Image

മോചനം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 07 January, 2017
മോചനം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കയ്‌പ്പൊന്നു മാറുവാനറിയാതെ നറുതേന്‍
സ്മരിച്ചപ്പോഴേകിയീ ശപ്തജന്മം
നെഞ്ചുപൊട്ടിപ്പാടുമിക്കാട്ടുചോലപോല്‍
സഞ്ചരിച്ചീടാനെനിക്കുയോഗം.
ഒരുകവിള്‍ കുടിനീരിനായിഞാലയവേ
യേകിയതെന്തിനായുപ്പുവെള്ളം
വര്‍ദ്ധിച്ചിടുന്നതാമുഷ്ണലോകത്തില്‍ഞാ
നിഷ്ടപ്പെടുന്നില്ല ശിഷ്ടകാലം!
പാഴ് മരമായതിന്‍ ഹേതുഞാന്‍ തിരയവേ
യിറ്റുവീഴുന്നുവെന്‍ ജീവരക്തം
മന്ദമായൊഴുകുമിക്കാലമെന്‍ കൈവിരല്‍
ത്തുമ്പില്‍ക്കുറിച്ചിട്ടതസ്തമനം.
അല്പം നിശ്ശബ്ദത കാംക്ഷിച്ചുവെങ്കിലും
കേള്‍പ്പിച്ചുവീണ്ടുമസുരവാദ്യം
താഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ,
വീഴ്ത്തുവാനാശിപ്പതാരു നിത്യം?
മോചനം കാത്തുകിടക്കുന്നു നെഞ്ചിലെന്‍
യാചനകേള്‍ക്കാത്തയുറ്റബന്ധം
താരങ്ങളോരോന്നടര്‍ന്നുപോകുമ്പൊഴോ
തീരത്തടുക്കുന്നതെന്‍ കബന്ധം.
Join WhatsApp News
വിദ്യാധരൻ 2017-01-07 09:33:26
എന്തിനു നീ പഴിക്കുന്നു 'ജന്മ'ത്തെയെപ്പൊഴും
പന്താടിടും അതിങ്ങനെയന്ത്യംവരേയും 
തകർന്ന നെഞ്ചുമായി പാടിയൊഴുകുമ്പൊഴും ചോല 
പകരുന്നു പുളിനങ്ങൾക്ക് പുഷ്ടിയെന്നും 
ഒന്ന് ചീയുമ്പോളൊന്നിനു വളമെന്ന തത്ത്വം 
മന്നിൽ സത്യമാണ് കവി മറന്നിടാ നീ
കുടിപ്പിക്കും നമ്മെ ചിലപ്പോൾ ജീവിതം മധു 
കുടിപ്പിക്കുമുടൻ ഉപ്പുവെള്ളവും  
അതുകൊണ്ടാടിടുക നീ  നിന്റെ വേഷം 
കഥ തീരുംവരേയും ജീവിത തട്ടകത്തിൽ   
അന്ട്രു 2017-01-08 06:18:07
കവി സോദരാ ! ജീവിതം ഒരിക്കലും  എന്നേക്കുമായി മറയുന്നില്ല. മണ്ണായി പൊടിയായി പുല്ലു  ആയി മരം ആയി മൃഗം ആയി പല രൂപ ഭാവങ്ങളിൽ  നാം എന്നും ജീവിക്കുന്നു .
 എവിടെ നിന്ന് വന്നു നാം  അങ്ങ് ദൂരെ ഏതോ  പല നക്ഷത്ര കൂട്ടത്തിലെ പൊടിയിൽ  നിന്നും ആകാം.
മനുഷ്യ ജന്മം ക്ഷണികം  പിന്നെ പുഴു ആയി  പുല്ലു  ആയി  മൃഗം ആയി  ജീവിത ചക്രം തിരിയുന്നു.
 നിരാശ വേണ്ടതില്ല തെല്ലും,
 അനന്ത  പ്രപഞ്ചത്തിൽ  നാം ഒന്നും അല്ല ഒന്നും അല്ല 
എന്നാലും ചിന്തയിൽ  നല്ല പ്രവർത്തികൾ  ചെയ്തു  നാട്  ഉണരാൻ  നാം മുന്നോട്ടു പോകാൻ  എഴുത്തു  കവിതകൾ  സോദരാ.
 മോചനം  എന്നത് മിഥ്യ  തന്നെ 
മരണം എന്നത് രൂപമാറ്റം  മാത്രം
ഉണരൂ സന്തോഷവാനായി 
മുന്നോട്ടു  നീങ്ങു 
ഈ  മനുഷ്യ ജീവിതം 
പുൽനാമ്പിലെ  മഞ്ഞു തുള്ളി  അല്ലോ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക