന്നതും ആക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നതും ആസ്വാദക മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രീതിയില്‍ ദീപ അയ്യര്‍ തന്റെ പുസ്തകത്തില്‍ വര്‍ണിച്ചിരിക്കുന്നു. ആരാധനാലയങ്ങളിലും തെരുവുകളിലും കലാശാലാ ക്യാമ്പസുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും ഒക്കെ സൗത്ത് ഏഷ്യക്കാര്‍ അനുഭവിക്കുന്ന തീവ്രമായ പ്രശ്‌നങ്ങളെ സ്വാഭാവികമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 

പൗരാവകാശ പ്രവര്‍ത്തക ദീപ അയ്യര്‍ക്ക് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക