Image

ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മയുടെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി

Published on 20 December, 2016
ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മയുടെ നിര്യാണത്തില്‍ നവയുഗം  അനുശോചനം രേഖപ്പെടുത്തി

ദമ്മാം: സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച ശ്രീ ജഗന്നാഥവര്‍മ്മയുടെ നിര്യാണത്തില്‍ നവയുഗം നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ചുമതലകള്‍ക്കിടയിലും, കലയിലും, അഭിനയ രംഗത്തുമുള്ള തന്റെ പ്രതിഭ പ്രകടിപ്പിയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1978ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ, മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമായിരുന്നു. ന്യൂഡല്‍ഹി, തന്ത്രം, ലേലം, ആറാം തമ്പുരാന്‍, പത്രം, സുഖമോ ദേവീ, നക്ഷത്രങ്ങളേ സാക്ഷി എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം, ഇരുന്നൂറോളം ചിത്രങ്ങളിലും, നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

ഒരു സിനിമാതാരം എന്നതിന് ഉപരിയായി, കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ മികച്ച കലാകാരനുമായിരുന്നു ജഗന്നാഥവര്‍മ്മ. പതിനാലാം വയസ്സില്‍, കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ, കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. പ്രായവും, ആരോഗ്യവും ഒന്നും അദ്ദേഹത്തിന്റെ കലയോടുള്ള തൃഷ്ണയെ കെടുത്തിയില്ല. പോലീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം, ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ എഴുപത്തിനാലാമത്തെ വയസ്സില്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുകയും, നിരവധി ക്ഷേത്രഉത്സവങ്ങളില്‍ മേളക്കൊഴുപ്പ് പകരുകയും ചെയ്തു.

ആ അതുല്യകലാകാരന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ രേഖപ്പെടുത്തുകയും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും, കലാസ്‌നേഹികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതായി നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന പ്രസ്താവനയില്‍ പറഞ്ഞു.
ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മയുടെ നിര്യാണത്തില്‍ നവയുഗം  അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക