Image

കമലിനെതിരായ ഭീഷണി, വളര്‍ന്നു വരുന്ന ഫാസിസത്തിന്റെ ലക്ഷണം: കവി സച്ചിദാനന്ദന്‍

Published on 09 January, 2017
കമലിനെതിരായ ഭീഷണി, വളര്‍ന്നു വരുന്ന ഫാസിസത്തിന്റെ ലക്ഷണം: കവി സച്ചിദാനന്ദന്‍

തൃശൂര്‍: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണി രാജ്യത്ത്‌ ഫാസിസം വളര്‍ന്നു വരുന്നുവെന്നതിന്റെ ലക്ഷണമാണെന്ന്‌ കവി സച്ചിദാനന്ദന്‍. സ്വതന്ത്ര കലാകാരന്മാരോടുള്ള അസഹിഷ്‌ണുതയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും അതിദേശീയവാദം വളര്‍ന്നു വരുന്നതും ഇതിന്‌ തെളിവാണെന്നും സച്ചിദാനന്ദന്‍ പറയുന്നു.

ഇന്ത്യയെ ഒരിക്കല്‍ കൂടി വിഭജിക്കാനാണ്‌ സംഘപരിവാര്‍ ശ്രമിക്കുന്നത്‌. മുസ്‌ലിം പേരുണ്ടെന്നുള്ളത്‌ കൊണ്ട്‌ മാത്രം മതവിശ്വാസികള്‍ അല്ലാത്ത മുസ്‌ലീങ്ങളോടു പോലും പാക്കിസ്ഥാനിലേക്ക്‌ പോകാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ തെളിയിക്കുന്നത്‌ ഒരിക്കല്‍ ഇന്ത്യയുടെ വിഭജനം ആവശ്യപ്പെടാന്‍ ഒരു വിഭാഗം മുസ്‌ലീങ്ങളെ പ്രേരിപ്പിച്ച അതേ ഹിന്ദു തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്‌. സംഘപരിവാര്‍ തങ്ങളുടെ അളിഞ്ഞ മതരാഷ്ട്രീയമാണ ഇതിലൂടെ വെളിപ്പെടുത്തുന്നതെന്നും സച്ചിദാനന്ദന്‍ പറയുന്നു.

തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനുള്ള ഒരായുധമായാണ്‌ ദേശഭക്തി ഉപയോഗിക്കപ്പെടുന്നത്‌. അല്ലാതെ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല. ദേശീയപതാകയും ദേശീയഗാനവും ഉള്‍പ്പെട്ട ദേശപ്രതീകങ്ങള്‍ മുഴുവന്‍ ഇങ്ങിനെ അവയുടെ അര്‍ഥം നഷ്ടപ്പെട്ട്‌ ഫാസിസത്തിന്റെ ആയുധങ്ങളായി മാറുകയാണെന്നും സച്ചിദാനന്ദന്‍ പറയുന്നു.


കമലിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജനുവരി പതിനൊന്ന്‌ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ജനകീയ പ്രതിരോധത്തില്‍ താനും പങ്കെടുക്കുമെന്ന്‌ സച്ചിദാനന്ദന്‍ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക