Image

ചലചിത്രമേളയില്‍ ആരവമായി ജയന്‍ ചെറിയാന്റെ 'ക ബോഡിസ്‌കേപ്‌സ്' (എ.എസ് ശ്രീകുമാര്‍)

Published on 16 December, 2016
ചലചിത്രമേളയില്‍ ആരവമായി ജയന്‍ ചെറിയാന്റെ 'ക ബോഡിസ്‌കേപ്‌സ്' (എ.എസ് ശ്രീകുമാര്‍)
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര സംവിധായകനും അമേരിക്കന്‍ മലയാളിയുമായ ജയന്‍ ചെറിയാന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ വിമര്‍ശന ചിത്രം 'ക ബോഡിസ്‌കേപ്‌സ്' 21-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആസ്വാദകരുടെയും നിരൂപകരുടെയും നിരീക്ഷകരുടെയും സജീവ ശ്രദ്ധയാകര്‍ഷിച്ചു. മനുഷ്യ വികാരത്തെ മുറിപ്പെടുത്തുന്നുവെന്നും അശ്ലീലം പ്രദര്‍ശിപ്പിക്കുന്നുവെന്നും അസഭ്യവും ജുഗുപ്‌സാവഹവുമെന്നൊക്കെ ഏകപക്ഷീയമായി വിധിയെഴുതി വ്യവസ്ഥാപിത താത്പര്യങ്ങളോട് ഒട്ടി നിന്നുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച ഈ ചിത്രം ഒടുവില്‍ സംവിധായകന്റെയും അസംഖ്യം സിനിമാ പ്രേമികളുടെയും സാമൂഹിക പ്രതിബദ്ധതയുള്ളവരുടെയും നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ ചലച്ചിത്ര മേളയുടെ വെള്ളിത്തിരയില്‍ എത്തുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരു ഇടക്കാല ഉത്തരവിലൂടെ കേരള ഹൈക്കോടതി അനുവദിച്ചപ്പോള്‍ കലയ്ക്കും കലാകാരനും ആത്മാവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിജയം ലഭിക്കുകയായിരുന്നുവെന്ന് ജയന്‍ ചെറിയാന്‍ ചലച്ചിത്രോത്സവ വേദിയില്‍ നിന്ന് ഇ-മലയാളിയോട് പറഞ്ഞു. 

തന്റെ ആദ്യ സിനിമയായ 'പാപ്പിലിയോ ബുദ്ധ'യും സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ശക്തമായ രാഷ്ട്രീയം പ്രമേയമാക്കിയ 'ക ബോഡിസ്‌കേപ്‌സ്' ചലച്ചിത്ര പ്രേമികള്‍ കാണാന്‍ ഏറെ ആഗ്രഹിച്ച സിനിമയാണ്. മേളയില്‍ ഈ ചിത്രം കാണാനെത്തിയവരുടെ വന്‍ തിരക്കു തന്നെ 'ക ബോഡിസ്‌കേപ്‌സ്' ചര്‍ച്ച ചെയ്യുന്ന ഗൗരവതരമായ വിഷയത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ഇന്ത്യന്‍ പൊതു സമൂഹം പൊതുവേ പുച്ഛിച്ചു മാറ്റി നിര്‍ത്തുന്ന, അല്ലെങ്കില്‍ ശാസിച്ച് അവഗണിക്കുന്ന സ്വവര്‍ഗാനുരാഗത്തിന്റെ കെട്ടുപാടുകളെ കുറിച്ച് ആഴത്തില്‍ സ്പര്‍ശിക്കുന്ന ചിത്രം മലയാളിയുടെ കപട സദാചാരത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടി കൂടിയാണ്. സെന്‍സര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരുമായുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യ യുദ്ധത്തിനൊടുവില്‍ സിനിമ പ്രദര്‍ശിക്കപ്പെട്ടപ്പോള്‍ അതിന്റെ രചയിതാവും സംവിധായകനും നിര്‍മാതാവുമായ ജയന്‍ ചെറിയാന്‍ പറഞ്ഞത് ഇപ്രകാരമാണ്...

''സിനിമ ജനമനസ്സുകളിലെത്തിക്കുന്ന രാഷ്ട്രീയത്തെ അമ്പേ പേടിക്കുന്ന സങ്കുചിത നിലപാടുകാരും വ്യവസ്ഥാപിത താത്പര്യത്തിന്റെ ജീര്‍ണ വക്താക്കളും ഇനിയും ആക്രോശപ്രകടനങ്ങളും വെല്ലുവിളികളുമായി രംഗത്ത് അവതരിക്കുമെന്ന് നല്ല ബോധ്യമുണ്ട്. വിലയില്ലാത്ത അത്തരം ഭീഷണികളുടെ പേരില്‍ കലാപ്രവര്‍ത്തനം നിര്‍ത്താന്‍ ഞാന്‍ ഒരുക്കമല്ല. മതവും ദേശീയതയും ചേര്‍ന്ന് കലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഐ.എഫ്.എഫ്.കെ പോലുള്ള കലാ-സാംസ്‌കാരിക കൂട്ടായ്മകള്‍ തുറന്നിടുന്ന പ്രതിരോധത്തിന്റെ വാതിലുകള്‍ ഒരു ആശ്വാസമാണ്....''

സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന അനേകം സിനിമകള്‍ ലോക രാജ്യങ്ങളില്‍ എല്ലാം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലിതാദ്യമായിട്ടാണ് ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ മുന്നേറ്റത്തിന്റെ (LGBT movement) സജീവ പങ്കാളിത്തത്തോടുകൂടി ഒരു സിനിമ നിര്‍മിക്കപ്പെടുന്നത് സ്വവര്‍ഗാനുരാഗികളായ ഹാരിസ്, വിഷ്ണു എന്നിവരുടെയും അവരുടെ പെണ്‍ സുഹൃത്ത് സിയയുടെയും സംഘര്‍ഷഭരിതമായ സമകാലിക ജീവിതത്തിന്റെ ഫ്രെയിമുകളാണ് 'ക ബോഡിസ്‌കേപ്‌സ്' അനാവരണം ചെയ്യുന്നത്. കോഴിക്കോടാണ് കഥയുടെ പശ്ചാത്തലം. ഇതില്‍ ഹാരിസ് മികച്ച ചിത്രകാരനാണ്. ഇയാള്‍ പുരോഗമനവാദിയും മുസ്ലീം സമുദായത്തില്‍പ്പെട്ടയാളുമാണ്. അതിനാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് ഹാരിസ് ജീവിക്കുന്നത്. തന്റെ ആദ്യ ചിത്ര പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് അയാള്‍. സ്വവര്‍ഗ പ്രണയമാണ് തീം. ഹാരിസിന്റെ ചിത്രങ്ങള്‍ക്ക് മോഡലാവുന്നത് കബഡികളിക്കാരനായ വിഷ്ണുവാണ്. വിഷ്ണു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലെ അംഗമാണ്. ഈ യുവാവിന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പാടേ വിലങ്ങിട്ടിരിക്കുകയാണ് ബന്ധുക്കളെങ്കിലും മതാന്ധതയയുടെ ചങ്ങല പൊട്ടിച്ച് വിഷ്ണു ഹാരിസിനൊപ്പം  ചെറിയൊരു വാടക അപ്പാര്‍ട്ടുമെന്റില്‍ താമസം ആരംഭിച്ചു.

മുസ്ലീം സമുദായത്തില്‍ പെട്ട സിയ ഒരു എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ മുന്‍നിര ജോലിക്കാരിയാണ്. സ്ത്രീ വിദ്വേഷത്തിന്റെ പേരില്‍ വീട്ടിലും ജോലി സ്ഥലത്തും സിയ ഏറെ മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നു. ജോലിസ്ഥലത്തെ അവഹേളനപരവും ഭീകരവുമായ നിയന്ത്രണങ്ങളേയും മനുഷ്യത്വരാഹിത്യത്തെയും ചോദ്യം ചെയ്യുന്ന സിയ സമൂഹത്തിലെ പുരുഷ മേധാവിത്വത്തിനെതിരെയും സ്ത്രീ പീഡനത്തിനെതിരെയും ധീര ശബ്ദമുയര്‍ത്തുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഹാരിസും വിഷ്ണുവും സിയയും തങ്ങളുടേതായ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് സ്വതന്ത്രമായി ജീവിക്കുവാന്‍ മോഹിക്കുമ്പോഴും അവര്‍, മതവും ജാതിയും രാഷ്ട്രീയവുമൊക്കെ കൈകോര്‍ത്തു പടച്ചുണ്ടാക്കിയ മുതലാളിത്ത വേട്ടയാടലിന് ഇരയാകുന്നുവെന്നാണ് ജയന്‍ ചെറിയാന്‍ പറഞ്ഞുവയ്ക്കുന്നത്, അഥവാ ചിത്രീകരിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നത്. 

സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍, സദാചാര പോലീസിങ്, സ്ത്രീപുരുഷ ബന്ധം, ഹോമോഫോബിയ, നില്പു സമരം, ചുംബന സമരം, ജോലിസ്ഥലത്ത് സ്ത്രീകളുടെ ഉടുതുണി അഴിച്ചുള്ള സാനിറ്ററി നാപ്കിന്‍ പരിശോധന തുടങ്ങി സമൂഹത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ വിവാദ വിസ്‌ഫോടനം സൃഷ്ടിച്ചതും വര്‍ത്തമാന കാലത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗുരുതരമായ വിഷയങ്ങള്‍ ജയന്‍ ചെറിയാന്‍ തന്റെ ചിത്രത്തില്‍ ആര്‍ജവത്തോടെയും അമര്‍ഷത്തോടെയും പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ ജിജോ കുര്യാക്കോസ്, താന്‍സി ബാനു, കിഷോര്‍ കുമാര്‍ ദീപ വാസുദേവന്‍, ജോളി ചിറയത്ത്, ദീദി ദാമോദരന്‍, ബിന്ദു കല്ല്യാണി തുടങ്ങിയവരെല്ലാം സാമൂഹിക, മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന കരുത്തരായതു കൊണ്ട് അവരെല്ലാം പല ഘട്ടങ്ങളില്‍ പകലിരവുകളില്‍ നേരിടേണ്ടി വന്ന സമ്മിശ്രമായ അനുഭവങ്ങളും 'ക ബോഡിസ്‌കേപ്‌സി'ല്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

മാനുഷികമല്ലാത്ത, ജനകീയ മുഖമില്ലാത്ത ഹിന്ദുത്വ അജണ്ടകളെ സിനിമ ചോദ്യം ചെയ്യുന്നുണ്ട്. 'ക ബോഡിസ്‌കേപ്‌സ്' മതയാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്നു. അതുകൊണ്ട് ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ മനഃപൂര്‍വമായ പരാതികള്‍ നല്‍കിയിരുന്നു. തന്മൂലമാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതെന്ന് നിശ്ചയം. സങ്കുചിതത്വങ്ങള്‍ക്കെതിരെ വാളോങ്ങിയ ചിത്രം തന്നെയാണ് ജയന്‍ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജയന്‍ ചെറിയാന്‍ ഹണ്ടര്‍ കോളേജില്‍ നിന്ന് ഫിലിം മേക്കിങ്ങിലും ക്രിയേറ്റീവ് റൈറ്റിംഗിലും ബി.എയും ന്യൂയോര്‍ക്ക് സിറ്റി കോളേജില്‍ നിന്ന് ഫിലിം മേക്കിങ്ങില്‍ എം.എഫ്.എയും കരസ്ഥമാക്കിയിട്ടുണ്ട്. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള, ഡര്‍ബന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള, ബി.എഫ്.ഐ ലണ്ടന്‍ ലെസ്ബിയന്‍ ഗേ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളില്‍ ജയന്‍ ചെറിയാന്റെ വ്യത്യസ്തതയാര്‍ന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാപ്പിലിയോ ബുദ്ധയിലൂടെ 2013ലെ കേരള സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സ്‌പെഷന്‍ ജൂറി അവാര്‍ഡ്, അതേ വര്‍ഷം തന്നെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

'ഷെയ്പ് ഓഫ് ഷെയ്പ്‌ലെസ്സ്' ഉള്‍പ്പെടെ പത്തിലധികം ശ്രദ്ധേയമായ ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായുണ്ട്. 'ആയോധനത്തിന്റെ അച്ചുതണ്ട്' തുടങ്ങി നാലോളം മലയാള കവിതാസമാഹാരങ്ങളു ം ജയന്‍ ചെറിയാന്റെ സര്‍ഗസപര്യയ്ക്ക് ഈടുറ്റ തെളിമയേകുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി ബഹുമതികളും അംഗീകാരങ്ങളും ജയന്‍ ചെറിയാന്റെ കവിതകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ വിഖ്യാതനായ എം.ജെ രാധാകൃഷ്ണനാണ് 'ക ബോഡിസ്‌കേപ്‌സി'ന്റെ ഛായാഗ്രാഹകന്‍. നിരവധി സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ക ബോഡിസ്‌കേപ്‌സി'ല്‍ ഹാരിസിന്റേതായി കാണിക്കുന്ന പെയിന്റിംഗുകള്‍ എം.എം. മഞ്ചേഷ് എന്ന കലാകാരന്റെ മൗലിക സൃഷ്ടികളാണ്. മനുഷ്യശരീരത്തിന്റെയും ആന്തരികമായ ആഗ്രഹങ്ങളുടെയും പ്രതിഫലനങ്ങളാണ് മഞ്ചേഷിന്റെ ഭാവപൂര്‍ണിയും അര്‍ത്ഥവ്യാപ്തിയുമുള്ള ചിത്രങ്ങള്‍.

സിനിമയില്‍ ഹാരിസിനെ അവതരിപ്പിച്ച ജേസണ്‍ ചാക്കോ സിനിമ, നാടക നടനാണ്. മുംബൈ ഫിലിം സിറ്റിയിലെ വിസിലിങ് വുഡ്‌സ് ഇന്റര്‍നാഷണലില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ 'മണ്‍ട്രോ തുരുത്ത്' എന്ന മലയാള ചിത്രത്തിലും മ്യൂസിക് വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ റോള്‍ ചെയ്ത രാജേഷ് കണ്ണന്‍ ബോഡി ബില്‍ഡറാണ്. കൊച്ചിയിലെ ഗോള്‍ഡ്‌സ് ജിമ്മില്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്നു. സിയയെ അവതരിപ്പിച്ച നസീറ ജേണലിസ്റ്റും കോഴിക്കോട് കേന്ദ്രമാക്കിയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്. മീഡിയ വണ്‍, പ്രസ് 4, മാതൃഭൂമി ബുക്ക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

ലെസ്ബിയന്‍, ഗേ, ബൈസെഷ്വവല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസ്ഥാനത്തിന്റെ കരുത്തും ട്രാന്‍സ് ജെന്‍ഡറുമായ ശ്യാം ശീതള്‍ ജീവിതത്തിലെ യഥാര്‍ത്ഥ റോള്‍  തന്നെയാണ് 'ക ബോഡിസ്‌കേപ്‌സി'ല്‍ ചെയ്തിരിക്കുന്നത്. ലൈംഗിക തൊഴിലാളി സംഘടന പ്രവര്‍ത്തകയായ നളിനി ജമീല, ചുംബന സമരത്തിലൂടെ മലയാളികളുടെ സദാചാര കല്പനകളെ ഉഴുതുമറിച്ച അരുന്ധതി, മുതിര്‍ന്ന നടി നിലമ്പൂര്‍ ആയിഷ, 2012ലെ ചലച്ചിത്ര പുരസ്‌കാരത്തില്‍ പാപ്പിലിയോ ബുദ്ധയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായ സരിത കുക്കു തുടങ്ങി 35ലധികം പേര്‍, കേരളത്തില്‍ സാംസ്‌കാരിക മാന്യന്മാരില്‍ ഞെട്ടലുളവാക്കിയ 'ക ബോഡിസ്‌കേപ്‌സി'ല്‍ ചെറുതും വലുതുമായ വേഷമിടുന്നുണ്ട്.

ചലചിത്രമേളയില്‍ ആരവമായി ജയന്‍ ചെറിയാന്റെ 'ക ബോഡിസ്‌കേപ്‌സ്' (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക