Image

യൂറോപ്യന്‍ യൂണിയനില്‍ ഓരോ മാസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 1.10 ലക്ഷത്തോളം അഭയാര്‍ത്ഥി അപേക്ഷകള്‍, ഏറ്റവും പ്രിയം ജര്‍മനിക്ക്

Published on 04 January, 2017
യൂറോപ്യന്‍ യൂണിയനില്‍ ഓരോ മാസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 1.10 ലക്ഷത്തോളം അഭയാര്‍ത്ഥി അപേക്ഷകള്‍, ഏറ്റവും പ്രിയം ജര്‍മനിക്ക്

      സൂറിച്ച്: യൂറോപ്പ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 9.88 ലക്ഷം അഭയാര്‍ത്ഥി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നു ഇ യു വിന്റെ സ്റ്റാറ്റിസ്റ്റിക് വിഭാഗമായ യൂറോസ്റ്റാറ്റ് പറയുന്നു. ഇതില്‍ 6.58 ലക്ഷം പേരും ജര്‍മനിയിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയു വിലെ ഇതര 27 രാജ്യങ്ങളില്‍ ഒട്ടാകെ ലഭിച്ച 3.3 ലക്ഷം അപേക്ഷകള്‍ ജര്‍മനിയില്‍ ലഭിച്ചതിന്റെ പകുതിയോളം മാത്രമേ വരുന്നുള്ളെന്ന് യൂറോസ്റ്റാറ്റ് കണക്കുകള്‍ തെളിയിക്കുന്നു.

ഇറ്റലിയും(85,000) ഫ്രാന്‍സും (62,000) ആണ് അഭയാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ കാര്യത്തില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളില്‍. ഒന്‍മ്പത് മാസ കാലയളവില്‍ ഒട്ടാകെ ലഭിച്ച 9.88 ലക്ഷത്തില്‍ 7.56 ലക്ഷം അപേക്ഷകളില്‍ തീരുമാനം എടുത്തെന്നും, ഇതില്‍ പകുതിയോളം ജര്‍മനിയില്‍ ആണെന്നും യൂറോസ്റ്റാറ്റ് പറയുന്നു.

എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കണക്കുമായി യഥാര്‍ത്ഥത്തില്‍ യൂറോപ്പിലേക്ക് കടന്ന അഭയാര്‍ഥികളുടെ കണക്കിന് സാമ്യം ഉണ്ടാവില്ലെന്നും യൂറോസ്റ്റാറ്റ് വ്യക്തമാക്കി. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ മിക്കവരും 2015 ല്‍ തന്നെ യൂറോപ്പില്‍ എത്തിയവരാണ്. അനുകൂല സാഹചര്യങ്ങള്‍ മനസിലാക്കാന്‍ രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു സമയം എടുത്താണ് പലപ്പോഴും അപേക്ഷ നല്‍കുന്നത്.

യൂറോപ്പ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥി അപേക്ഷകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. അപേക്ഷകളില്‍ വിപരീത തീരുമാനം ഉണ്ടാകുമെന്നു പേടിച്ചു അധികൃതര്‍ക്ക് പിടികൊടുക്കാതെ അഭയാര്‍ത്ഥികള്‍ മുങ്ങുന്നതും പതിവാണ്. സ്വിറ്റസര്‍ലണ്ടില്‍ രെജിസ്റ്റര്‍ചെയ്യപ്പെടുന്ന അപേക്ഷകളിലെ 60 ശതമാനത്തോളം പേരെ കാണാതാകുന്നതായി, സ്വിസ് ഫെഡറല്‍ മൈഗ്രഷന്‍ ഡിപ്പാര്‍ട്ടമെന്റ് സെക്രട്ടറി മാരിയോ ഗെറ്റികാര്‍ സ്ഥിരീകരിക്കുന്നു.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക