Image

ഉറ്റ ചങ്ങാതിമാരുടെ അലകടലിന്‍ തിരമാലകള്‍

Published on 10 February, 2017
ഉറ്റ ചങ്ങാതിമാരുടെ അലകടലിന്‍ തിരമാലകള്‍
സോളമനും വര്‍ഗ്ഗീസും ഉറ്റ ചങ്ങാതിമാരാണ്. കുട്ടിക്കാലം മുതല്‍ കടല്‍തീരത്ത് കളിച്ചുവളര്‍ന്നവര്‍. അതിനപ്പുറത്തൊരു ലോകത്തെക്കുറിച്ച് അവര്‍ക്കറിയില്ല. കടല്‍ കലി തുള്ളിനില്‍ക്കുമ്പോഴും ആകാശം പ്രതികൂലമായി നില്‍ക്കുമ്പോഴും കടലില്‍ വള്ളമിറക്കാന്‍ ചങ്കൂറ്റം കാണിക്കുന്നത് സോളമനാണ്. സോളമന്‍ കടലില്‍ പോകുന്ന സമയമത്രയും അയാളുടെ ഭാര്യ മേരി മെഴുകുതിരി കത്തിച്ച് കര്‍ത്താവിന്റെ മുന്നില്‍ ഉണര്‍ന്നിരിക്കും. ഒരു പോറലുപോലുമില്ലാതെ മേരിക്കുള്ള മീനുമായി സോളമന്‍ എത്തും. പിന്നെ വര്‍ഗ്ഗീസും നാട്ടുകാരുമൊത്ത് കള്ളും നാടന്‍പാട്ടുമായി സോളമന്‍ ഉത്സവലഹരിയില്‍ നടനമാടും.

സോളമനും മേരിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ സോളമന്റെ മുഴുവന്‍ അധ്വാനവും അവള്‍ക്കു വേണ്ടിയായി. കാലം കടന്നുപോയി.... ജീവിതസാഹചര്യങ്ങള്‍ മാറി. മകള്‍ക്ക് പ്രായപൂര്‍ത്തിയായി. ചങ്കൂറ്റമുള്ള ആണൊരുത്തനെ കൊണ്ട് അവളെ കെട്ടിക്കാനുള്ള ചിന്ത സോളമനിലുടലെടുത്തു. അന്നാദ്യമായി, ആകാശത്ത് അതുവരെ കാണാത്തയിനം പരുന്തുകളെ സോളമന്‍ കണ്ടു. അവ തന്റെ കുടിലിനെ ലക്ഷ്യമാക്കി പറന്നിറങ്ങുന്നതായി അയാള്‍ക്കു തോന്നി....യുവത്വവും ആരോഗ്യവും കുടുംബത്തിനായി ഉഴിഞ്ഞുവയ്ക്കുന്ന അരയന്മാരുടെ വാര്‍ദ്ധക്യ ജീവിതം നരകതുല്യമാണ്. ആധുനിക ലോകത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് വളരുന്ന യുവതലമുറ അവര്‍ക്ക് സാന്ത്വനമേകുമോ? അതിനുള്ള ഉത്തരം തേടുകയാണ് അനില്‍ ശ്രീരാഗം 'അലകടലിന്‍ തിരമാലകള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ സിനിമയിലൂടെ..

ബാനര്‍-കളര്‍ ഫിലിംസ് & ഫ്രെയിംസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-അനില്‍ ശ്രീരാഗം, നിര്‍മ്മാണം-നവാസ് അബുബേക്കര്‍, ഛായാഗ്രഹണം-സജിത്ത്.ജെ.എസ്., പ്രൊ.കണ്‍ട്രോളര്‍-വിനീഷ് പുനലൂര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, സംഗീതം-ചന്തുമിത്ര, കല-രതീഷ് മണിമല, ചമയം-സിനിലാല്‍, എഡിറ്റിംഗ്-അമല്‍ജിത്ത്, സഹസംവിധാനം-വര്‍ക്കല വാവ. സോളമനെ നവാസ് അബുബേക്കറും, വര്‍ഗ്ഗീസിനെ വി.പ്രദീപും അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ സന്ധ്യ, കല്യാണി, വിനീഷ് പുനലൂര്‍, അലക്‌സ് ഇലഞ്ഞിമൂട്ടില്‍, ബേബി അന്‍സല്‍ന തുടങ്ങിയവര്‍ അവതരിപ്പിക്കുന്നു. 'അലകടലിന്‍ തിരമാലകള്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക