Image

പള്ളിക്കെട്ട് ശബരിമലയ്ക്ക്…സംഗീത സാന്ദ്രം സന്നിധാനം

അനില്‍ പെണ്ണുക്കര Published on 08 January, 2017
പള്ളിക്കെട്ട് ശബരിമലയ്ക്ക്…സംഗീത സാന്ദ്രം സന്നിധാനം
ചെന്നൈയില്‍ നിന്നെത്തിയ പ്രശസ്ത ഗായകരായ കെ.വി.ബാലാജിയും മടിപാക്കം ഹരിഹരനും സന്നിധാനത്തെ അയ്യപ്പസ്തുതികളാല്‍ ഭക്തിസാന്ദ്രമാക്കി. തെലുങ്കിലും തമിഴിലും മലയാളത്തിലുമായുള്ള മുപ്പതോളം അയ്യപ്പഭക്തിഗാനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. 

ഒരു സപര്യപോലെ ജീവിതത്തില്‍ അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താല്‍ ഒട്ടനവധി വേദികളില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്ന ഇവര്‍ക്ക് സന്നിധാനത്തെ സംഗീതാര്‍ച്ചന അനുഗ്രഹം കൂടിയാണ്. കാനനവാസനായ അയ്യപ്പന്റെ തിരുനടയില്‍ ഗാനാര്‍ച്ചന നടത്തുകയെന്നത് ഇവരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. മുപ്പത് വര്‍ഷമായി സന്നിധാനത്തില്‍ മുടങ്ങാതെയെത്തുന്ന ബാലാജിയും ഹരിഹരനും ഇത്തവണ ആത്മനിര്‍വൃതിയോടെയാണ് മടങ്ങിയത്. 

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഒപ്പം സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ഇവരുടെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനമായിരുന്നു പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുള്ളും കാലുക്ക് മെത്തെ എന്ന ഗാനം. ഈ ഗാനം ആഗ്രഹം പോലെ തന്നെ ഭക്തവത്സലനായ അയ്യപ്പന്റെ മുന്നില്‍ പാടാന്‍ തുടങ്ങിയതോടെ ഭക്തന്മാരും ഏറ്റുപാടി. 

സന്ധ്യാസമയത്ത് ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് താഴെ ഊഴം കാത്തുനിന്ന ആയിരക്കണക്കിന് സ്വാമിമാര്‍ ഗാനാര്‍ച്ചനയ്ക്ക് താളം പിടിച്ചു.
വ്രതപുണ്യത്തിന്റെ നിറവുകള്‍ക്കൊപ്പം അയ്യപ്പ കീര്‍ത്തനങ്ങളെ ഏറ്റുവാങ്ങിയ ഭക്തസഹസ്രങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചാണ് രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന സംഗീതാര്‍ച്ചനയ്ക്ക് ഇവര്‍ വിരാമമിട്ടത്. 25 വര്‍ഷമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി വേദികളില്‍ തബലവാദകനായ പളനി ഈശ്വരനും ഹാര്‍മോണിയ വാദകനായ മധുരൈ മുത്തുകൃഷ്ണനും, വോക്കലിസ്റ്റ് രാജേന്ദ്രപ്രസാദും സംഗീതനിശയില്‍ പങ്കെടുത്തു.
പള്ളിക്കെട്ട് ശബരിമലയ്ക്ക്…സംഗീത സാന്ദ്രം സന്നിധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക