ശങ്കരാചാര്യര്‍ക്കുശേഷം ലോകമറിയപ്പെടുന്ന
ഒരു ഋഷി വര്യനായി രമണ മഹര്‍ഷിയെ ആദരിക്കുന്നു. കിഴക്കും പടിഞ്ഞാറും
ഒരുപോലെ ആദ്ധ്യാത്മിക സന്ദേശത്തിന്റെ ചൈതന്യം വീശുവാന്‍ അദ്ദേഹത്തിനു
കഴിഞ്ഞുവെന്നതും സനാതനികള്‍ക്ക് അഭിമാനിക്കാം. തെറ്റുകളധികം
ആവര്‍ത്തിക്കാത്ത കളങ്കമറ്റ സുന്ദരമായ ഒരു ജീവിതം രമണനെന്ന
ഋഷിവര്യനിലുണ്ടായിരുന്നു. പരിശുദ്ധിയുടെ ഹൃദയഹാരിയായ മനോഹാരിത ആ ലളിത
ജീവിതത്തില്‍ നിത്യവും പ്രകാശിച്ചിരുന്നു. എളിമയുടെ മൂര്‍ത്തികരണമായിരുന്ന
രമണമുനി ബൗദ്ധിക തലങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.
മനുഷ്യഹൃദയങ്ങളില്‍ ആവേശം പകര്‍ന്നുകൊണ്ടിരുന്ന ഒരു കവിയും തത്ത്വ
ചിന്തകനുമായിരുന്നു. അരുണാചല മലമുകളിലെ നിര്‍മ്മലമായ വായു ശ്വസിച്ചുകൊണ്ടും
തണല്‍ വൃക്ഷങ്ങളെ ആശ്രയിച്ചുകൊണ്ടും ഏകാന്തമായ ഒരു ജീവിതം അദ്ദേഹം
ഇഷ്ടപ്പെട്ടിരുന്നു. ധ്യാനനിരതമായ നിശബ്ദത ആ യോഗീശ്വരന്റെ ഗാഢമായ
ചിന്തകളുടെ ഭാഗമായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ഒരിക്കലും
അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.
ആദ്ധ്യാത്മിക ചിന്താലോകത്തിലെ ആ വലിയ വിപ്ലവകാരി എന്തിനെയും
പ്രതികരിക്കുന്ന ഒരു സാത്വികനും ആചാര്യനുമായിരുന്നു. ദൈവത്തെ
അന്വേഷിക്കുന്നവരായവര്‍ക്ക് ഒരു നിഴലുപോലെ അവരോടൊപ്പം
എന്നുമുണ്ടായിരുന്നു. സ്വയം ഒരു അന്വേഷകനായി എവിടെയോ ബോധമണ്ഡലത്തില്‍
ഒളിഞ്ഞിരിക്കുന്ന ആത്മത്തെ കണ്ടെത്തുകയെന്ന ഒരു അദ്വൈതവാദിയായിരുന്നു
അദ്ദേഹം. ദുഃഖങ്ങള്‍ മായയാണെന്നും മനുഷ്യന്‍ അതില്‍നിന്നും മോചിതനായി സ്വയം
കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. അദ്വൈത വേദങ്ങള്‍ സര്‍വ്വജാതികളുടെയും
ആത്മീയ പരിവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗമായി രമണ മഹര്‍ഷി തുറന്നുകൊടുത്തു.
വിശാല ഹൃദയത്തോടെയുള്ള വേദ സാരോപദേശങ്ങള്‍ മറ്റു ഋഷിവര്യന്മാരില്‍നിന്നും
അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
പതിനേഴാം വയസില്‍ ബുദ്ധനെപ്പോലെ ദിവ്യമായ ബോധദീപ്തി നേടിയെന്നു രമണ മഹര്‍ഷി
അവകാശപ്പെടുന്നു. അതിനുശേഷം തെക്കേ ഇന്ത്യയിലുള്ള പുണ്യ കേന്ദ്രമായ
അരുണാചല്‍ മലയില്‍ ഏകദേശം അമ്പതു വര്‍ഷങ്ങളോളം ജീവിച്ചു. അദ്ദേഹത്തിന്‍റെ
ആശ്രമത്തില്‍ ഇന്നും ദിനം പ്രതി ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നും പോയും
കൊണ്ടിരിക്കുന്നു. അവരില്‍ ധനികരോ ദരിദ്രോയെന്നു വ്യതാസമില്ലാതെ ഏവരെയും
ഒരുപോലെ അദ്ദേഹം സ്വീകരിച്ചിരുന്നു. ലോകമാകമാനമുള്ള നാനാ ജാതി മതസ്ഥരും
പണ്ഡിതരും വിവിധ സംസ്ക്കാരങ്ങളിലുള്ളവരും അവിടെ വന്നെത്തിയിരുന്നു.
അദ്ധ്യാത്മികത തേടിയുള്ള രമണാശ്രമത്തിലേക്കുള്ള ജനപ്രവാഹത്തിനു
രമണമഹര്‍ഷിയുടെ മരണവും തടസ്സമായില്ല. രമണ തത്ത്വങ്ങള്‍ പഠിക്കാന്‍
ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം അവിടെ വന്നെത്തുന്നുണ്ട്.
തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുച്ചുളി ഗ്രാമത്തില്‍ 1879 ഡിസംബര്‍
മുപ്പതാം തിയതി വെങ്കട്ടരാമനെന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷി ജനിച്ചു.
ഗ്രാമത്തിലെ ഒരു അക്കൗണ്ട് ക്ലര്‍ക്കായിരുന്ന സുന്ദരം അയ്യരായിരുന്നു
അദ്ദേഹത്തിന്‍റെ പിതാവ്. പിന്നീട് പ്ലീഡറായി അടുത്തുള്ള കോടതിയില്‍ ജോലി
ചെയ്തിരുന്നു. മക്കളെ സാമാന്യം നല്ല നിലയില്‍ വളര്‍ത്താനുള്ള വരുമാനവും
ഉണ്ടായിരുന്നു. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെയും സാധുക്കളെയും
സഹായിക്കാനുള്ള നല്ല മനഃസ്ഥിതിയുമുണ്ടായിരുന്നു. കോടതിയിലും അദ്ദേഹത്തിന്റെ
പിതാവിന് സമുന്നതമായ ഒരു സ്ഥാനം കല്പിച്ചിരുന്നു. ചില സമയങ്ങളില്‍
വാദികളും പ്രതികളും ഒരു പോലെ അവര്‍ക്കുവേണ്ടി വാദിക്കണമെന്നു
പറഞ്ഞെത്തുമായിരുന്നു.
രമണന്റെ അമ്മ 'അളഗമ്മ' 'മനമാധുരൈ'ക്കു സമീപമുള്ള 'പസലൈ' യെന്ന
സ്ഥലത്തായിരുന്നു ജനിച്ചത്. അവര്‍ ശിശുവായിരുന്നപ്പോള്‍ തന്നെ സുന്ദരം
അയ്യരെ വിവാഹം ചെയ്തിരുന്നു. അക്കാലത്ത് സ്കൂള്‍ വിദ്യാഭ്യാസമൊന്നും
അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും വേദാന്തത്തിലെ ശ്ലോകങ്ങള്‍
പഠിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ ഉരുവിടുകയും ചെയ്യുമായിരുന്നു.
അളഗമ്മയും അവരുടെ ഭര്‍ത്താവു സുന്ദരവും അക്കാലത്തെ ആരെയും ആകര്‍ഷിക്കുന്ന
മാതൃകാ ദമ്പതികളായിരുന്നു. ഏതു പാതിരായ്ക്കും അവരുടെ വീട്ടില്‍ അതിഥികള്‍
വന്നാല്‍ അളഗമ്മ അവരെ എന്നും സ്‌നേഹപൂര്‍വ്വം സല്‍ക്കരിക്കുമായിരുന്നു.
സംസ്കൃത വാക്കായ സുന്ദരവും തമിഴ്! വാക്കായ അളഗമ്മയും പേരുകളില്‍ ഒരേ
അര്‍ത്ഥമാണ് കല്പിച്ചിരിക്കുന്നത്, അതായത് സുന്ദരനും സുന്ദരിയും. രമണന്‍
അരുണാചലില്‍ തപസിലായിരുന്നപ്പോള്‍ "നീയും ഞാനും ഒന്നായിരിക്കട്ടെ,
അളഗുവിനേയും സുന്ദരത്തെപ്പോലെയും തമ്മില്‍ പിരിക്കാന്‍ കഴിയരുതേ" യെന്നു'
ദേവ പര്‍വ്വതമായ അരുണാചലനെ സ്തുതിച്ചു പാടുമായിരുന്നു.
ഒരു സാധാരണ ബാലനെപ്പോലെയാണ് വെങ്കിട്ടരാമന്‍ വളര്‍ന്നത്. അഞ്ചു വയസുവരെ
അമ്മയുടെ മുലപ്പാല്‍ കുടിച്ചു ആരോഗ്യവാനായി അവന്‍ വളര്‍ന്നു.
ഗ്രാമത്തിലുള്ള സകല ജനത്തിനും ആ ബാലനെ സ്‌നേഹമായിരുന്നു. പ്രാഥമിക
വിദ്യാഭ്യാസം തിരുച്ചുളിയില്‍... മൂന്നു വര്‍ഷം അവിടെ പഠിച്ചു. പതിനൊന്നു
വയസുവരെ സെക്കണ്ടറി വിദ്യാഭ്യാസം ദിണ്ടിഗലില്‍ ആയിരുന്നു. വെങ്കിട്ടരാമന്‍
ബുദ്ധിമാനായിരുന്നെങ്കിലും പഠനത്തില്‍ വലിയ താല്പര്യം കാണിച്ചിരുന്നില്ല.
പഠനത്തെക്കാളും സ്‌പോര്‍ട്‌സിലും ഗെയിംസിലുമായിരുന്നു താല്‍പ്പര്യം.
'ഭൂമിനാദേശ്വര അമ്പലവും' അതിന്റെ പരിസരങ്ങളും ഈ ബാലന്റെ പ്രധാന
കളിസ്ഥലങ്ങളായിരുന്നു. അമ്പലക്കുളത്തില്‍ കുട്ടികളുമൊത്ത് നീന്തുന്നതും ഒരു
കൗതുകമായിരുന്നു.
1892ല്‍ സുന്ദരം അയ്യര്‍ അപ്രതീക്ഷിതമായി മരണമടഞ്ഞു. അദ്ദേഹം അന്ന്
നാല്‍പ്പതു വയസിനടുത്ത പ്രായമായിരുന്നു. വെങ്കിട്ടരാമനു പന്ത്രണ്ടു വയസു
പ്രായവും. മൂത്ത സഹോദരന്‍ നാഗസ്വാമിയ്ക്ക് പതിനാലു വയസും ഇളയ സഹോദരന്‍
നാഗസുന്ദരത്തിനു ആറുവയസും സഹോദരി അളമേലുവിനു നാലു വയസുമായിരുന്നു
പ്രായമുണ്ടായിരുന്നത്. സ്കൂളില്‍നിന്നു വന്നെത്തിയ വെങ്കിട്ടരാമന് ആ
സായംകാലത്തില്‍ അച്ഛന്‍ മരിച്ചു കിടക്കുകയെന്ന വിവരം അറിയില്ലായിരുന്നു.
അന്ന് അച്ഛായെന്നു മൃതദേഹത്തെ കുലുക്കികൊണ്ടു വിളിച്ചപ്പോള്‍
അദ്ദേഹത്തിന്‍റെ അമ്മാവന്‍ സമാശ്വസിപ്പിച്ചുകൊണ്ടു, 'ഇനിയൊരിക്കലും നിന്റെ
അച്ഛന്‍ വിളികേള്‍ക്കില്ലാ'ന്നു പറഞ്ഞു. ജഡികമായ ഒരു ജീവിതത്തെപ്പറ്റി
അപ്പോഴാണ് വെങ്കിട്ടരാമന്‍ ചിന്തിക്കാനാരംഭിച്ചത്.
വെങ്കിട്ടരാമന്‍ സ്‌കോട്ട് മിഡില്‍ സ്കൂളില്‍ പ്രാരംഭ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയ ശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം ചെയ്തത് അമേരിക്കന്‍
മിഷ്യന്‍ സ്കൂളിലായിരുന്നു. സാധാരണ കുട്ടിയെന്നതിലുപരി പഠിക്കാന്‍
അതിസമര്‍ത്ഥനായിരുന്നില്ല. ക്ലാസ്സില്‍ ഒരിക്കലും ഗൃഹപാഠം ചെയ്തുകൊണ്ട്
പോവില്ലായിരുന്നു. സ്കൂളില്‍ അദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ഉറക്കം
തൂങ്ങുകയും പതിവായിരുന്നു. തലമുടി ഒരു ചരടിന്മേല്‍ കൂട്ടിക്കെട്ടി
ഭിത്തിയില്‍ തറച്ചുവെച്ചിരിക്കുന്ന ഒരു ആണിയില്‍ ചുറ്റി
ബന്ധിച്ചിടുകയെന്നത് അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. തല കുലുക്കുന്ന സമയം
ചരടു വലിയുകയും പെട്ടെന്ന് ഉണരുകയും ചെയ്യുമായിരുന്നു. അല്ലായെങ്കില്‍
ടീച്ചറിന്റെ ചെവി പിരിച്ചുള്ള 'പിച്ച്' സഹിക്കാന്‍ സാധിക്കില്ലായിരുന്നു.
ഗൃഹപാഠം ചെയ്യാത്തതിനും ക്ലാസ്സില്‍ ശ്രദ്ധിക്കാത്തതിനും നിത്യം ശിക്ഷ
കിട്ടുന്നതും പതിവായിരുന്നു.
ഗുസ്തിയും ബോക്‌സിംഗും ഓട്ടവും വെങ്കിട്ടരാമന്റെ ഹോബിയായിരുന്നു.
പ്രായത്തില്‍ കവിഞ്ഞ കായിക ബലവുമുണ്ടായിരുന്നു. അക്കാലങ്ങളില്‍
സമപ്രായക്കാരേക്കാള്‍ ശരീരബലവും ശരീരപുഷ്ടിയുമുണ്ടായിരുന്നു. മുതിര്‍ന്ന
കുട്ടികള്‍പോലും ബലപ്രയോഗത്തിലും മസിലുയര്‍ത്തുന്നതിലും വെങ്കിട്ടരാമനോട്
ജയിക്കില്ലായിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കും. എപ്പോഴും
അദ്ദേഹത്തിന്‍റെ ടിം മാത്രമേ വിജയിച്ചിരുന്നുള്ളൂ. അതുകൊണ്ടു തങ്കകൈ അഥവാ
ഗോള്‍ഡന്‍ ഹാന്‍ഡ് എന്ന പേരും ലഭിച്ചിരുന്നു.
1895 നവംബറില്‍ വെങ്കിട്ടരാമന്റെ പതിനാറാം വയസ്സില്‍ അദ്ധ്യാത്മിക ചൈതന്യം
ഉണര്‍ത്തിക്കൊണ്ട് സുപ്രധാനമായ ഒരു സംഭവവുമുണ്ടായി. അരുണാചലമെന്ന ഒരു
പുണ്ണ്യമലയിലേക്ക് ഉടന്‍തന്നെ പുറപ്പെടണമെന്നും മരണം വരെ അവിടെ
ജീവിക്കണമെന്നുള്ള ഒരു ഉള്‍ക്കാഴ്ചയായിരുന്നു അത്. ഭക്തി നിറഞ്ഞ
ഹിന്ദുക്കള്‍ക്ക് അവിടം ഒരു പുണ്യസങ്കേതമാണ്. ആദ്യമായിട്ടായിരുന്നു അരുണാചല
മലയെപ്പറ്റി വെങ്കിട്ടരാമന്‍ കേള്‍ക്കുന്നത്. ആ മല എവിടെയെന്നു പോലും
അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. ആവര്‍ത്തിച്ചുള്ള പ്രാര്‍ഥനകളില്‍
അരുണാചലയെന്നു അര്‍ത്ഥമുള്ള 'സ്പുരണ', 'സുപുരണ' യെന്നു ചെറുപ്പം മുതല്‍
ജപിക്കുമായിരുന്നു.
വെങ്കിട്ടരാമന്‍ സ്കൂളില്‍ അക്കാലങ്ങളില്‍ അവസാന വര്‍ഷത്തെ ക്ലാസ്സില്‍
പഠിക്കുകയായിരുന്നു. അന്നേ ദിവസം പുത്തനായ ഒരു ജീവിതാനുഭവംകൊണ്ടു സ്വന്തം
ജീവിതത്തെ തന്നെ തകിടം മറിച്ചുവെന്ന് അദ്ദേഹം പറയുമായിരുന്നു.
അതിനെപ്പറ്റി വിവരിക്കുന്നതിങ്ങനെ: 'മധുരയ്ക്ക് പുറപ്പെടുന്ന ആറാഴ്ച്ച
മുമ്പായി എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമുണ്ടായി. എന്റെ
അമ്മാവന്റെ ഭവനത്തില്‍ ഏതോ സ്വപ്നലോകത്തിലെന്നപോലെ ഏകാന്തമായി ഒരു തറയില്‍
ഇരിക്കുകയായിരുന്നു. എന്നുമെന്നപോലെ ഞാന്‍ പൂര്‍ണ്ണമായും
ആരോഗ്യവാനായിരുന്നു. വലിയ ഉറക്കക്കാരനെന്നതിലുപരി മറ്റുള്ള
അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. നിശ്ശബ്ദതയിലെ അന്നേ ദിവസത്തില്‍
മരണത്തെപ്പറ്റിയുള്ള ഭീകരമായ ഒരു അനുഭവവും മരിക്കാന്‍ പോവുന്നുവെന്ന
തോന്നലും എനിക്കുണ്ടായി. അന്നത്തെ എന്നിലുണ്ടായ വൈകാരിക
മനോവൈകല്യത്തെപ്പറ്റി വിവരിക്കുക അസാധ്യമാണ്.'
'ഈ ഭയത്തെപ്പറ്റി എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും ഞാന്‍ ചിന്തിക്കാന്‍
തുടങ്ങി. ഞാന്‍ മരിക്കാന്‍ പോവുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നും
ഞാന്‍ ചിന്തിക്കുകയായിരുന്നു. അതിനായി ഡോക്ടേഴ്‌സിനെയോ, മുതിര്‍ന്നവരെയോ,
എന്റെ സുഹൃത്തുക്കളെയോ, അവരുടെ അഭിപ്രായങ്ങള്‍ ആരായാനോ തയാറല്ലായിരുന്നു.
ഞാന്‍ തന്നെ ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വിചാരിച്ചു. സ്വയം
ചോദിച്ചു. എനിക്കനുഭവപ്പെട്ട മരണത്തിന്റെ അര്‍ത്ഥമെന്താണ്? നമുക്കുള്ള
ഭൗതിക ശരീരം മരിക്കുന്നു. ഒരു നാടകം പോലെ ആ മരണത്തെ ഞാന്‍ കണ്ടു. മരണത്തിനു
തൊട്ടുപിന്നാലെയുള്ള ശരീരത്തിന്‍റെ മരവിപ്പുപോലെ എന്റെ ചുണ്ടുകള്‍
കടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഒരു ശവം ആകാശത്തില്‍ പറന്നു നടക്കുന്നപോലെ
അനുഭവപ്പെട്ടു. എന്റെ ശ്വാസങ്ങളെ പിടിച്ചു നിര്‍ത്തിയിരുന്നു. വായ്
അടച്ചിരുന്നു. ചുണ്ടുകള്‍ അമര്‍ത്തി പിടിച്ചിരുന്നു. അതുകൊണ്ട് ശബ്ദം
പുറത്തു വരുമായിരുന്നില്ല. എന്നിലെ 'ഞാന്‍', അതിനു മറ്റെന്തെങ്കിലും
വാക്കുകള്‍ ഉച്ചരിക്കാന്‍ ഉണ്ടോ? ഞാന്‍ സ്വയം പറഞ്ഞു: 'അങ്ങനെ ഈ ദേഹി
മരിച്ചു. ഇനി അത് ചിതയില്‍ കത്തിക്കും. കത്തി കത്തി അത് ചാരമായി മാറും.
പക്ഷെ ഈ ശരീരം മരിക്കുന്നതിനൊപ്പം 'ഞാന്‍' മരിക്കുന്നുണ്ടോ? അല്ലെങ്കില്‍
ഞാനാണോ ഈ ശരീരം? ശരീരം പ്രവര്‍ത്തന ശക്തിയില്ലാത്ത നിര്‍ജീവ വസ്തുവായി
മാറിക്കഴിഞ്ഞു. എങ്കിലും 'ഞാനായ' ആ ശക്തിയ്ക്ക് മാറ്റമൊന്നുമില്ല.
'ഞാനെന്ന' വ്യക്തി അചഞ്ചലമായി അവിടെത്തന്നെയുണ്ട്. 'ഞാന്‍'
എന്നില്‍ത്തന്നെയുണ്ട്. അങ്ങനെ 'ഞാനെന്നാല്‍' ചൈതന്യം നിറഞ്ഞ ഒരു
സത്തയാകുന്നു. ഭൗതിക ശരീരം മരിച്ചാലും മരണത്തിനു എന്റെ സത്തയെ
സ്പര്‍ശിക്കാന്‍ കഴിയില്ല. അതുകൊണ്ടു ഞാന്‍ മരണമില്ലാത്തവനാണ്.'
മരണമെന്ന യാഥാര്‍ഥ്യത്തെ അടുത്തറിഞ്ഞ നാളുമുതല്‍ രമണന്റെ ജീവിതം തന്നെ
പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: "എന്റെ
കൈകാലുകള്‍ വലിച്ചുനീട്ടി മാനസികമായി മരണമെന്ന യാഥാര്‍ഥ്യത്തില്‍
വന്നെത്തിയപ്പോള്‍ എന്റെ ശരീരം എന്നില്‍നിന്നും മാറി പോയിയെന്നും കത്തിച്ചു
കളഞ്ഞെന്നും എന്നിട്ടും ഏതോ ശക്തിമൂലം ഞാന്‍ ജീവിക്കുന്നുവെന്നും കണ്ടു.
അതിനെ ഞാന്‍ 'ആത്മന്‍' എന്ന് വിളിച്ചു. അത് എന്നില്‍ത്തന്നെ ഉയര്‍ന്നു
നിന്ന് എന്നെ താങ്ങി നിര്‍ത്തി. അങ്ങനെ 'ഞാന്‍' വീണ്ടും ജനിച്ചു. 'ഞാന്‍'
പുതിയൊരു മനുഷ്യനായി രൂപാന്തരപ്പെട്ടു. അതിനുശേഷം ഒന്നിലും എനിക്ക്
താല്പര്യമില്ലായിരുന്നു. എന്നിലെ വ്യത്യസ്തനായ ഒരു മനുഷ്യന്‍ അവിടെ രൂപം
പ്രാപിച്ചു."
വെങ്കിട്ട രാമന്‍ ജ്ഞാനോദയം കൈവരിച്ചശേഷം അമ്പലത്തില്‍ പോകുന്നതും
പതിവാക്കി. "അദ്ദേഹം തന്നെ പറയുന്നു: "മുമ്പൊക്കെ സുഹൃത്തുക്കളുമൊത്ത് വളരെ
ചുരുക്കമായേ അമ്പലത്തില്‍ പോകുമായിരുന്നുള്ളൂ. യാതൊരു കാഴ്ചപ്പാടുമില്ലാതെ
നെറ്റിത്തടത്തില്‍ ചന്ദനം പുരട്ടുമായിരുന്നു. ബോധദീപ്തമായ ജീവിതമാരംഭിച്ച
ശേഷം എല്ലാ സായം കാലങ്ങളിലും അമ്പലത്തില്‍ പോകുന്നത് ദിനചര്യയായി മാറി.
ഏകനായി ഞാന്‍ ശിവന്റെയും മീനാക്ഷിയുടെയും, അറുപത്തിമൂന്ന് ദിവ്യന്മാരുടെയും
മുമ്പില്‍ ഏറെ നേരം നില്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭക്ഷണ
രീതികള്‍ക്കും മാറ്റം വന്നു. എന്ത് ഭക്ഷണം കൊടുത്താലും കഴിക്കാന്‍
മടിയില്ലായിരുന്നു. രുചിയോ അരുചിയോ പഴയതോ പുതിയതോ, നല്ലതോ ചീത്തയോ ഏതുതരം
ഭക്ഷണം കഴിക്കുന്നതിലും പരാതിയില്ലായിരുന്നു. മുമ്പ് അനീതി ആരുടെമേല്‍
കണ്ടാലും ആരെങ്കിലും അദ്ദേഹത്തെ പരിഹസിച്ചാലും അതിന്റെ പേരില്‍ അടിപിടിയും
വഴക്കുമുണ്ടാക്കുമായിരുന്നു. ഉപബോധ മനസ്സില്‍ പ്രതിഫലിച്ച
ജ്ഞാനോദയത്തിനുശേഷം എന്തുതന്നെ അനിഷ്ടമുണ്ടായാലും
നിശ്ശബ്ദനായിരിക്കുമായിരുന്നു. ഒന്നിലും പ്രതികരിക്കില്ലായിരുന്നു.
ഓടിച്ചാടിയും അമ്പലക്കുളങ്ങളില്‍ മുങ്ങിയും താണും കൂട്ടുകാരുമൊത്ത്
കളിക്കുകയും കായിക വിനോദങ്ങളിലും ഏര്‍പ്പെട്ടിരുന്ന ഈ യുവാവിന് പിന്നീട്
ഒന്നിനോടും താല്പര്യമില്ലാതായി.
ഏകനായി ഏതെങ്കിലും ഒരു മുറിയുടെ കോണില്‍ ഒരു യോഗി ചമ്പ്രം
പടഞ്ഞിരിക്കുമ്പോലെ ധ്യാനനിരതനായി കണ്ണുകളടച്ചിരിക്കാനും വെങ്കിട്ടരാമന്‍
താല്പര്യപ്പെട്ടു. സ്കൂളില്‍ പഠിക്കുന്ന വിഷയങ്ങളിലും താല്പര്യമില്ലാതെ
വന്നു. മനസ് പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം
പറയുമായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു താഴെയിറങ്ങി വരുന്ന ദൈവത്തെ താന്‍
ധ്യാനനിമഗ്‌നനായി സ്വപ്നം കണ്ടിരുന്നുവെന്നും പറയുമായിരുന്നു. രമണന്റെ
മൂത്ത സഹോദരന്‍ നാഗസ്വാമി അദ്ദേഹത്തെ ജ്ഞാനിയെന്നും യോഗീശ്വരനെന്നും
വിളിച്ചു പരിഹസിച്ചിരുന്നു. ഏതെങ്കിലും ഒരു കൊടുംവനത്തില്‍ ഇവന്‍ മുനിയായി
കഴിയുമെന്നു പറഞ്ഞുകൊണ്ടു കളിയാക്കിയിരുന്നു.
വെങ്കിട്ടരാമന്റെ മരണാനുഭൂതിക്കുശേഷം ഭക്തിമാര്‍ഗത്തില്‍ സദാ ചലിക്കാനും
പുണ്യ പുസ്തകങ്ങള്‍ വായിക്കാനും സമയം ചെലവഴിക്കാന്‍ തുടങ്ങി. ദൈവ
സ്‌നേഹത്തില്‍ മനസുമുഴുവന്‍ ചഞ്ചലിച്ചുകൊണ്ടിരുന്ന ആ ആത്മീയാന്വേഷി കവി
ചേക്കിഴാരുടെ (ടലസസശ്വവമൃ)പെരിയ പുരാണം' മുഴുവന്‍ വായിച്ചു തീര്‍ത്തു.
തമിഴ് ദിവ്യന്മാരായ അറുപത്തിമൂന്നു നയനാര്‍മാരുടെ (ിമ്യമിമൃ)െ ജീവിത കഥകളും
വായിച്ചു. മധുരയിലെ മീനാക്ഷി അമ്പലത്തില്‍ പോയി നയനാര്‍ പ്രതിമകളും
വന്ദിച്ചുകൊണ്ടിരുന്നു. അറുപത്തിമൂന്ന് ദിവ്യന്മാര്‍ക്കും ദൈവത്തിന്റെ കൃപ
ലഭിച്ചതെങ്ങനെയെന്നും പഠിച്ചു.
ഒരു ദിവസം സര്‍വ്വതും ഉപേക്ഷിച്ചുകൊണ്ടു അദ്ദേഹം വീട് വിട്ടിറങ്ങി.
ആദ്യകാലങ്ങളില്‍ അരുണാചലം മലകളുടെ അടിവാരങ്ങളിലും മുകളിലുമായി അലഞ്ഞു
നടന്നിരുന്നു. വിശക്കുമ്പോള്‍ കൈനീട്ടി യാചിക്കുമായിരുന്നു. വിശന്നു
വലഞ്ഞുള്ള അലച്ചിലില്‍ ഒരു ദിവസം ഭക്ഷണം കിട്ടാതെ ബോധവും മറഞ്ഞുപോയി.
അമ്പലത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങിയിരുന്നു. ഒരിക്കല്‍
അമ്പലനടയില്‍ ഒരു ബാര്‍ബറിനെ രമണ മഹര്‍ഷി കണ്ടുമുട്ടി. അയാളെക്കൊണ്ട് തന്റെ
തിങ്ങി നിറഞ്ഞിരുന്ന തലമുടി മുഴുവന്‍ വെട്ടിച്ചു. ഒറ്റമുടി തലയിലില്ലാതെ
തല മുണ്ഡനം ചെയ്തു. ധരിച്ചിരുന്ന വസ്ത്രം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
എന്നിട്ടു ഒരു കൗപീനം മാത്രം ധരിച്ചു. അന്നുമുതല്‍ മരിക്കുന്നവരെ അദ്ദേഹം
കൗപീനം മാത്രമേ ധരിക്കുമായിരുന്നുള്ളൂ. അഞ്ചു രൂപയില്‍ കൈവശമുണ്ടായിരുന്ന
ഒന്നര രൂപ ബാര്‍ബറിന് കൊടുത്തു. ബാക്കി സ്വന്തം സഹോദരന് തപാലില്‍
അയച്ചുകൊടുക്കുകയാണുണ്ടായത്. അതിനുശേഷം ജീവിത കാലത്തൊരിക്കലും അദ്ദേഹം
പണത്തെ സ്പര്‍ശിച്ചിട്ടില്ല. യാതൊരു സ്വത്തുക്കളും സ്വന്തമായി കൈവശം
വെച്ചിരുന്നുമില്ല. ആരെങ്കിലും അദ്ദേഹത്തിന് സമ്മാനം നല്‍കുകയാണെങ്കില്‍
ഉടന്‍തന്നെ ചുറ്റുമുള്ളവര്‍ക്കായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവസാനം
അദ്ദേഹത്തിന്‍റെ ബ്രാഹ്മണ അടയാളമായ ചരടും അഴിച്ചു മാറ്റി. പിന്നീടുള്ള
കാലങ്ങളില്‍ ഭിക്ഷ കിട്ടുന്നതു മാത്രം ഭക്ഷിച്ചിരുന്നു.
ആയിരം തൂണുള്ള അമ്പലനടയില്‍ രാത്രിയും പകലുമില്ലാതെ ധ്യാനനിരതനായി
സമാധിപോലെ ഇരിക്കുമായിരുന്നു. ചുറ്റും വന്നെത്തുന്ന കുട്ടികളുടെ കല്ലേറ്
അസഹ്യമായിരുന്നു. അവിടുന്ന് അദ്ദേഹം ധ്യാനത്തിനായി ഒരു ഗുഹയിലേക്ക് താമസം
മാറ്റി. വിഷജീവികളും പ്രാണികളും കടിച്ചു ശരീരം മുഴുവന്‍ വൃണംപോലെ
തടിച്ചുപൊങ്ങിയിരുന്നു. 'ശേഷാദ്രി സ്വാമി'യെന്ന ഒരാള്‍ കുട്ടികളെ
അടുപ്പിക്കാതെ രമണ മഹര്‍ഷിയെ സുരക്ഷിതമായ സുബ്രമണ്യ ക്ഷേത്രനടയില്‍
കൊണ്ടിരുത്തി.പിന്നീട് ഗുരുമൂര്‍ത്തം എന്ന അമ്പലമുറ്റത്തു താമസമാക്കി.
രമണ മഹര്‍ഷിയുടെ പ്രശസ്തി നാടെങ്ങും പടരാനും തുടങ്ങി. ഇതിനിടെ വീട്ടില്‍
നിന്നും ഒളിച്ചോടിയ, രമണമഹര്‍ഷിയായി പേരുമാറ്റപ്പെട്ട വെങ്കിട്ടരാമനെ തേടി
അമ്മയും സഹോദരനും അമ്മാവനും വന്നെത്തി. ആവുന്നത്ര അമ്മയും അമ്മാവനും
മടങ്ങിയെത്താന്‍ നിര്‍ബന്ധിച്ചിട്ടും യാചിച്ചിട്ടും രമണ മഹര്‍ഷി
ചെവികൊണ്ടില്ല. അവര്‍ നിരാശരായി മടങ്ങി പോവുകയും ചെയ്തു. പിന്നീട്
ഇടയ്ക്കിടെ 'അമ്മ' മകനെ സന്ദര്‍ശിക്കുമായിരുന്നു. ഒരിക്കല്‍ അമ്മയുടെ
സന്ദര്‍ശന വേളയില്‍ അമ്മയ്ക്ക് ടൈപ്പോയ്ഡ് പിടിച്ചു. രമണ മഹര്‍ഷി അമ്മയെ
ശുശ്രുഷിച്ചുകൊണ്ടിരുന്നു. രോഗം ഭേദമായപ്പോള്‍ 'അമ്മ' മടങ്ങിപ്പോയി.
അതിനുശേഷം അമ്മയും ഇളയ സഹോദരനുമൊത്തു വരുകയും രണ്ടുപേരും കാവി വസ്ത്രം
ധരിച്ചു സന്യസ്തം സ്വീകരിക്കുകയും ചെയ്തു. ഇളയ സഹോദരന്‍ നാഗസുന്ദരത്തിനെ
ചിന്ന സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്.1920ല്‍ അമ്മയ്ക്ക്
ഓരോവിധത്തിലുള്ള അസുഖങ്ങളുണ്ടാവുകയും രമണ മഹര്‍ഷി ഉറക്കമിളച്ചു
ശുശ്രുഷിച്ചുകൊണ്ടുമിരുന്നു. 1922 മെയ് പത്തൊമ്പതാം തിയതി ആ സ്വാധി
മരണമടഞ്ഞു.
രമണമഹര്‍ഷി തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അരുണാചലത്തില്‍ തന്നെ
കഴിച്ചുകൂട്ടി. നീണ്ട അമ്പത് വര്‍ഷങ്ങളാണ് ധ്യാനനിരതനായി അരുണാചലിന്റെ
പ്രാന്തപ്രദേശങ്ങളില്‍ കഴിഞ്ഞത്. പ്രകൃതിയോടും മൃഗങ്ങളോടും
പക്ഷികളോടുമിഷ്ടമായിരുന്നു. മയിലുകളും കുരങ്ങന്മാരും മാന്‍പേടകളും
അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയും ഈശ്വരനും
ഒത്തുചേര്‍ന്നുള്ള ഒരു പുണ്യസങ്കേതമായിരുന്നു അവിടം. ആത്മീയ
സത്തയനുഭവിക്കാന്‍ പ്രപഞ്ചത്തെയറിഞ്ഞു ജീവിക്കുകയെന്ന തത്ത്വമാണ് രമണ
മഹര്‍ഷി വാഗ്ദാനം ചെയ്യുന്നത്. മൗനത്തിന്റെ മഹാത്മാവെന്നാണ് മഹര്‍ഷിയെ
അറിയപ്പെട്ടിരുന്നത്. ആശയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭാഷകള്‍
ആവശ്യമില്ലെന്നായിരുന്നു, അദ്ദേഹം വിശ്വസിച്ചിരുന്നത്.
രമണ മഹര്‍ഷി വളരെ കുറച്ചു പുസ്തകങ്ങളെ എഴുതിയിട്ടുള്ളൂ. 'ഞാന്‍ ആര്'
എന്നുള്ള അദ്വൈത തത്വങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധിയേറിയതായിരുന്നു. അരുണാചല
സൂക്തങ്ങളും ഉപദേശ സാരങ്ങളും അതില്‍ പ്രാമുഖ്യം വഹിക്കുന്നു. തമിഴിലും
തെലുങ്കിലും മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍
രചിച്ചിട്ടുണ്ട്. അദ്ദേഹം ശിക്ഷ്യന്മാരോട് പറഞ്ഞിരുന്നതും അവര്‍
പകര്‍ത്തിയെടുത്തതും പിന്നീട് പുസ്തക രൂപത്തില്‍ വന്നിരുന്നു.
ഒരിക്കല്‍, ശ്രീ നാരായണ ഗുരു അരുണാചലില്‍ വന്നെത്തി രമണ മഹര്‍ഷിയെ
സന്ദര്‍ശിച്ചു. നാരായണ ഗുരു, രമണ മഹര്‍ഷിയെപ്പറ്റി രചിച്ച കവിത സന്ദര്‍ശക
ഗ്യാലറിയിലെ ഡയറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'നിര്‍വൃതി പഞ്ചകം'
എന്നാണു കവിതയുടെ പേര്. ഗുരു നിത്യ ചൈതന്യ യതി കുറേക്കാലം രമണ
മഹര്‍ഷിക്കൊപ്പം താമസിച്ചിരുന്നു. രമണ മഹര്‍ഷിയില്‍നിന്നാണ് അദ്ദേഹം സന്യാസ
ദീക്ഷ സ്വീകരിച്ചത്. വിദേശീയരായവരും അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ വന്നു
ശിക്ഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ഇന്നും അനേകം വിദേശീയര്‍ വന്നും പോയും
രമണാശ്രമത്തിലെ ആത്മീയത ആസ്വദിക്കുന്നു.
രമണമഹര്‍ഷിയെന്ന സത്യാന്വേഷി പറഞ്ഞു: "അനന്തമായ സത്യം വളരെ ലളിതമാണ്.
നിഷ്കളങ്ക ഹൃദയം സത്യത്തിന്റെ പൂര്‍ണ്ണതയാണ്. ആ പരമമായ സത്യം
എന്നില്ക്കൂടിയുമുണ്ട്. സത്യത്തെ തേടിയുള്ള യാത്രയില്‍ എന്നെ
സ്വതന്ത്രനാക്കൂ, സത്യം എല്ലാ മതങ്ങളിലുമുണ്ട്." സത്യം ഗീതയിലും ബൈബിളിലും
ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നത് കാണുവാന്‍ രമണമഹര്‍ഷിയെപ്പോലെയുള്ള
ശ്രേഷ്ഠന്മാര്‍ക്കെ കഴിയുകയുള്ളൂ. ഒരേ സത്യത്തെ തേടി പോവുന്ന മതങ്ങള്‍
തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നും രമണമഹര്‍ഷി വിലപിക്കുന്നതു
കാണാം.
രമണ മഹര്‍ഷി, യേശുവിനെപ്പറ്റി അഗാധമായ പഠിച്ച ഒരു ഋഷിവര്യനും
കൂടിയായിരുന്നു. 'ഞാന്‍' എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്.
'സ്വര്‍ഗരാജ്യം നേടുവാന്‍ ശിശുവിനെപ്പോലെയാകുവിനെന്നു' പീറ്ററിനെ യേശു
ഉപദേശിച്ചു. രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട്, "ജ്ഞാനം തേടി ഈ പര്‍വതനിരകളില്‍
വന്ന ഞാന്‍ നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു.
വന്നുകഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞാണ് മുഖംവടിച്ചത്. തലമുടികള്‍ കുട്ട
നെയ്യുന്ന ചകിരിനാരു പോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു.
നഖങ്ങള്‍ നീണ്ട് ആകെ ഞാനൊരു ഭീകരനെപ്പോലെയായിരുന്നു.’ യേശുവിന്‍റെ
തത്ത്വങ്ങളില്‍ ബാഹ്യമായതു വെടിപ്പാക്കുന്നതിനെക്കാള്‍ സ്വയം
കണ്ടെത്തെലായിരുന്നു. അതുതന്നെയാണു രമണനും ചെയ്തത്. "സ്വര്‍ഗരാജ്യം ഒരു
വ്യാപാരിയുടെ വില്‍പ്പനച്ചരക്കുകള്‍ക്കുള്ളില്‍ കാണപ്പെട്ട പവിഴമുത്തു
പോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്. ബുദ്ധിമാനായ അവന്‍ തന്‍റെ
ചരക്കുകൂമ്പാരത്തില്‍ വിലതീരാത്ത മുത്ത് ഒളിച്ചു വെക്കുന്നു. രമണന്‍
പറഞ്ഞു, "മറ്റെല്ലാ ലോകവസ്തുക്കള്‍ സ്വബോധത്തോടെ വെടിഞ്ഞാലും 'ഞാന്‍' എന്ന
സത്യത്തെ വെടിയരുത്. അവിടം അറിവാണ്." യേശുവില്‍ കുടികൊണ്ടിരുന്ന
നിര്‍മ്മലമായ ഹൃദയത്തിന്‍റെ സത്യവും അതുതന്നെയായിരുന്നു.
യേശു പറഞ്ഞു "നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട്
അന്യന്‍റെ കണ്ണിലെ കരുട് തൂത്തു കളയുവാന്‍ ശ്രമിക്കുക." അപരന്‍റെ കണ്ണിലെ
കരടിനും സ്വന്തം കണ്ണിലെ കാരിരുമ്പിനും രമണന്റെ വിവരണം യുക്തി സഹജമെന്നും
കാണാം. സ്വയം കണ്ടെത്തലില്‍' സര്‍വ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും.
ഈശ്വരന്‍ സൃഷ്ടിച്ചതെല്ലാം ഉള്കാഴ്ചയില്‍ ഗവേഷണം നടത്തും. "പര്‍വതത്തോട്
കല്‍പ്പിച്ചാല്‍ പര്‍വതവും മാറിതരുമെന്ന്" യേശു പറഞ്ഞതു സ്വയം
ഉള്കാഴ്ചയായിരുന്നുവെന്നും" രമണന്‍ പറഞ്ഞു.
കണ്ണിലെ കരടിന് രമണന്‍ നിര്‍വചനം നല്‍കിയത് ഇങ്ങനെ, "ഒരുവന്‍ സ്വയം തെറ്റു
തിരുത്തുമ്പോള്‍ ലോകത്തെ മുഴുവനാണ് അവന്‍ തെറ്റുതിരുത്തുന്നത്." സൂര്യന്‍
സ്വയം പ്രകാശിക്കുന്നു. സൂര്യന്‍ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു
മുഴുവന്‍ പ്രകാശതരംഗങ്ങള്‍ അര്‍പ്പിക്കുകയാണ്. സ്വയം നമ്മെ തന്നെ
പൂര്‍ണ്ണവാന്‍ ആക്കുന്നുവെങ്കില്‍ അവന്‍ ലോകത്തിനു മുഴുവന്‍ പ്രകാശം ഒപ്പം
നല്‍കുകയും ചെയ്യുന്നു." 'മനുഷ്യനായ യേശു മനുഷ്യചരിത്രത്തില്‍ അങ്ങനെ
ലോകത്തിന്‍റെ പ്രകാശമായി. ലോകത്തിനു പ്രകാശ രശ്മികളെ ദാനം ചെയ്തത്, സ്വയം
'ഞാന്‍' എന്ന ബോധത്തോടെയെന്നു യുക്തിസഹജമായി ചിന്തിക്കണം.' അങ്ങനെ രമണന്റെ
കാഴ്ചപ്പാടില്‍ യേശുവും ഒരു അദ്വൈത വാദിയായിരുന്നു.
രമണ മഹര്‍ഷി പറഞ്ഞു:“ഒരുവന്‍ പ്രകൃതിയാല്‍ തന്നെ ദുര്‍ബലനെന്നും തിന്മ
നിറഞ്ഞവനെന്നും ചിന്തിക്കരുത്. അത് തെറ്റാണ്. ഓരോ മനുഷ്യനിലും ദൈവികതയും
പ്രഭയുമുണ്ട്. അവന്‍ പഞ്ചഭൂതങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ശക്തിമാനുമാണ്.
ദുര്‍ബലതകളും തിന്മകളുമായ ചിന്തകള്‍ അവന്റെ ആഗ്രഹങ്ങളില്‍നിന്നും
വിചാരങ്ങളില്‍നിന്നും പ്രതിഫലിക്കുന്നതാണ്. എന്നാല്‍ അവനതല്ല. 'ഞാന്‍ പോയി'
'ഞാന്‍ വന്നു' 'ഞാന്‍ ചെയ്തു' 'ഞാന്‍ ആയിരുന്നു' ഇങ്ങനെയുള്ള ചിന്തകള്‍
നാം കണ്ടറിഞ്ഞ സ്വാനുഭവങ്ങളാണ്. നമുക്കുണ്ടാകുന്ന അനുഭവജ്ഞാനങ്ങളില്‍
'ഞാന്‍' എന്ന സത്തയുണ്ട്. 'ഞാന്‍' ആണ് അവിടെയെല്ലാം. സത്യമായ 'ഞാന്‍';
അവിടെ ഒരു അന്വേഷകന്റെ 'ഞാന്‍' തേടിയുള്ള പ്രഭവസ്ഥാനത്തിന്റെ
തുടക്കവുമാണ്."
1922ല്‍ രമണ മഹര്‍ഷിയുടെ 'അമ്മ' അളഗമ്മയെ സംസ്കരിച്ച സ്ഥലത്ത് ഒരു
അമ്പലമുണ്ടാവുകയും അദ്ദേഹം അവിടേക്ക് താമസമാവുകയും ചെയ്തു. കാലക്രമേണ അതൊരു
ആശ്രമവുമായി തെരഞ്ഞെടുത്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍
നിത്യവും അവിടെ എത്തിക്കൊണ്ടിരിക്കുന്നു. 1947 കാലങ്ങളായപ്പോള്‍ രമണ
മഹര്‍ഷിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. കൈമുട്ടിനു താഴെ അര്‍ബുദ രോഗം
വഷളാവുകയും ചെയ്തു. കൈ മുറിച്ചു കളയുവാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചപ്പോള്‍
അദ്ദേഹം സമ്മതിച്ചില്ല. 1950 ഏപ്രില്‍ പതിനാലാം തിയതി രമണ മഹര്‍ഷി
സമാധിയായി. മരണത്തോടനുബന്ധിച്ചും അതിനുശേഷവും രമണ മഹര്‍ഷിയെപ്പറ്റിയുള്ള
അത്ഭുത കഥകള്‍ അദ്ദേഹത്തിന്‍റെ ശിക്ഷ്യന്മാര്‍ ലോകമാകമാനം
പ്രചരിപ്പിച്ചിട്ടുണ്ട്. അത്ഭുതങ്ങളെക്കാളുപരി രമണമഹര്‍ഷിയെ ജ്ഞാനിയായ ഒരു
വേദാന്തിയായിട്ടാണ് ലോകം ബഹുമാനിക്കുന്നത്. ആര്‍തര്‍ ഓസ്‌ബോനെപ്പോലെയും
(Arthur Osborne) പോള്‍ ബ്രണ്ടനെപ്പോലെയുമുള്ള (Paul Brunton) എഴുത്തുകാര്‍ ശ്രീ രമണ മഹര്‍ഷിയുടെ ജീവിതത്തെയും തത്ത്വചിന്തകളെയും
സംബന്ധിച്ച പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
രമണ മഹർഷിയെ പറ്റിയുള്ള ഈ ലേഖനം അത്യന്തം ഹൃദ്യമായി. ഗഹനമായ വിഷയം വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കാനുള്ള ലേഖകന്റെ കഴിവ് അപാരമാണ്. രമണ മഹിർഷി, ജിഡു കൃഷ്ണമൂർത്തി, നിസർഗ ദത്ത് മഹാരാജ് മുതലായവരെ പറ്റി വായിച്ചാൽ നമ്മൾ ഇത് വരെ പഠിച്ചതൊന്നും അല്ല ശെരിയായ വിദ്യാഭ്യാസം എന്ന് തോന്നി പോകും. ഇന്ത്യയിൽ ഫിലോസഫി PG ക്‌ളാസിൽ പോലും ഇവരുടെയൊന്നും കൃതികൾ സിലബസിൽ ഇല്ല എന്നാണ് എന്റെ അറിവ്. വെസ്റ്റേൺ ഫിലോസഫിയിൽ സോക്രടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങി descartes, Kant, ഫ്രോയിഡ്, സാർത്ര്, നിഷേ എല്ലാവരും ഉണ്ട്. ഇന്ത്യൻ ഫിലോസഫിയിൽ വിവേകാനന്ദനും ചാർവാകൻ പോലും ഉണ്ട്. പക്ഷെ ഞാൻ മുൻപ് പറഞ്ഞ രമണ മഹര്ഷിയും മറ്റുള്ളവരും ഇല്ല. self വെടിഞ്ഞു ഒന്നിനോടും attachment പാടില്ല എന്ന് പറഞ്ഞ അവർ ആരും പ്രസിദ്ധിയോ പണമോ ആഗ്രഹിച്ചിട്ടില്ല. ഇവരെ കുറിച്ചൊക്കെ പഠിക്കുമ്പോൾ മാത്രമാണ് എല്ലാ മതത്തിലേയും വൈദികർ വിവരിച്ചു തരുന്ന ദൈവം, സ്വർഗം, നരകം ഒക്കെ അവർക്കു പണം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നു മനസിലാകുന്നത്. രമണ മഹർഷിയെ പരിചയപ്പെടുത്തിയ ലേഖകന് നന്ദി.