Image

മേളയിലെ കുയില്‍നാദമായി മിഡ്‌നൈറ്റ്‌ കെതെകി

ആഷ എസ് പണിക്കര്‍ Published on 13 December, 2016
മേളയിലെ കുയില്‍നാദമായി മിഡ്‌നൈറ്റ്‌ കെതെകി

ഭംഗിയുള്ള കുറെ കരുക്കള്‍ തെന്നിനീങ്ങുന്ന ഒരു ക്യാരംസ്‌ പലകപോലെയാണ്‌ മിഡ്‌നൈറ്റ്‌ കെതെകി എന്ന അസമീസ്‌ ചിത്രം. പ്രിയേന്തു ഹസാരിക എന്ന സാഹിത്യകാരന്‍ നടന്ന വഴികളിലൂടെ നടന്ന്‌ അയാളെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ്‌ ഇത്‌. 

`അദാജ്യ' എന്ന ആദ്യചിത്രത്തിലൂടെ അസമീസ്‌ ഭാഷയുടെ കഥാകദനശേഷി ഇന്ത്യയുടെ മുഖ്യധാരയിലെത്തിച്ച സാന്ത്വന ബൊര്‍ദലോയിയാണ്‌ മിഡ്‌നൈറ്റ്‌ കെതെകിയുടെ സംവിധായിക. അസമിന്റെ പ്രകൃതിയെ അതേപടി ഒപ്പിയെടുത്ത്‌ പ്രേക്ഷകരിലെത്തിക്കുകയാണ്‌ സംവിധായിക. 

ആദ്യചിത്രത്തിന്‌ ദേശീയ പുരസ്‌കാരം നേടിയ ഈ ചലച്ചിത്രകാരിയുടെ തുടക്കം ശിശുരോഗ വിദഗ്‌ധയെന്ന നിലയിലായിരുന്നു. `അദാജ്യ'യെത്തുടര്‍ന്നുള്ള 20 വര്‍ഷത്തെ ഇടവേളക്കൊടുവില്‍ എത്തിയ മിഡ്‌നൈറ്റ്‌ കെതെകി 21-ാാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ കഴിഞ്ഞദിവസം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷം അവര്‍ പങ്കുവയ്‌ക്കുന്നു.

ഇന്ദിര ഗോസ്വാമിയുടെ നോവലിനെ ആധാരമാക്കി സംവിധാനം ചെയ്‌ത സിനിമയാണ്‌ `അദാജ്യ'. അതിന്റെ പലഭാഗത്തുനിന്നുമെടുത്ത അധ്യായങ്ങളാണ്‌ മൂന്ന്‌ സ്‌ത്രീകഥാപാത്രങ്ങളായി രൂപപ്പെട്ടത്‌. താന്‍ ഒരിക്കലുമൊരു ഫെമിനിസ്റ്റല്ലെന്ന്‌ സാന്ത്വന പറയുന്നു. ആ നോവലിലെ ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളെ സിനിമയിലെത്തിക്കുകയായിരുന്നു. `മിഡ്‌നൈറ്റ്‌ കെതെകി' അതില്‍ നിന്ന്‌ വ്യത്യസ്‌തമായ മറ്റൊരു പ്രമേയമാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. �

ആദ്യ സിനിമയിലൂടെ ദേശീയ പുരസ്‌കാരവും അന്താരാഷ്‌ട്ര ശ്രദ്ധയും ലഭിച്ചിട്ടും അസാമീസ്‌ സിനിമകളുടെ ഭാഗമായിത്തന്നെ തുടരുന്നതിന്‌ കാരണമെന്തെന്ന ചോദ്യത്തിന്‌ സംവിധായികയുടെ മറുപടി ഇതായിരുന്നു:ന ``അങ്ങനെ പറയാന്‍ സാധിക്കില്ല. തിരക്കഥയെഴുതുമ്പോള്‍ സ്വാഭാവികമായും എന്റെ മനസ്സിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയിലേ എനിക്ക്‌ സിനിമ ചെയ്യാന്‍ സാധിക്കൂ. ഇതുവരെയും അത്‌ അസമിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു. 

ഇതേ കഥാപാത്രങ്ങളെയും സംഭവങ്ങളെയും മറ്റൊരു നാടിന്റെ പശ്ചാത്തലത്തില്‍, ഒരുപക്ഷേ ഹിന്ദി പോലൊരു ഭാഷയില്‍ പറയാന്‍ സാധിക്കുമോയെന്ന്‌ എനിക്ക്‌ ഉറപ്പില്ല. അതിനുള്ള ആത്മവിശ്വാസവുമായിട്ടില്ല. പ്രാദേശിക സിനിമകളെ പിന്തുണയ്‌ക്കുകയെന്നതിലുപരി എന്റെ സര്‍ഗാത്മക സ്വാതന്ത്ര്യം അതേപടി പ്രയോഗിക്കാന്‍ അനുയോജ്യമായ ഇതിവൃത്തം ഞാന്‍ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളു''.

ജി. അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്‌ണന്റെയും നാടെന്നാണ്‌ അവര്‍ കേരളത്തെ വിശേഷിപ്പിച്ചത്‌. മതിലുകളും അനന്തരവും ചിദംബരവും പോലെ തന്നെ വിസ്‌മയിപ്പിച്ച ചിത്രങ്ങള്‍ കുറവാണ്‌. ഇനിയുമേറെ നല്ല ചിത്രങ്ങളുമായി മടങ്ങിവരാന്‍ പ്രചോദനം നല്‍കുന്ന സിനിമാന്തരീക്ഷമാണ്‌ ഐ.എഫ്‌.എഫ്‌.കെ പോലുള്ള വേദികള്‍ നല്‍കുന്നതെന്ന്‌ സാന്ത്വന പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക