Image

തിങ്കളാഴ്ച കൂട്ടയവധിയെടുക്കാന്‍ ഐ.എ.എസുകാരുടെ കൂട്ടായ്മ തീരുമാനിച്ചു

Published on 07 January, 2017
തിങ്കളാഴ്ച കൂട്ടയവധിയെടുക്കാന്‍ ഐ.എ.എസുകാരുടെ കൂട്ടായ്മ തീരുമാനിച്ചു
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാരമനോഭാവത്തോടെ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ടയവധിയെടുക്കാന്‍ ഐ.എ.എസുകാരുടെ കൂട്ടായ്മ തീരുമാനിച്ചു.

ക്രമസമാധാനപാലനച്ചുമതലയുള്ളവരും ജില്ലാ കളക്ടര്‍മാര്‍, സബ് കളക്ടര്‍മാര്‍ എന്നിവരും ഈ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെങ്കിലും അവധിയെടുക്കില്ല.

തലസ്ഥാനത്തുണ്ടായിരുന്നവരും വന്നെത്താന്‍ കഴിയുന്നവരുമായ 30 ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ മുറിയില്‍ യോഗംചേര്‍ന്നത്.

ഐ.എ.എസ്. അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെക്കണ്ട് തങ്ങളുടെ വിഷമം ധരിപ്പിക്കും. ആദ്യമായാണ് ഐ.എ.എസുകാര്‍ ഇത്തരമൊരു പ്രതിഷേധത്തിനു മുതിരുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ക്ക് 40 കോടി രൂപയോളം അനധികൃത സമ്പാദ്യമുണ്ട്. അദ്ദേഹത്തിനെതിരേയുയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സത്യസന്ധതയില്ലാത്ത ഒരാളെ വിജിലന്‍സ് ഡയറക്ടറായിരുന്ന് തങ്ങളെ വിധിക്കാന്‍ അനുവദിക്കുന്നതില്‍ വേദനയുണ്ട് അസോസിയേഷന്‍ പ്രമേയത്തില്‍ പറയുന്നു.

മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുവിനെ പൊതുമേഖലാസ്ഥാപനത്തില്‍ നിയമിച്ച കേസില്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയതാണ് ജേക്കബ് തോമസും ഐ.എ.എസ്. ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന്റെ അവസാനസംഭവം. സത്യസന്ധനായ ഉദ്യോഗസ്ഥനായ പോള്‍ ആന്റണി വകുപ്പുമന്ത്രിയുടെ ഉത്തരവ് അനുസരിക്കുകമാത്രമാണ് ചെയ്തത്. വ്യവസായവകുപ്പിലെ ഇത്തരം നിയമനങ്ങള്‍ക്കുള്ള അധികാരം വകുപ്പു മന്ത്രിക്കാണെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലറുണ്ട്. മന്ത്രിയുടെ ചട്ടവിരുദ്ധമല്ലാത്ത ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെ ക്രിമിനല്‍ കേസാകുമെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.

മലബാര്‍ സിമന്റ്‌സ് എം.ഡി.യായിരുന്ന പത്മകുമാറിനെ അറസ്റ്റുചെയ്തത് നിയമവും സാമാന്യനീതിയും ലംഘിച്ചാണെന്ന നിലപാടെടുത്തതാണ് പോള്‍ ആന്റണിയോട് ജേക്കബ് തോമസിന് വിരോധം തോന്നാന്‍ കാരണം. അദ്ദേഹത്തിന്റെ നിയമ വിരുദ്ധ പ്രവൃത്തികള്‍ ചൂണ്ടിക്കാണിക്കുകയോ എതിര്‍ക്കുകയോ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയെല്ലാം പ്രതികാരനടപടിയെടുക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നു. എഫ്.ഐ.ആര്‍. ഇട്ട കേസില്‍പ്പോലും വിജിലന്‍സ് ഡയറക്ടര്‍ വീണ്ടും കേസെടുക്കുകയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാം, ടോം ജോസ് എന്നിവര്‍ക്കെതിരേ ജേക്കബ് തോമസ് നീങ്ങിയതും വിവാദമായിരുന്നു. ഒടുവില്‍ കെ.എം. എബ്രഹാമിനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്ക് രംഗത്തുവരേണ്ടിവന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ടോം ജോസിനെ കഴിഞ്ഞദിവസം വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക