Image

ശബരിമലയില്‍ 57 ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരം

അനില്‍ പെണ്ണുക്കര Published on 08 January, 2017
ശബരിമലയില്‍ 57 ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരം
മകരവിളക്കു മഹോത്സവത്തിന് ശബരിമലയിലുണ്ടാകുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് ശരംകുത്തിയില്‍ 57ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരമായി സംഭരിച്ചിട്ടുണ്ടെന്ന് കേരള ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എല്ലാദിവസവും ഭക്തജനങ്ങള്‍ക്കും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കും ലഭ്യമാക്കുന്ന ജലത്തിനുപുറമേയാണിത്.

ജലവിതരണസംവിധാനത്തിനുണ്ടായേക്കാവുന്ന തടസ്സം ഉടന്‍ പരിഹരിക്കുന്നതിന് പമ്പ, സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ മെയിന്റനന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ഈമാസം 10 മുതല്‍ 14വരെ ആവശ്യത്തിന് വെള്ളം ഉറപ്പുവരുത്തും. ഉത്സവസീസണില്‍ ശബരിമലയില്‍ ജലക്ഷാമമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് നവീകരിച്ചതിനാല്‍ ജലചോര്‍ച്ച തടയുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്കും മലകയറുന്നവര്‍ക്കും ഗുണമേന്മയുള്ള ശുദ്ധജലം എത്തിക്കുന്നതിന് പമ്പമുതല്‍ മരക്കൂട്ടം വരെ വിവിധ ഇടങ്ങളിലായി 127 വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.1 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലവിതരണ സംവിധാനം കാര്യക്ഷമമാണെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ബോധവല്‍ക്കരണം ഫലപ്രദമായി ശബരിമലയില്‍ ഹൃദ്രോഗ മരണനിരക്ക് കുറഞ്ഞു

ശബരിമല തീര്‍ത്ഥാടനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഹൃദ്രോഗമരണം കുറഞ്ഞു വരുന്നതായി സന്നിധാനത്തെ സഹാസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്‍ പറഞ്ഞു. മലകറിയെത്തുന്ന ഭക്തരില്‍ ഹൃദയാഘാതവും കുറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും മലകയറ്റത്തില്‍ അയ്യപ്പഭക്തര്‍ക്കിടിലുണ്ടായ ബോധവത്കരണവുമാണ് ഇതിന് കാരണമായത്. ഈ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഇതുവരെ ഹൃദ്രോഗബാധിതനായി ഒരാള്‍ മാത്രമാണ് മരണമടഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി മരണങ്ങള്‍ മലകയറ്റത്തിനിടയിലും സന്നിധാനത്തും ഉണ്ടായിട്ടുണ്ട്. മലകയറി വന്നയുടന്‍ വിശ്രമിക്കാതെ ക്യൂവില്‍ നിന്ന് പതിനെട്ടാം പടി കയറിയെത്തുന്നവര്‍ക്കിടയിലാണ് ഹൃദ്രോഗ സാധ്യത കൂടുതലായി കാണുന്നത്. മലകയറ്റത്തിനിടയില്‍ ചെറുതായി നെഞ്ചുവേദന അനുഭവപ്പെടുന്നവര്‍ പോലും ദര്‍ശനം നടത്താനുള്ള തിടുക്കത്തില്‍ പതിനെട്ടാം പടി കയറുകയാണ്. ഇത് അപകടകരമാണ്. ഒട്ടനവധി പേര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഇതുമൂലം ഇവിടെ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. ഇവിടെ സഹാസ് ഒരു അടിയന്തിര ചികിത്സ യൂണിറ്റ് ഇക്കാരണത്താലാണ് തുടങ്ങിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടവരെ ഉടന്‍ തന്നെ സഹാസിലെത്തിച്ച് ചികിത്സ നല്‍കി വരുന്നുണ്ട്. അയ്യപ്പ ഭക്തര്‍ തങ്ങി നില്‍ക്കുന്ന ഇടങ്ങളിലെല്ലാം മലകയറ്റത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കിയിരുന്നു.

അനുഗ്രഹമായി സഹാസ്

ശബരിമല കയറിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്റര്‍ അനുഗ്രഹമാണ്. മകര വിളക്കിന് സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ തിരക്കായതോടെ സന്നിധാനത്തെ സഹാസ് കേന്ദ്രവും തിരക്കിലാണ്. കഠിനമായ നീലിമല കയറിയെത്തുന്നവര്‍ക്ക് ഏതവസരത്തിലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സദാസന്നദ്ധരാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. അപടകരമായ വിധത്തില്‍ ഹൃദയമിടിപ്പ് കൂടി മരണത്തെ മുഖാമുഖം കണ്ട നിരവധി പേര്‍ക്ക് ഈ കേന്ദ്രം ഇതിനകം തുണയായി. സഹാസ് കേന്ദ്രത്തില്‍ നിന്നും പതിനെട്ടാം പടിക്കു മുകളിലായുള്ള ഉപകേന്ദ്രമായ സോപാനം ക്ലിനിക്കില്‍ നിന്നും 4411 അയ്യപ്പ ഭക്തന്‍മാരാണ് ഇതുവരെ ചികിത്സ തേടിയത്. 1121 പേര്‍ ഹൃദയസംബന്ധമായ അസുഖവുമായാണ് ഇവിടെ എത്തിയത്.ബാക്കിയുള്ളവര്‍ക്ക് മറ്റ് അസുഖത്തിനുള്ള ചികിത്സയും നല്‍കി. ഐ.സി.യു വിഭാഗത്തില്‍ പ്രവേശിപ്പിച്ച 100 പേരില്‍ 20 പേര്‍ക്ക് നാലായിരം രൂപയോളം വിലയുള്ള സ്ട്രപ്‌റ്റോ കിനൈസ് ഇഞ്ചക്ഷനും 20 ലധികം പേര്‍ക്ക് ഹെപ്പാരിന്‍ മരുന്നും സൗജന്യമായി നല്‍കി. 18 പേര്‍ക്ക് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഉത്സവം തുടങ്ങിയതുമുതല്‍ സന്നിധാനത്ത് തയ്യാറാക്കിയ റിസ്ക് ആംബുലന്‍സില്‍ രോഗം ഗുരുതരമായ ആറുപേരെയാണ് പമ്പയിലെത്തിച്ചത്. മുപ്പതോളം പേരെ അയ്യപ്പാ സേവാ സംഘത്തിന്റെ സഹായത്തോടെ സ്ട്രക്ചറില്‍ വെന്റിലേററര്‍ സഹായത്തടെ പമ്പയിലും അവിടെ നിന്നും ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വാസുദേവന്റെ മേല്‍നോട്ടത്തിലാണ് സഹാസ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ദരായ ഡോ.ശ്രീകണ്ഠന്‍,ഡോ.അങ്കുല്‍ ഗുപ്ത എന്നിവരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 22 ലധികം ജീവനക്കാരാണ് ഇവിടെ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് സേവനം ചെയ്യുന്നത്‌സന്നിധാനത്തെ ഉത്സവ സീസണിലല്ലാതെ മാസപൂജക്കാലത്തും ഭക്തര്‍ക്ക് പൂര്‍ണ്ണമായ ആരോഗ്യപരിരക്ഷ നല്‍കുന്ന കാര്യം സഹാസ് ലക്ഷ്യമിടുകയാണ്.


തിരക്കില്‍ കര്‍പ്പൂരാരതി ഒഴിവാക്കണം

കര്‍പ്പൂരാരതി നടത്തുന്ന അയ്യപ്പഭക്തന്മാര്‍ ആരതി പൂര്‍ണമായി അണച്ചെന്നുറപ്പുവരുത്തി മാത്രമേ സ്ഥലത്തുനിന്നും പോകാവൂവെന്ന് അഗ്‌നിശമന രക്ഷാസേന സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. വരികളില്‍ വച്ച് കര്‍പ്പൂരാരതി നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം. കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ കത്തിച്ച് സ്വാമിമാര്‍ക്കിടയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കണം.അയ്യപ്പഭക്തന്മാര്‍ കൂടുതല്‍നേരം ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നടപ്പാതയിലും വഴിയിലും അയ്യപ്പഭക്തന്മാര്‍ കൂടിനിന്ന് വഴി തടസ്സപ്പെടുത്തരുത്. ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് പോകുന്ന ഭക്തന്മാര്‍ ബെയിലി പാലം വഴി പോകണം.ക്യൂവില്‍ മുന്‍വശത്തുനില്‍ക്കുന്ന അയ്യപ്പന്മാര്‍ ഗേറ്റ് തുറന്ന ഉടനേ ഓടുന്നതും, പുറകില്‍നില്‍ക്കുന്ന അയ്യപ്പന്മാര്‍ തള്ളി മുന്നോട്ടുപോകുന്നതും ഒഴിവാക്കുക.സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സ്റ്റൗ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. ആഴിയില്‍ സമര്‍പ്പിക്കുന്ന നെയ്‌തേങ്ങാമുറി അതിന്റെ മധ്യഭാഗത്തായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.വിരികളില്‍ കര്‍പ്പൂരാഴി പൂര്‍ണമായും ഒഴിവാക്കണം മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തുനിന്നും പുല്‍മേട്ടില്‍ പോകുന്ന അയ്യപ്പ ഭക്തരില്‍നിന്നും കൊച്ചു മാളികപ്പുറത്തെയും മണികണ്ഠന്മാരെയും കൊണ്ടുപോകുന്നത് കര്‍ശനമായി ഒഴിവാക്കണം.
ശബരിമലയില്‍ 57 ലക്ഷം ലിറ്റര്‍ ജലം കരുതല്‍ ശേഖരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക