Image

ജീവിതം തളര്‍ത്തിയ നിസാറിന് ചികിത്സസഹായവുമായി നവയുഗം

Published on 23 December, 2016
ജീവിതം തളര്‍ത്തിയ നിസാറിന് ചികിത്സസഹായവുമായി നവയുഗം
അല്‍ഹസ്സ:  വിധിയുടെ ക്രൂരത, രോഗത്തിന്റെ രൂപത്തില്‍ വേട്ടയാടിയ നിസാറിന്,  നവയുഗം സാംസ്‌കാരികവേദി ചികിത്സസഹായം കൈമാറി.

തലശ്ശേരി സ്വദേശിയായ നിസാറുദ്ദീന്‍ അഞ്ചു വര്‍ഷത്തിലധികമായി സൗദി അറേബ്യയിലെ  അല്‍ഹസ്സയില്‍ പ്രവാസിയാണ്. സ്വന്തന്ത്രമായി പ്ലംബറുടെ ജോലി ചെയ്തു കഴിഞ്ഞിരുന്ന നിസാറുദ്ദീന്‍, നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള റഷദിയ യൂണിറ്റ് കമ്മിറ്റിയുടെ ട്രഷറര്‍ എന്ന നിലയില്‍ സാമൂഹികരംഗത്തും സജീവമായിരുന്നു.

രോഗം  നിസാറിന്റെ ജീവിതത്തില്‍ ആദ്യമായി കരിനിഴല്‍ വീഴ്ത്തിയത്, പെട്ടെന്നുണ്ടാകുന്ന അസഹ്യമായ നടുവേദനയുടെ രൂപത്തിലാണ്. ചെറിയ ചികിത്സകള്‍ കൊണ്ട് താത്ക്കാലിക ശമനം ഉണ്ടാക്കി, നിസാര്‍ ജീവിതം മുന്നോട്ടു കൊണ്ട് പോയെങ്കിലും, ഒരു ദിവസം പെട്ടെന്ന് കടുത്ത വേദന വരികയും, അരകെട്ട് മുതല്‍ താഴോട്ട് മരവിയ്ക്കുകയും, ഇരുകാലുകളും തളര്‍ന്നു പോകുകയും ചെയ്തു.

നവയുഗം പ്രവര്‍ത്തകര്‍ ഉടനെ നിസാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതിനാല്‍ നാട്ടിലേയ്ക്ക് കയറ്റി അയയ്ക്കുകയാണ് നല്ലത് എന്നായിരുന്നു ഡോക്റ്റര്‍മാര്‍ വിധിയെഴുതിയത്. തുടര്‍ന്ന് നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി രക്ഷാധികാരി ഹുസൈന്‍ കുന്നിക്കോടിന്റെ നേതൃത്വത്തില്‍, നിസാറിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകുകയും, കൊണ്ടോട്ടി ആയൂര്‍വേദ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന നിസാറിന്റെ തുടര്‍ചികിത്സക്കായി സഹായം കൈമാറാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, നവയുഗം പ്രവര്‍ത്തകര്‍ ഫണ്ട് സ്വരൂപിയ്ക്കുകയായിരുന്നു.

നിസാര്‍ ചികിത്സ സഹായഫണ്ട്, റഷദിയ യൂണിറ്റ് ഓഫിസില്‍ കൂടിയ യോഗത്തില്‍ വെച്ച്, നവയുഗം ശോബ യൂണിറ്റ് സെക്രട്ടറി ഉണ്ണി ഓച്ചിറ, നിസാറിന്റെ കുടുംബത്തിനെ ഏല്‍പ്പിയ്ക്കാനായി,  നവയുഗം മേഖലകമ്മിറ്റി രക്ഷാധികാരി ഹുസൈന്‍ കുന്നിക്കോടിന് കൈമാറി.

ചടങ്ങിന്  നവയുഗം അല്‍ഹസ്സമേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട്, മേഖല ഭാരവാഹികളായ ഷമ്മില്‍ നെല്ലിക്കോട്, അബ്ദുല്‍ കലാം, ബിജു മലയടി, ഉഷ ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 

ജീവിതം തളര്‍ത്തിയ നിസാറിന് ചികിത്സസഹായവുമായി നവയുഗം
ഹുസൈന്‍ കുന്നിക്കോടിന് (ഇടത്) ഉണ്ണി ഓച്ചിറ, നിസാര്‍ ചികിത്സ സഹായഫണ്ട് കൈമാറുന്നു. ഉഷ ഉണ്ണി, ഇ.എസ്.റഹിം, ഷമ്മില്‍ നെല്ലിക്കോട്, അബ്ദുല്‍ കലാം, ബിജു മലയടി എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക