Image

നവയുഗവും, ഹൈദരാബാദ് അസ്സോസ്സിയേഷനും കൈകോര്‍ത്തു; മേരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.

Published on 23 February, 2017
നവയുഗവും, ഹൈദരാബാദ് അസ്സോസ്സിയേഷനും കൈകോര്‍ത്തു; മേരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.
ദമ്മാം: ശമ്പളം കിട്ടാതെയും, ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞും വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും, ഹൈദരാബാദ് അസ്സോസ്സിയേഷന്റെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മഹാരാഷ്ട്ര പൂന സ്വദേശിനിയായ മേരി മൈക്കല്‍ ഡിസൂസ ഒരു വര്‍ഷം മുന്‍പാണ് ജുബൈലിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി വന്നത്. ഏറെ വയസ്സായ അവരെ, മുംബൈയിലെ ഒരു വിസ ഏജന്റ് നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജായി വാങ്ങി, അനധികൃതമായി മറ്റൊരു ഗള്‍ഫ് രാജ്യം വഴി സൗദിയിലേക്ക് കടത്തുകയായിരുന്നു. ഈ ജോലി വഴി തന്റെ കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാം എന്ന പ്രതീക്ഷയുമായാണ് മേരി പ്രവാസലോകത്തേയ്ക്ക് എത്തിയത്.

എന്നാല്‍ ജോലിസ്ഥലത്തെ അവസ്ഥ ഒട്ടും മെച്ചമായിരുന്നില്ല. രാപകല്‍ വ്യത്യാസമില്ലാതെ വിശ്രമമില്ലാത്ത ജോലി മേരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവ കൂടുതലായി, മേരിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. ആദ്യ നാലുമാസം ശമ്പളം മുടങ്ങാതെ കിട്ടിയെങ്കിലും, പിന്നീട് മാസങ്ങളോളം ശമ്പളം കിട്ടാതെയായി.   നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ കഴിയാതെയായതോടെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് മേരി മാനസികമായും തളര്‍ന്നു. ഒടുവില്‍ ആരുമറിയാതെ  ആ വീട്ടിന് പുറത്തു കടന്ന മേരി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. എംബസ്സി അധികൃതര്‍ അറിയിച്ചതനുസരിച്ചു വന്ന സൗദി പോലീസ്, അവരെ വനിതഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

വിവരമറിഞ്ഞ് വനിത അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട്, മേരി നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും  മേരിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, വന്‍തുക നഷ്ടപരിഹാരം കിട്ടാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കില്ല എന്ന പിടിവാശിയിലായിരുന്നു സ്‌പോണ്‍സര്‍. ഒത്തുതീര്‍പ്പുകള്‍ക്കൊന്നും അയാള്‍ വഴങ്ങാത്തതിനാല്‍ മേരിയ്ക്ക് നാലുമാസത്തോളം വനിതഅഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സര്‍ നിലപാട് മയപ്പെടുത്തി, ഫൈനല്‍ എക്‌സിറ്റ് നല്‍കി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരില്‍ നിന്നും വിവരമറിഞ്ഞ ഹൈദരാബാദ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ മേരിയ്ക്ക് സൗജന്യമായി വിമാനടിക്കറ്റ് നല്‍കി.

സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മേരി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മേരി മൈക്കല്‍ ഡിസൂസയ്ക്ക് ഹൈദരാബാദ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ വിമാനടിക്കറ്റ് കൈമാറുന്നു.


നവയുഗവും, ഹൈദരാബാദ് അസ്സോസ്സിയേഷനും കൈകോര്‍ത്തു; മേരിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.
മേരി മൈക്കല്‍ ഡിസൂസയ്ക്ക് ഹൈദരാബാദ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ വിമാനടിക്കറ്റ് കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക