Image

സിറ്റി ഫ്‌ളവറും നവയുഗവും കൈകോര്‍ത്തു; വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

Published on 29 December, 2016
സിറ്റി ഫ്‌ളവറും നവയുഗവും കൈകോര്‍ത്തു; വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയും ദമ്മാം സിറ്റി ഫഌര്‍ കമ്പനിയും കൈകോര്‍ത്തപ്പോള്‍, രണ്ടു മാസമായി വനിതാ അഭയകേന്ദ്രത്തില്‍ കഴിയുകയായിരുന്ന ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് അര്‍ദ്ധവരം സ്വദേശിനിയായ ജ്യോതി മനിതി  ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. ഏറെ ബുദ്ധിമുട്ടിയെങ്കിലും, ആ വലിയ വീട്ടിലെ ജോലികള്‍ മുഴുവന്‍ ഒരു പരാതിയ്ക്കും ഇട നല്‍കാതെ ജ്യോതി ചെയ്തു വന്നു. എന്നാല്‍ ജോലിയ്ക്ക് കയറിയിട്ട് അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും, ഒരു റിയാല്‍ പോലും ശമ്പളമായി ആ വീട്ടുകാര്‍ ജോലിയ്ക്ക് നല്‍കിയില്ല. പാവപ്പെട്ട തന്റെ കുടുംബത്തിന്റെ അവസ്ഥ പറഞ്ഞ് കരഞ്ഞ് അഭ്യര്‍ത്ഥിച്ചിട്ടും, അവര്‍ ശമ്പളം കൊടുത്തില്ല. ഒടുവില്‍ ജ്യോതി ആ വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തുകടന്ന്, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഹെല്‍പ്‌ഡെസ്‌ക്കില്‍ എത്തി പരാതി പറഞ്ഞു. അവര്‍ സൗദി പോലീസിന്റെ സഹായത്തോടെ ജ്യോതിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട്, ജ്യോതി നടന്നതെല്ലാം പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജ്യോതിയുടെ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, അവരോട് സംസാരിയ്ക്കാന്‍ പോലും സ്‌പോണ്‍സര്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ജ്യോതിയ്ക്ക് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ്  അടിച്ചു നല്‍കുകയും ചെയ്തു.

നവയുഗത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും സഹായിയ്ക്കാറുള്ള, ദമ്മാമിലെ സിറ്റി ഫഌര്‍ കമ്പനി,  ജ്യോതിയ്ക്ക് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നല്‍കി.

തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ജ്യോതി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ജ്യോതിയ്ക്ക് (ഇടത്) മഞ്ജു മണിക്കുട്ടന്‍ യാത്രാരേഖകള്‍ കൈമാറുന്നു. നവയുഗം വനിതാവേദി നേതാക്കളായ  മിനി ഷാജി, സുമി ശ്രീലാല്‍, മീനു അരുണ്‍, ലീന ഷാജി, ശരണ്യ ഷിബു എന്നിവര്‍ സമീപം

സിറ്റി ഫ്‌ളവറും നവയുഗവും കൈകോര്‍ത്തു; വനിതാഅഭയകേന്ദ്രത്തില്‍ നിന്നും ആന്ധ്രാസ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക