Image

താല്‍ക്കാലികമായ പുറത്താക്കലും വരാനിരിക്കുന്ന സ്ഥിരമായ അകത്താക്കലും (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 08 February, 2017
താല്‍ക്കാലികമായ പുറത്താക്കലും വരാനിരിക്കുന്ന സ്ഥിരമായ അകത്താക്കലും (അനില്‍ പെണ്ണുക്കര)
അങ്ങനെ അതും കഴിഞ്ഞു. തിരുവനന്തപുരം ലോ അക്കാദമിയില്‍ കഴിഞ്ഞ ഇരുപത്തിയൊമ്പത് ദിവസമായി നടന്നു വന്ന വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു. മാനദണ്ഡം പാലിച്ചു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി കുട്ടികള്‍ക്ക് ഉറപ്പു നല്‍കിയത്. ഈ ഉറപ്പു പൂര്‍ണ്ണമായി വിശ്വസിച്ചു കുട്ടികളും, അവരെ പിന്തുണച്ചു വിവിധ രാഷ്ട്രീയ കക്ഷികളും നടത്തി വന്ന നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരം ആണ് ഇന്ന് പിന്‍വലിച്ചത്. ലക്ഷ്മി നായര്‍ രാജി വയ്ക്കാത്തതിന് മാനേജുമെന്റ് പറയുന്ന വാദം, അവരുടെ അദ്ധ്യാപിക എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നാണ്. ലോ കോളേജിലേക്ക് അദ്ധ്യാപികയായി പോലും ലക്ഷ്മി നായര്‍ വരില്ല എന്നും വിശദീകരണം. അങ്ങനെ കേരളം തുടര്‍ന്ന് കാണാനിരുന്ന ഒരു വലിയ സമരത്തിന് സമവായമായി എന്ന് മാത്രം കരുതാനാണ് എനിക്കിഷ്ടം.

പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും തപ്പിയെടുത്തുകൊണ്ടുവന്ന അഴിമതിയുടെ ഒരു വലിയ കഥ ഈ സ്ഥാപനത്തിന്
പിന്നിലുണ്ട്. സത്യം പറയത്തെ ഈ സമരം ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ലോ അക്കാദമി ഒരു ഗവണ്മെന്റ് സ്ഥാപനം ആയിരുന്നു എന്നാണ് ഈ ലേഖകന്‍ വിചാരിച്ചിരുന്നത്. പൊതുതാല്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ചതെന്ന് കരുതുന്ന ഒരു പബ്ലിക് ട്രസ്റ്റിന് നല്‍കിയ തലസ്ഥാനത്തെ കണ്ണായ ഭാഗത്തെ പന്ത്രണ്ടു ഏക്കര്‍ ഭൂമി അവിഹിത മാര്‍ഗത്തിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്ത സാമൂഹിക കുറ്റ കൃത്യത്തെ പ്രിന്‍സിപ്പലിന്റെ രാജിയിലോ, പുതിയ പ്രിന്‍സിപ്പലിനെ
കൊണ്ടുവരികയോ വഴി നിസ്സാരവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന് ജനം പറയുന്ന കാലം വിദൂരമല്ല.

നിയമം പഠിപ്പിക്കുന്ന സ്ഥാപനമാണ് അതിന്റെ മാനേജ്‌മെന്റ് നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ കൊണ്ടുപോയത്. തീര്‍ത്തും സ്വകാര്യ സ്ഥാപനമായ ഇതിന്റെ പ്രിന്‍സിപ്പല്‍ ആരാണെന്ന ചോദ്യത്തിന് ഒരു സമാന്തര കോളേജിന്റെയോ അംഗീകാരമില്ലാത്ത ഒരു സി ബി എസ് ഇ സ്‌കൂളിന്റെയോ പ്രിന്‍സിപ്പല്‍ ആരാണെന്ന ചോദ്യത്തിന്റെ പ്രസക്തി മാത്രമേ ഉള്ളു. ഭൂമി തട്ടിപ്പു, കോഴ്‌സ് നടത്തിപ്പിലെ ക്രമക്കേടുകള്‍ തുടങ്ങി അനവധി നിയമവിരുദ്ധമായ കാര്യങ്ങള്‍ ആണ്
മാനേജുമെന്റിനെതിരെ പരാതിയായി ഉയര്‍ന്നിട്ടുള്ളത്. അനീതിയുടെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തിലെ മേധാവി മാറുന്നതിലൂടെ എന്ത് നീതിയാണ് ഇരകള്‍ക്കു കിട്ടാന്‍ പോകുന്നത് എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നില്ലേ. ഇപ്പോള്‍ ഉണ്ടായ ഒത്തു തീര്‍പ്പു പ്രിന്‍സിപ്പലിന് രക്ഷപെടാനുള്ള സുരക്ഷിത പാത ഒരുക്കുകയാണ് കക്ഷിരാഷ്ട്രീയത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ ചെയ്തത്.
ഇന്ന് രാജ്യം ഭരിക്കുന്ന മന്ത്രിമാരും എം എല്‍ എ മാരും ന്യായാധിപന്മാരുമെല്ലാമായി നിരവധിപേരെ സൃഷ്ട്ടിച്ച ഈ സ്ഥാപനത്തിലാണ് മൃഗീയമായ വിവേചനവും അടിച്ചമര്‍ത്തലും നടന്നത്. അത്രമാത്രം സ്വാതന്ത്ര്യ ബോധമോ നിയമബോധമോ ഇല്ലാത്ത ഒരു പാവം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ജീവബലി വേണ്ടിവന്നു അത് പൊട്ടിത്തെറിക്കാന്‍ എന്നത് കൗതുകകരം. പാമ്പാടി  നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ അത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രകമ്പനങ്ങള്‍ ആണ്
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ അപമാനകാരണങ്ങളായ സമീപനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്.

ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുക, ലോ അക്കാദമി കാമ്പസില്‍ കാന്റീന്‍ എന്ന രീതിയില്‍ നടത്തുന്ന സ്വകാര്യ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെ ജോലിക്കു നിര്‍ത്തുക, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വീട്ടിലേക്കു ഫോണ്‍ ചെയ്തു ഭാവി തുലയ്ക്കുമെന്നു ഭീഷണിപ്പെടുത്തുക എന്നിങ്ങനെ മനുഷ്യത്വ വിരുദ്ധമെന്ന് കല്‍പ്പിച്ചു പരിഷ്‌കൃത സമൂഹം പടിക്കു പുറത്ത് നിര്‍ത്തിയ കാര്യങ്ങളും അവരുടെ ഭാഗത്തുനിന്നും പതിവായി ഉണ്ടാകുന്നുണ്ടെന്നു വിദ്യാത്ഥികള്‍ വെറുതെ പറയുമോ? എന്നാണ് കഴിഞ്ഞ ഇരുപത്തിയൊന്പതു ദിവസവും കേരളതീയ സമൂഹം ചോദിച്ചത്.
പക്ഷെ ഇപ്പോള്‍ ഒരു കടലാസ്സില്‍ ഉണ്ടായ ഒത്തുതീര്‍പ്പിനു യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കണം. അതിനു ഉത്തമ ഉദാഹരണമാണ് മുന്‍ പ്രിന്‍സിപ്പല്‍ നാരായണന്‍
നായര്‍. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ചിട്ടു വര്‍ഷങ്ങള്‍ ആയിട്ടും അക്കാദമിയുടെ ഭരണം ഇപ്പോളും അദ്ദേഹത്തിന്റെ കയ്യിലാണ്. അതുകൊണ്ടാണ് ലക്ഷ്മി നായര്‍ പറഞ്ഞത് അച്ഛന്‍ പറഞ്ഞാല്‍ രാജി വയ്ക്കാമെന്ന്. അച്ഛന്‍ രാജിവയ്ക്കാന്‍ പറഞ്ഞില്ല, രാജിയും വച്ചില്ല. എന്നുവച്ചാല്‍ എല്ലാ മാനദണ്ഡങ്ങളോടെയും പുതിയ പ്രിന്‍സിപ്പല്‍ വന്നാലും ലക്ഷ്മിനായര്‍ തന്നെ അക്കാദമി നിയന്ത്രിക്കും. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കുഴിച്ചുമൂടാന്‍ സര്‍ക്കാര്‍ കുട്ടു നിന്നതു വലിയ അന്തക്കരണം ആയിപ്പോയി. ഇപ്പോള്‍ ചിത്രം എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന ഒരു സംഭാഷണം ഓര്‍മ്മ വരക്കുന്നു 'ഇപ്പോഴത്തെ താല്ക്കാലികമായ പുറത്താക്കല്‍ വരാനിരിക്കുന്ന സ്ഥിരമായ അകത്താക്കലിന്റെ മുന്നോടിയാണ് '....ശേഷം ചിന്ത്യം .

താല്‍ക്കാലികമായ പുറത്താക്കലും വരാനിരിക്കുന്ന സ്ഥിരമായ അകത്താക്കലും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക