Image

സൗദിയിലും കറന്‍സി പരിഷ്‌കരണം: ചൊവ്വാഴ്ച മുതല്‍ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍

Published on 16 December, 2016
സൗദിയിലും കറന്‍സി പരിഷ്‌കരണം: ചൊവ്വാഴ്ച മുതല്‍ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍
റിയാദ്: സൗദി റിയാലിന്റെ ആറാമത് പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ കറന്‍സികളും നാണയങ്ങളും ബാങ്ക് വഴി വിതരണം ചെയ്തു തുടങ്ങി. ചൊവ്വാഴ്ച ഔദ്യോഗികമായി പുറത്തിറങ്ങിയ കറന്‍സിയുടേയും നാണയങ്ങളുടേയും പതിപ്പുകള്‍ തിങ്കളാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവ് ഔദ്യോഗികമായി ഏറ്റുവാങ്ങിയിരുന്നു. 

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ ചിത്രം ആലേഖനം ചെയ്തതാണ് പുതിയ നോട്ടുകള്‍. ഏറ്റവും മികച്ച സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പുതിയ നോട്ടുകള്‍ രാജ്യത്ത് പുറത്തിറക്കുന്നതെന്നും ഇതുമൂലം വിപണിയിലോ സാധാരണ ജനങ്ങളുടെ ജീവിതത്തിനോ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ജദ്ആന്‍ പറഞ്ഞു. 

സൗദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് 1961 ജൂണ്‍ 14 നാണ് ആദ്യമായി നോട്ട് പരിഷ്‌കരണം രാജ്യത്ത് നടപ്പാക്കിയത്. 1,5,10,50,100 റിയാലിന്റെ നോട്ടുകളാണ് അന്ന് പരിഷ്‌കരിച്ചിരുന്നത്. കറന്‍സികളുടെ രണ്ടാം പതിപ്പ് ഫൈസല്‍ രാജാവിന്റെ കാലത്ത് പുറത്തിറക്കി. പിന്നീട് 1971 ജൂണ്‍ 24 ന് ആദ്യ പതിപ്പുകള്‍ പിന്‍വലിച്ചു. 1976 സെപ്റ്റംബര്‍ 9 ന് ഖാലിദ് രാജാവ് മൂന്നാം പതിപ്പ് പുറത്തിറക്കി. പിന്നീട് ഫഹദ് രാജാവ് 1984 ല്‍ നാലാം പതിപ്പ് പ്രഖ്യാപിച്ചു. അന്നാണ് 500 റിയാലിന്റെ ഒറ്റ നോട്ട് ആദ്യമായി പുറത്തിറങ്ങിയത്. അഞ്ചാം പതിപ്പ് അബ്ദുള്ള രാജാവിെന്റ ഭരണകാലത്തായിരുന്നു പുറത്തിറക്കിയത്. ഘട്ടംഘട്ടമായി പുതിയ നോട്ടുകള്‍ പുറത്തിറക്കിയപ്പോഴും ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നോക്കാന്‍ സര്‍ക്കാര്‍ എല്ലാം മുന്‍കരുതലുകളുമെടുത്തിരുന്നു. 

അതിനിടെ പുറത്തിറങ്ങിയ 200 റിയാലിന്റെ നോട്ടുകള്‍ ഏറെ താമസിയാതെ പിന്‍വലിച്ചെങ്കിലും ഇപ്പോഴും വിപണിയില്‍ ഈ നോട്ടുകള്‍ സ്വീകരിക്കപ്പെടുന്നുണ്ട്. ഒരു തവണ ഇത് ബാങ്കുകളിലെത്തിയാല്‍ പിന്നീട് പുറത്ത് വിടുന്നില്ല. 

പുതിയ കറന്‍സികള്‍ പുറത്തിറക്കിയെങ്കിലും പഴയ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെയില്ല. പുതുതായി ആയിരം റിയാല്‍ നോട്ടുകള്‍ പുറത്തുറക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പുതിയ കറന്‍സികളില്‍ ആയിരം റിയാല്‍ നോട്ടുകളില്ല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക