Image

ഫുക്രി: ചിരിക്കാം, ചിരിച്ചുകൊണ്ടേയിരിക്കാം

ആഷ എസ് പണിക്കര്‍ Published on 04 February, 2017
ഫുക്രി: ചിരിക്കാം, ചിരിച്ചുകൊണ്ടേയിരിക്കാം

ജയസൂര്യയുടെ പഴയകാല തമാശസിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ്‌ ഫുക്രി. ഒരു ഫുള്‍ ടൈം എന്റര്‍ടെയ്‌നര്‍. നല്ല കളര്‍ഫുള്‍ സീനില്‍ നിറയെ കഥാപാത്രങ്ങളുമായി ഒരു രസികന്‍ പടം.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ പഠനം പാതിവഴിയിലുപേക്ഷിച്ച്‌ ജോലി തേടി നടക്കുന്ന ചെറുപ്പക്കാരനാണ്‌ ലക്കി, കൂട്ടുകാരുമൊത്ത്‌ ചെറുപ്പത്തിന്റെ കുസൃതിത്തരങ്ങളൊക്കെ കാട്ടി ജീവിതം ആഘോഷമാക്കി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍.

 അപ്രതീക്ഷിതമായാണ്‌ അയാള്‍ അഫ്‌സി എന്ന യുവതിയെ കണ്ടുമുട്ടുന്നത്‌. അവളുടെ സ്‌നേഹം നേടാന്‍ ലക്കി തന്റെ പേരു മാറ്റുന്നു. ലുക്ക്‌മാന്‍ അലി ഫുക്രി എന്നാണ്‌ അയാള്‍ തന്റെ പേരു മാറ്റുന്നത്‌. 

ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. ഇതേ തടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി പറയുന്ന കഥയാണ്‌ ഫുക്രി.

തികച്ചും രസകരമായ കഥാസന്ദര്‍ഭങ്ങളാണ്‌ ചിത്രത്തിന്റെ പ്രത്യേകത. കഥയുടെ ഗതിക്കനുസരിച്ച്‌ വികസിക്കുന്ന കോമഡി നമ്പരുകള്‍ ഏറെയുണ്ട്‌ ചിത്രത്തില്‍. 


 സിദ്ദിഖിന്റെ പഴയകാല സിനിമകളെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലുള്ള നര്‍മമുഹൂര്‍ത്തങ്ങള്‍. ഏറെ സങ്കീര്‍ണായ നിരവധി കാര്യങ്ങളാണ്‌ കഥയിലുടനീളം പറഞ്ഞുപോവുന്നത്‌. മതസൗഹാര്‍ത്തെ പ്രോത്സാഹിപ്പിക്കുന്ന ഹൃദയസ്‌പര്‍ശിയായ രംഗങ്ങളും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്‌.

സിനിമയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ഏററവുമധികം സഹായിച്ചിരിക്കുന്നത്‌ ജയസൂര്യ എന്ന നടന്റെ അപാരമായ അഭിനയ മികവു തന്നെയാണ്‌. ലക്കിയായും ലുക്ക്‌മാന്‍ അലി ഫുക്രിയായും ജയസൂര്യ തിളങ്ങിയ സിനിമയാണ്‌ ഫുക്രി. 

സു..സു...സുധി വാത്മീകത്തിലും പ്രേതത്തിലും കണ്ട ജയസൂര്യയല്ല ഫുക്രിയില്‍. തികച്ചും വ്യത്യസ്‌തമായ വേഷങ്ങള്‍ തന്റെ മാത്രം കൈയ്യോപ്പോടെ ഈ നടന്‍ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ കരിയറിലെ അദ്ദേഹത്തിന്റെ മുന്നേറ്റമാണ്‌ കാണിക്കുന്നത്‌.

ഉസ്‌മാന്‍ അലി ഫുക്രിയെന്ന കഥാപാത്രമായി സ്‌ക്രീനിലെത്തിയസിദ്ദിഖാണ്‌ അഭിനയത്തില്‍ അതുല്യപ്രകടനം കാഴ്‌ച വച്ച മറ്റൊരു നടന്‍. ഉസ്‌മാന്‍ അലി ഫുക്രിയായി അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നു എന്നു തോന്നിപ്പോകും. 

ശരീരഭാഷയിലും സംഭാഷണത്തിലും ആ കഥാപാത്രത്തിന്റെ പ്രായത്തിനൊത്ത പ്രകടനമാണ്‌ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്‌.

നായികമാരായി എത്തിയ പ്രയാഗ, അനു സിത്താര, എന്നിവര്‍ തങ്ങളുടെ കഥാപാത്രത്തെ കഥയിക്കിണങ്ങും വിധം അവതരിപ്പിച്ചിട്ടുണ്ട്‌. കെ.പി.എ.സി ലളിത, ലാല്‍, ജനാര്‍ദ്ദനന്‍, ജോജു ജോര്‍ജ്‌ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ച്‌ ക്യാമറ കൈകാര്യം ചെയ്‌ത വിജയ്‌ ഉലകനാഥ്‌. 

സിനിമയുടെ മൊത്തത്തിലുള്ള മൂഡിനനുസരിച്ചുള്ള കളര്‍ പാറ്റേണ്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം കാണിച്ച മികവ്‌ എടുത്തുപറയാതെ വയ്യ. 

 വിശ്വജിത്ത്‌, ഡോ.എം.സുധീപ്‌ ഇളയിടം എന്നിവര്‍ ചേര്‍ന്ന്‌ ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. സരിത വര്‍മ, പ്രവീണ്‍ വര്‍മ എന്നിവരുടെ വസ്‌ത്രാലങ്കാരവും മികച്ചതാണ്‌. 

മുസിലിം തറവാടുകളിലെ തനതു വസ്‌ത്രധാരണ രീതിയൊരുക്കുന്നതില്‍ ഇരുവരും വിജയിച്ചിട്ടുണ്ട്‌. സിദ്ദിഖ്‌ തന്നെ കഥയും തിരക്കഥയുമൊരുക്കിയ ചിത്രം കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ്‌. ടിക്കറ്റ്‌ ചാര്‍ജ്‌ നഷ്‌ടമാവില്ല.



ഫുക്രി: ചിരിക്കാം, ചിരിച്ചുകൊണ്ടേയിരിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക