Image

നവയുഗവും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി.

Published on 18 December, 2016
നവയുഗവും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ ദീര്‍ഘകാലമായി കഴിയേണ്ടി വന്ന രണ്ടു വീട്ടുജോലിക്കാരികള്‍, നവയുഗം സാംസ്‌കാരികവേദിയും ഇന്ത്യന്‍ എംബസ്സിയും കൂട്ടായി നടത്തിയ പരിശ്രമത്തിനൊടുവില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനികളായ ജയമ്മയും, സുമതിയുമാണ് സുമനസ്സുകളുടെ സഹായത്തോടെ പ്രവാസത്തിന്റെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്.

ജയമ്മ ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ ജോലിയ്‌ക്കെത്തിയത്. എന്നാല്‍ ആ വീട്ടിലെ ജോലിസാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. രാവും പകലും അതികഠിനമായി ജോലി ചെയ്യിച്ചതിനു പുറമെ, നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കും, ദേഹോപദ്രവവും ചെയ്യുമായിരുന്നു. രണ്ടു മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കൊടുത്തില്ല. ഒടുവില്‍ ദേഹോപദ്രവം സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍, ജയമ്മ ആരും കാണാതെ വീട് വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ് ഡെസ്‌ക്കില്‍ എത്തി പരാതി പറഞ്ഞു. എംബസ്സി വോളന്റിയര്‍മാര്‍, സൗദി പോലീസിന്റെ സഹായത്തോടെ അവരെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ജയമ്മയുടെ കേസ് ഏറ്റെടുക്കുകയും, ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം ജയമ്മയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തനിയ്ക്ക് നഷ്ടപരിഹാരം കിട്ടാതെ ജയമ്മയ്ക്ക് എക്‌സിറ്റ് നല്‍കില്ലെന്ന നിലപാടിലായിരുന്ന സ്‌പോണ്‍സര്‍, ജയമ്മയ്‌ക്കെതിരെ ലേബര്‍ കോടതിയില്‍ കേസും നല്‍കി. ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍, ജയമ്മയ്ക്ക് നാലു മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.

കേസ് അനന്തമായി നീളുമെന്ന് മനസ്സിലായപ്പോള്‍, മഞ്ജു മണിക്കുട്ടന്‍ വനിത അഭയകേന്ദ്രത്തിലെ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ജയമ്മയുടെ സ്‌പോണ്‍സറെ വീണ്ടും ചര്‍ച്ചകള്‍ക്ക് വിളിച്ചു. എത്ര കാലം കഴിഞ്ഞാലും, നഷ്ടപരിഹാരം നല്‍കാന്‍ ജയമ്മയ്ക്ക് കഴിയില്ലെന്നും, ജയമ്മ നാട്ടിലേയ്ക്ക് തിരികെ പോകാതെ പുതിയ ജോലിക്കാരിയെ കൊണ്ടുവരാന്‍ ഹൗസ്‌മൈഡ് വിസ കിട്ടില്ലെന്നും അവര്‍ സ്‌പോണ്‍സറെ പറഞ്ഞു മനസ്സിലാക്കി. ഒടുവില്‍ സ്‌പോണ്‍സര്‍ മനസ്സ് മാറ്റുകയും, ജയമ്മയ്ക്ക് എതിരെയുള്ള കേസ് പിന്‍വലിച്ച് എക്‌സിറ്റ് നല്‍കുകയും ചെയ്തു.

സുമതി അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഖഫ്ജിയില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. രണ്ടു മാസം അവിടെ ജോലി ചെയ്തു. നട്ടെല്ലൊടിയ്ക്കുന്ന കഠിനമായ ജോലിഭാരവും, മാനസികപീഡനവും, ദേഹോപദ്രവവും, ശമ്പളം തരാതിരിക്കലും ഒക്കെയായപ്പോള്‍ അവര്‍ ആ വീട് വിട്ടോടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. മൂന്നു മാസം സുമതിയ്ക്ക് അവിടെ കഴിയേണ്ടി വന്നു.

അവിടെ വച്ച് മഞ്ജു മണിക്കുട്ടനെ പരിചയപ്പെട്ട സുമതി നാട്ടിലേയ്ക്ക് തിരികെ പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. വിശദമായ അന്വേഷണത്തില്‍ സ്‌പോണ്‍സര്‍ സുമതിയെ ഹുറൂബാക്കി എന്ന് മനസ്സിലാക്കിയ മഞ്ജു, ഇന്ത്യന്‍ എംബസ്സി വഴി സുമതിയ്ക്ക് ഔട്ട്പാസ്സ് എടുക്കുകയും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, അഞ്ചുമാന്‍ എഞ്ചിനീറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ സൗദി ഘടകം മഞ്ജു ഉണ്ണിയ്ക്ക് വിമാനടിക്കറ്റ് നല്‍കി. നവയുഗം കൊദറിയ യൂണിറ്റ് കമ്മിറ്റി ഇരുവര്‍ക്കും നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ബാഗുകളും, വസ്ത്രങ്ങളും, സമ്മാനങ്ങളും നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജയമ്മയും, സുമതിയും നാട്ടിലേയ്ക്ക് മടങ്ങി.


നവയുഗവും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി.
ജയമ്മയും, സുമതിയും വനിതാഅഭയകേന്ദ്രം അധികാരികളില്‍ നിന്നും യാത്രരേഖകള്‍ ഏറ്റുവാങ്ങുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക