Image

സിനിമാ സമരം വലിയ ചതിയെന്ന്‌ ഗണേഷ്‌ കുമാര്‍

Published on 13 January, 2017
സിനിമാ സമരം വലിയ ചതിയെന്ന്‌ ഗണേഷ്‌ കുമാര്‍

തിരുവനന്തപുരം: സിനിമാസമരം വലിയ ചതിയാണെന്ന്‌ മുന്‍മന്ത്രിയും നടനുമായ ഗണേഷ്‌ കുമാര്‍. ഈ സമരത്തിലൊരു ചതിയുണ്ട്‌. ഇത്‌ സര്‍ക്കാറിനെയും ജനങ്ങളെയും പറ്റിക്കാനാണ്‌. ഇതെല്ലാം കഴിയുമ്പോള്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കും.

1998 മുതല്‍ തിയേറ്റര്‍ നവീകരിക്കാനെന്ന പേരില്‍ രണ്ടുരൂപ പിരിക്കുന്നുണ്ട്‌. അത്‌ നിയമവിരുദ്ധമാണ്‌. നിയമസഭയോ പാര്‍ലമെന്റോ പാസാക്കാത്ത ഒരു സെസ്സും നിലനില്‍ക്കുന്നതല്ല. പഞ്ചായത്ത്‌ ആക്ടില്‍ മാറ്റം വരുത്തിയാണ്‌ പിന്നീടൊരിക്കല്‍ 3 രൂപ കൂട്ടിയത്‌.


സമരം നടക്കുമ്പോള്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ചര്‍ച്ചയ്‌ക്കു വിളിച്ചാല്‍ ഇതൊരു കീറാമുട്ടിയാണെന്നു വരുത്തിത്തീര്‍ക്കാം. അങ്ങനെ സര്‍ക്കാറിനെ കൊണ്ട്‌ 5 രൂപ തിയേറ്ററുകാര്‍ക്കും 2 രൂപ നിര്‍മ്മാതാക്കള്‍ക്കും ഒരു ടിക്കറ്റില്‍ നിന്ന്‌ കൊടുക്കാം എന്നൊരു ഗൂഢാലോചനയുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഇതില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാണ്‌ എന്റെ അഭ്യര്‍ത്ഥന. അവസാനം സര്‍ക്കാര്‍ വെട്ടില്‍ വീഴും. ഈ കെണിയില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വീഴരുതെന്നും ഗണേഷ്‌ പറയുന്നു.


ഈ സമരം സിനിമാപ്രവര്‍ത്തകര്‍ തന്നെ തുടങ്ങിയതാണ്‌. അവര്‍ തന്നെ ചര്‍ച്ച ചെയ്‌ത്‌ അവസാനിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എല്ലാക്കാലത്തും അവര്‍ സമരം തുടങ്ങാറുണ്ട്‌. മാധ്യമങ്ങളൊക്കെ അതിനെ പ്രോത്സാഹിപ്പിക്കാറുമുണ്ട്‌. സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന ചില ആളുകളുണ്ട്‌. ആ പ്രത്യേക ടീമിനെക്കുറിച്ച്‌ നമ്മളൊരു പഠനം തന്നെ നടത്തണമെന്നും ഗണേഷ്‌ പറുന്നു.

ഇവരുടെ സമരമൊക്കെ സ്വന്തം സിനിമയില്ലാത്തപ്പോഴാണെന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം. അവരുടെ സിനിമകള്‍ ഓടുമ്പോള്‍ സമരം ചെയ്യില്ല. അവരുടെ സിനിമയ്‌ക്ക്‌ 100 രൂപ നഷ്ടം വരുന്ന ഒരു സമരത്തിനും നില്‍ക്കില്ല. തിയേറ്ററുകാരുടെ കൂട്ടത്തിലും ധാര്‍ഷ്ട്യമുള്ളവരുണ്ട്‌. യാതൊരു അച്ചടക്കവുമില്ലാത്തവരാണ്‌ ഇരുകൂട്ടരുമെന്നും ഗണേഷ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക