Image

സ്‌പോണ്‍സറുടെ മര്‍ദ്ദനമേറ്റ് വഴിയാധാരമായ ഹൌസ്‌ഡ്രൈവര്‍ക്ക് നവയുഗം തുണയായി

Published on 26 December, 2016
സ്‌പോണ്‍സറുടെ മര്‍ദ്ദനമേറ്റ് വഴിയാധാരമായ ഹൌസ്‌ഡ്രൈവര്‍ക്ക് നവയുഗം തുണയായി
അല്‍കോബാര്‍: കിട്ടാനുള്ള ശമ്പളം ചോദിച്ചതിന് സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ, ലേബര്‍ കോടതി വഴി നാട്ടിലേയ്ക്ക് മടങ്ങാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി.

തമിഴ്!നാട് നാഗപട്ടണം തിരുച്ചിറപ്പള്ളി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് അല്‍ കോബാര്‍ അസീസിയയില്‍ ഉള്ള ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തുന്നത്. നാട്ടില്‍ തിരുച്ചിറപ്പള്ളി കടപ്പുറത്ത്, വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും, മൂന്നു പെണ്‍കുട്ടികളും, ഒരു മകനുമടങ്ങുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഏകഅത്താണിയായിരുന്നു അബ്ദുള്‍ റഹ്മാന്‍. പ്രവാസജീവിതം കൊണ്ട് തന്റെ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയോടെയാണ് അയാള്‍ സൗദിയില്‍ ജോലിയ്‌ക്കെത്തിയത്.

എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ക്കുന്ന മോശം അനുഭവങ്ങളാണ് അബ്ദുള്‍ റഹ്മാന് ആ വീട്ടില്‍ നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. പല ദിവസങ്ങളിലും ഇരുപതു മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും ജോലിഭാരം കാരണം ആഹാരം കഴിയ്ക്കാനോ, ശരിയ്ക്കും ഉറങ്ങാനോ പോലും കഴിഞ്ഞില്ല. അതിനാല്‍ അയാളുടെ ആരോഗ്യവും നാള്‍ക്കുനാള്‍ ക്ഷയിച്ചു. ഏഴു മാസം ജോലി ചെയ്തിട്ടും നാലു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. കുടിശ്ശിക ശമ്പളവും, ദിവസവും ആവശ്യത്തിന് വിശ്രമവും തരണമെന്ന് സ്‌പോണ്‍സറോട് അബ്ദുള്‍ റഹ്മാന്‍ കരഞ്ഞു പറഞ്ഞെങ്കിലും, ഫലമുണ്ടായില്ല.

ഒരു ദിവസം ആഹാരം കഴിയ്ക്കാന്‍ പോകുന്ന നേരത്ത് സ്‌പോണ്‍സര്‍ അബ്ദുള്‍ റഹ്മാനോട് വണ്ടിയെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഹാരം കഴിഞ്ഞിട്ടേ ജോലി ചെയ്യുന്നുള്ളൂ എന്ന് അബ്!ദുള്‍ റഹ്മാന്‍ ഉറപ്പിച്ചു പറഞ്ഞു. കുപിതനായ സ്‌പോണ്‍സറും, കൂട്ടാളിയും കൂടി അബ്ദുള്‍ റഹ്മാനെ മര്‍ദ്ദിച്ച്, വീട്ടിന് വെളിയില്‍ തള്ളി.

വെറും കൈയോടെ റോഡില്‍ ഇറങ്ങേണ്ടി വന്ന അബ്ദുള്‍ റഹ്മാന്റെ അവസ്ഥയില്‍ ദയ തോന്നിയ ഒരു ടാക്‌സി ഡ്രൈവര്‍, അയാളെ ദമ്മാം ലേബര്‍ കോടതിയില്‍ കൊണ്ടുപോയി വിട്ടു. എന്നാല്‍ പരാതി കൊടുക്കാന്‍ പേപ്പര്‍ വാങ്ങാന്‍ പോലും കൈയ്യില്‍ പൈസയില്ലാതെ നിരാശ്രയനായ അബ്ദുള്‍ റഹ്മാന്‍ എന്ത് ചെയ്യണമെന്നറിയാതെ കോടതി പരിസരത്ത് അലഞ്ഞു നടന്നു.

മറ്റൊരു കേസിന്റെ കാര്യങ്ങള്‍ക്കായി ദമ്മാം ലേബര്‍ കോടതിയില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെ ശ്രദ്ധയില്‍പെട്ടതാണ് അബ്ദുള്‍ റഹ്മാന് രക്ഷയായത്. കോടതി പരിസരത്ത് കരഞ്ഞു കൊണ്ട് നിന്ന അബ്ദുള്‍ റഹ്മാനോട് ഷിബുകുമാര്‍ കാര്യങ്ങള്‍ തിരക്കി മനസ്സിലാക്കി. തുടര്‍ന്ന് ഷിബുകുമാറിന്റെ സഹായത്തോടെ അബ്ദുള്‍ റഹ്മാന്‍ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

സാമൂഹ്യപ്രവര്‍ത്തനായ നാസ് വക്കത്തിന്റെ സഹായത്തോടെ, ഷിബുകുമാര്‍ അബ്ദുള്‍ റഹ്മാനെ കോബാര്‍ പോലീസ് സ്റ്റേഷനിലേക്കും, അവിടെ നിന്നും അസീസിയ പോലീസ് സ്റ്റേഷനിലേയ്ക്കും കൊണ്ടു പോയി, സ്‌പോണ്‍സറുടെ മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കി. അസീസിയ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യുകയും, അവരുടെ നിര്‍ദ്ദേശപ്രകാരം ഷിബുകുമാര്‍, അബ്ദുല്‍ റഹ്മാനെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

ലേബര്‍ കോടതിയില്‍ കേസ് വിളിച്ച ദിവസം ഷിബുകുമാര്‍ അബ്ദുല്‍ റഹ്മാനെ ഹാജരാക്കി, എല്ലാ രേഖകളും കൈമാറി. കോടതിയില്‍ എത്തിയ സ്‌പോണ്‍സറെ രൂക്ഷമായി വിമര്‍ശിച്ച കോടതി, അബ്ദുള്‍ റഹ്മാന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ എക്‌സിറ്റ് അടിച്ചു നല്‍കാന്‍ തയ്യാറായെങ്കിലും, കുടിശ്ശിക ശമ്പളം നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.

ദുരനുഭവങ്ങള്‍ കാരണം തനിയ്ക്ക് എങ്ങനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്ന മാനസികഅവസ്ഥയിലായിരുന്നു അബ്ദുള്‍ റഹ്മാന്‍. തുടര്‍ന്ന് അയാളുടെ അഭ്യര്‍ത്ഥനയനുസരിച്ച് സ്‌പോണ്‍സര്‍ കോടതിയില്‍ വെച്ച് അപ്പോള്‍ തന്നെ എക്‌സിറ്റ് അടിച്ചു, പാസ്‌പോര്‍ട്ട് നല്‍കി.

ഷിബുകുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ദമാം ബദര്‍ അല്‍ റാബി ആശുപത്രിയിലെ ഡോക്റ്ററായ ഡോ:ബിജു വര്‍ക്കി, അബ്ദുള്‍ റഹ്മാന് നാട്ടിലേയ്ക്ക് പോകാനുള്ള വിമാനടിക്കറ്റ് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാളെ അബ്ദുള്‍ റഹ്മാന്‍ നാട്ടിലേയ്ക്ക് മടങ്ങും.
സ്‌പോണ്‍സറുടെ മര്‍ദ്ദനമേറ്റ് വഴിയാധാരമായ ഹൌസ്‌ഡ്രൈവര്‍ക്ക് നവയുഗം തുണയായി
ഡോ:ബിജു വര്‍ക്കി, അബ്ദുള്‍ റഹ്മാന് യാത്രാരേഖകളും വിമാനടിക്കറ്റും കൈമാറുന്നു. ഷിബുകുമാര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക