Image

എന്‍. ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍

Published on 13 January, 2017
എന്‍. ചന്ദ്രശേഖരന്‍  ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍

ന്യൂദല്‍ഹി: ടാറ്റ സണ്‍സ്‌ പുതിയ ചെയര്‍മാനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടിസിഎസ്‌) മാനേജിംഗ്‌ ഡയറക്ടറും സിഇഒയുമായ എന്‍.ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റ സണ്‍സിന്റെ ചരിത്രത്തില്‍ പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ്‌ എന്‍. ചന്ദ്രശേഖരന്‍. സൈറസ്‌ മിസ്‌ത്രിക്ക്‌ പകരമായാണ്‌ ചന്ദ്രശേഖരനെ നിയമിച്ചിരിക്കുന്നത്‌.

ടാറ്റ സണ്‍സ്‌ ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ്‌ യോഗത്തിലാണ്‌ പുതിയ ചെയര്‍മാനെ തെരഞെടുത്തത്‌. സൈറസ്‌ മിസ്‌ത്രി പുറത്തായപ്പോള്‍ രത്തന്‍ ടാറ്റയായിരുന്നു പദവി കൈകാര്യം ചെയ്‌തിരുന്നത്‌. പുതിയ ചെയര്‍മാനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന്‌ ഗ്രൂപ്പ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2009 മുതല്‍ ടി.സി.എസിന്റെ തലപ്പത്തുള്ളയാളാണ്‌ ചന്ദ്രശേഖരന്‍. നേരത്തെ സൈറസ്‌ മിസ്‌ത്രിയെ പുറത്താക്കിയപ്പോള്‍ ചന്ദ്രശേഖരനെ ടാറ്റാസണ്‍സ്‌ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചിരുന്നു.
തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിയായ ചന്ദ്രശേഖരന്‍ കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി,ട്രിച്ച്‌ റീജണല്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.''

കഴിഞ്ഞ ഒക്ടടോബറിലാണ്‌ സൈറസ്‌ മിസ്‌ത്രിയെ ടാറ്റ സണ്‍സ്‌ തലപ്പത്തുനിന്ന്‌ പുറത്താക്കിയിരുന്നത്‌. സൈറസ്‌ മിസ്‌ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട്‌ നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ്‌ പുതിയ നിയമനം വരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക