Image

ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്‍റെ നാട്ടില്‍' (പുസ്തക അഭിപ്രായം: ജോസഫ് പടന്നമാക്കല്‍)

Published on 27 December, 2016
ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്‍റെ നാട്ടില്‍' (പുസ്തക അഭിപ്രായം: ജോസഫ് പടന്നമാക്കല്‍)
ഗ്രന്ഥകാരനായ ശ്രീ ജോര്‍ജ് നെടുവേലിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഏകദേശം രണ്ടാഴ്ചയോളം ഡാന്യൂബ് നദിയില്‍ക്കൂടി ബോട്ടു യാത്ര ചെയ്തിരുന്നു. അതിലെ വിവരങ്ങളും അതിനോടനുബന്ധിച്ച ഓര്‍മ്മക്കുറിപ്പുകളും 'ഡാന്യൂബിന്റെ നാട്ടിലെന്ന' പുസ്തകത്തില്‍ അദ്ദേഹം ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഓരോ പേജുകളും വായനക്കാരനെ നദിയില്‍ക്കൂടി യാത്രക്കാരനൊപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു. സാധാരണ യാത്രാ പുസ്തകങ്ങള്‍ വായിക്കാന്‍ താല്പര്യമുള്ള ഒരു വ്യക്തിയല്ല ഞാന്‍. യാത്രാവിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങളില്‍ കൂടുതലായും മുമ്പു കേട്ടിട്ടുള്ള അതേ പല്ലവികള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നതെന്നും തോന്നിപ്പോവാറുണ്ട്. എങ്കിലും കേരളത്തിന്റെ പൗരാണിക സഞ്ചാര സാഹിത്യകൃതിയായ പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ 'വര്‍ത്തമാനപുസ്തകം' എന്നെ ആകര്‍ഷിച്ച ഒരു കൃതിയാണ്. അതുപോലെ ശ്രീ ജോര്‍ജ് നെടുവേലിയുടെ ഇരുനൂറു പേജുകളടങ്ങിയ യാത്രാ വിവരണ ഗ്രന്ഥം സഞ്ചാരസാഹിത്യത്തിനുപരി നിശബ്തയില്‍ നിശ്ചലമായിരിക്കുന്ന ചരിത്രത്തിന്റെ കാഴ്ചപ്പാടായിതന്നെയാണ് എനിക്കനുഭവപ്പെട്ടത്.

മലയാളത്തില്‍ സാധാരണ രചിക്കപ്പെടുന്ന സഞ്ചാര കൃതികള്‍ കൂടുതലും പുണ്യസ്ഥലങ്ങളെ തേടിയുള്ളതായിരിക്കും. അത്തരം സാഹിത്യ കൃതികള്‍ക്ക് ദിവ്യത്വവും കല്പിക്കാറുണ്ട്. ദേവി ദേവന്മാരുടെ നാടോടി കഥകളോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളായ പലസ്തിന്‍, ജറുസലേം, ലൂര്‍ദ്, വത്തിക്കാന്‍, വേളാങ്കണ്ണി മാതാവ് എന്നിവടങ്ങളിലുള്ള അത്ഭുത കഥകളോ, വര്‍ണ്ണിക്കുന്ന സഞ്ചാരകൃതികളാണ് കൂടുതലായും ഗ്രന്ഥശേഖരങ്ങളിലുള്ളത്. ചെറുപ്രായം മുതല്‍ കേള്‍ക്കുന്ന അത്തരം കഥകള്‍ വായനക്കാരെ മുഷിപ്പിക്കുന്നുവെന്നുള്ള വസ്തുതകളും എഴുതുന്നവര്‍ മനസിലാക്കുന്നില്ല. ഭാരതത്തില്‍ തന്നെ നാം കണ്ണോടിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യം സാംസ്ക്കാരികതയിലും പൗരാണികതയിലും കലകളിലും ശില്‍പ്പ വൈഭവത്തിലും സമ്പന്നരെന്നു കാണാം. അതൊന്നും ഭൂരിഭാഗം ഒരു യാത്രികന്റെ കണ്ണില്‍പ്പെടാറില്ല.

ശ്രീ ജോര്‍ജ് നെടുവേലി എഴുതിയ ഈ പുസ്തകം വെറുമൊരു യാത്രാ വിവരണമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത അനേക സാമ്രാജ്യങ്ങളുടെ കഥകളാണ് ജോര്‍ജിന്റെ തൂലികയില്‍നിന്നും നെയ്‌തെടുത്ത മനോഹരമായ ഈ പുസ്തകം. അതിനുള്ളില്‍ പ്രേമമുണ്ട്, ചിരിയുണ്ട്, കണ്ണുനീരുണ്ട്. രക്തച്ചൊരിച്ചിലുകളും രക്തസാക്ഷികളുമുണ്ട്. വികാര വിചാര വീഥികളില്‍ക്കൂടി വായനക്കാര്‍ നിറുത്താതെ ഈ പുസ്തകം വായിച്ചുതീര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും രക്തപ്പുഴകളുടെയും കഥകള്‍ ഈ നദിയ്ക്ക് പറയാനുണ്ട്. ആ കഥകള്‍ മനസിനെയുണര്‍ത്തണമെങ്കില്‍ ജോര്‍ജിന്റെ ഹൃദ്യമായ മലയാളത്തില്‍ എഴുതിയ ഈ പുസ്തകം സഹായകമാകും. പുസ്തകം വായിച്ചുകഴിയുമ്പോള്‍ നമ്മുടെ വിജ്ഞാനത്തിന്റെ പരിധി എത്രമാത്രമെന്നും മനസിലാക്കാന്‍ സാധിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തയാറാക്കിയ ഒരു ഗവേഷണ ഗ്രന്ഥമാണിത്. ഇതിലെ ഉള്ളടക്കത്തിലുള്ള വിഷയങ്ങള്‍ പലതും സ്കൂളില്‍ പഠിക്കാന്‍ സാധിച്ചെന്നു വരില്ല. ഒരു പണ്ഡിതന്റെ വൈദഗ്ദ്ധ്യത്തോടെ ഗഹനമായി പഠിച്ചശേഷമാണ് ശ്രീ ജോര്‍ജ് ഈ പുസ്തകം തയാറാക്കിയത്. ഇത് വെറും യാത്രാവിവരണം മാത്രമല്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും ഹിറ്റ്‌ലറിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും യഹൂദ കൂട്ടക്കൊലകളും ന്യൂറന്‍ ബെര്‍ഗ് വിസ്താരങ്ങളും ഒരു സമ്പൂര്‍ണ്ണ ചരിത്രകാരന്റെ വീക്ഷണത്തോടെ പുസ്തകത്തിലുടനീളം പരാമര്‍ശിച്ചിട്ടുണ്ട്.

റോമന്‍ ഇതിഹാസത്തിലെ സമുദ്രദേവതയായ 'ഡാന്യൂബിയൂസില്‍'നിന്നും (Danubius) ഡാന്യൂബ് എന്ന പേരിനു തുടക്കമിട്ടു. ഡാന്യൂബ് നദി പ്രധാനമായും ജര്‍മ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രോയേറ്റിയ, സെര്‍ബിയ, റൊമാനിയ, ബള്‍ഗേറിയ, മൊള്‍ഡോവ എന്നീ ഭൂവിഭാഗങ്ങളിക്കൂടി ഒഴുകുന്നു. ഡാന്യൂബിന്റെ കഥയില്‍ ഗ്രന്ഥകാരന്‍ ദേവി ദേവന്മാരേയോ ദൈവങ്ങളെയോ അവരുടെ നാടോടി കഥകളെയോ വിശുദ്ധരെയോ ചേര്‍ത്തിട്ടില്ല. അതേ സമയം ദേവീ ദേവന്മാരോടനുബന്ധിച്ചുള്ള പൗരാണികതയും കലകളും ശില്പവിദ്യകളും ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുഗന്ധം പരത്തുന്ന പുഷ്പലതാതികളും ഹരിതക പച്ച നിറഞ്ഞ കുന്നുകളും മേടുകളും തടാകങ്ങളും താഴ്വരകളും ഡാന്യൂബ് എന്ന നീല നദിയ്‌ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. വായനക്കാരനും ഗ്രന്ഥകാരനൊപ്പം യാത്ര ചെയ്യുന്നു. ഈ നദിയുടെ തീരത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേകമനേക രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കഥകള്‍ ഇതിലുണ്ട്. അതില്‍ അസ്തമിച്ചു പോയ റോമാ സാമ്രാജ്യവും ഓട്ടോമന്‍ സാമ്രാജ്യവും കിഴക്കേ യൂറോപ്പിലെയൊന്നാകെയുള്ള തകര്‍ന്ന രാജ്യങ്ങളുടെ ചരിത്രങ്ങളുമുള്‍പ്പെടും. ഉദിച്ചുയര്‍ന്ന നദിതട സംസ്ക്കാരവും പൗരാണിക യുഗങ്ങളിലെ മനുഷ്യന്റെ ജീവിത പ്രയാണ യാത്രകളും ഇതിലുണ്ട്. ആധുനികതയുടെ മുഖഛായയും പ്രതിഫലിക്കുന്നുണ്ട്. അവസാനം ബര്‍ലിന്‍ വാളിനെ ഗ്രന്ഥകാരന്‍ ശുഭകരമായിത്തന്നെ തകര്‍ക്കുന്നു.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും മുസോളിനിയുടെയും ഹിറ്റലറിന്റെയും വളര്‍ച്ചയും പതനവും വായിക്കാം. സാര്‍വ്വത്രികവും സാര്‍വ്വകാലീകവുമായ മൂല്യങ്ങളുള്ള കലാസൃഷ്ടികളും വിവരിച്ചിരിക്കുന്നു. ജര്‍മ്മനിയുടെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും കാലങ്ങളിലെയും ഹിറ്റ്‌ലര്‍ യുഗത്തിലെ സാമ്പത്തിക ശാസ്ത്രവും ഭംഗിയായി വിവരിച്ചിട്ടുണ്ട്. ശീതസമരം ഉണ്ടായ കഥയും തന്മയത്വമായി വര്‍ണ്ണിച്ചിരിക്കുന്നു. ഓരോ അദ്ധ്യായങ്ങളും ചരിത്ര കുതുകികളായവര്‍ക്ക് വിജ്ഞാനമുളവാക്കുന്നതുമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാംസ്ക്കാരിക നഗരങ്ങള്‍ കടന്നുപോവുന്ന 2600 കിലോമീറ്ററോളം നീളമുള്ള ഒരു നദിയാണ് ഡാന്യൂബ്. ജര്‍മ്മനിയിലെ ചുടല കരിങ്കാട്ടില്‍നിന്നും ആരംഭിച്ച് കറുത്ത കടലെന്നര്‍ത്ഥമുള്ള 'ബ്‌ളാക്ക് സീയില്‍' ഈ നദി അവസാനിക്കുന്നു. യൂറോപ്പിന്റെ അതിമനോഹരമായ കാഴ്ചകളും സാംസ്ക്കാരിക സ്തൂപങ്ങളും കലാസങ്കേതങ്ങളും നിറഞ്ഞ തീരപ്രദേശത്തുകൂടിയാണ് നദിയൊഴുകുന്നത്.

പത്തു രാജ്യാതിര്‍ത്തികള്‍ കടന്നുകൊണ്ട് ഡാന്യൂബ് നദി സ്വച്ഛമായി എന്നുമെന്നപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്. യൂറോപ്പ് കടന്നുപോവുന്ന റഷ്യയുടെ വോള്‍ഗാ നദി ഏറ്റവും നീളം കൂടിയ നദിയായി കരുതപ്പെടുന്നു. നദിയൊഴുകുന്ന മുപ്പതു ശതമാനത്തോളം ഭൂവിഭാഗങ്ങള്‍ ഹംഗറിയിലാണ്. വാസ്തവത്തില്‍ ജര്‍മ്മനിയില്‍ നിന്ന് തുടങ്ങുന്ന നദിയുടെ താലോലിക്കുന്ന ഭവനം ഹംഗറിയെന്നു പറയാം. യൂറോപ്പിലെ പത്തുമില്യന്‍ ജനങ്ങള്‍ കുടിവെള്ളത്തെ ആശ്രയിക്കുന്നത് ഈ നദിയെയാണ്. തെളിമയാര്‍ന്ന വെള്ളമാണ് ഡാന്യൂബു നദിയില്‍ക്കൂടി ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കപ്പല്‍ സഞ്ചാരം മൂലം നദിയുടെ കുറെ ഭാഗങ്ങള്‍ മലിനമായിട്ടുമുണ്ട്. ആയിരക്കണക്കിന് വിദേശികളായ വിനോദ യാത്രക്കാരാണ് ദിനം പ്രതി ഈ നദിയില്‍ക്കൂടി യാത്ര ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ് നദിയുടെ ഇരു കരകളിലുമുള്ളത്.

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിക യാത്രാ വഴിയായിരുന്നു ഡാന്യൂബ്. മലകളും കാടുകളും ഇടകലര്‍ന്ന ഭൂപ്രദേശങ്ങള്‍ ഡാന്യൂബ് നദിയുടെ നീണ്ടുകിടക്കുന്ന ഇരുകരകളിലും ദൃശ്യമാണ്. നീലിമയാര്‍ന്ന ഈ നദി ജര്‍മ്മനിയില്‍ നിന്നും ചെറിയ നദികളായി ആരംഭിക്കുന്നു. പിന്നീട് യൂറോപ്പില്‍ അത് വന്‍നദിയായി തീരുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട ജലഗതാഗതങ്ങളുമായി സന്ധിക്കുന്നുമുണ്ട്. വിയന്നാ മുതല്‍ ബുഡാപെസ്റ്റ് വരെയുള്ള സാംസ്ക്കാരിക നഗരങ്ങളില്‍ക്കൂടിയും നദി പ്രവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഡാന്യൂബ്‌നദി ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണമായി മാറിക്കഴിഞ്ഞത്.

ഡാന്യുബ് നദിക്ക് നിറഭേദങ്ങളോടെയുള്ള പല മുഖങ്ങളുണ്ട്. റോമ്മായുടെ ശില്പകലകളില്‍ ഡാന്യുബിനെ മുഖശ്രീയുള്ള ഒരു പുരുഷനായി ചമയിച്ചുകൊണ്ട് പ്രതിമകളുണ്ടാക്കുന്നു. താടിയുള്ള ബുദ്ധിമാനായ ദൈവമായിട്ടാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നതും. മറ്റെല്ലായിടത്തും അവളൊരു സുന്ദരിയായ സ്ത്രീ. സൗകുമാര്യത്തിന്റെയും കൃപയുടെയും ആകര്‍ഷത്വത്തിന്റെയും ദേവതയായും കാണപ്പെടും. രക്തപ്പുഴകളൊഴുകിയ നാളുകളില്‍ അവളുടെ മുഖം ദുഃഖങ്ങള്‍ അമര്‍ത്തിക്കൊണ്ടുള്ളതായിരിക്കാം. ഡോണറ്റ്‌സ്!ച്ചിങ്ങെന്ന (Donaueschingen) റോമായിലെ ഈ നദീ തീരത്തുള്ള പട്ടണത്തില്‍, കറുത്ത വനങ്ങളില്‍ അവളൊരു കൗമാരിയായ ബാലികയാണ്. അമ്മയെ നോക്കി ഉത്ഘണ്ടയോടെ നോക്കി നില്‍ക്കുന്ന പ്രതിരൂപമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. 'അമ്മ അവിടെ ഡാന്യൂബ് നദിയില്‍ നിന്നും വരുന്ന വെള്ളം കൊണ്ട് താഴ്വരകളെ സംരക്ഷിക്കുന്നതായും തീറ്റുന്നതായുമുള്ള പ്രതീകമാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത്. മകളോട് കിഴക്കിലേയ്ക്ക് സഞ്ചരിക്കാനുള്ള വഴികളും ചൂണ്ടിക്കാണിക്കുന്നു.

കവികളുടെ ഭാവനയില്‍ അവളുടെ നിറത്തെ അതാത് രാജ്യങ്ങളിലെ സംസ്ക്കാരമനുസരിച്ചു വര്‍ണ്ണിച്ചിരിക്കുന്നു. സൗന്ദര്യമെന്നത് ഓരോരുത്തരും മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങള്‍ക്കനുസരിച്ചിരിക്കും. 1866ല്‍ ജോണ്‍ സ്ട്രൗസ് (Johann tSrauss II ) രചിച്ച കവിതയില്‍ അവളൊരു നീല സുന്ദരിയാണ്. ഓസ്ട്രിയന്‍ കവിയായ അദ്ദേഹം പ്രഷ്യയുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട, അവിടെ അകപ്പെട്ട ജനത്തിനെ രക്ഷിച്ച ഡാന്യൂബ് നദിയെയാണ് വര്‍ണ്ണിക്കുന്നത്. പ്രഷ്യയും ഓസ്ട്രിയയുമായി ഏഴാഴ്ചക്കാലത്തോളം യുദ്ധമുണ്ടായിരുന്നു. യുദ്ധത്തില്‍ ഓസ്ട്രിയ പരാജയപ്പെടുകയാണുണ്ടായത്. ബള്‍ഗേറിയക്കാര്‍ക്ക് അവളൊരു വെളുത്ത സുന്ദരി. ഹംഗറിക്കാര്‍ അവളെ സുവര്‍ണ്ണ തലമുടികളോടെയുള്ള 'ബ്ലോണ്ട് റ്റിസ്സാ'യെന്ന് വിളിക്കുന്നു. സെര്‍ബിയാക്കാര്‍ക്കു അവള്‍ വെള്ളിനക്ഷത്രം പോലെ നിറമുള്ള സുന്ദരിയും.

വിവിധ സംസ്ക്കാരങ്ങളാല്‍ സമ്മിശ്രമായ വിശാല ഹൃദയമുള്ളവരുടെ നദിയാണിത്. പത്തു രാജ്യങ്ങളുടെ ഹരിതക പച്ച നിറഞ്ഞ ഭൂവിഭാഗങ്ങള്‍ക്ക് അവള്‍ ജീവന്റെ ജലം നല്‍കുന്നു. അവളെക്കാള്‍ നീളമുള്ള വോള്‍ഗാ നദിക്ക് 2290 മൈല്‍ നീളമുണ്ട്. പക്ഷെ വോള്‍ഗാ നദി റക്ഷ്യയെ മാത്രമേ നനയ്ക്കുന്നുള്ളൂ. പൗരാണിക കാലംമുതല്‍ ഈ നദിയില്‍ക്കൂടി കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നു. കുടിയേറ്റക്കാര്‍ വന്നുംപോയും വിവിധ ഭൂവിഭാഗങ്ങള്‍ കീഴടക്കിയും അധിവസിച്ചിരുന്നു. കൊള്ളക്കാരും സാഹസികരും ഈ നദിയുടെ ഹൃദയഭാഗത്തുകൂടി സഞ്ചരിച്ചിരുന്നു. മാറി മാറി വരുന്ന ആചാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും മാറ്റങ്ങളുടേതായ ചരിത്രവീഥികള്‍ക്കും അവളെന്നും സാക്ഷിയായിരുന്നു. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ടര്‍ക്കികള്‍ അവിടെ ഇരുമ്പ്, വെള്ളി പോലുള്ള ലോഹങ്ങള്‍കൊണ്ട് ആയുധങ്ങളും കലാവസ്തുക്കളും നിര്‍മ്മിച്ചിരുന്നു. കച്ചവടങ്ങളും കൃഷികളും ചെയ്തിരുന്നതായി പുരാവസ്തു ശാസ്ത്രങ്ങളിലുണ്ട്. പുതിയ ഇനം മരങ്ങളും ചെടികളും പഴവര്‍ഗങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചിരുന്നു. പഴങ്കാല ചരിത്രത്തിലെ കിഴക്കേ യൂറോപ്പിനെ ടര്‍ക്കികള്‍ ആക്രമിക്കുകയും നദിതീരത്തുള്ള സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ട്യൂലിപ് (Tulip) പോലുള്ള മനോഹര പുഷ്പ്പങ്ങളും കോണ്‍സ്റ്റാന്റിനോപ്പിളില്‍ (Constantinople) നിന്നുവന്ന കുടിയേറ്റക്കാര്‍ അവിടെയുള്ള താഴ്വരകളില്‍ നട്ടു വളര്‍ത്തിയിരുന്നു.

ന്യുറം ബര്‍ഗിലെ കൊട്ടാര സന്ദര്‍ശന വിവരങ്ങളടങ്ങുന്ന പ്രത്യേകമായ ഒരു അദ്ധ്യായം ജോര്‍ജിന്റെ ഈ യാത്രാവിവരണ പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. നാസി ഭരണകാലങ്ങളില്‍ അവിടം നാസികളുടെ ഒരു സങ്കേതമായിരുന്നു. അവിടെനിന്നായിരുന്നു നാസികള്‍ ലോകമഹായുദ്ധ കാലങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നതും. ദേശീയ ഭീകരത വളര്‍ത്താന്‍ കൊട്ടാരത്തിന്റെ മുമ്പില്‍ക്കൂടി വമ്പിച്ച റാലികളും നടത്തിയിരുന്നത് ചരിത്രമാണ്. ഹിറ്റ്‌ലര്‍ നാസികളെ വൈകാരികമായ പ്രസംഗങ്ങളില്‍ക്കൂടി സംബോധന ചെയ്തുകൊണ്ടിരുന്നതിനും ഭീകര കിരാതത്വം നാടുമുഴുവന്‍ വ്യപിപ്പിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നതിനും ന്യുറന്‍ ബെര്‍ഗ് സാക്ഷ്യമായിരുന്നു. നാസികുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അനുയോജ്യമായ ഒരു സ്ഥലമായി ന്യുറന്‍ബര്‍ഗ് തെരഞ്ഞെടുക്കാനും അത് കാരണമായി.

പ്രതിഭാഗത്തിനായി പ്രസിദ്ധരായ ജര്‍മ്മന്‍ വക്കീലന്മാരും ഹാജരായിരുന്നു. കുറ്റക്കാരായി മുദ്രകുത്തിയവര്‍ രാജ്യത്തിലെ നിയമം മാത്രം അനുസരിച്ചുള്ളുവെന്ന വാദങ്ങളൊന്നും കോടതി ചെവികൊണ്ടില്ല. 1946 ഒക്ടോബര്‍ പതിനാറിനുമുമ്പ് പത്തുപേരെ തൂക്കിലേറ്റി ശിക്ഷാവിധി നടപ്പാക്കി. തുക്കാനുള്ള മരണവിധി നടപ്പാക്കിയത് 'സര്‍ജന്‍ മാസ്റ്റര്‍ ജോണ്‍ വുഡ്‌സ് (1903 -50)' ആയിരുന്നു. 'കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള ജോലി തന്നെ ഏല്‍പ്പിച്ചതില്‍ 'വുഡ്‌സ്' സന്തുഷ്ടാനാണെന്നും താന്‍ ചെയ്തില്ലെങ്കില്‍ അത് മറ്റാരെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതനാകുമെന്നും പത്തു മനുഷ്യരെ 103 മിനിറ്റിനുള്ളില്‍ ഇല്ലാതാക്കണമെന്നും' അയാള്‍ ടൈം മാഗസിനോട് അന്നു പറഞ്ഞു.

1942 ഡിസംബറില്‍ സഖ്യകക്ഷികളായ ഗ്രേറ്റ് ബ്രിട്ടനും യുണൈറ്റഡ് സ്‌റ്റേറ്റും സോവിയറ്റ് യൂണിയനുമൊത്ത് പൗരജനങ്ങളെ കൊന്നവര്‍ക്കെതിരെ ജൂറിയെ നിയമിക്കാന്‍ തീരുമാനിച്ചു. ലക്ഷക്കണക്കിന് ജര്‍മ്മന്‍ ഉദ്യോഗസ്ഥരെ വിസ്താരമില്ലാതെ വധിക്കാനായിരുന്നു സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലും അതിന്റെ സാധ്യതയെ ആരാഞ്ഞിരുന്നു. എന്നാല്‍ അമേരിക്ക ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങള്‍ നിരാകരിച്ചു. ഒടുവില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാല്‍ മതിയാകുമെന്നും തീരുമാനമെടുത്തു. കുറ്റവാളികളെ വിസ്തരിക്കുമ്പോള്‍ ശരിയായ ഡോക്യൂമെന്റുകളും വേണമെന്ന് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാന്‍ പാടില്ലാന്നും അമേരിക്കാ ശഠിച്ചു.

ഡാന്യൂബിന്റെ കഥകളിലുള്‍പ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധകുറ്റവാളികളെ വിസ്തരിക്കുന്നതായ 'ന്യുറന്‍ ബര്‍ഗ് ട്രയല്‍' ആരെയും വികാരാധീനമാക്കുന്നതാണ്. വിജയിച്ചവന്റെ നീതിയായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. 1945 നും 1949 നുമിടയിലായി പതിമൂന്നു ന്യായവിചാരങ്ങള്‍ ന്യുറന്‍ബെര്‍ഗ് നിയമ പീഠത്തിങ്കലുണ്ടായിരുന്നു. അവരില്‍ നാസിപാര്‍ട്ടിയിലെ ഉയര്‍ന്ന ഔദ്യോഗിക ഉദ്യോഗസ്ഥരും പട്ടാള മേധാവികളും, ജര്‍മ്മന്‍ വ്യവസായികളും അറ്റോര്‍ണിമാരും ഡോക്ടര്‍മാരുമുള്‍പ്പെട്ട യുദ്ധകുറ്റവാളികളുമുണ്ടായിരുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനുമെതിരായ കുറ്റങ്ങളായിരുന്നു അവരില്‍ ആരോപിച്ചത്.1945ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിചാരണയ്ക്കുമുമ്പ് തന്നെ ആത്മഹത്യ ചെയ്തു. ന്യുറന്‍ബെര്‍ഗ് വിചാരണ അന്തര്‍ദേശീയ കോടതികള്‍ക്കുള്ള മാര്‍ഗ ചരിത്രമായി തീരുകയും ചെയ്തു. ഈ കെട്ടിടത്തിനുള്ളല്‍ത്തന്നെ അന്തര്‍ദേശീയ കുറ്റവാളികള്‍ക്കുള്ള ഒരു കോടതി 1975 നവംബര്‍ ഇരുപതാം തിയതി ആരംഭിച്ചു. പിന്നീടുള്ള കാലങ്ങളില്‍ മനുഷ്യത്വത്തിനെതിരെയുള്ള അന്തര്‍ദേശീയ കൂട്ടക്കൊലകള്‍ക്കെല്ലാം ഈ നീതിപീഠത്തില്‍നിന്നും വിധി കല്‍പ്പിച്ചിരുന്നു.

1961 ആഗസ്റ്റ് പതിമൂന്നാം തിയതി കിഴക്കേ ജര്‍മ്മനി കിഴക്കും പടിഞ്ഞാറും വേര്‍തിരിച്ചുകൊണ്ടുള്ള മതില്‍ക്കെട്ടിന്റെ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. ആദ്യം മുള്ളുവേലികള്‍ കൊണ്ടു അതിരു തിരിച്ചിരുന്നു. നെടുനീളെ ആയുധധാരികളായ പട്ടാളക്കാര്‍ കാവലും നിന്നിരുന്നു. പടിഞ്ഞാറ് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേര്‍ മുള്ളുവേലികള്‍ ചാടി കിഴക്കേ ജര്‍മ്മനിയില്‍ രക്ഷപെട്ടു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മുള്ളുവേലികള്‍ കോണ്‍ക്രീറ്റ് ഭിത്തികളാക്കി. 1962 ജൂണ്‍ മാസം രണ്ടാമതൊരു മതിലും ആദ്യത്തെ മതിലിനു സമാനമായി തീര്‍ത്തു. കിഴക്കേ ജര്‍മ്മനിയില്‍ നിന്നും പടിഞ്ഞാറെ ജര്‍മ്മനിക്ക് പലായനം ചെയ്യുന്നവരെ കാഴ്ചയില്‍ തന്നെ വെടി വെച്ചിടുമായിരുന്നു. രണ്ടു മതിലുകള്‍ക്കും ഇടയിലുള്ള ഇടനാഴികളെ 'മരണത്തിന്റെ ഇടനാഴി'യെന്നറിയപ്പെട്ടിരുന്നു. മതിലുകള്‍ നല്ല ഉറപ്പോടെയും സുരക്ഷയോടെയും പണി തീര്‍ത്തിരുന്നു. 'ബോര്‍ഡര്‍ വാള്‍' എന്നറിയപ്പെടുന്ന മതിലുകള്‍ പണിതുയര്‍ത്താന്‍ അഞ്ചു വര്‍ഷമെടുത്തു. 1975ല്‍ മതിലുകള്‍ പൂര്‍ത്തിയാക്കിയതുകൊണ്ടു ബോര്‍ഡര്‍ വാള്‍75 എന്നും ഈ മതിലുകള്‍ അറിയപ്പെടുന്നു. മതിലുകള്‍ മൊത്തം 45000 കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ടാണ് നിര്‍മ്മിച്ചത്. ഓരോ കട്ടയ്ക്കും 3.2 അടി വീതിയും 12 അടി പൊക്കവും മൂന്നു ടണ്‍ ഭാരവുമുണ്ടായിരുന്നു. മുപ്പതു വര്‍ഷത്തോളം ശീതസമരത്തിന്റെ പ്രതീകമായി ജര്‍മ്മന്‍ മതില്‍ക്കെട്ടുകളെ കരുതിയിരുന്നു. 79 മൈലുകള്‍ ദീര്‍ഘദൂരത്തോളം മതില്‍ക്കെട്ടിനു നീളമുണ്ട്.

ഏകദേശം 300 നിരീക്ഷണസ്തുപങ്ങളും (watch towers0) മതിലുകളുടെ സമീപങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. 250ല്‍പ്പരം പ്രത്യേകം പരിചയം നേടിയ ജര്‍മ്മന്‍ നായ്ക്കളും മതിലിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 29 ബങ്കറുകളും കിടങ്ങുകളും മതിലിനുടനീളം കുഴിച്ചിട്ടുണ്ട്. 65 മൈലുകള്‍ ദൂരം വാഹനങ്ങള്‍ സഞ്ചരിക്കാതിരിക്കാനും ഭടന്മാര്‍ക്ക് ഒളിച്ചിരിക്കാനുമുള്ള കിടങ്ങുകളുമുണ്ട്. എന്നിട്ടും സ്വാതന്ത്ര്യത്തിനായി മോഹിക്കുന്ന 5000 ജനങ്ങളോളം രക്ഷപെട്ടു. അങ്ങനെ രക്ഷപെടാന്‍ ശ്രമിച്ചവരില്‍ നൂറു കണക്കിന് ജനം മരിക്കുകയും ചെയ്തു. 1987 ജൂണില്‍ മതിലുകള്‍ക്കു മുമ്പില്‍ നിന്ന് 'റൊണാള്‍ഡ് റീഗന്‍' ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്തു. രണ്ടു വര്‍ഷത്തിനുശേഷം ആയിരക്കണക്കിന് കിഴക്കും പടിഞ്ഞാറും ജര്‍മ്മനിയിലുള്ളവര്‍ മതിലിടിച്ചു തകര്‍ക്കാനും മതില്‍ക്കെട്ടുകള്‍ മറി കടന്നു ചാടാനും തുടങ്ങി. 1990 ഒക്ടോബര്‍ മൂന്നാം തിയതി കിഴക്കും പടിഞ്ഞാറുമുള്ള ജര്‍മ്മനികള്‍ ഒന്നായി, ഒരേ ജനതയായി വിളംബരം ചെയ്തു. മുപ്പതു വര്‍ഷങ്ങള്‍ രണ്ടു ജനതയുടെ മറയായി നിന്ന ചരിത്രത്തിന്റെ ആ മതില്‍ക്കെട്ടുകള്‍ മുഴുവനായി തകര്‍ക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങള്‍ ലോകമാകമാനമുള്ള മ്യൂസിയത്തില്‍ ഇന്ന് സൂക്ഷിക്കുന്നു. എങ്കിലും ആ പാഴ്‌വസ്തുക്കള്‍ പുനരുത്പാദനം (recycling) നടത്തുകയും ജര്‍മ്മനിയുടെ നിര്‍മ്മാണപദ്ധതികള്‍ക്കായി ഉപയോഗിക്കുകയുമുണ്ടായി.

കേരളത്തിലെ സഞ്ചാരസാഹിത്യത്തെപ്പറ്റി ചുരുക്കമായി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ റോമാ വിവരണമുള്‍പ്പെട്ട വര്‍ത്തമാന പുസ്തകം ഇന്ത്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യമായി വിലയിരുത്തുന്നു. 1790ല്‍ എഴുതിയ ഈ കൃതി പ്രസിദ്ധീകരിച്ചത് 1936ലായിരുന്നു. ഒരു കാലഘട്ടത്തിന്റെ സാംസ്ക്കാരികവും ഉപരിപ്ലവങ്ങളുമടങ്ങിയ വര്‍ത്തമാന പുസ്തകം ഒരു സഞ്ചാര ഡയറിയെക്കാള്‍ ചരിത്ര പുസ്തകമായി കരുതുകയായിരിക്കും ഉചിതം.1895ല്‍ 'പരുമല ബിഷപ്പ് ഗ്രിഗോറിയോസ്' എഴുതിയ 'ഓശ്ലോം യാത്ര'യുടെ മലയാള പരിവര്‍ത്തനം അച്ചടിച്ച സഞ്ചാര സാഹിത്യത്തിന്റെ ആദ്യത്തെ കൃതിയായി കരുതുന്നു. പദ്യത്തില്‍ എഴുതിയ ആദ്യത്തെ യാത്രാ വിവരണം ധര്‍മ്മ രാജാവിന്റെ രാജേശ്വരം യാത്രയാണ്. മലയാളത്തിലെ സഞ്ചാരസാഹിത്യ നായകരില്‍ പ്രമുഖനായി എസ്.കെ. പൊറ്റക്കാടിനെ വിലമതിക്കുന്നു. കൂടാതെ കെ.പി. കേശവമേനോന്‍, കെ.എം. പണിക്കര്‍, ഡോ.കെ.എം. ജോര്‍ജ്, നിത്യ ചൈതന്യ യതി, ഇ.എംഎസ് എന്നിവരും സഞ്ചാര സാഹിത്യത്തില്‍ തിളങ്ങിനിന്നവരാണ്.

പ്രസിദ്ധരായ യാത്രാവിവരണങ്ങള്‍ നല്‍കിയ സാഹിത്യകാരുടെ കൃതികളോടൊപ്പം ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്റെ നാട്ടില്‍' എന്ന സഞ്ചാരഗ്രന്ഥവും വളരെ ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നു. ശ്രീ ജോര്‍ജ്, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. പുളിങ്കുന്നിലാണ് ജനിച്ചത്. പിതാവ് പ്രസിദ്ധ ആയുര്‍വേദ വൈദ്യനായിരുന്ന വൈദ്യ കലാനിധി ചെറിയാന്‍ വൈദ്യനും മാതാവ് മറിയാമ്മ ചെറിയാനും. നൈജീരിയയില്‍ പത്തു വര്‍ഷം സാമ്പത്തിക ശാസ്ത്രവും നിയമവും പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ കുടുംബമായി ഫ്‌ലോറിഡയില്‍ താമസിക്കുന്നു. മലയാള സഞ്ചാരസാഹിത്യത്തെ മനോഹരമായ ഒരു കൃതിയില്‍ക്കൂടി പൊന്‍തിലകക്കുറിയണിയിച്ച ജോര്‍ജ് നെടുവേലിക്ക് സര്‍വ്വവിധ മംഗളങ്ങളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിന്‍റെ ശക്തമായ തൂലികയില്‍നിന്നും ഇത്തരം നല്ല പുസ്തകങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കാനും അഭിലഷിക്കുന്നു. അമേരിക്കന്‍ പ്രവാസി സാഹിത്യത്തിനും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.
ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്‍റെ നാട്ടില്‍' (പുസ്തക അഭിപ്രായം: ജോസഫ് പടന്നമാക്കല്‍)ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്‍റെ നാട്ടില്‍' (പുസ്തക അഭിപ്രായം: ജോസഫ് പടന്നമാക്കല്‍)ശ്രീ ജോര്‍ജ് നെടുവേലിയുടെ 'ഡാന്യൂബിന്‍റെ നാട്ടില്‍' (പുസ്തക അഭിപ്രായം: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Ninan Mathullah 2016-12-27 19:10:16
Good to hear about the book. How to get copies of the book?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക