Image

നടിക്കെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി

Published on 19 February, 2017
നടിക്കെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി–35) മുന്‍പും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി വിവരം. 

ഒട്ടേറെ കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ചില സിനിമാക്കാരുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കാറില്‍ വെച്ച് ഉപദ്രവിച്ച ശേഷം പാലാരിവട്ടത്തിനടുത്താണ് പള്‍സര്‍ സുനിയും സംഘവും ഇറങ്ങിപ്പോയത്. തമ്മനത്തുള്ള ഒരു വീട്ടിലേക്കാണ് ഇവര്‍ പോയത്.
ഇതിന് ശേഷം സിനിമാരംഗത്തുള്ള ചിലര്‍ പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. 

നാണക്കേട് മൂലം നടി സംഭവം പുറത്തു പറയില്ലെന്നാണ് പള്‍സര്‍ സുനി കരുതിയിരുന്നത്, അത്തരമൊരു സാഹചര്യത്തില്‍ നടിയെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനായിരുന്നു ഇയാളുടെ പദ്ധതി. 

സംഭവത്തില്‍ പോലീസ് ഇടപെട്ട കാര്യം സിനിമാരംഗത്തുള്ള ചിലരില്‍ നിന്നാവാം സുനി അറിഞ്ഞത് എന്നാണ് പോലീസ് നിഗമനം. ഇയാളുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് പിന്നിലുണ്ടെന്ന് തിരിച്ചറഞ്ഞതോടെ പള്‍സര്‍ സുനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

നടിയെ ആക്രമിക്കാന്‍  സുനി  വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയെന്ന് പിടിയിലായവരുടെ മൊഴി. എന്നാല്‍, പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പൊലീസില്‍ മൊഴി നല്‍കി.

നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, ഗൂണ്ടാ സംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായിരിക്കുന്നത്. 

ഒരു മാസം മുന്‍പാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയാറാക്കിയതെന്നാണ് വിവരം. 

നടി മേനകയെയും ഇയാള്‍ ഒരിക്കല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ്‌കുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടി ഒപ്പമുണ്ടെന്ന ധാരണയിലായിരുന്നു ഇത്. 

നടിയോടു വ്യക്തിപരമായി പ്രശ്‌നമുണ്ടായിരുന്ന ചില സിനിമാ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നടിയുടെ വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലുണ്ടായ അക്രമത്തിനു മറ്റെന്തെങ്കിലും ഗൂഢ ലക്ഷ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

ബൈക്കുകളില്‍ ഇഷ്ടവാഹനം പള്‍സറായതോടെ 'പള്‍സര്‍ സുനി'യെന്ന ഇരട്ടപ്പേരു വീണു. മോഷ്ടിച്ചതും അല്ലാത്തതുമായ ബൈക്കുകളില്‍ ഇയാള്‍ നാട്ടില്‍ കറങ്ങാറുണ്ട്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 

അച്ഛന്‍ കൂലിപ്പണിയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. 

സുനി ഒരു വര്‍ഷം തന്റെ ഡ്രൈവര്‍ ആയിരുന്നുവെന്നും പിന്നീടു താന്‍ ഒഴിവാക്കിയതാണെന്നും നടനും എംഎല്‍എയുമായ മുകേഷ്. മൂന്നുവര്‍ഷം മുന്‍പാണു സുനി തന്റെ ഡ്രൈവറായി വന്നത്. വളരെ നല്ല പെരുമാറ്റമായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണെന്നു താന്‍ അറിഞ്ഞിരുന്നില്ല. 

ലാലിന്റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍  പോയിരുന്നെങ്കില്‍ സുനിയുടെ കാര്യം താന്‍ ലാലിനോടു പറയുമായിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി താന്‍ സംസാരിച്ചു. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

എല്ലാവരോടും വളരെ ഊര്‍ജസ്വലയായി ഇടപെടുന്ന ആ നടിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ഹൃദയഭേദകമായിരുന്നു ആ അനുഭവം. 

അതിക്രമത്തില്‍ ഉള്‍പ്പെട്ടവരെ എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും മുകേഷ് അറിയിച്ചു. 

സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ ഒരു സാഹചര്യം ഏതൊരു പെണ്‍കുട്ടിക്കും വരാം. പക്ഷെ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു. 

'അമ്മ'യുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തില്‍ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങള്‍ പങ്കുചേരുകയാണ്. വാക്കു നല്‍കുന്നു ഒറ്റയ്ക്കല്ല നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്-
മമ്മൂട്ടി പറഞ്ഞു.  

ആദ്യമായാണ് ഇത്തരം ദാരുണമായ കാര്യം ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഉണ്ടാവാറില്ല. സംഭവത്തില്‍ വലിയ ദുഃഖമുണ്ട്. നമ്മളെല്ലാം അവര്‍ക്കൊപ്പമുണ്ട്. ഇത്തരം സംഭവങ്ങളെ ഉല്‍സവമായി ആഘോഷിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. 

പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും ഉണ്ടാവരുത്. ഇനിയൊരിക്കലും ഇത്തരമൊരു വിപത്ത് ഉണ്ടാവരുത്. 

ജയസൂര്യ, മനോജ്.കെ. ജയന്‍, ദിലീപ്, കാളിദാസന്‍, സിദ്ധിഖ്, സംവിധായകന്‍മാരായ കമല്‍, രഞ്ജിത്ത്, ജോഷി, മേജര്‍ രവി, ലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, ഹൈബി ഈഡന്‍ എംഎല്‍എ, പി.ടി. തോമസ് എംഎല്‍എ എന്നിവരും എത്തിയിരുന്നു. 

 സംഭവത്തിലെ ക്വട്ടേഷന്‍ സംഘം ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍.
 
ഒരു പ്രമുഖ നടനുമായുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം. മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ സിനിമാ സമരം നടന്നപ്പോള്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയില്‍ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന ഈ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ചതില്‍ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണം. സിനിമയെ മാഫിയകളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

'സ്വന്തം അഭിമാനത്തിനു നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകിപ്പോകുന്നവരുടെ ദുഃഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്ികപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ. ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത്. ഞാന്‍ കൂടെയുണ്ട്'– സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നടിക്കെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി
Join WhatsApp News
Wilson 2017-02-19 13:19:15
സ്വന്തം കൂട്ടത്തിൽ ഒന്നിനെ തൊട്ടപ്പോൾ 'അമ്മ' ക്കും വിവരം വെച്ചു. ഇന്നല്ലെങ്കിൽ നാളെ എനിക്കും സംഭവിക്കാം എന്ന തോന്നലാണ് ഈ പ്രതികരണങ്ങൾക്കു പ്രേരണ.. ആത്മാർത്ഥത ചോദ്യചിഹ്നനം...
Movie Lover 2017-02-19 16:18:50
Sounds like a Malayalam movie. These are the kind of  movies they make.
vayanakkari 2017-02-19 19:35:56
There in the news there a mention of 'Pramikha Nadan"- some so called super star. Who is that super star/ What is his name? Why you are afraid to write the real name? The star worship-The carrying of the movie stars on your shoulder shold be stopped. They are not gods. Dear Association people do not conduct star shows and collect money from us, even for church and temple fund raising. You are better stars than this so called movie stars. They attack eac other. They up grade and down grade each other. They have fan clubs. They have quation groups and connections and have some kind of mapia connectioins, political and religious connection. They do not reflect common people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക