Image

പ്രത്യാശയുടെ കൂടിവരവ് വാഗ്ദാനം ചെയ്ത് മാരാമണ്‍ കണ്‍വന്‍ഷന് സമാപനം

Published on 19 February, 2017
പ്രത്യാശയുടെ കൂടിവരവ് വാഗ്ദാനം ചെയ്ത് മാരാമണ്‍ കണ്‍വന്‍ഷന് സമാപനം
മാരാമണ്‍: ''സ്തുതിപ്പിന്‍, സ്തുതിപ്പിന്‍ യേശുദേവനേ...'' പരമ്പരാഗതമായി മാരാമണ്‍ കണ്‍വന്‍ഷനിലെ സമാപനം കുറിച്ച് കേള്‍ക്കുന്ന ഗാനത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. തലമുറകളിലൂടെ കൈവന്ന രീതികളില്‍ തെല്ലും മാറ്റമില്ലാതെയാണ് 122-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാ മണല്‍പ്പുറത്തു സമാപിച്ചത്. വിശാലമായ ഓലപ്പന്തലിനുള്ളില്‍ ഒരാഴ്ച വചനക്കേഴ് വിക്കു തടിച്ചു കൂടിയ ജനലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ് സമാപനഗാനം നല്‍കുന്നത്. പ്രത്യാശനിര്‍ഭരമായ കൂടിവരവ് വാഗ്ദാനം ചെയ്യുന്നതായി കണ്‍വന്‍ഷന്‍.

19ന് വൈകുന്നേരം ആറിനുശേഷം മണല്‍പ്പുറത്തേക്ക് സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്ന പരമ്പരാഗത തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഉദ്ഘാടനയോഗത്തില്‍ ശക്തമായി പ്രതികരിച്ച മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത  സ്ത്രീകള്‍ക്കു നന്ദി പറഞ്ഞു. ഇത്തവണ വൈകുന്നേരം 5.30നുശേഷം ഒരു സ്ത്രീ മണല്‍പ്പുറത്തുണ്ടായില്ല. ആരും പറയാതെ തന്നെ സ്വയം ശിക്ഷണത്തിലൂടെ സ്ത്രീകള്‍ നിശ്ചിത സമയത്ത് മടങ്ങിപ്പോകുന്നതു കാണാമായിരുന്നു. തലമുറകള്‍ കൈമാറിയ പൈതൃകം ചോദ്യം ചെയ്തുണ്ടായ അപശബ്ദങ്ങള്‍ക്കുള്ള മറുപടി നമ്മുടെ സ്ത്രീകള്‍ തന്നെ ദൈവാത്മാവിലൂടെ നല്‍കിയെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. നന്മ തിന്മകളെ തിരിച്ചറിയാനുള്ള അവരുടെ കഴിവാണ് ഇവിടെ പ്രകടമായതെന്നും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞപ്പോള്‍ പന്തലിനുള്ളില്‍ കരഘോഷം മുഴങ്ങി.

സമാപനദിവസം നടന്ന രണ്ടു യോഗങ്ങളിലും വിശ്വാസികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ഇതര മാര്‍ത്തോമ്മാ ദേവാലയങ്ങളില്‍ 19ന് വിശുദ്ധ കുര്‍ബാന ഇല്ലായിരുന്നതിനാല്‍ കോഴഞ്ചേരി, മാരാമണ്‍, ചിറയിറമ്പ് എന്നീ മാര്‍ത്തോമ്മാ പള്ളികളിലാണ് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചത്. എപ്പിസ്‌കോപ്പമാരുടെ കാര്‍മികത്വത്തിലാണ് കുര്‍ബാന നടന്നത്. പന്തലിനുള്ളില്‍ നടന്ന ആരാധനയ്ക്ക് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കി.

അതേസമയം, ഒരാഴ്ചയ്ക്കിടെ ലക്ഷകണക്കിനാളുകള്‍ സംഗമിച്ച പമ്പാ മണല്‍പ്പുറത്തെ ശുചിത്വം ഉറപ്പാക്കുന്നതില്‍ കണ്‍വന്‍ഷന്‍ സംഘാടകര്‍ തന്നെ മാതൃകയായി. മാലിന്യങ്ങള്‍ അപ്പപ്പോള്‍തന്നെ നീക്കാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുമായി തീവ്രശ്രമമാണ് നടത്തിയത്. പന്തലിനുള്ളിലെയും പരിസരത്തെയും പേപ്പറുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്ത് ഡസ്റ്റബിന്നുകളില്‍ നിക്ഷേപിച്ചിരുന്നു. പരിസ്ഥിതി സൗഹൃ ടോയ്‌ലറ്റുകളാണ് മണല്‍പ്പുറത്ത് സ്ഥാപിച്ചത്. 

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുവരുന്നതു തടയാനായില്ലെങ്കിലും ശുദ്ധമായ കുടിവെള്ള ജലഅഥോറിറ്റിയുടെ കിയോസ്‌ക്കുകള്‍ മുഖേന മണല്‍പ്പുറത്തെത്തിച്ചു. പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം തടയാന്‍ ഇത്തരം കവറുകള്‍ ശേഖരിച്ച് പകരം തുണിസഞ്ചി നല്‍കുന്ന പരിപാടി മാര്‍ത്തോമ്മാ യുവജനസഖ്യം നടപ്പാക്കി. പ്ലാസ്റ്റിക് കുപ്പികള്‍ പമ്പാനദിയില്‍ എത്തുന്നില്ലെന്നുറപ്പാക്കാനും ശ്രമമുണ്ടായി. 

പ്രത്യാശയുടെ കൂടിവരവ് വാഗ്ദാനം ചെയ്ത് മാരാമണ്‍ കണ്‍വന്‍ഷന് സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക