Image

വിശ്വാസവും പാരമ്പര്യങ്ങളും പരിപോഷിപ്പിക്കുക: ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം

Published on 10 January, 2017
വിശ്വാസവും പാരമ്പര്യങ്ങളും പരിപോഷിപ്പിക്കുക:  ക്‌നാനായ  ഫാമിലി കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം
ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം  പ്രഖ്യാപിച്ചു. 

ക്‌നാനായ റീജിയന്‍ ഡിറക്ടറും ഫാമിലി കോണ്‍ഫ്രന്‍സ് കമ്മറ്റിയുടെ പ്രസിഡണ്ടുമായ ഫാ. തോമസ് മുളവനാല്‍ ആണ് "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക" എന്ന ചിന്താവിഷയം  പ്രഖ്യാപിച്ചത്. 

കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാര്‍ത്ഥ അര്‍ത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്‌നാനായ കുടുംബങ്ങളില്‍ പരിപോക്ഷിക്കുവാനുമുള്ള ഊര്‍ജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമൂഹം ഉള്‍പ്പെടുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപത, 2017 യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവതീ യുവാക്കള്‍ക്കായി ഏറ്റവും അനുയോജ്യമായ രീതിയില്‍ സഭാത്മകവും സാമുദായികവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും, കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോണ്‍ഫ്രന്‍സ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. 

പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകള്‍ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തില്‍ ഒന്നിച്ച്, ക്‌നാനായ സമൂഹത്തിലെ സഭാ സാമുദായിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാന്‍ ഉതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തില്‍ ഫാമിലി കോണ്‍ഫ്രന്‍സിന്റെ പരിപാടികള്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഫ്രന്‍സില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ എത്രയും വേഗം തങ്ങളുടെ ഇടവകകളിലെയോ മിഷനുകളിലെയോ വൈദീകരുമായോ രെജിസ്‌ട്രേഷന്‍ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെട്ട് പൂര്‍ത്തിയാക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാല്‍ : 310 709 5111, ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254, ഫാ. ബോബന്‍ വട്ടംപുറത്ത് :773 934 1644, ടോണി പുല്ലാപ്പള്ളി: 630 205 5078
വിശ്വാസവും പാരമ്പര്യങ്ങളും പരിപോഷിപ്പിക്കുക:  ക്‌നാനായ  ഫാമിലി കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക