Image

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച്‌ മൂന്നിലേയ്‌ക്ക്‌ മാറ്റി

Published on 21 February, 2017
പള്‍സര്‍ സുനിയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച്‌ മൂന്നിലേയ്‌ക്ക്‌ മാറ്റി
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട്‌ പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യമപ്രതി പള്‍സര്‍ സുനിയടക്കം മൂന്ന്‌ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി മാര്‍ച്ച്‌ മൂന്നിലേയ്‌ക്ക്‌ മാറ്റി. 

 തലശേരി സ്വദേശി വി.പി. ബിജിഷ്‌, തമ്മനം സ്വദേശി മണികണ്‌ഠന്‍ എന്നിവരാണ്‌ സുനിക്കു പുറമേയുള്ള മറ്റു രണ്ടു പേര്‍.

സുനിക്കായുള്ള അന്വേഷണം പോലീസ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. സുനി തമിഴ്‌നാട്ടിലേക്ക്‌ കടന്നതായാണ്‌ പോലീസിന്‌ ലഭിക്കുന്ന സൂചന.

പോലീസ്‌ നാടെങ്ങും വലവിരിച്ചിരിക്കേ  പള്‍സര്‍ സുനി അങ്കമാലിയിലെ തന്റെ വീട്ടിലെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ ഒപ്പിട്ടു തന്നുവെന്നാണ്‌ അഭിഭാഷകനായ ഇ.സി.പൗലോസ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കാന്‍ പോലീസ്‌ മനപൂര്‍വ ശ്രമിക്കുകയാണെന്നുമുള്ള വാദമാകും സുനില്‍ കോടിയില്‍ ഉന്നയിക്കുക. 

അഭിഭാഷകന്‍ മുഖേന സുനി കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചു. നടിയെ ഭീഷണിപ്പെടുത്തി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ ഫോണിലുണ്ടോ എന്നുപരിശോധിക്കാന്‍ കോടതിയുടെ അനുവാദത്തോടെ ഫോറന്‍സിക്‌ പരിശോധനയ്‌ക്കയക്കുന്ന കാര്യവും അന്വേഷണ സംഘം ആലോചിക്കുന്നു. 

അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു വിളിച്ച സുനിയുടെ മൂന്നു സുഹൃത്തുക്കളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നും പണം വാങ്ങിയ സുനില്‍ പിന്നീട്‌ കൊല്ലത്തേക്കാണ്‌ പോയതെന്ന്‌ പോലീസ്‌ പറയുന്നു.

അതേസമയം,  മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്‌ഠനെ പാലക്കാട്ടെ ഒളിയിടത്തില്‍ നിന്ന്‌ ഇന്നലെ രാത്രി പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ്‌ കാറിലുണ്ടായിരുന്നതെന്ന്‌ കണ്ടെത്തിയിരുന്നു.
ഇതില്‍ ഒരാളെയാണ്‌ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. 

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്ക്‌ ചില സംശയങ്ങളുണ്ടെന്ന്‌ നടിയുടെ ബന്ധുക്കള്‍. ഇക്കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തോട്‌ പറയുമെന്നും നടിയുടെ അമ്മയും അമ്മാവനും പ്രതികരിച്ചു.

ഇക്കാര്യത്തില്‍ സോഷ്യല്‍മീഡിയ അവാസ്‌തവം പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട്‌ ഞങ്ങള്‍ക്ക്‌ ചില സംശയങ്ങളുണ്ട്‌. അത്‌ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കേസില്‍ നിന്ന്‌ പിന്‍മാറാന്‍ പോകുന്നു എന്ന പ്രചരണവും ശരിയല്ല.

കേസുമായി മുന്നോട്ട്‌ പോകും. ഞങ്ങള്‍ അവള്‍ക്കൊപ്പമുണ്ട്‌. ഇത്തരമൊരു സംഭവം ഇനി ഇവിടെ ആവര്‍ത്തിക്കരുതെന്നും നടിയുടെ അമ്മ പറഞ്ഞു.
മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന്‌ സംഭവത്തില്‍ പങ്കുണ്ടെന്ന്‌ വാര്‍ത്ത വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ അത്തരം കാര്യങ്ങളൊക്കെ പൊലീസ്‌ അന്വേഷിക്കേണ്ടതാണെന്നും അതിനെ കുറിച്ച്‌ കൂടുതല്‍കാര്യങ്ങള്‍ അറിയില്ലെന്നും നടിയുടെ ബന്ധുക്കള്‍ പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ നിര്‍ണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ ആരെയോ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള ചലച്ചിത്ര മേഖലയേയും ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ നടനും എംഎല്‍എയുമായ ഗണേഷ്‌ കുമാര്‍ രംഗത്ത്‌.

മലയാളെ സിനിമയെ നിയന്ത്രിക്കുന്നത്‌ അധോലോകമാണെന്ന്‌ ആരോപിച്ച ഗണേഷ്‌ നടിക്കെതിരായ അക്രമം ദുഖകരമായി പോയെന്നും അഭിപ്രായപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണ്‌ മലയാള സിനിമയെ ഭരിക്കുന്നതെന്നും ചില താരങ്ങളെ കേന്ദ്രീകരിച്ച്‌ മലയാള സിനിമയില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ്‌ ആരോപിച്ചു.

 ഇക്കാര്യങ്ങള്‍ കമലിനേക്കാള്‍ നന്നായി തനിക്ക്‌ അറിയാമെന്നും ഇതേ കുറിച്ച്‌ അറിയില്ലെങ്കില്‍ കമല്‍ തന്നെ വിളിക്കട്ടെയെന്നും ഗണേഷ്‌ പറഞ്ഞു. എന്നാല്‍ ഇതൊന്നും പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നില്ല. 

വ്യക്തിപരമായി ഫോണ്‍ വിളിച്ചാല്‍ അവര്‍ക്ക്‌ അതേ കുറിച്ച്‌ വിശദീകരിച്ച്‌ കൊടുക്കും. തനിക്ക്‌ സിനിമയെ കുറിച്ച്‌ നല്ല പരിചയമുണ്ടെന്ന്‌ പറഞ്ഞ ഗണേഷ്‌ താന്‍ സിനിമാ മന്ത്രിയായിരുന്നെന്നും ചൂണ്ടിക്കാട്ടി.

നടിക്ക്‌ മാത്രമല്ല വേറൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല. അക്രമം നടന്ന സമയത്തെ പെണ്‍കുട്ടി എങ്ങനെ അഭിമുഖീകരിച്ചുവെന്ന്‌ കേട്ടാല്‍ നമ്മള്‍ക്ക്‌ സഹിക്കില്ല. ഒരു പുരുഷന്‌ പോലും അത്തരമൊരു ഘട്ടം തരണം ചെയ്യാന്‍ സാധിക്കില്ല. 

അത്രയ്‌ക്കും ദുഖകരമാണ്‌. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ്‌ ഒരുവിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന്‌ ഉറപ്പുണ്ട്‌. ഈ പ്രതികള്‍ രക്ഷപെടുമെന്ന്‌ ആരും ഭയക്കേണ്ട. പോലീസിന്റെ ഭാഗത്തുനിന്ന്‌ വളരെ നല്ല നീക്കമാണ്‌ നടന്നിരിക്കുന്നതെന്നും ഗണേഷ്‌ അഭിപ്രായപ്പെട്ടു.

 യാത്രാ വേളകളില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. 

ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ പോലീസ്‌ അധിക സുരക്ഷയ്‌ക്കുള്ള നടപടികള്‍ സ്വീകരിക്കും.

സ്‌ത്രീ സുരക്ഷക്ക്‌ കൂടുതല്‍ പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ്‌ കേരളാ പോലീസ്‌ ഫോണ്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌.

 9846100100 ലേക്ക്‌ വിളിച്ച്‌ വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്‌, ഏതു തരം വാഹനം എവിടെ നിന്ന്‌ എങ്ങോട്ട്‌ യാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കാവുന്നതാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക