Image

"കനവിലെ ഉന്നൈ പാക്കിറേന്‍' ഗാനങ്ങള്‍ ഹിറ്റാകുന്നു; സാം കടമ്മനിട്ട സിനിമയിലേക്ക്

സ്വന്തം ലേഖകന്‍ Published on 05 February, 2017
"കനവിലെ ഉന്നൈ പാക്കിറേന്‍' ഗാനങ്ങള്‍ ഹിറ്റാകുന്നു; സാം കടമ്മനിട്ട സിനിമയിലേക്ക്
ഡോ. സാം കടമ്മനിട്ട സംഗീത സംവിധായകനാകുന്ന പ്രഥമ തമിഴ് ചിത്രം "കനവിലെ ഉന്നൈ പാക്കിറേന്‍" ലെ ഗാനങ്ങള്‍ യുട്യൂബില്‍ റിലീസ് ചെയ്തു. ലക്ഷ്മി എണ്ണപ്പാടം എഴുതിയ ഗാനങ്ങള്‍ വിജയ് യേശുദാസ്, ശ്രീരാജ് സഹജന്‍, റീഥ്വിക് എസ്. ചന്ദ്, എലിസബേത് രാജു, വൃന്ദ മേനോന്‍, അനില രാജീവ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിജയ് യേശുദാസും വൃന്ദാ മേനോനും ചേര്‍ന്നു ആലപിച്ച "കനവിലെ ഉന്നൈ പാക്കിറേന്‍..." ശ്രീരാജ് സഹജനും എലിസബേത് രാജുവും ചേര്‍ന്നു ആലപിച്ച "അന്‍പേ എന്‍ അന്‍പേ..." മഞ്ജു കൃഷ്ണന്‍ ആലപിച്ച "വിഴിയാ കട്ടി.. " റീഥ്വിക്, ശ്രീരാജ്, അനില രാജീവ് എന്നിവര്‍ ചേര്‍ന്നാലപിച്ച "തമിഴ്‌നാട്ടു അഴകേ.." എന്നിങ്ങനെ നാല് ഗാനങ്ങള്‍ ആണ് ചിത്രത്തിലുള്ളത്. ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്നും, ഇരുത്തം വന്ന സംഗീത സംവിധായകന്റെ പക്വതയുള്ള ഗാനങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ സുരേഷ് ഗോവിന്ദ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റിനു നു വേണ്ടി ഡോ. സാം കടമ്മനിട്ട തയാറാക്കിയ "വേനല്‍മഴ" എന്ന ലളിതഗാനങ്ങള്‍ കേട്ടാണ് സുരേഷ് ഗോവിന്ദ് തന്റെ ചിത്രത്തില്‍ ഗാനങ്ങള്‍ തയാറാക്കുന്നതിനായ് സാം കടമ്മനിട്ടയെ സമീപിക്കുന്നത്. താന്‍ പ്രതീക്ഷിച്ചതിലും മികച്ച ഗാനങ്ങളാണ് സാം സമ്മാനിച്ചത് എന്നും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടും എന്നു സുരേഷ് ഗോവിന്ദ് പറഞ്ഞു. ചിത്രത്തിലെ നാലു ഗാനങ്ങളില്‍ ഒരെണ്ണമായിരുന്നു സാം കടമ്മനിട്ടയോടു ചെയയുവാന്‍ ആവശ്യപ്പെട്ടിരുന്നത്. അതനുസരിച്ചു "കനവിലെ ഉന്നൈ പാക്കിറേന്‍ .." എന്നു തുടങ്ങുന്ന ഗാനം പൂര്‍ത്തിയാക്കി. ഈ ഗാനം കേട്ടതോടെ മറ്റു ഗാനങ്ങളും സാം തന്നെ ചെയ്‌യണം എന്നു ആവശ്യപ്പെടുകയായിരുന്നു. സംഗീത സംവിധാന രംഗത്ത് ഏറെ നാളായി സജീവ സാന്നിദ്ധ്യമായ സാം, ലളിത ഗാനങ്ങള്‍, പ്രണയ ഗാനങ്ങള്‍, ഓണപ്പാട്ടുകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി നിരവധി ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍. എല്‍. വി.സംഗീത കോളേജില്‍ നിന്നും സംഗീതം അഭ്യസിച്ച സാം മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴില്‍ അഭ്യസനം തുടരുന്നു. കടമ്മനിട്ട തങ്കപ്പനാചാരിയും ഗുരുവായിരുന്നു.

ലക്ഷ്മി എണ്ണപ്പാടം എന്ന എഴുത്തുകാരിയെ ലഭിച്ചത് ഏറെ സഹായകരമായി എന്നു സംഗീത സംവിധായകന്‍ സാം കടമ്മനിട്ട പറഞ്ഞു. ഒരുമിച്ചിരുന്നു ഈണവും വരികളും ചിട്ടപ്പെടുത്തുകയായിരുന്നു. തന്റെ സംഗീതത്തിന് ജീവന്‍ തുടിക്കുന്ന വാക്കുകള്‍ കോര്‍ത്തിണക്കിയ ലക്ഷ്മിക്കു കൂടി അവകാശപ്പെട്ടതാണ് ഗാനങ്ങളുടെ മാധുര്യം എന്നു കടമ്മനിട്ട പറഞ്ഞു. വിജയ് യേശുദാസിനെ കൂടാതെ ഒരു കൂട്ടം പുതിയ ഗായകരെ ദക്ഷിണേന്ത്യക്കു സമ്മാനിക്കുകയാണ് സാം കടമ്മനിട്ട തന്റെ പ്രഥമ ചിത്രത്തിലൂടെ. "അന്‍പേ.. " എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നു ശ്രീരാജ് സഹജന്‍ "കോലുമിട്ടായി" എന്ന മലയാള ചിത്രത്തിന്റെ സംഗീത സംവിധായകനാണ്. ഇതേ ചിത്രത്തില്‍ റിഥ്വിക്കും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. "ബോഡി ഗാര്‍ഡ്" എന്ന ചിത്രത്തിലെ "പേരില്ലാ രാജ്യത്തെ..." എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശബ്ദമാണ് എലിസബേത് രാജുവിന്റേത്. മഞ്ജു എ. കൃഷ്ണന്‍, അനില രാജീവ് എന്നിവര്‍ തങ്ങളുടെ ആദ്യ ചലച്ചിത്ര ഗാനം പുറത്തു വരുന്നതിന്റെ ത്രില്ലിലാണ്. ചിത്രീകരണം ഉടന്‍ആരംഭിക്കുമെന്നും ഗാനങ്ങള്‍ സിനിമക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നും സംവിധായകന്‍ സുരേഷ് ഗോവിന്ദ് പറഞ്ഞു. ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകരണം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
"കനവിലെ ഉന്നൈ പാക്കിറേന്‍' ഗാനങ്ങള്‍ ഹിറ്റാകുന്നു; സാം കടമ്മനിട്ട സിനിമയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക