Image

ചെമ്മീനെതിരെ ധീവരസഭയുടെ ഭീഷണി

Published on 19 February, 2017
ചെമ്മീനെതിരെ ധീവരസഭയുടെ ഭീഷണി
ആലപ്പുഴ: കടലോര ജീവിതത്തിന്റെ നേര്‍ക്കാഴ്ച അക്ഷരങ്ങളിലും അഭ്രപാളിയിലും എത്തിയിട്ട് വര്‍ഷങ്ങളായിട്ടും വിവാദത്തിന്റെ കോള് അടങ്ങിയിട്ടില്ല. തകഴിയുടെ പ്രശസ്ത നോവല്‍ ചെമ്മീന്‍ സിനിമയായതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍ പുറക്കാട് കടപ്പുറം ഒരുങ്ങാനിരിക്കെയാണ് വിവാദത്തിന്റെ ചാകരക്കോള് നിറയുന്നത്. വാര്‍ഷികം തടയുമെന്ന ഭീഷണിയുമായി ഒരു വിഭാഗം രംഗത്തുവന്നതോടെയാണ് വിവാദം കൊഴുക്കുന്നത്.

മത്സ്യത്തൊഴിലാളികളെ അടച്ചാക്ഷേപിച്ച ചെമ്മീന്‍ സിനിമയുടെ വാര്‍ഷികം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ ശക്തിയുമുപയോഗിച്ച് അമ്പലപ്പുഴ കടപ്പുറത്ത് തടയുമെന്നുമാണ് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഇടപെട്ടാലും പിന്മാറില്ല. എന്നാല്‍, ദിനകരന്റെ ശ്രമം രാഷ്ട്രീയ തട്ടിപ്പാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ പ്രതികരിച്ചു. തീരദേശത്തെ വര്‍ഗീയമായി തിരിച്ച് നേട്ടത്തിനാണ് ദിനകരന്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാനുള്ള ദിനകരന്റെ ശ്രമം പാഴ്വേലയാണെന്നും ചിത്തരഞ്ജന്‍ പറഞ്ഞു.

തകഴി ചെമ്മീന്‍ എഴുതിയത് 1956ലാണ്. ആ വര്‍ഷം മാര്‍ച്ച് ഏഴിനാണ് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം 337 പേജുകളോടെ മൂന്നു രൂപ വിലയില്‍ ചെമ്മീന്‍ പ്രസിദ്ധീകരിച്ചത്. ആ വര്‍ഷംതന്നെ നാല് പതിപ്പുകളുണ്ടായി. കടപ്പുറത്തെ ഒരു ജനവിഭാഗത്തിലെ ജീവിതത്തെ പശ്ചാത്തലമാക്കി രൂപംകൊടുത്ത പ്രണയകഥയുടെ സര്‍ഗസൗന്ദര്യമാണ് നോവലില്‍ പ്രകടമായത്. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടു. ഒരു ഡസനോളം വിദേശ ഭാഷകളിലും ഇറങ്ങി. തകഴിക്ക് '57ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതിയാണ്. നോവലായപ്പോള്‍ തന്നെ ചെമ്മീന്‍ കടലോരത്തെ അരയ സമുദായത്തെ ആക്ഷേപിക്കുന്ന കൃതിയാണെന്ന വാദമുയര്‍ത്തി ഒരുവിഭാഗം രംഗത്തുവന്നിരുന്നു.

വക്കീല്‍ ജോലി ചെയ്ത കാലത്ത് അമ്പലപ്പുഴയില്‍ കണ്ടുമുട്ടിയ മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനങ്ങളില്‍ നിന്നാണ് തകഴി പ്രണയകഥക്ക് രൂപംകൊടുത്തത്. അന്നത്തെ വിവാദങ്ങളെ ചിരിച്ചാണ് എഴുത്തുകാരന്‍ നേരിട്ടത്. എന്റെ ചെമ്മീന്‍ ആരെയും ആക്ഷേപിക്കുന്നതല്ല. അതിലെ കറുത്തമ്മയും പരീക്കുട്ടിയും പളനിയും ചെമ്പന്‍കുഞ്ഞുമെല്ലാം കഥാപാത്രങ്ങളാണ്. കലയെയും സാഹിത്യത്തെയും ആ രീതിയില്‍ കാണാനാകാത്തവരാണ് വിമര്‍ശിക്കുന്നതെന്നും തകഴി അന്ന് പറഞ്ഞിരുന്നു. ചെമ്മീന്‍ സിനിമയായത് 1964ല്‍ ആണ്. അടുത്തവര്‍ഷം ചെമ്മീനിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും ലഭിച്ചു. സിനിമയായപ്പോഴും വിവാദത്തിന്റെ കോള് ഉയര്‍ന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക