Image

ഡോ. സിദ്ദീഖ് അഹമ്മദിനും ജോണ്‍ മത്തായിക്കും ബഹറിന്‍ കേരളീയസമാജം പുരസ്‌കാരം

Published on 24 January, 2017
ഡോ. സിദ്ദീഖ് അഹമ്മദിനും ജോണ്‍ മത്തായിക്കും ബഹറിന്‍ കേരളീയസമാജം പുരസ്‌കാരം

      മനാമ: എഴുപത് വര്‍ഷത്തിലധികം പ്രവര്‍ത്തന പാരന്പര്യമുള്ള പ്രവാസി മലയാളി സംഘടനയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പ്രമുഖ പ്രവാസി വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദിനും ഇറാം ഗ്രൂപ്പ്, ജോണ്‍ മത്തായിക്കും ധന്യ ഗ്രൂപ്പ് ഓഫ് കന്പനീസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 

സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഔട്ട് സ്റ്റാന്റിംഗ് ബിസിനസ് ഐക്കണ്‍ പുരസ്‌കാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രവാസികള്‍ സജ്ജരാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമാജം സെക്രട്ടറി എന്‍.കെ വീരമണി പുരസ്‌കാര ജേതാക്കളെ പൊന്നാടയണിയിച്ചു. പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള പ്രശസ്തി പത്രം കൈമാറി. സാമൂഹ്യ പ്രതിബദ്ധതയോടെ തങ്ങളുടെ കര്‍മ്മപഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം മലയാളികളെ ആദരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. 

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇ ടോയ്‌ലറ്റ് പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ ശുചിത്വഭാരത പ്രോഗ്രാമിനടക്കം മികച്ച പിന്തുണ നല്‍കുന്ന ഇറാം ഗ്രൂപ്പ് കേരളം ഗുരുതരമായി നേരിടാന്‍ പോകുന്ന ജലക്ഷാമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും ജലസംരക്ഷണത്തിനുള്ള വിവിധ കരുതല്‍ നടപടികളില്‍ ജനങ്ങളോടും സര്‍ക്കാരിനോടും സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സേവ് വാട്ടര്‍ സേവ് എര്‍ത്ത് എന്ന ഇറാം ഗ്രൂപ്പ് മുദ്രാവാക്യത്തിന് ഏറെ ജനപിന്തുണ ലഭിക്കുന്നുണ്ട ്. ഭാരതപ്പുഴയിലടക്കം തടയണകള്‍ നിര്‍മിക്കുകയും ജലം സംരക്ഷിക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇറാം ഗ്രൂപ്പ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി സമൂഹം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്ന് ജോണ്‍ മത്തായി പറഞ്ഞു. പരിപാടിയോടനുബന്ധച്ച് പ്രമുഖ ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ, ജയദീപ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീതനിശയും അരങ്ങേറി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക